ബെന്യാമിന്റെ പുതിയനോവല്‍; ‘മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റു വര്‍ഷങ്ങള്‍’
മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരന് ബെന്യാമിന് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം എഴുതിയ നോവലാണ് ‘മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റു വര്‍ഷങ്ങള്‍‘. അക്കപ്പോരിന്റെ ഇരുപതു നസ്രാണിവര്‍ഷങ്ങള്‍ എന്ന നോവലിന്റെ ഒരു തുടര്‍ച്ചയായാണ് ഈ നോവല്‍ ആഖ്യാനം ചെയ്തിരിക്കുന്നത്. വായനക്കര്‍ ആവേശപൂര്‍വ്വം ഏറ്റെടുത്ത ‘മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റു വര്‍ഷങ്ങള്‍‘ ഇന്ന് ബെസ്റ്റ് സെല്ലറാണ്.
നോവലില്‍ നിന്ന് ഒരു ഭാഗം;
വല്യച്ചായന് കോംകോ കാടുകളില്‍ വച്ച് സാക്ഷാല്‍ വിപ്ലവ നക്ഷത്രത്തെ കണ്ടുമുട്ടുന്നു:
ഒരു ദിവസം ഞങ്ങള്‍ കിഴക്കന്‍ കോംകോയിലെ അത്രയൊന്നും പ്രശ്നബാധിതമല്ലാത്ത ഒരു അതിര്‍ത്തി ഗ്രാമത്തില്‍ സ്ഥാപിച്ചിരിക്കുന്ന ആയുധപ്പുരയ്ക്ക് കാവല്‍ജോലിയില്‍ ഏര്‍പ്പെട്ടു നില്‍ക്കുകയാണ്. വല്യച്ചായന് ഇന്ത്യാവിലേക്ക് വേഗം തിരിച്ചു പോരാനിടയായ ആ സംഭവം പറഞ്ഞു തുടങ്ങി. എന്നോടൊപ്പം ബെല്‍ജിയംകാരനായ ഓഫീസറും യൂറോപ്യന്മാരായ രണ്ടു പട്ടാളക്കാരും ഉണ്ടായിരുന്നു. അവര്‍ മൂന്നുപേരുംകൂടി ടെന്റിനുള്ളിലിരുന്ന് കാപ്പി ഉണ്ടാക്കി കുടിക്കുകയും നാടന്‍ പെണ്ണുങ്ങളെ വല്ലതും തപ്പിയെടുക്കാന്‍ കിട്ടുമോ എന്ന് ആലോചിക്കുകയും ചെയ്യുക ആയിരുന്നു. ഞാനാണെങ്കില്‍ പാറാവിനായി പുറത്തും. അപ്പോഴുണ്ട് അപ്പുറത്ത് കാടിനുള്ളില്‍ ഒരു ഇലയനക്കം. ഞാന്‍ അല്പംകൂടി മുന്നോട്ട് ചെന്നുനോക്കി. ഇരുപതുപേരോളം അടങ്ങുന്ന ഒരു ഗറില്ലാസംഘം ഞങ്ങളെ ആക്രമിക്കാനായി മുന്നോട്ട് വരികയാണ്. എല്ലാവരുടെയും കയ്യില്‍ ഒന്നാന്തരം റഷ്യന്‍ നിര്‍മ്മിതമായ കാല്ഷന്നിക്കോവ് തോക്കുകള്‍. ഒന്നും നോക്കിയില്ല ഞാന്‍ ആദ്യ റൗണ്ട് വെടിപൊടിച്ചു. അവര്‍ തിരിച്ചും വെടിവച്ചു. ശബ്ദം കേട്ട് അവന്മാരും ടെന്റിനുള്ളില്‍ നിന്ന് ചാടിയിറങ്ങി വന്ന് എനിക്കൊപ്പം കൂടി. പിന്നൊരു പത്തു മിനുറ്റുനേരം ചറപറാ വെടിശബ്ദം മാത്രമായിരുന്നു കേള്‍ക്കാനുണ്ടായിരുന്നത്. ദോഷം പറയരുതല്ലോ ഇടക്കിടെ അപ്പുറത്തു നിന്നും മനുഷ്യക്കരച്ചിലും കേള്‍ക്കാം. അത് ഞങ്ങളുടെ ഉന്നമുള്ള വെടികൊണ്ട് വീഴുന്നവന്മാരുടെ ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വെടിശബ്ദമെല്ലാം നിലച്ചു. അവന്മാരെല്ലാം ചത്തൊടുങ്ങി എന്ന് ഞങ്ങള്‍ക്കു മനസിലായി. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന യൂറോപ്യന്മാര്ക്ക് രണ്ടിനും സാരമായ പരിക്കു പറ്റിയിരുന്നു. അവര്‍ വല്ലവിധേനയും ഇഴഞ്ഞ് ടെന്റിനുള്ളിലേക്ക് പോയി. ഫീല്‍ഡ് പരിശോധിക്കാനായി ഞങ്ങള്‍, ഞാനും ബെല്‍ജിയംകാരന്‍ ഓഫീസറും കൂടി, മുന്നോട്ട് ചെന്നപ്പോള്‍ പെട്ടെന്ന് മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരാള്‍ ഞങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഒറ്റനിമിഷമേ ഞാന്‍ ആ മുഖത്തേക്കു നോക്കിയുള്ളൂ. ഏദന്തോട്ടത്തില് പാപങ്ങള്‍ക്കു ശേഷം ദൈവത്തിനെ കണ്ട കഥയിലെ ആദമിനെപ്പോലെ ഞാന്‍ കിടുങ്ങി വിറച്ചുപോയി. പെട്ടെന്ന് ഞാനെന്റെ തോക്കുതാഴ്ത്തി ആഫ്രിക്കന്‍ ഭൂഖണ്ഡം വിറയ്ക്കുമാറ് ശക്തിയില്‍ ഒരു സല്യൂട്ട് അടിച്ചു. അത് ആരായിരുന്നു എന്നറിയാമോ..? റെമോണ് ബെനിറ്റ്സ് എന്ന വ്യാജനാമത്തില്‍ കോംകോയില് എത്തിച്ചേര്‍ന്ന ലോകത്തിലെ ഏറ്റവും വലിയ വിപ്ലവകാരി ഏണസ്റ്റോ റാഫേല്‍ ഗുവേര ഡി ലാ സെര്‍ണ എന്ന സാക്ഷാല്‍ ചെ ഗുവേര..!! അതും എന്റെ തോക്കിന്റെ ഉണ്ടപ്പാടകലത്തില്. വെറും നിരായുധനായി. ഒരു വിരലനക്കം മാത്രം മതിയായിരുന്നു ഈ മാന്തളിര് കുഞ്ഞൂഞ്ഞിന്റെ പേര് ലോകചരിത്രത്തില്‍ രേഖപ്പെടുത്തുവാന്‍. സാക്ഷാല്‍ വിപ്ലവകാരി ചെ യെ കൊന്ന വീരജവാന് എന്ന കീര്‍ത്തി സമ്പാദിക്കുവാന്‍. ലോകത്തിലെ മുഴുവന്‍ പത്രങ്ങളുടെയും ഒന്നാം പേജ് തലക്കെട്ടില്‍ നിറയാന്‍. മെഡലുകളും പതക്കങ്ങളും കീര്ത്തിപത്രങ്ങളും കൈനിറയെ കിട്ടാന്‍. എന്നാല്‍ എനിക്കത് വേണ്ടായിരുന്നു. ഞാന്‍ ജനിച്ചത് കമ്യൂണിസ്റ്റുകാരനായിട്ടാണ്. ജീവിക്കുന്നത് കമ്യൂണിസ്റ്റുകാരനാനായിട്ടാണ്. മരിക്കുന്നതും കമ്യൂണിസ്റ്റുകാരനായിട്ടായിരിക്കും. ഒരു കമ്യുണിസ്റ്റുകാരന് മറ്റൊരു കമ്യൂണിസ്റ്റുകാരനെ ഒരിക്കലും കൊല്ലാനാവില്ല.
ആളെ തിരിച്ചറിഞ്ഞതും ഷൂട്ട് ദ ബാസ്റ്റാര്‍ഡ്..!! എന്ന് ഞങ്ങളുടെ ബെല്‍ജിയംകാരനായ ഓഫീസര്‍ അലറി. ഹും ബെല്‍ജിയംകാരനായ പീറ ഓഫിസറല്ല സാക്ഷാല്‍ യു.എന്‍ സെക്രട്ടറി ഹാമര്സ്കോള്ട്ട് വന്നുപറഞ്ഞാല്‍ ഈ കുഞ്ഞൂഞ്ഞ് ചെ ഗുവേരയെ വെടിവയ്ക്കുമോ..? ചെയ്ക്കു നേരെ തോക്കു ചൂണ്ടുന്നതിനു പകരം ഞാന്‍ തിരിഞ്ഞ് ആ ഓഫീസറെ നിഷ്കരുണം വെടിവച്ചുകൊന്നു. പിന്നെ ലാല്‍സലാം സഖാവേ എന്ന് പറഞ്ഞുകൊണ്ട് ചെഗുവേരയെ വീണ്ടും ഒരിക്കല്‍ക്കൂടി സല്യൂട്ട് ചെയ്തു.
ചെ എന്റെ അടുത്തേക്കു വന്നു. ‘റെഡ് എ സെലിയൂട്’ പറഞ്ഞ് എന്നെ പ്രത്യഭിവാദനം ചെയ്തു. എന്റെ ധീരതയെ തോളില്‍തട്ടി അഭിനന്ദിച്ചു. ആ വിപ്ലവ സൈന്യത്തോടൊപ്പം ചേരാന്‍ ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ ചെ അത് സ്നേഹപൂര്‍വ്വം നിരസിച്ചു. ലുമുംബയുടെ മരണശേഷം കോംകോയിലെ കമ്യൂണിസ്റ്റ്പാര്‍ട്ടിയില്‍ വിപ്ലവവീര്യമുള്ള ഒരാളെപ്പോലും കാണാന്‍ കഴിഞ്ഞില്ലെന്നും അത്യന്തം നിരാശയോടെ താന്‍ ബൊളിവിയയിലേക്ക് തിരിച്ചു പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. പിന്നെ ഞാന്‍ ഏതു രാജ്യക്കാരനാണെന്ന് ചോദിച്ചറിഞ്ഞു. ഇന്ത്യക്കാരനാണെന്ന് കേട്ടപ്പോള്‍ മഹാനായ ഇ.എം.എസിനെ കണ്ടിട്ടുണ്ടോ എന്ന് അദ്ദേഹം ആകാംക്ഷപ്പെട്ടു. കാണുക മാത്രമല്ല ആലപ്പുഴയില്‍ ഒരു മീറ്റിംഗിനിടയില്‍ വച്ച് അദ്ദേഹത്തെ തൊട്ടിട്ടുമുണ്ട് എന്ന് പറഞ്ഞപ്പോള്‍ ചെ എന്നെ കെട്ടിപ്പിടിച്ചു. നിങ്ങളുടെ ദേശത്ത് ആ കമ്യൂണിസ്റ്റു നേതാവ് ബാലറ്റു പേപ്പറിലൂടെ അധികാരത്തില്‍ വന്നു എന്നത് ശരിക്കും സത്യമാണോ എന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍ ഉത്തരം കൊടുത്തു. എങ്കില്‍ അത്രയും പ്രബുദ്ധമായ ആ ജനതയെ ഒന്നു കാണാന്‍ കൊതിയാവുന്നു എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അതേ ഇന്ത്യയില്‍ നടന്ന വിമോചനസമരം എന്ന നാടകത്തെപ്പറ്റിയും അതിലൂടെ ആ ജനകീയ കമ്യൂണിസ്റ്റ് ഭരണത്തെ അട്ടിമറിച്ച ദുഃഖകഥയും ഞാന്‍ പറഞ്ഞുകൊടുത്തു. അദ്ദേഹത്തിന്റെ ഗൌരവമുള്ള കമ്യൂണിസ്റ്റ് മുഖം മ്ലാനമായി. ഇനി എന്നെങ്കിലും ഇ.എം.എസിനെ കാണുമ്പോള്‍, ആ കഥയൊന്നും അറിയാതെ ജവഹര്‍ലാല്‍ നെഹ്റുച എന്ന സോഷ്യലിസ്റ്റ് ബൂര്‍ഷായുടെ ആതിഥ്യം സ്വീകരിച്ചതില്‍ ക്ഷമ ചോദിക്കുന്നു എന്ന് പറയണം എന്ന് എന്നെ പറഞ്ഞേല്പിച്ചു. പിന്നെ നീ എത്രയും വേഗം ഇന്ത്യയിലേക്ക് തിരിച്ചുപോയി നമ്മുടെ പാര്‍ട്ടിയെ അധികാരത്തില്‍ മടക്കിക്കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കണം എന്ന് ചെ എന്നോട് ആ ആഫ്രിക്കന്‍ ഗ്രാമത്തില്‍ വച്ച് ആവശ്യപ്പെട്ടു.
ഞാന്‍ അനുസരിക്കാം. എന്നാല്‍ ബൊളീവിയയിലെ ദൌത്യം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ചെ സഖാവ് ഞങ്ങളുടെ ഇന്ത്യയിലേക്ക് വരണം. അവിടെ സമ്പൂര്‍ണ്ണ വിപ്ലവത്തിനു നേതൃത്വം കൊടുക്കുകയും വേണം എന്ന് ഞാനാവശ്യപ്പെട്ടു. തീര്‍ച്ചയായും എന്ന് അദ്ദേഹം സമ്മതിച്ചു. ആ കണ്ടുമുട്ടലിന്റെ ഓര്‍മ്മയ്ക്കായി ഒരു ക്യൂബന്‍ ചുരുട്ട് സമ്മാനമായി തന്നിട്ടാണ് അദ്ദേഹം ആ കാടുകള്‍ക്കുള്ളിലേക്ക് മറഞ്ഞത്. പകരം ഞങ്ങളുടെ ആയുധപ്പുര ഞാന്‍ അദ്ദേഹത്തിനു തുറന്നിട്ടു കൊടുത്തു. അതേടാ പിള്ളാരെ. അങ്ങനെ സാക്ഷാല്‍ ചെയെ കാണുകയും തൊടുകയും അദ്ദേഹത്തില്‍ നിന്ന് സമ്മാനം സ്വീകരിക്കുകയും അദ്ദേഹത്തിനു സമ്മാനം നല്‍കുകയും ചെയ്തിട്ടുള്ള ഒരേയൊരു മലയാളി ഈ മാന്തളിര് കുഞ്ഞൂഞ്ഞ് രണ്ടാമന് മാത്രമാകുന്നു. എന്താ സംശയം ഉണ്ടോ..? എന്നാല്‍ കണ്ടോ എന്നുപറഞ്ഞുകൊണ്ട് അദ്ദേഹം മുറിക്കുള്ളിലേക്ക് കയറിപ്പോവുകയും ഒരു പാര്ക്കര്പേനയുടെ പെട്ടിയുമായി തിരിച്ചുവരികയും ചെയ്തു. പിന്നെ അതുതുറന്ന് അതില്‍നിന്നും ഇത്തിരി ചുളുങ്ങിയ ഒരു ചുരുട്ട് എടുത്തുകാണിച്ചു. അതില്‍ എന്തായാലും ക്യൂബ എന്നൊരു പേപ്പര്‍ മുദ്രയുണ്ടായിരുന്നു.
കഥ തീര്‍ന്നിട്ടില്ല. എന്റെ നിര്‍ദ്ദേശപ്രകാരം ചെയുടെ കൂടെയുണ്ടായിരുന്ന പോരാളികള്‍ എന്നെ കൈകാല്‍ ബന്ധിച്ച് ടെന്റില്‍ ഇടുകയും അതിനോടകം ചത്തു കഴിഞ്ഞിരുന്ന മറ്റവന്മാരുടെ ശവശരീരങ്ങള്‍ വലിച്ചിഴച്ചുകൊണ്ടുപോയി ഫീല്‍ഡില്‍ തള്ളുകയും ചെയ്തു. പിറ്റേന്ന് റോന്തിനുവന്ന പട്ടാളക്കാരുടെ ജീപ്പാണ് എന്നെ അവിടെനിന്നും കണ്ടെടുക്കുന്നത്. എന്നെ പിടിച്ചുകെട്ടി എന്നൊരു കള്ളക്കഥയുടെ ബലത്തില്‍ ഞാന്‍ സംശയിക്കപ്പെടാതെ രക്ഷപെട്ടു. ആ ദിവസംതന്നെ പട്ടാളത്തിലെ ജോലി ഉപേക്ഷിക്കാനും മുഴുവന്‍ സമയം വിപ്ലവസമരത്തില്‍ ഇറങ്ങിത്തിരിക്കാനും ഞാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ പഞ്ചാബില്‍ നിറുത്തിയിട്ട് പോന്ന മന്ദാകിനി എന്ന സ്വപ്നം പിന്നെയും പതിമൂന്നു വര്‍ഷം കൂടി എന്നെ ആ ജോലിയില്‍ തളച്ചിട്ടു. ചെയുടെ ഇന്ത്യയിലേക്കുള്ള വരവിനുവേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ കാലം നമ്മെ ചതിച്ചു. അറുപത്തിയേഴില്‍, സഖാവ് ഇ.എം.എസ് വീണ്ടും അധികാരത്തില്‍ വന്ന അതേവര്‍ഷം, ബൊളീവിയന്‍ കാടുകളില്‍ വച്ച് ചെ കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ സമ്പൂര്‍ണ്ണ വിപ്ലവം സാധ്യമാകുമായിരുന്നു. അതിനു നേതൃത്വം കൊടുക്കുമായിരുന്നത് സാക്ഷാല്‍ ചെ തന്നെ ആയിരുന്നു. എന്റെ നഷ്ടം. പാര്‍ട്ടിയുടെ നഷ്ടം. മൊത്തം ഇന്ത്യക്കാരുടെ നഷ്ടം..!!
Comments are closed.