DCBOOKS
Malayalam News Literature Website

ഉച്ചനീചത്വങ്ങളുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട നോവൽ

 

കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ ഉച്ചനീചത്വങ്ങളുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഒരു സാമൂഹ്യവിമർശനപരമായ നോവലാണ് ബീനയുടെ ഒസ്സാത്തി. മലയാള സാഹിത്യത്തിൽ അധികമൊന്നും കടന്നുവന്നിട്ടില്ലാത്ത , മുസ്ളീം സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ പ്രമേയവൽക്കരിക്കുന്ന നോവൽ. ഒരു അഭിജാത മുസ്ലിം തറവാട്ടിലെ യുവാവിന്റെ പത്നിയായി തീരേണ്ടി വരുന്ന ഒസ്സാൻ വിഭാഗത്തിൽ പെട്ട പെൺകുട്ടിയുടെ ദുരിത പർവ്വങ്ങളാണ് ഈ കൃതി പങ്കിടുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗപരവും ജാതീയവും സാമ്പത്തികവുമായ ഭേദഭാവങ്ങൾക്കൊപ്പം ഒരു മധ്യവർഗ്ഗ മലയാളിയുടെ പ്രവാസജീവിതത്തിന്റെയും പ്രവാസികളുossathiടെയും തീക്ഷ്‌ണമായ ചിലജീവിതാനുഭവങ്ങളെയും വരച്ചിടുന്നു ഒസ്സാത്തി.

ആധുനികമെന്നു വിശേഷിപ്പിക്കപ്പെടുമ്പോഴും സമ്പ്രദായികതയുടെ മുഖപടത്തിനുള്ളിൽ ഒളിക്കാൻ കൊതിക്കുന്ന മലയാളിക്കു മുന്നിൽ സാമൂഹികവും ധിഷണാപരവുമായ ചോദ്യങ്ങൾ ഉയർത്തി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പുസ്തകമാണ് ഒസ്സാത്തി. കാലഹരണപ്പെട്ട മതനിയമങ്ങൾക്കുള്ളിൽ അനാഥവും നിസ്സഹായവും ആവുന്ന സ്ത്രീ ജീവിതത്തിന്റെ യഥാർത്ഥചിത്രം ഒസ്സാത്തി വരച്ചു കാട്ടുന്നു.

ജീവിതത്തിന്റെ സാമൂഹികമായ പ്രസ്താവനയാണ് ഓരോ രചനയും. നടക്കുന്ന കാലവും , കാണുന്ന കാഴ്ചയും , ജീവിതത്തിൽ സാമൂഹികബോധത്തെ നിവ്വചിക്കുന്നുണ്ട്. ഒസ്സാത്തി അത്തരമൊരു നിർവ്വചനമാണ്. കാണാത്തതൊന്നും കേൾക്കാത്തതൊന്നും ഒസ്സാത്തിയിൽ ഇല്ല. കാണാതെയും കേൾക്കാതെയും പോയവയുണ്ടാവാം. സങ്കടങ്ങൾ നമ്മൾ പങ്കുവയ്ക്കുന്നു. വേദനകളും …. എന്തുകൊണ്ടിങ്ങനെ എന്ന് ചോദിക്കാൻ നമ്മൾ മനപൂർവ്വം മറക്കുന്നു. കുന്ദേര പറഞ്ഞതുപോലെ മറവിക്കെതിരെ ഓർമ്മകൾ കൊണ്ട് നമ്മൾ സമരം ചെയ്യേണ്ടിയിരിക്കുന്നു.

കാഞ്ഞങ്ങാട് സ്വദേശിയായ ബീന റിയാദിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ സാമൂഹ്യശാസ്ത്ര അദ്ധ്യാപികയാണ്. തീരെ ചെറിയ ചിലർ ജീവിച്ചതിന്റെ മുദ്രകൾ ആണ് ബീനയുടെ ആദ്യ നോവൽ.

Comments are closed.