DCBOOKS
Malayalam News Literature Website

മലയാള നോവല്‍ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവായി കരുതപ്പെടുന്ന നോവല്‍ “ആള്‍ക്കൂട്ടം”

“വിക്ടോറിയ ടെര്‍മിനസ്സിലെ പ്ലാറ്റ്‌ഫോമുകളിലൊന്നില്‍ ഒരു വണ്ടിവന്നു നിന്നു. താഴ് വരകളും മരുഭൂമികളും താണ്ടിയും നാട്ടിന്‍പുറങ്ങളെമറിച്ചും നഗരങ്ങളെതുളച്ചും ദിവസങ്ങളോളം കിതച്ചോടി വണ്ടി.  ഇപ്പോള്‍ ടെര്‍മിനസ്സിലെ ബഫറുകളില്‍ മുട്ടി അതു വിശ്രമിച്ചു.

വണ്ടിനിന്നതോടെ അതിന്റെ വാതിലുകളില്‍ക്കൂടിയും ജനലുകളില്‍ക്കൂടിയും മനുഷ്യര്‍ ധിറുതിപിടിച്ചു പുറത്തു ചാടാന്‍തുടങ്ങി.  കരിയുംപൊടിയുംപറ്റി കറുത്ത മനുഷ്യര്‍.  ചിരിയും അമ്പരപ്പും മ്ലാനതയും അവരുടെ മുഖത്ത് ഇടകലര്‍ന്നു. ഭാഷയോ ആശയങ്ങളോ ഇല്ലാത്ത ഇരമ്പല്‍.  വണ്ടിനിന്നപ്പോള്‍ അതില്‍നിന്ന് അടര്‍ന്നുപോന്ന ആ ജീവിതത്തിന്റെ തുണ്ടുകള്‍ അതിന്റെ ചലനത്തെയും ശബ്ദത്തെയും ഏറ്റുവാങ്ങിയതുപോലെ; പക്ഷേ ലക്ഷ്യം കിട്ടാത്തതുപോലെ അവര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നു തിളച്ചതേയുള്ളു….!”

ആനന്ദിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണ് ആള്‍ക്കൂട്ടം. മലയാള നോവല്‍ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവായി കരുതപ്പെടുന്ന ഈ നോവല്‍ 1970ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അന്നുവരെയുണ്ടായിരുന്ന നോവല്‍സങ്കല്പത്തിനു മാറ്റം വരുത്തുന്നതായിരുന്നു ആനന്ദിന്റെ ഈ നോവല്‍. അതുവരെ കഥാപാത്രങ്ങള്‍ എന്ന ചെറിയ സ്ഥലത്തുനിന്നും സമൂഹം എന്ന വിശാല ഇടത്തിലേക്ക് വികസ്വരമാകുന്ന നോവല്‍ ഘടനയായിരുന്നുണ്ടായിരുന്നത്. ഒരു കേന്ദ്രത്തില്‍നിന്നും വിസ്തൃതിയിലേക്ക് ചലിക്കുന്ന തിരമാലകളുടെ ചക്രവ്യൂഹങ്ങള്‍ നോവലുകളുടെ പൊതു സ്വഭാവം ആയിരുന്നു. ഈ ഒരു അവസ്ഥയിലേക്കാണ് ആനന്ദിന്റെ നോവലുകള്‍ വരുന്നത്.

 ആള്‍ക്കൂട്ടം
ആള്‍ക്കൂട്ടം

ആഖ്യാനത്തില്‍ നോവല്‍ പിന്തുടര്‍ന്നു വന്ന ഈ യാത്രയുടെ നേരേ വിപരീതദിശയില്‍ സഞ്ചരിക്കാനാണ് ആനന്ദ് ശ്രമിച്ചത്. നോവലിന്റെ വ്യക്തികേന്ദ്രിതമോ കുടുംബകേന്ദ്രിതമോ ആയ ഘടനയില്‍നിന്നും വിടുതി നേടി വൈവിധ്യം നിറഞ്ഞ സമൂഹത്തെ ഒരേയൊരു ആഖ്യാനകേന്ദ്രമാക്കി എന്നതാണ്ആനന്ദ് ചെയ്ത മാറ്റം. അതായത്, രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും പ്രശ്‌നങ്ങള്‍ മുഖ്യമായി നില്‍ക്കുകയും അതിന്റെ സ്വാധീനത്തില്‍ കഴിയേണ്ടിവരുന്ന വ്യക്തികള്‍ കഥാപാത്രങ്ങളാവുകയും ചെയ്യുന്നത് ആനന്ദിന്റെ നോവലുകളില്‍ കാണാം. നോവലിന്റെ അകത്തേയ്ക്ക് കടക്കാന്‍ വിപുലമായ ഈ മേഖലയെക്കുറിച്ചുള്ള സാമാന്യ ബോധം ഉണ്ടായിരിക്കണം. ആള്‍ക്കൂട്ടത്തിന്റെ രചനാവേളയെക്കുറിച്ച് പറയുന്ന ഒരു സന്ദര്‍ഭത്തില്‍ ആനന്ദ് ഇക്കാര്യം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. ‘മനുഷ്യജീവിതത്തെ ആകെ ഉള്‍ക്കൊള്ളുന്ന ഒരു ആശയം ഫിലോസഫി എന്നു പറയാന്‍ ഭയമാണ് കുറെ നാളായി ഞാന്‍ തട്ടിയും മുട്ടിയും നോക്കിക്കൊണ്ടിരിക്കുന്നു. നഷ്ടപ്പെട്ടു പോകാതിരിക്കാന്‍, അതിനെ ഈയിടെ ഒരു ലേഖനത്തിന്റെ രൂപത്തിലാക്കാന്‍ ശ്രമിച്ചു. ആള്‍ക്കൂട്ടം അതിന്റെ ഒരു വശമേ ആകുന്നുള്ളൂ.”

സമൂഹത്തെ പൊതുവെ ബാധിക്കുന്ന രാഷ്ട്രീയ ദാര്‍ശനിക പ്രശ്‌നങ്ങളെ മുഖ്യമാക്കി നിറുത്തുകയും അത് നിരന്തരം അലട്ടുന്ന ഒരുകൂട്ടം മനുഷ്യരെ അവതരിപ്പിക്കുകയുമാണ് ആനന്ദ് ചെയ്തത്. ഒന്നിലധികം കഥാതന്തുക്കളെ പിരിച്ചുകെട്ടിയാണ് ആനന്ദ്ആള്‍ക്കൂട്ടം‘ നിബന്ധിച്ചിരിക്കുന്നത്. ഒരു കഥ ജോസഫിന് രാധയോടു തോന്നുന്ന താല്‍പര്യമാണ്. മറ്റൊന്ന് ലളിതയോടു സുനിലിനു തോന്നുന്ന സ്‌നേഹമാണ്. പ്രേമിന്റെ കഥ മൂന്നാമത്തേത്. നാലാമത്തേത് സുന്ദറിന്റെ കഥയാണ്. പിന്നെയുമുണ്ട് ഉപകഥകള്‍… പ്ലോട്ടുകളുടെ ബാഹുല്യത്തിലും ഇതു മറ്റു നോവലുകളെക്കാള്‍ മുന്നിട്ടു നില്‍ക്കുന്നതാണ്. കെ പി അപ്പന്‍ പറഞ്ഞതുപോലെ ആള്‍ക്കൂട്ടത്തിന്റെ തിരക്കില്‍ ശ്വാസംമുട്ടിമരിക്കാന്‍ വിധിക്കപ്പെട്ടവരുടെ യാതനകള്‍ അപഗ്രഥിച്ച് അസ്തിത്വവ്യഥ്യയുടെ നീങ്ങിപ്പോകാത്ത നിത്യാധിപത്യത്തെക്കുറിച്ച് ആനന്ദ് തയ്യാറാക്കിയ വിപുലമായ രേഖകളാണ് ആള്‍ക്കൂട്ടം…!

Comments are closed.