DCBOOKS
Malayalam News Literature Website

ആത്മകഥ: മരണാനന്തരം

ഞാൻ എന്ന മനുഷ്യശരീരം - ഷാഹിറ എടക്കാട്

 

എൻ്റെ തീരുമാനങ്ങൾ ഒരു കുറിപ്പാക്കി സോഷ്യൽ മീഡിയയിൽ ഞാൻ പോസ്റ്റ് ചെയ്തു. അതൊരു തെളിവായി അവിടെ കിടക്കട്ടെ എന്നതിനപ്പുറം അതൊരു നിലപാടു കൂടിയാണ് :
മരണാനന്തരം സ്വശരീരം വൈദ്യപഠനത്തിന് വിട്ടുകൊടുക്കാൻ നിയമപരമായി ഉടമ്പടി ഉണ്ടാക്കിയ ഒരു മലയാളിവനിതയുടെ സാമൂഹികചിന്തകൾ.

 

ഞാൻ ജീവിതത്തിലെ ഒരു സുപ്രധാന തീരുമാനം എടുത്തത് ഈയടുത്തിടെ ആണ്. ഇങ്ങനെ ഒരു ചിന്തയുടെ തീപ്പൊരി മനസ്സിലേക്കു വന്നു വീണിട്ട് കാലം കുറച്ചായെങ്കിലും അത് പലരോടും പല വേളകളിലും വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും, അതൊരു നിശ്ചയദാർഢ്യമായി, ഒരു ഉറച്ച നിലപാടായി പ്രഖ്യാപിക്കണം എന്നൊരു തീരുമാനം എടുത്തത് ഏതാനും മാസംമുമ്പാണ് എന്നുമാത്രം. ഇനി എന്തായിരുന്നു ആ തീരുമാനം എന്നും എന്തിനാണ് അതിനിത്ര ആലോചനകൾ വേണ്ടിവന്നതെന്നും വ്യക്തമാക്കാം. മരണാനന്തര അവയവദാനം, ശരീരദാനം, എന്നിവ മരണത്തിനു മുൻപേതന്നെ പറഞ്ഞുവെക്കുക, എഴുതിവെക്കുക എന്നതായിരുന്നു ആ തീരുമാനം.

ഇതിത്ര വലിയൊരു കാര്യമാണോ, പലരും ചെയ്യുന്നതല്ലേ എന്ന് ഇത് വായിക്കുന്ന പലർക്കും തോന്നിയേക്കാം. അതത്ര കൊട്ടിഘോഷിക്കേണ്ട തീരുമാനം ഒന്നും അല്ലായിരിക്കാം. എന്നാൽ ഷാഹിറ എന്ന അറബിപ്പേരിന് ഉടമയായ, മുസ്‌ലിം മതവിശ്വാസികളായ ഉപ്പയുടെയും ഉമ്മയുടെയും മകളായി പിറന്നതു കൊണ്ടുമാത്രം ആണെങ്കിൽപോലും, മതാടിസ്ഥാന ജനസംഖ്യാ കണക്കെടുപ്പിൽ ഇസ്‌ലാം മതവിഭാഗത്തിൽ ഉൾപ്പെടുന്ന, സർവ്വോപരി ഒരു മുസ്ലിം ‘പെണ്ണായ’ ഒരാൾ അങ്ങനെ ഒരു തീരുമാനം എടുക്കുമ്പോൾ അതിന് കുറച്ചൊന്നുമല്ല ധൈര്യം ആർജ്ജിക്കാനുള്ളത്. കാരണം ജീവിതത്തിൽ യാതൊരുവിധ മതവിശ്വാസങ്ങളും മതജീവിതരീതികളും ആത്മീയമായി വെച്ചുപുലർത്തുന്നില്ല എങ്കിൽപോലും, ഇസ്‌ലാമിക വിശ്വാസങ്ങൾക്കനുസരിച്ചായിരിക്കും ഏതൊരു മുസ്‌ലീം നാമധാരിയുടെയും മയ്യത്ത് ഖബറടക്കംചെയ്യപ്പെടുന്നത്. മരണാനന്തരം ശരീരമോ അവയവങ്ങളോ ദാനം ചെയ്യുന്നത് അനിസ്‌ലാമിക പ്രവൃത്തിയാണ്. ചിലപ്പോൾ മതം അനുസരിച്ചു ജീവിക്കാത്തവരെ എന്തേലും ചെയ്യട്ടെ എന്നു ശ്രദ്ധിക്കാതെ വിട്ടവർപോലും മരണശേഷം അവരുടെ തീരുമാനത്തെ ചോദ്യം ചെയ്യാനായി ഓടിയെ ത്തും. മതശാസനകൾ പറഞ്ഞു വീട്ടുകാരെ കീറിമുറിക്കും. മതപ്രകാരം അടക്കംചെയ്യാൻ ഒടുക്കം അവർ നിർബന്ധിതരാകും

 

പൂര്‍ണ്ണരൂപം 2025 ഏപ്രിൽ ലക്കം പച്ചക്കുതിരയില്‍

 

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

 

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രിൽ ലക്കം ലഭ്യമാണ്‌.

Leave A Reply