പ്രഥമ സർഗജാലകം സാഹിത്യ പുരസ്കാരം കവി ദിവാകരൻ വിഷ്ണുമംഗലത്തിന്
2023 – 2024 വർഷത്തെ ഏറ്റവും മികച്ച കവിതാസമാഹാരത്തിനുള്ള പ്രഥമ സർഗജാലകം സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത കവി ദിവാകരൻ വിഷ്ണുമംഗലം അർഹനായി. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘ചോറ്റുപാഠം‘ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം.
എൺപതോളം പുസ്തകങ്ങളിൽ നിന്ന് പ്രശസ്ത കവി മാധവൻ പുറച്ചേരി നിരൂപകൻ എ.വി.പവിത്രൻ കവി ശിവൻ തെറ്റത്ത് എന്നിവരടങ്ങിയ ജൂറി പാനലാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 10001 രൂപയും പ്രശസ്ത ശിൽപി പ്രേം പി.ലക്ഷ്മൺ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും പ്രശസ്ത ചിത്രകാരൻ വിനോദ് പയ്യന്നൂർ വരച്ച ചിത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
പ്രശസ്ത നോവലിസ്റ്റ് അംബികാസുതൻ മാങ്ങാട് ഏപ്രിൽ 6 ന് പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിൽ വെച്ച് നടക്കുന്ന സർഗജാലകത്തിൻ്റെ ആഞ്ചാം വാർഷികാഘോഷത്തിൽ പുരസ്കാരം ജേതാവിന് നൽകും.
കാസർകോട് ജില്ലയിലെ വിഷ്ണുമംഗലത്ത് ജനിച്ച ദിവാകരൻ വിഷ്ണുമംഗലത്തിന്റെ പ്രധാനകൃതികൾ ജീവന്റെ ബട്ടൺ, ധമനികൾ, രാവോർമ്മ, നിർവ്വചനം, കൊയക്കട്ട, ഉറവിടം, മുത്തശ്ശി കാത്തിരിക്കുന്നു , ഉണ്ണിയാർച്ച, പാലാട്ടുകോമൻ എന്നിവയാണ്.
മഹാകവി കുട്ടമത്ത് അവാർഡ്, കേരളസാഹിത്യ അക്കാദമിയുടെ കനകശ്രീ എൻഡോവ്മെന്റ് അവാർഡ്, വൈലോപ്പിള്ളി അവാർഡ്, ഇടശ്ശേരി അവാർഡ്, ജ്വാലാ അവാർഡ്, അബുദാബി ശക്തി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2003-ൽ കേന്ദ്ര സാഹിത്യ അക്കാദമിയും കേരളസാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ദേശീയ യുവസാഹിത്യകാരസമ്മേളനത്തിലും 2010-ൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആകാശവാണി ഗോഹട്ടിയിൽവെച്ച് നടത്തിയ ദേശീയ സർവ്വഭാഷാ കവിസമ്മേളനത്തിലും മലയാള കവിതയെ പ്രതിനിധീകരിച്ചിരുന്നു.
ദിവാകരൻ വിഷ്ണുമംഗലത്തിന്റെ കൃതികൾ വാങ്ങുവാനായി ക്ലിക്ക് ചെയ്യൂ…