വിഴിവന്യ – ഒരു അതിജീവനത്തിന്റെ വായനാനുഭവം
പ്രൊഫ. സുമി വിഴിവന്യയെ വായിക്കുന്നത്:
“ടീച്ചറെ, ഈ മൊബൈൽ ഫോൺ ആണ് ഇന്നത്തെ ഏറ്റവും വലിയ ശാപം. മനുഷ്യൻ പുസ്തകം വായിച്ചിരുന്ന കാലത്തു ഇന്നത്തെ അത്ര പ്രശ്നങ്ങൾ വല്ലതും ഉണ്ടായിരുന്നോ? എന്ത് പറയാനാ, ഇനി എന്നെങ്കിലും വായനയുടെ കാലം തിരിച്ചു വരുമോ? മുരളി ചേട്ടന്റെ പരിഭവം കേട്ടാണ് അന്നത്തെ lunch break ആരംഭിച്ചത്. കോളേജിൽ ഇടയ്ക്കു പുസ്തക വിൽപ്പനയ്ക്ക് വരുന്നയാളാണ് മുരളി ചേട്ടൻ. ഏകദേശം 30-40 പുസ്തകങ്ങൾ ഒറ്റയടുക്കായി താങ്ങി പിടിച്ചു ഓരോ സ്റ്റാഫ്റൂമിലും ഒന്നിരാടം മാസം കൂടുമ്പോൾ വരും നമ്മൾ പുസ്തകങ്ങൾ വാങ്ങണം എന്നൊന്നും ഇല്ല കയ്യിലുള്ള ഓരോ പുസ്തകത്തിനെയും അതിന്റെ കഥാകൃത്തിനെയും പറ്റി വാചാലനാകും. പുസ്തക വായനയുടെ പ്രാധാന്യത്തെ പറ്റി അഭിമാനം കൊള്ളുകയും, വായന കുറഞ്ഞു മാറിപ്പോയ ലോകത്തെ പറ്റി വിഷണ്ണനാകുകയും ചെയ്യും…
ഓരോ പ്രാവശ്യവും മുരളി ചേട്ടൻ പോയി കഴിയുമ്പോൾ ഞാൻ മനസ്സിനെ പഠിപ്പിക്കും, ‘ഇന്ന് മുതൽ മൊബൈൽ ഫോണിൽ പരതി സമയം കളയുന്നത് കുറയ്ക്കും, അലമാരിയിൽ അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾ ഓരോന്നായി പുറത്തെടുത്തു വായിക്കും’. മുരളിച്ചേട്ടൻ അടുത്ത കെട്ടിടത്തിലേക്ക് പുസ്തകക്കെട്ടുമായി നടന്നു നീങ്ങുന്നത് വരെയേ എന്റെ ഈ തീരുമാനത്തിന് ആയുസ്സുണ്ടാകാറുള്ളു.
ഇക്കുറിയും ഇങ്ങനെ ഒരു തീരുമാനം എടുക്കുകയും, അതേ വേഗത്തിൽ വിസ്മരിക്കുകയും ചെയ്തു കഴിഞ്ഞപ്പൊഴാണ് അനന്തിരവളുടെ കല്യാണ നിശ്ചയത്തിന് തൃശൂർ വരെ യാത്ര പോകേണ്ടി വന്നത്. ഒരാഴ്ച മുൻപ് എടുത്ത തീരുമാനത്തിനെ ഒന്നുകൂടി പൊടി തട്ടി എടുത്തു. പ്രിയ സുഹൃത്ത് വിനോദിന്റെ ‘വിഴിവന്യ’ വാങ്ങിയിട്ട് ഇത് വരെ തുറന്നിട്ടില്ല. ഒന്നര പതിറ്റാണ്ടു മുൻപ് പഠിപ്പിച്ച ഒരു ശിഷ്യൻ അടുത്തയിടെ രാജസ്ഥാനിൽ പോയി വന്നപ്പോൾ സമ്മാനിച്ച ചിത്രത്തുന്നലുകൾ പിടിപ്പിച്ച പുത്തൻ സഞ്ചിയിൽ പുതുമണം മാറാത്ത വിഴിവന്യയും, ഒപ്പം, ഉപയോഗിച്ച് പുതുമ നഷ്ടപ്പെട്ട എന്റെ മൊബൈൽ ഫോണും എടുത്തിട്ട് ഞാൻ തൃശൂർക്ക് വെളുപ്പിനെ ട്രെയിൻ കയറി.
30 വർഷമായി ഞാൻ അറിയുന്ന വിനോദ് ഒരു അഭിനവ സഞ്ജയനാണ്. അതീവ ഗൗരവക്കാരൻ എന്ന് തോന്നിപ്പിക്കുന്ന ശരീര ഭാഷ ഉള്ള ഒരാൾ എങ്ങനെ ആണ് ശുദ്ധ ഹാസ്യം (കഥ, കവിത, ചെറു കുറിപ്പുകൾ, നാടകം, കഥാ പ്രസംഗം അങ്ങനെ ഏതു ശാഖയിലും) ഇത്ര മനോഹരമായി കൈകാര്യം ചെയ്യുന്നത് എന്ന് എല്ലായ്‌പ്പോഴും അതിശയിച്ചിട്ടുണ്ട്. എന്നാൽ പുസ്തകം കയ്യിൽ എടുത്തപ്പോഴാകട്ടെ, അതിമനോഹരമായി ഹാസ്യം എടുത്തു അമ്മാനമാടുന്നോരാൾ എങ്ങനെയാണ് അതിതീവ്ര പശ്ചാത്തലമുള്ള ഒരു നോവൽ എഴുതുന്നത് എന്നായിരുന്നു എന്റെ ആശങ്ക
നോവലിസ്റ്റിനു എന്താണ് പറയാനുള്ളത് എന്ന ആകാംക്ഷയിൽ പുസ്തകം മെല്ലെ തുറന്നു. ‘എൻ ചിരിയറിങ് കഥകൾ വായിച്ചപ്പോഴും എഴുത്തുകാരന്റെ കുറിപ്പാണു ഏറ്റവും അധികം മനസ്സിൽ തട്ടിയത്. അത് പല കുറി വായിക്കുകയും ചെയ്തു. ഇക്കുറിയും പ്രതീക്ഷ തെറ്റിയില്ല. അങ്ങനെ, എഴുത്തുകാരന്റെ മുഖവുരയിൽ മനം നിറഞ്ഞു ഉദ്വേഗത്തോടെ ആദ്യ അധ്യായത്തിലേക്ക്. ഇനി ഉള്ളത് പുസ്തകത്തിന്റെ നിരൂപണമോ അവലോകനമോ ആസ്വാദനമോ അല്ല മറിച്ചു. വായിച്ചു മുന്നോട്ടു നീങ്ങിയപ്പോളുള്ള വായനാനുഭവം – നോവലിനെയും നോവലിസ്റ്റിനെയും വേർതിരിച്ചു കാണാൻ സാധിക്കാതെ പോയ വായനയ്ക്കിടയിലെ എന്റെ മനോവിചാരങ്ങൾ.
വിനോദേ, അതിലളിതമായ ഭാഷയിലൂടെ എത്ര അനായാസമായാണ് ഇത്രയധികം തീവ്രമായ ഒരു കഥാതന്തു താങ്കൾ അനാവരണം ചെയ്തിരിക്കുന്നത് ? നമ്മുടെ ദൈനംദിന ഭാഷയിൽ കടന്നു വരാത്ത ഒരു പദപ്രയോഗം പോലും ഈ നോവലിൽ കണ്ടെത്താനായില്ല. ഭാഷയുടെ ഭാരം തീരെയും ചുമന്നു കൂടെ വരാത്ത വായനാസുഖം സമ്മാനിച്ചതിന് ആദ്യമേ നന്ദി പറയട്ടെ.
ഒറ്റയിരുപ്പിനാണ് ഞാൻ വിഴിവന്യ വായിച്ചവസാനിപ്പിച്ചത്. വായനയിലുടനീളം ഞാൻ ഒരു യുദ്ധ ഭൂമിയിലൂടെ സഞ്ചരിക്കുകയായിരുന്നു. ഓരോ കഥാപാത്രവും അവരവരുടേതായ പ്രാധാന്യത്തിനനുസരിച്ചു മനസ്സിൽ ഇടം പിടിച്ചു. ഒരു യുദ്ധം നേരിൽ കാണുന്നത് പോലെ, അതിന്റെ കെടുതികൾ നേരിട്ടനുഭവിക്കുന്നതു പോലെ, ഇങ്ങു ദൂരെ നാട്ടിൽ ഇരുന്നു വിലപിക്കുന്നവരെ പോലെ… എന്നിലെ വായനക്കാരിയും വിഴിവന്യക്കുള്ളിലൂടെ വിങ്ങിയും, തേങ്ങിയും, ഇടയ്ക്കൊക്കെ നിറകൺചിരിയിലൂടെ ആശ്വാസം പൂണ്ടും അങ്ങ് ദൂരെ യുക്രൈനിലൂടെ അലഞ്ഞു നടന്നു. ചുറ്റിനും ഇരിക്കുന്നവർ കാണുമെന്നുള്ള ആശങ്കയൊന്നും തെല്ലും ബാധിക്കാതെയാണ് ഞാൻ ഇടയ്ക്കിടെ നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ തുടച്ചു കൊണ്ടിരുന്നത്.
ഇതൊരു വായനാനുഭവം മാത്രമായതു കൊണ്ട് ഓരോ കഥാപാത്രത്തെയും പറ്റി ഒന്നും വിവരിക്കുന്നില്ല. എങ്കിലും മേഘയെ പറ്റി പറയാതെ വയ്യ. ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും ആ കുട്ടി മനസ്സിൽ നിന്നും ഇറങ്ങിപ്പോകാൻ കുട്ടാക്കുന്നില്ല, സഹനത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായി കണ്മുന്നിൽ തന്നെ നിൽക്കുകയാണ്.
ഒരു കലാപമോ യുദ്ധമോ നേരിൽ കാണാത്ത മലയാളിക്ക് എങ്ങനെയാണ് ഇത്ര ഭീകരമായ ഒരു യുദ്ധപശ്ചാത്തലത്തിൽ ഒരു നോവൽ എഴുതാൻ സാധിക്കുന്നത്? ഒരു പ്രളയത്തിനപ്പുറം എന്ത് ദുരന്തമാണ് നാമൊക്കെ കണ്ടറിഞ്ഞിട്ടുള്ളത്? നാം അനുഭവിക്കാത്ത ജീവിതങ്ങൾ ഒക്കെയും നമുക്ക് കെട്ടുകഥകൾ മാത്രമാണ് എന്നതല്ലേ ലോകനിയമം. ഇത്രയും ലോലമായ ഒരു അന്താരാഷ്ട്ര ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥയെഴുതുമ്പോൾ അപാര ധൈര്യം വേണം, ഒപ്പം ആഴത്തിലുള്ള അറിവും, തിരക്കേറിയ ഉദ്യോഗഭാരത്തിനിടയിലും ഈയൊരെഴുത്തിനായി എത്രയധികം അദ്ധ്വാനിച്ചിരിക്കുന്നു എന്നത് സൃഷ്ടമാണ്. നോവലിന്റെ തലക്കെട്ട് തന്നെ അതിനൊരു ഉത്തമ ഉദാഹരണമാണ്. ഒരു വാങ്‌മയ ചിത്രം പോലെ മനോഹരമായ ഈ നോവൽ ഒരു ചലച്ചിത്രമായെങ്കിൽ എന്ന് തോന്നിപ്പോയി.
എന്തുകൊണ്ടോ, വിഴിവന്യ വായിച്ചു അവസാനിപ്പിച്ചപ്പോൾ ഞാൻ ചലച്ചിത്ര നടൻ ഇന്ദ്രൻസിന്റെ ചലച്ചിത്ര ജീവിതം ഓർമ്മിച്ചു. ചെറുപ്പത്തിൽ നമ്മെ കുടുകുടെ ചിരിപ്പിച്ച ആ തമാശക്കാരൻ നടനിൽ നിന്നും അദ്ദേഹം സ്വഭാവ നടനിലേക്കു നടന്നു നീങ്ങിയതു പോലെ അല്ലേ നമ്മുടെ കഥാകൃത്തിന്റെയും വളർച്ച? ക്ലാസ്സു മുറികളിൽ ചിരി വാരി വിതറിയ civil times ന്റെ സൃഷ്ടാവായ ഹാസ്യ കഥാകാരനിൽ നിന്നും ഇരുത്തം വന്ന നോവലിസ്റ്റ് ആയി ആൾ മാറിയിരിക്കുന്നു. വിനോദിന്റെ ആദ്യ നോവലാണ് വിഴിവന്യ. ഇതൊരു തുടക്കം മാത്രം ആയിരിക്കാം. ഇനിയുമിനിയും വിനോദിന്റെ തൂലികയിൽ നിന്നും ഇതിലും മികച്ചവ പിറവി കൊള്ളുമായിരിക്കാം. പക്ഷെ ഒന്നുറപ്പാണ്, വിഴിവന്യ പോലെ ഒരെഴുത്തു തീർച്ചയായും സമാനതകളില്ലാത്ത ഒന്നാണ്. ഇങ്ങനെ ഒക്കെ ഒരാൾക്ക് ഒരിക്കൽ മാത്രമേ എഴുതാൻ സാധിക്കൂ.
നന്ദി, വിനോദ്. എന്നോ നഷ്ടപ്പെട്ടു പോയ, ആർത്തിയോടെ പുസ്തകങ്ങൾ വായിച്ചു കൂട്ടിയിരുന്ന കൗമാരക്കാരിയായ എന്നെ എനിക്ക് തിരിച്ചു തന്നതിന്. മുഖപുസ്തകത്തിലെ കുഞ്ഞു കുറിപ്പുകളിലേക്കു ഒതുങ്ങി പോയ എന്റെ വായനാ ശീലത്തെ തിരികെ നോവലിലേക്കു എത്തിച്ചതിനു, സമാനതകളില്ലാത്ത ദുരന്തങ്ങൾ ഏറ്റു വാങ്ങിയ ഒരു സമൂഹത്തിനെ വച്ച് നോക്കുമ്പോൾ നാമൊക്കെ എത്ര അനുഗ്രഹിക്കപ്പെട്ടവരാണെന്ന തിരിച്ചറിവ് പകർന്നു തന്നതിന്… ഒരുപാട് ഒരുപാട് നന്ദി
NB: ലക്ഷ്യം വായനാനുഭവം ആണെങ്കിലും, വാഴ നനയുമ്പോൾ ചീര കൂടി നനഞ്ഞോട്ടെ എന്ന ഉദ്ദേശത്തോടെ എന്നെ ഞാൻ ആവോളം ഇടയ്ക്കു കൂടി കയറ്റി വിട്ടിട്ടുണ്ട്. അല്ലെങ്കിലും നമ്മളൊക്കെ ഇവിടെ ഇരുന്നിട്ട് അങ്ങ് ദൂരെ പാലക്കാടുള്ള രജനിക്ക് കൊണ്ടുപോയി ആദ്യം ഡ്രാഫ്റ്റ് വായിക്കാൻ കൊടുത്ത വിനോദിന് അങ്ങനെ തന്നെ വേണം!!
Comments are closed.