സാമാന്യവത്കരിക്കപ്പെട്ട കൊലകളുടെ ‘മുങ്ങാങ്കുഴി’കളിലേക്ക്..
ആഷ് അഷിതയുടെ 'മുങ്ങാംകുഴിക്ക്' ജയന്തി അരുൺ എഴുതിയ വായനാനുഭവം
മാതൃഭൂമിയിൽ വായിച്ച ‘മൈസൂരുമല്ലികെ’യാണ് മുങ്ങാങ്കുഴിയിലേക്കെത്തിച്ചത്. ‘മുങ്ങാങ്കുഴി’യിട്ടാൽ മുത്തുവാരാമെന്നൊരു പ്രതീക്ഷ ‘മൈസൂരുമല്ലികെ’യിൽനിന്ന് മുങ്ങിയെടുത്തിരുന്നു. ‘മുങ്ങാങ്കുഴി‘ പക്ഷേ വെറും മുത്തുകളായിരുന്നില്ല ഒളിപ്പിച്ചുവച്ചിരുന്നത്. ആഴത്തിലേക്ക് വലിച്ചെടുക്കുന്ന മരണക്കുഴികളാണ്. ‘അ’ യും ‘ബ്രൗൺമൺറോയുടെ വീഞ്ഞുരാത്രി’യും മാത്രമാണ് പ്രത്യക്ഷമായ മരണങ്ങളും കൊലകളുമില്ലാത്ത രണ്ടുകഥകൾ. കഥന രീതികൊണ്ട് അവയുടെ പ്രമേയം വായനക്കാരെ കൊന്നുകളയുംവിധം തീവ്രമാണ്.
‘മുങ്ങാങ്കുഴി’യിലെ കൊലകളെല്ലാം അപലപിക്കപ്പെടേണ്ടവയാണ്. മുങ്ങാങ്കുഴിയെന്ന കഥയിലെ വർഗീസും സഹതടവുകാരും നടത്തിയ കൊലകൾ തന്നെ നോക്കൂ. നായകനായ വറുഗീസ് ഒരേയൊരു കൊലയെ നടത്തിയിട്ടുള്ളൂ. അഞ്ചുപേരെ ‘പഞ്ഞിക്കിട്ട സൈക്കിൾ ഷാനവാസും വഴിത്തർക്കം തീർക്കാൻ അയൽവീട്ടിലേക്ക് ബോംബെറിഞ്ഞ് കുട്ടികളെയും പെണ്ണുങ്ങളെയും തീർത്ത കൊക്കാടൻ ഷാജിയും ജയിലിൽ ടോപ് ഗിയറിൽ ത്രില്ലിങ്ങായി കൊലപാതകകഥകൾ വിവരിച്ചു ജീവിക്കുന്നു.
‘റിമ്പോച്ചേ’യും ഇന്നത്തെ സമനില തെറ്റിയ സമൂഹത്തിന്റെ നേർച്ചിത്രമായ മൂന്നുകൊലകളാണ് അവതരിപ്പിക്കുന്നത്. കഥ കൊലപാതകികളുടെ സ്വാഭാവികചെയ്തികളിലൂടെ മുന്നോട്ടുപോകുന്നു. കഥാകാരി കൊലയ്ക്കോ കൊലപാതകിക്കോ
കൊല്ലപ്പെട്ടവർക്കോ ഒപ്പമല്ല. തികച്ചും നിസ്സംഗമായിനിന്ന് ഇന്നത്തെ ലോകത്തെ സ്വാഭാവികമായി വരച്ചിടുന്നു. പൂർബിതയെ തള്ളിയിട്ടു പക്ഷിയാക്കിയതിനു ശേഷം അവൾ എഴുതിയിരിക്കാമെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ് അന്വേഷിക്കുന്ന നായകൻ ഇന്നത്തെ സമൂഹത്തിന് അപരിചിതനല്ല. കൊലകൾ സാധാരണ പ്രവൃത്തികൾ മാത്രമാകുന്നു ആഷിന്റെ കഥകളിൽ. എല്ലാ കഥകളെയും കൊലകളെയും ഇവിടെ ഇഴകീറുന്നില്ല. ഓരോന്നും പഠനം അർഹിക്കുന്ന ആസ്വാദനം തരുന്നവയാണെങ്കിലും കുറിപ്പ് നീണ്ടുപോകുമെന്നു പേടിക്കുന്നു.
‘മുങ്ങാങ്കുഴി’യിലെ ഓരോ കഥയും തികച്ചും വ്യത്യസ്തമായ ലോകമാണ്. അവയുടെ പ്രമേയപരിസരങ്ങൾ ഘടനാഭംഗികൾ, ഭാവതലങ്ങൾ ഇവയൊന്നും ഒരിക്കലും കൂട്ടിമുട്ടുന്നില്ല. ഭാഷ കൊണ്ട് മന്ത്രികത സൃഷ്ടിക്കാനുള്ള വൈഭവം ആഷിനുണ്ട്.
സമൂഹത്തിന്റെ അധഃപതനത്തെ തുറന്നെഴുത്തുകളായി കഥകളിൽ അവതരിപ്പിച്ചത് ടി.വി.കൊച്ചുബാവയായിരുന്നു. അന്നത് ചെറിയൊരതിശയോക്തിയായി കരുതപ്പെടുകയും മലയാളകഥാലോകത്തിന്റെ ഉത്തരാധുനികസംക്രമണവഴിയായി വിലയിരുത്തപ്പെടുകയും ചെയ്തു. സമാനമായ രീതിയിൽ സമൂഹത്തിന്റെ പരിതാപകരമായ എല്ലാ അവസ്ഥകളെയും ആ അവസ്ഥകളോടൊപ്പം ചേർന്നുനിന്നു അനുഭവിപ്പിക്കുന്ന കഥകളാണ് ‘മുങ്ങാങ്കുഴി’യിലുള്ളത്.
‘ഒരാൾ മരണപ്പെടുന്നത് ജീവിക്കുന്നതിനേക്കാൾ എത്രയോ ലളിതമായ കാര്യമാണെ’ന്ന് പൂർബിതയെ ഒമ്പതാം നിലയിൽ നിന്ന് തള്ളിയിട്ടവൻ പറയുന്നുണ്ട്. സബ്ടൈറ്റിൽ ഇല്ലാതെ സിനിമ കാണുന്ന ലാഘവത്തോടെയാണ് അവൾ ഇല്ലാതാകുന്നത് അയാൾ കണ്ടുനിന്നത്. ആ നിസ്സംഗതയോടെതന്നെ വായനക്കാരെയും പല കൊലപാതകങ്ങളിലൂടെ ‘മുങ്ങാങ്കുഴി’ കൊണ്ടുപോകുന്നു. സമൂഹത്തിന്റെ ഗതികെട്ട പോക്കിലേക്ക് കഥയോടൊപ്പം വായനക്കാരനും നടക്കേണ്ടി വരുന്നു. കാരണം ഇതിലെ ഒരു കഥയുടെയും പ്രമേയം വായനക്കാരന് അന്യമല്ല, കൈയ്യത്തുന്ന അകലത്തിൽ തലേന്ന് കണ്ടതാണ്, ഇന്ന് കാണുന്നതാണ്, അടുത്ത ദിവസങ്ങളിലും കാണുമെന്നു പേടിക്കുന്നതാണ്. കാണരുതേയെന്ന് ആഗ്രഹിക്കുന്നതാണ്. ‘റിമ്പോച്ചേ’യിലെ അവിക് ദാസ് പതിനഞ്ചുകാരിയായ ഭാര്യയെ കൊന്നതിനെക്കുറിച്ച് പറയുന്നത് ‘ ഒരു ദിവസം കറിക്കത്തികൊണ്ട് ഞാനവളെയങ്ങു തീർത്തു. കഷണങ്ങളാക്കിയിട്ട് കാട്ടിലെ വെള്ളച്ചാട്ടത്തിൽ ഒഴുക്കിയിട്ട് നാടുവിട്ടു. ‘സാഹചര്യം കൊണ്ടു ചെയ്തുപോകുന്നു എന്ന പ്രതീതിയുണ്ടാക്കുന്ന കൊലകൾ മിക്ക കഥകളിലും കാണാം. ‘മുങ്ങാങ്കുഴി’യുടെ ഭാഗമല്ലാത്ത ‘മൈസൂരുമല്ലികെ’യിലും. അതിനിടയിലെവിടെയോ അസ്വസ്ഥതയോടെ പെട്ടു പോകുന്ന അവസ്ഥ വായിക്കുന്നവർക്കും ഉണ്ടാകുന്നു.
ആദ്യം വായിച്ച കഥയായ ‘മൈസൂരുമല്ലികെ’യിലേക്ക് തന്നെ വരാം. കെട്ടകാലത്തിന്റെ നേർച്ചിത്രമാണ് ‘മൈസൂരുമല്ലികെ’യും. തിന്മ ഉള്ളിലേക്കൊതുക്കിയൊതുക്കി സ്വയം നന്നാവാൻ ശ്രമിക്കുന്ന ലൂയിയും അടിമുടി തിന്മയിൽ വാഴുന്ന ലൂക്കയും തമ്മിലുള്ള ഉരസലുകൾ, ലൂയി തോൽവി മാത്രമറിയുന്ന യുദ്ധങ്ങൾ, സമരസപ്പെടലുകൾ. ലൂക്കയുടെ പ്രത്യക്ഷപ്പെടലും ഒന്നിച്ചുള്ള യാത്രയും മുതൽ കഥാന്ത്യം ഊഹിക്കാൻ കഴിയുന്നത് വർത്തമാനകാലം മറ്റൊരു വിധത്തിൽ ചിന്തിക്കാൻ അനുവദിക്കാത്തതുകൊണ്ടാണ്. പരിസമാപ്‌തിയെങ്ങനെയെന്നൊരു ആശങ്കയോടെ കഥയുടെ അവസാനംവരെ വായനക്കാരനെ കൂടെ നടത്തും ‘മൈസൂരുമല്ലികെ’.
ഭാഷയുടെ മാന്ത്രിക വലയത്തിലാണ് വായനക്കാരെ ആഷ് കുരുക്കിയിടുന്നത് . വായനക്കാരന്റെ ഭാഷയും ചിന്തയും അതുതന്നെയെന്ന പ്രതീതിയുണ്ടാക്കുന്ന ഭാഷാപ്രയോഗങ്ങൾ ‘മുങ്ങാങ്കുഴി’ മുതൽ ‘ഇന്ദ്രാഗാന്ധി’ വരെയുള്ള പത്തു കഥകളിലും കാണാം; ‘മൈസൂരുമല്ലികെ’യിലും. മൈസൂരുമല്ലികെയിലെത്തുമ്പോൾ ആഷിന്റെ കഥനരീതി കുറച്ചുകൂടി പൂർണതയിലേക്ക് എത്തുന്നുണ്ട്. ക്രമാനുഗതമായ വളർച്ച.
മുങ്ങാങ്കുഴിയിട്ടാൽപ്പോലും കാരുണ്യം കണ്ടെടുക്കാനാവാത്ത സമൂഹത്തിന്റെ നേർക്കാഴ്ചകളാണ് ആഷിന്റെ കഥകൾ. സൂക്ഷ്മവായനകൊണ്ട് ഈ കഥകളിൽ കാരുണ്യം കണ്ടെടുക്കാനാവുമോ? കണ്ടെടുക്കാനാവുമെന്ന പി. എഫ്. മാത്യൂസിന്റെ ‘അനുബന്ധ’പരാമർശത്തോട് യോജിപ്പില്ല. കാരുണ്യമില്ലായ്മ തന്നെയാണ് ഈ കഥകളുടെ ഊർജം. അതുതന്നെയാണ് സമകാലികമലയാളകഥകളുടെ പുതിയ മേച്ചിൽപ്പുറങ്ങളും.