DCBOOKS
Malayalam News Literature Website

അനിതരസാധാരണമായ ഒരു പ്രണയകാവ്യം

 

വിരഹത്തീയിൽ ഉരുകുമ്പോഴും, യമുനതീരത്തെ ഓടക്കുഴൽ നാദത്തിനായ് കാത്തിരുന്ന രാധയുടെ മനോനില എന്തായിരിക്കാം?
അന്ന്,മഥുരയിലേക്ക് കണ്ണന്റെ രഥചക്രങ്ങൾ ഉരുളുമ്പോൾ, അവളുടെ ഉള്ളൊന്ന് പിടഞ്ഞിരിക്കാം. എങ്കിലും, തന്നെ തേടി കണ്ണൻ തിരിച്ചു വരാതിരിക്കില്ല എന്ന പ്രതീക്ഷയിൽ നിറമിഴികൾ തുടച്ചിരിക്കാം.
പോകെ പോകെ, തന്റെ ദിനചക്രങ്ങളുടെ വേഗത കുറയുന്നതും യൗവനത്തിന്റെ കടും നിറങ്ങൾ മങ്ങുന്നതും ജീവിതമാകെ നരക്കുന്നതും അവൾ തിരിച്ചറിഞ്ഞിരിക്കാം.സ്നേഹത്തിൽ പരാജയപ്പെട്ടെന്നറിഞ്ഞിട്ടും പരിഭവമേതുമില്ലാതെ,അവൾ കണ്ണനെ കാത്തിരുന്നു.. ഇങ്ങനെ, ഒരിക്കലും തിരിച്ചു വരാത്ത കൃഷ്ണന് വേണ്ടി കാത്തിരിക്കുന്ന ഏകാകിയായൊരുവൾ കാലാതിവർത്തിയായി, ദേശാതിർത്തികളെല്ലാം കടന്ന് നമ്മളോരോരുത്തരിലും അന്തർലീനമായിരിക്കുന്നു.
ആ വിരഹിണിയായ രാധയിലേക്കുള്ള വളരെ മനോഞ്ജമായ യാത്രയാണ് യുവ എഴുത്തുകാരി മായാകിരണിന്റെ ഏറ്റവും പുതിയ നോവൽ “തവ വിരഹേ കേശവ “.

കഥാന്ത്യത്തിൽ വായനക്കാർ, ഇനിയും വന്നുചേരുമെന്നുറപ്പില്ലാത്ത പ്രണയത്തിനായ് തന്റെ ജീവിതം തന്നെ പകരം നൽകിയ ആ രാധയെ കണ്ടെത്തുക തന്നെ ചെയ്യുന്നു. ഒന്നല്ല -രണ്ടു കഥാപാത്രങ്ങളിൽ – ഡോ. ശ്രീനന്ദനയിലും ഡോ.അനന്തുവിലും.എങ്കിലും, ശ്രീനന്ദനയുടെ ഏകാന്തയാനം വളരേ തന്മയീഭാവത്തോടെ മനസ്സിനെ നോവിക്കുന്നു. പ്രണയത്തെക്കുറിച്ചുള്ള അനേകം പുസ്തകങ്ങൾ നിരന്തരം വിപണിയിലെത്തുന്നുണ്ട്. അവയിൽ നിന്ന്, കാവ്യത്മകമായ അവതരണശൈലിയാലും, അർത്ഥപൂർണമായ ബിംബങ്ങളാലും വേറിട്ട് നിൽക്കുന്ന ഒരു രചനയാണ് “തവ വിരഹേ കേശവ “.
അഷ്ടപദിയിലെ വരികൾ തന്നെ തലക്കെട്ടായി സ്വീകരിച്ച ഈ നോവൽ ആഖ്യാനശൈലിയിലും ഘടനയിലും വളരെ മികച്ചു നിൽക്കുന്നു. നോവലിന്റെ പേരിൽ തന്നെ പ്രകടമായ സോപാനസംഗീതത്തോടുള്ള അഭിനിവേശമാണ് എന്നെ ഈ പുസ്തകത്തിലേക്കെത്തിച്ചത്. ആ തലക്കെട്ടിനോട് നൂറു ശതമാനം കൂറു പുലർത്തുന്ന പ്രമേയമാണ് താളുകൾക്കുള്ളിൽ.
സോപാനസംഗീതത്തെയും അഷ്ടപദിയെയും തികച്ചും നൈസർഗികമായി കഥയിൽ കോർത്തു ലയിപ്പിച്ചിണക്കിയിട്ടുണ്ട് നോവലിസ്റ്റ്. ഒട്ടും കല്ലുകടി തോന്നാത്ത രീതിയിൽ വളരെ സർഗാത്മകമായ കൈയടക്കത്തോടെ, എന്നാൽ കാവ്യാത്മകമായി തന്നെ അഷ്ടപദിയിലെ ബിംബങ്ങൾ നോവലിസ്റ്റ് നോവലിലുടനീളം അനായാസേന വരച്ചു ചേർത്തിട്ടുണ്ട്.

 

ചില ഭാഗങ്ങളിൽ പദസൗന്ദര്യം കവിഞ്ഞൊഴുകി വായനക്കാരെ അത്രമേൽ പ്രണയാർദ്രമായ അനുഭൂതിയുടെ ഒരു ലോകത്തെത്തിക്കുന്നുണ്ട്.ആദ്യ അധ്യായങ്ങൾ വായിച്ചപ്പോൾ, വർഷങ്ങൾക്കപ്പുറം,നിർമാല്യ പൂജയ്ക്ക് ശ്രീകോവിലിൽ സോപാനസംഗീതം കേട്ടു നിന്ന പാട്ടുപാവാടക്കാരിയായി മാറി ഞാൻ വീണ്ടും.
ഒരു സാധാരണ പ്രണയനോവലിന്റെ ആദ്യ അധ്യായങ്ങളിൽ നിന്ന് തുടങ്ങി,പകുതിദൂരം പിന്നിടുമ്പോൾ തികച്ചും അപ്രതീക്ഷിതമായൊരു വഴിത്തിരിവ് നോവലിനു പുതിയൊരു ഭാവം പകരുന്നുണ്ട്.
മിത്തും യാഥാർഥ്യവും ഇഴ ചേർത്തുണ്ടാക്കിയ ഈ പുതിയ കഥാസന്ദർഭം നമ്മളെ അത്ഭുതഭരിതരാക്കുന്നുണ്ട്.
ചെമ്പട്ടുകാവിലെ ഗന്ധർവനും കന്യാദേവിയായ യക്ഷിയും പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഗന്ധർവ്വൻ പാട്ടുമെല്ലാം വായനക്കാർക്ക് മുൻപിൽ കൗതുകത്തിന്റെ മണിച്ചെപ്പ് തുറന്ന് വർണ്ണങ്ങൾ വിതറുന്നു.
ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ദർശനങ്ങൾ അങ്ങിങ്ങായ് നോവലിലുടനീളം കാണാം. നോവൽ അവസാനിക്കുമ്പോൾ, ആ സൂചകങ്ങളെല്ലാം ചേർന്ന് ഒരു പൂർണവിരാമം നൽകുകയും ചെയ്യുന്നു.
പെട്ടെന്ന് നോവൽ അവസാനിപ്പിക്കുവാനുള്ള വ്യഗ്രത നോവലിസ്റ്റ് കാണിച്ചുവോ എന്ന ശങ്ക അവസാനഭാഗത്തു തോന്നിയെന്നതൊഴിച്ചാൽ “തവ വിരഹേ കേശവ “ഒരു മനോഹരമായ വായനാനുഭവമാണ്.

കഥ പറച്ചിൽ കുറച്ചു കൂടെ മന്ദഗതിയിലായിരുന്നെങ്കിൽ, അനിതരസാധാരണമായ ഒരു പ്രമേയത്തിന്റെ അനുപമമായ ആത്മപ്രകാശനമായേനെ ഈ നോവൽ എന്ന് തോന്നുന്നു. രാസക്രീഡയ്ക്ക് ശേഷം പിന്നീട് രാധ കൃഷ്ണനെ കണ്ടിട്ടേയില്ല. അതിനുശേഷം, രാധയുടെ ജീവിതത്തിന്റെ അർത്ഥം തന്നെ വിരഹം എന്ന ഒറ്റ വാക്കിലൊതുങ്ങിയിരുന്നു. രാധയുടെ പിൽക്കാലജീവിതത്തെക്കുറിച്ചോർത്ത് ഞാൻ പലപ്പോഴും വേദനിച്ചിട്ടുണ്ട്. അവൾക്ക് ഓർമ്മകൾ നഷ്ടപ്പെട്ടിരുന്നെങ്കിൽ എന്ന് ഞാൻ കരുതിയിട്ടുണ്ട്.ഇപ്പോൾ, ആ നോവിലേക്ക് ചേർത്ത് വെക്കുവാൻ ഒരു കഥാപാത്രവും കൂടി… ശ്രീനന്ദന..

Leave A Reply