DCBOOKS
Malayalam News Literature Website

ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ കൊച്ച് അന്തരിച്ചു

 

ഇന്ത്യൻ ദലിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായിരുന്നു കെ.കെ കൊച്ച് 2025 മാർച്ച് 13 രാവിലെ അന്തരിച്ചു.

കോട്ടയം ജില്ലയിലെ മധുരവേലിയിൽ 1949 ഫെബ്രുവരി 2–ന് ജനിച്ചു. അച്ഛൻ: കുഞ്ഞൻ. അമ്മ: കുഞ്ഞുപെണ്ണ്. കല്ലറ എൻ.എസ്.എസ്. ഹൈസ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽ ഉപരിപഠനത്തിന് ചേർന്നെങ്കിലും രാഷ്ട്രീയകാരണങ്ങളാൽ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പ്രീഡിഗ്രി വിദ്യാർത്ഥിയായിരിക്കുമ്പോൾതന്നെ രാഷ്ട്രീയപ്രവർത്തനത്തോടൊപ്പം സാഹിത്യരചനയിലുമേർപ്പെട്ടിരുന്നു. വിദ്യാഭ്യാസാനന്തരം കമ്മ്യൂണിസ്റ്റ് യുവജനസമരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.

സീഡിയൻ, ഇന്ത്യൻ ഡെമോക്രാറ്റ്, സൂചകം എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. നവംബർ​ ബുക്‌സ്, സബ്ജക്റ്റ് ആൻഡ് ലാംഗ്വേജ് പ്രസ് എന്നീ പ്രസാധകസ്ഥാപ​നങ്ങളുടെ മാനേജിങ് എഡിറ്ററായിരുന്നു.

ദലിത് കമ്മ്യൂണിറ്റിക്കുവേണ്ടി സംസാരിക്കുവാനും പ്രയത്നിക്കുവാനുമായി തന്റെ സർഗാത്മകതയെ കെ.കെ കൊച്ച് ഉപയോഗിച്ചിരുന്നു. ബുദ്ധനിലേക്കുള്ള ദൂരം, ദലിതൻ (ആത്മകഥ), കേരളചരിത്രവും സമൂഹരൂപീകരണവും (ചരിത്രം), ഇടതുപക്ഷമില്ലാത്ത കാലം, കലാപവും സംസ്‌കാരവും, അംബേദ്കർ ജീവിതവും ദൗത്യവും (എഡിറ്റർ) എന്നിങ്ങനെ പതിനാലോളം കൃതികൾ രചിച്ചിട്ടുണ്ട്.

2025 ലെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ബുക്ക് ഓഫ് ദി ഇയർ അവാർഡ് നോൺ ഫിക്ഷണൽ വിഭാഗത്തിൽ കെ. കെ കൊച്ചിന്റെ ദലിതൻ എന്ന ആത്മകഥയുടെ ഇംഗ്ലീഷ് വിവർത്തനത്തിനായിരുന്നു ലഭിച്ചിരുന്നത്. കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം, ദലിതൻ എന്ന ആത്മകഥയ്ക്ക് യുവ കലാസാഹിതിയുടെ വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യപുരസ്കാരം, പ്രഥമ അരളി അവാർഡ് എന്നീ അവാർഡുകൾ ലഭിച്ചിരുന്നു.  ഭാര്യ: കെ.എ. ഉഷാദേവി, മക്കൾ: കെ.കെ. സൂര്യനയന, കെ.കെ. ജയസൂര്യൻ.

 

കെ കെ കൊച്ചിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Leave A Reply