അഭിമുഖം
വെങ്കി രാമകൃഷ്ണൻ / സംഗീത ചേനംപുല്ലി
അസുഖബാധിതരായോ, ശയ്യാവലംബമായോ ദീർഘകാലം ജീവിക്കാൻ ഒരാളും ഇഷ്ടപ്പെടുകയില്ലല്ലോ. ആയുർദൈർഘ്യം കൂട്ടുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതത്തിൻ്റെ ദൈർഘ്യവും കൂട്ടാനാകുമോ എന്നതാണ് ശാസ്ത്രത്തിന്റെ മുന്നിലുള്ള ചോദ്യം. കിടപ്പിലാകുന്ന നീണ്ട ഇടവേളകൾ ഒഴിവാക്കി ആരോഗ്യത്തോടെയിരിക്കേത്തന്നെ പെട്ടെന്ന് മരണം സംഭവിക്കണം.
ശാസ്ത്രമേഖലയിലെ നൊബേൽ പുരസ്കാരപ്പട്ടികയിൽ ഇന്ത്യയുടെ പ്രാതിനിധ്യം താരതമ്യേന വിരളമാണ്. രസതന്ത്രത്തിൽ നൊബേൽ പുരസ്കാരം നേടിയ ഏക ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞനാണ് വെങ്കി രാമകൃഷ്ണൻ. റോയൽ സൊസൈറ്റിയുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻവംശജനും അദ്ദേഹം തന്നെ. റൈബോസോം ഘടന കണ്ടെത്തിയതിന് 2009-ലെ രസതന്ത്ര നൊബേൽ പുരസ്കാരം അഡ ഇ യോനാത്, തോമസ് എ സ്റ്റീറ്റ്സ് എന്നിവർക്കൊപ്പം പങ്കിട്ടു. ബ്രിട്ടൺ സർ പദവിയും ഇന്ത്യ പത്മവിഭൂഷൺ പുരസ്കാരവും നല്കി ആദരിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പുസ്തകമായ ‘വൈ വീ ഡൈ’യെപ്പറ്റിയും മരണം, വാർധക്യം എന്നിവയെ വെല്ലുവിളിക്കാൻ ശാസ്ത്രലോകം നടത്തുന്ന ശ്രമങ്ങളെപ്പറ്റിയും, കെ എൽ എഫ് 2025 ൽ അതിഥിയായി എത്തിയ വെങ്കി രാമകൃഷ്ണനുമായി നടത്തിയ പ്രത്യേക അഭിമുഖ സംഭാഷണം.
സംഗീത ചേനംപുല്ലി: താങ്കളുടെ പുസ്തകം ‘Why we die’ കേരളത്തി ലും ഒരുപാട് വായിക്കപ്പെടുകയും വ്യാപകമായി ചർച്ചചെയ്യപ്പെടുകയും ചെയ്യുന്നു. ഒരു പോപ്പുലർ സയൻസ് പുസ്തകം ഇത്ര ആവേശപൂർവ്വം വായിക്കപ്പെടുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ഈ പുസ്തകം വാർദ്ധക്യത്തെയും മരണത്തെയുംകുറിച്ചാണല്ലോ. അതുകൊണ്ട് അടിസ്ഥാനപരമായ ഒരു ചോദ്യത്തിൽനിന്ന് തന്നെ തുടങ്ങാം. ഒരു ജീവശാസ്ത്രജ്ഞൻ എന്ന നിലയ്ക്ക് താങ്കളെ സംബന്ധിച്ച് മരണം എന്നാൽ എന്താണ്?
വെങ്കി രാമകൃഷ്ണൻ: മരണം ശരീരത്തിൽ സംഭവിക്കുന്നത് പല തലങ്ങളിലായാണ്. ജീവന്റെ അടിസ്ഥാന ഘടകങ്ങളായ കോശ ങ്ങൾ നിരന്തരം മരണത്തിനു വിധേയമാകുന്നുണ്ട്. ജീവൻ പിറവികൊള്ളുന്ന നിമിഷം മുതൽ തന്നെ കോശമരണവും ആരംഭിക്കുന്നു. അത് സാധാരണയായി നമ്മൾ അറിയുകപോലുമില്ല. വൈരുദ്ധ്യം എന്തെന്നാൽ മറുവശത്ത്, നമ്മൾ യഥാർഥത്തിൽ മരിക്കുമ്പോൾ നമ്മുടെ എല്ലാ കോശങ്ങളും മരിക്കുന്നുമില്ല. അതുകൊണ്ടാണ് അവയവദാനം സാധ്യമാകുന്നത്. മരണംകൊണ്ട് പൊതുവെ ഉദ്ദേശിക്കുന്നത് വ്യക്തി എന്ന നിലയ്ക്കുള്ള മരണമാണ്. സക്രിയമായ, യുക്തിസഹമായ ജീവിയായി നിലനിൽക്കാൻ കഴിയാതാകുന്ന അവസ്ഥയാണത്. അത് അപകടങ്ങൾവഴിയോ, രോഗങ്ങൾകൊണ്ടോ ഒക്കെ സംഭവിക്കാം. ജീവനെ നിലനിർത്തുന്ന ചില അവയവങ്ങൾ, ഉദാഹരണത്തിന് ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുമ്പോൾ ഒരു സമ്പൂർണ്ണ യൂണിറ്റ് എന്ന നിലയ്ക്ക് ശരീരത്തിനു പ്രവർത്തിക്കാനാകാതെ വരുന്നു. ഇതാണ് മരണം എന്ന് പൊതുവേ പറയാം.
പൂര്‍ണ്ണരൂപം 2025 മാർച്ച് ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും മാർച്ച് ലക്കം ലഭ്യമാണ്