തീക്ഷ്‌ണ സ്വപ്നങ്ങളുടെ കഥകൾ
ഷാഹിന ഇ.കെ യുടെ 'സ്വപ്നങ്ങളുടെ പുസ്തകത്തിന്' പി.എസ്. ബിന്ദു എഴുതുന്ന വായനാനുഭവം
ഞാൻ പിന്തുടരുന്ന എഴുത്തുകാരിയായ ഷാഹിന ഇ കെ യുടെ പുതിയ കഥാസമാഹാരമാണ് “സ്വപ്നങ്ങളുടെ പുസ്തകം “.
എഴുത്തിൽ തന്റേത് മാത്രമായ സൂക്ഷ്മ സാധ്യതതകളെ അന്വേഷിക്കുകയും കഥാതന്തുക്കൾ കണ്ടെത്തുകയും മനോഹരമായ ഭാഷയാൽ അവ മെനയുകയും ചെയ്യുന്ന ഷാഹിന. ഇ കെ യുടെ “സ്വപ്നങ്ങളുടെ പുസ്തകം” അവയിൽ എനിക്കേറെ പ്രിയപ്പെട്ട പുസ്തകമായിത്തീരാൻ വലിച്ചടുപ്പിക്കുന്ന ടൈറ്റിൽ മുതൽ ഒരുപാട് കാരണങ്ങളുണ്ട്.
നാല് നീണ്ട കാൻവാസുകളാണ് കഥ പറയാൻ ഷാഹിന ഈ പുസ്തകത്തിനു വേണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്. ആ നാല് കഥാതന്തുക്കൾക്കും അവ ആവശ്യമാണ് താനും. അനന്തമായ ആഖ്യാന സാധ്യതകൾ ഇത് കഥാകൃത്തിനു നൽകുന്നുമുണ്ട്. തികച്ചും വ്യത്യസ്തമായ നാലു കഥകളെയും കൂട്ടിക്കെട്ടുന്നത് സ്വപ്നം എന്ന ഒരൊറ്റച്ചരടാണ്. വർത്തമാനത്തിന്റെ വിഷാദങ്ങളിൽ നിന്നും നൈരാശ്യങ്ങളിൽ നിന്നും
അസ്വാസ്ഥ്യങ്ങളിൽ നിന്നും മനുഷ്യനെ അതിജീവിപ്പിക്കുന്നതും അവയാണല്ലോ. വ്യത്യസ്ത ഭൂമികകളിൽ ജീവിക്കുന്ന നാലു വ്യത്യസ്ത മനുഷ്യരുടെ നിഗൂഢമായ മാനസിക വ്യാപാരങ്ങളിലേക്ക് ഉള്ള സൂക്ഷ്മമായ യാത്രകളാണ് ഇതിലെ ഓരോ കഥകളും. ഒരു കഥയിൽ നിന്ന് മറ്റൊന്നിലേക്ക് സ്വപ്ന ത്തിന്റെ ചരടിലൂടെ വായനക്കാരും കടന്നുപോകുന്നു.
സ്വന്തം പ്രണയി ജീവിതത്തിൽ നിന്ന് മരണത്തിന്റെ ഇരുൾ ഗുഹയിലേക്ക് ഊർന്നു നഷ്ടപെടുന്നതോടെ സ്ഥലകാലബോധം നഷ്ടമാകുന്ന ഒരു പെൺകുട്ടിയുടെ ജീവിതമാണ് സ്വപ്നങ്ങളുടെ പുസ്തകം എന്ന ടൈറ്റിൽ കഥ. ബോധത്തിനും അബോധത്തിനും വർത്തമാനത്തിനും ഭൂതകാലത്തിനും ഇടയ്ക്ക് ഊയലാടുന്ന മനസ്സുള്ള അവൾ യഥാർത്ഥത്തിൽ ഉണ്ടോ എന്ന് പോലും നിശ്ചയ മില്ലാത്ത, അവൻ സ്വപ്നങ്ങൾ കുറിച്ച് വയ്ക്കുന്ന, “സ്വപ്നങ്ങളുടെ പുസ്തകം” തിരഞ്ഞു നടത്തുന്ന യാത്രയുടെ ഈ കഥയിൽ അവൾ നടക്കുന്ന വിഭ്രാന്തിയുടെ മങ്ങൂഴം നിറഞ്ഞ വഴിയിലൂടെ വായനക്കാരെയും കഥാകൃത്ത് കൊണ്ടുപോകുന്നു. യാഥാർഥ്യങ്ങൾക്കും സ്വപ്നങ്ങൾക്കും ഇടയിലുള്ള നേർത്ത രേഖയിലൂടെയാണ് ഈ കഥ സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമാഹാരത്തിലെ സങ്കീർണ്ണമായ ഒരു കഥ കൂടിയാണ് സ്വപ്നങ്ങളുടെ പുസ്തകം.
ആണുടലും പെൺ സ്വത്വവുമായി ജീവിക്കുന്ന കൃസാന്ത് ഫെർണാണ്ടസ് എന്ന ആൺകുട്ടിയുടെ കഥയാണ് “കൃസാന്ത് ഫെർണാണ്ടസിന് സെറീനയോട് പറയാനുള്ളത് “. സ്വത്വ പ്രതിസന്ധികളോട് മല്ലിട്ടു കൊണ്ട്, സംഘർഷങ്ങളിൽ ഉഴറിക്കൊണ്ട് ജീവിക്കുന്ന കൃസാന്ത് കാണുന്ന സ്വപ്നങ്ങളാണ് സ്വപ്നഭാഷയിൽ എഴുതപ്പെട്ട ഈ കഥ.
കേരളത്തിൽ ജോലി ചെയ്യാനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയായ ഖോകന്റെതാണ് മൂന്നാമത്തെ കഥയായ കൃഷ്ണചുര. മണ്ണിന്റെ ചൂരു പേറുന്ന, സ്വന്തം മണ്ണ് വിട്ടുപോരാൻ ഒട്ടുമാഗ്രഹിക്കാതെയും ജീവിത പ്രാരാബ്ധങ്ങളാൽ ഇതരദേശ തൊഴിലാളി ആവേണ്ടി വന്ന
ഖോകന്റെ ജീവിതം അതി തീക്ഷ്‌ണമായി അവതരിപ്പിക്കുന്ന കഥയാണ് കൃഷ്ണ ചുര; സ്വാഭാവികമായും അവന്റെ സ്വപ്നങ്ങളുടെ കഥ കൂടിയാകുന്നു ഇത്.
മഹത്വവൽക്കരിക്കപ്പെട്ട സൈനിക കഥകളും ഏറെ തീവ്രവാദ കഥകളും നമ്മൾ വായിച്ചിട്ടുണ്ട്. ഈ രണ്ടു കൂട്ടർക്കും ഇടയിലൂടെ കടുത്ത പ്രതിസന്ധികളിലൂടെയും സംഘർഷങ്ങളിലൂടെയും കടന്നു പോകുന്ന കശ്‍മീറിലെ സാധാരണ മനുഷ്യരുടെ കഥയാണ് കാശീർ, കല്ല് സൂഫിയാൻ. ഒരു സാധാരണ മനുഷ്യന്റെ ജീവിതം മാത്രം ആഗ്രഹിക്കുന്ന സൂഫിയാനും ജനങ്ങളുടെ
വികാരങ്ങൾക്കല്ല രാജ്യ താത്പര്യങ്ങൾക്കാണ് പ്രാധാന്യമെന്ന് വിശ്വസിക്കുന്ന സൈന്യത്തിന്റെ ഭാഗമായി തീവ്രവാദികൾക്ക് എതിരെയുള്ള ഒരു ഓപറേഷന് വേണ്ടി എത്തുന്ന പട്ടാളക്കാരനുമാണ് ഈ കഥ പറയാനെത്തുന്നത്. സൂഫിയാന്റെ സ്വപ്‌നങ്ങൾ കഥാന്ത്യത്തിൽ അതിയായി നമ്മുടെ വായനയെ പൊള്ളിക്കുന്നു.
വിഭിന്ന ദേശങ്ങളിലെ, വ്യത്യസ്ത ഭാഷക്കാരായ , വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന 4 മനുഷ്യരുടെ കഥകൾ അവരുടെ സ്വപ്നങ്ങളുടെ ചരടിൽ തുന്നി ചേർത്തതാണ് ഈ പുസ്തകം. നവകാലത്തിൻറെ യാഥാർഥ്യങ്ങളായ ഈ സ്വപ്‌നങ്ങൾ വായനയോടെ മഞ്ഞുപോകുന്നവയല്ല, മറിച്ച് പിന്നെയങ്ങോട്ട് നമ്മെ പിന്തുടരുകയും അസ്വാസ്ഥ്യപ്പെടുത്തുകയും ചെയ്യും.