ഒരുമിച്ച് നിൽക്കുമ്പോഴും ഒറ്റപ്പെട്ടു പോകുന്നവരാണ് അവർ.
ഡി.പി. അഭിജിത്തിന്റെ വായനയിൽ പട്ടുനൂൽപുഴു
നിർദയലോകത്തിൽ നാമിരുപേരൊറ്റപ്പെട്ടോർ
അത്രയുമല്ല, തമ്മിൽതമ്മിലുമൊറ്റപ്പെട്ടോർ*
`ഭ്രാന്തരായി കണക്കാക്കപ്പെടുന്ന വ്യക്തികളെ നിയന്ത്രിക്കുകയും ചികിത്സിക്കുകയും ചെയ്തുകൊണ്ട്, നമുക്ക് ഭ്രാന്തില്ല എന്ന് സ്ഥാപിക്കുന്നതിനാണ് നാം മാനസിക ആശുപത്രികൾ നിർമ്മിക്കുന്നത്’ എന്ന് മിഷേൽ ഫൂക്കോ എഴുതുന്നുണ്ട്. 1961 ൽ പ്രസിദ്ധീകരിച്ച `Madness and civilization’ എന്ന കൃതിയിലൂടെ മാനസികരോഗങ്ങളെയും മാനസികരോഗ സ്ഥാപനങ്ങളെയും ചുറ്റിപ്പറ്റിയുള്ള പ്രബലമായ ആഖ്യാനങ്ങളെ അദ്ദേഹം വെല്ലുവിളിക്കുന്നുണ്ട്. ഭ്രാന്ത് ഒരു രോഗമല്ല, മറിച്ച് ഒരു ജീവിതരീതിയാണ് എന്നു വാദിക്കുന്ന ഫൂക്കോയുടെ അഭിപ്രായത്തിൽ, ആശുപത്രി ഒരാൾ ഭ്രാന്തായിത്തീരാൻ നിർബന്ധിക്കുന്ന ഒരു സ്ഥലമാണ്.
1952-ൽ പുറത്തു വന്ന ’They do it with mirrors’ എന്ന ശ്രദ്ധേയമായ പുസ്തകത്തിലൊരിടത്ത് അഗത ക്രിസ്റ്റി എഴുതുന്നത് “we’re all a little mad. that’s the secret of existence !!” എന്നാണ്.
ഇനി പറയാനുള്ളത് 2024- ഡിസംബറിൽ പുറത്തുവന്ന എസ് ഹരീഷിൻ്റെ പട്ടുനൂൽപുഴു എന്ന നോവലിലെ ഒരു ഭാഗമാണ്.
“വേറെ നല്ല പേരുണ്ടെങ്കിലും ബസ്സുകാർ ആ സ്റ്റോപ്പിന് പ്രാന്തൻ മൂല എന്നാണ് പറഞ്ഞിരുന്നത്.
കാരണം, ധാരാളം ഭ്രാന്തന്മാർ ആ ചുറ്റുവട്ടത്തുള്ളതുതന്നെ. സൂക്ഷ്മമായി നോക്കിയാൽ അവിടെനിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ നേരിയ പ്രാന്തെങ്കിലുമില്ലാത്ത ആളുകൾ കുറവായിരുന്നു. ഭ്രാന്തായിരുന്നു സ്വാഭാവികമായ കാര്യം. അല്ലെങ്കിലും ഏത് മനുഷ്യരുടെ മുഖത്ത് സൂക്ഷിച്ചു നോക്കിയാലാണ് ഭ്രാന്ത് വെളിപ്പെടാത്തത്? അവരുടെ പ്രവർത്തിയും സംസാരവും ശ്രദ്ധിക്കുക.
അവരെ നിരീക്ഷിച്ചു കൊണ്ടേയിരിക്കുക. സമചിത്തതയുള്ള ആരുമില്ലെന്ന് മനസ്സിലാകും. വിഭ്രാന്തി ഓരോരുത്തരുടെയും തെളിഞ്ഞ മുഖത്തിനടിയിൽ മറഞ്ഞിരിപ്പുണ്ട്. എന്നാലും പ്രകടമായി തന്നെ ഭ്രാന്തുള്ള വളരെ പ്രമുഖരായ കുറച്ചുപേർ ആ ഭാഗത്തുണ്ടായിരുന്നു.”
ഭ്രാന്ത് ഒരു ജീവിതരീതിയായി കാണുന്ന, അത് ജീവിക്കാനുള്ള ചെറുപ്രേരണയായി, എല്ലാവരിലും അവരറിയാതെതന്നെ മാറിത്തീരുന്ന, എപ്പോഴും പൊട്ടിവീണേക്കാവുന്ന ഒന്നായി കാണുന്ന ഒരു ചെറുഭൂമികയിലെ ഏകാന്തതയിൽ അലിഞ്ഞുതീരുന്ന പാവം ചില മനുഷ്യരുടെ കഥയാണ് എസ് ഹരീഷിന്റെ മൂന്നാമത്തെ നോവൽ പട്ടുനൂൽപുഴു. അരനൂറ്റാണ്ട് മുമ്പത്തെ മധ്യതിരുവിതാംകൂറിലെ ദളിത് ജീവിതങ്ങളായിരുന്നു ’മീശ’യിലെങ്കിൽ ’ആഗസ്റ്റ് 17’ കേരളചരിത്രത്തെ കീഴ്മേൽ മറിക്കുന്ന മെറ്റാഫിക്ഷൻ നരേഷാനായിരുന്നു.
ബൗദ്ധികവായന എന്നൊന്നുണ്ടെങ്കിൽ അത് വളരെയധികം ആവശ്യപ്പെടുന്ന, അനേകമനേകം കഥകളും കാഴ്ചകളും കഥാപാത്രങ്ങളും ചരിത്രവും കെട്ടുപിണഞ്ഞു കിടക്കുന്ന അതിവിശാലമായ ഒരു പിൻപശ്ചാതലം ഈ രണ്ടു നോവലുകൾക്കും പൊതുവായി ഉണ്ടായിരുന്നു എന്നു പറയാം. എന്നാൽ ’പട്ടുനൂൽപുഴു’വിൽ നാം കാണുന്നത് പുറം കാഴ്ചകൾ മാത്രമല്ല നിമിഷാർത്ഥങ്ങളിലേക്ക് പോലുമായി വന്നുപോകുന്ന കഥാപാത്രങ്ങളുടെ ഉള്ളകങ്ങളിലേത് കൂടിയാണ്.
മുൻപ് ’മീശ’യെപറ്റി ഇ പി രാജഗോപാലൻമാഷ് പറഞ്ഞ – “മീശയിൽ എല്ലാമുണ്ട് ഇല്ലാത്തത് ഒന്നു മാത്രമേയുള്ളൂ, ഏകാന്തത“ എന്ന കാര്യം ഉദ്ധരിച്ചു കൊണ്ട്, ’പട്ടുനൂൽപുഴു’വിലാകട്ടെ ’ഏകാന്തത മാത്രമേയുള്ളൂ..’ എന്ന് മുൻകുറെഴുതിയാണ് എസ് ഹരീഷ് ഉള്ളിലേക്ക് ക്ഷണിക്കുന്നത്.
ഫ്രാൻസ് കാഫ്കയുടെ ’മെറ്റമോർഫോസിസി’ലെ നായകൻ ഗ്രിഗർ സാംസയെ ഓർമ്മിപ്പിക്കുന്ന 13 വയസുകാരൻ സാംസയിലൂടെ, അവൻ്റെ അമ്മയായ ആനിയിലൂടെ, അച്ഛൻ വിജയനിലൂടെ, കൂട്ടുകാരൻ സ്റ്റീഫനിലൂടെ, പ്രിയപ്പെട്ട വളർത്തുനായ ഇലുവിലൂടെ, ലൈബ്രേറിയൻ മാർക്ക് സാറിലൂടെ, കുട്ടികൾക്ക വേണ്ടത്ര ശ്രദ്ധകൊടുക്കാത്ത ദാമുവിലൂടെ, പാണ്ടിവൈദ്യന്മാർ രസായനമാക്കാൻ കൊണ്ടുവന്ന മുട്ടനാടിലൂടെ, ടോൾസ്റ്റോയുടെ ‘യുദ്ധവും സമാധാനവുമി’ലെ 13 വയസ്സുകാരി നടാഷായെ ഓർമിപ്പിക്കുന്ന മരിച്ച പെൺകുട്ടിയിലൂടെ, അങ്ങനെയങ്ങനെ തോടും, പറമ്പും, കാട്ടിടവഴികളും, ചെളി കണ്ടങ്ങളും, തോട്ടുവരമ്പുകളും, മനുഷ്യരുടെ അവശേഷിപ്പുകൾ മറച്ചുകളങ്ങ് വാശിയോടെ വളർന്നുപൊങ്ങുന്ന കുറ്റിച്ചെടികളും നിറഞ്ഞ ആ ഭൂമികയിലൂടെ നീളുന്ന യാത്ര. ആ യാത്രയിൽ ഉടനീളം ദുരിതങ്ങളുടെ കൊക്കൂണുകളിൽ ഒറ്റപ്പെട്ട മനുഷ്യരുടെ ഉള്ളകങ്ങളിൽ ഉറഞ്ഞുപോയ കട്ടിയുള്ള ഏകാന്തത നമ്മളെ വിടാതെ പിടിക്കുന്നു. കാണുന്ന കാഴ്ചകളോ അറിയുന്ന സംഭവങ്ങളോ തുടങ്ങി ചുറ്റും നടക്കുന്നതൊന്നും അവരിലെ മഞ്ഞുപോലെയുറഞ്ഞ ഏകാന്തതയെ ഒരുക്കാനുതകുന്നില്ല.
നോവലിസ്റ്റിനെ കൂടാതെ പ്രധാനമായും ആഖ്യാനം നടത്തുന്നത് ആനിയും സാംസയും ആണ്. ഒരുമിച്ച് നിൽക്കുമ്പോഴും ഒറ്റപ്പെട്ടു പോകുന്നവരാണ് അവർ. ഉള്ളിലേക്ക് നോക്കിയാണ് രണ്ടുപേരും കഥ പറയുന്നത്. അതിനുള്ള അവരുടെ യോഗ്യത അവർ അനുഭവിക്കുന്ന ഏകാന്തതയാണ്. ഒരുപക്ഷേ, മറ്റാർക്കെങ്കിലും അതിന് അർഹതയുണ്ടെങ്കിൽ മിണ്ടാപ്രാണിയായ ഇലുവിനും ഭ്രാന്തൻജ്വൽപ്പനങ്ങൾ നടത്തുന്ന സ്റ്റീഫനുമായിരിക്കാം. നിർഭാഗ്യവശാൽ ഏകാന്ത നിമിഷങ്ങളിലെ അവരുടെ മനോരഥങ്ങൾ നോവലിലില്ല. അതിനുപകരമായെന്നോണം അവരുടെ കൂടി ശബ്ദങ്ങളായി ആനിയും സാംസയും മാറുന്നു.
പ്രാന്തൻ മൂലയിൽ പ്രകടമായി ഭ്രാന്തുള്ള ചിലർക്കുമപ്പുറത്തേക്ക്, പലരുടെയും തെളിഞ്ഞ മുഖങ്ങൾക്കിടിയിൽ ഏതു നിമിഷവും ഇടിഞ്ഞു വീഴാം എന്ന മട്ടിൽ വിഭ്രാന്തി മറഞ്ഞിരിപ്പുണ്ട്. അത് പുറത്തുവരാത്ത വിധമാക്കുന്നത് അവരേർപ്പെടുന്ന പുറംചിന്തകൾ കൊണ്ടാണ്. മനസ്സിന്റെ താളം തെറ്റിപ്പോകുമെന്ന് ഏതാണ്ട് ഉറപ്പായ ദുർബല നിമിഷത്തിൽപോലും ഉള്ള് പൊള്ളിക്കുന്ന ചിന്തകളിൽനിന്നും വിടുതിനേടാനാണ് വിജയൻ വെറുതെ പുലമ്പിക്കൊണ്ടിരുന്നത്. ഏറെക്കുറെ ഉറപ്പായ മരണം മുന്നിൽ നിൽക്കുമ്പോഴും അതിനെ ഉള്ളിലേക്ക് എടുക്കാതെ, കൂസലില്ലാതെ പുല്ലു ചവയ്ക്കുന്ന മുട്ടനാടും മറ്റൊന്നല്ല കാട്ടിത്തരുന്നത്.
തങ്ങളുടെ സുനിശ്ചിതമായ വിധിവൈപരീത്യങ്ങളെപ്പറ്റി അറിവുള്ളപ്പോഴും കർമ്മം തുടരുക മാത്രമാണ് പട്ടുനൂൽപുഴുവിലെ കഥാപാത്രങ്ങൾ ഓരോരുത്തരും ചെയ്യുന്നത്. ഒന്നോർത്താൽ നിസ്സഹായരാണ് അവരെല്ലാം. കടംകൊടുത്ത് പറ്റിക്കപ്പെട്ട അവസ്ഥയിൽ നിൽക്കുമ്പോഴും നിമിഷനേരത്തേക്കെങ്കിലും, തങ്ങളുടെ കൈവിട്ടുപോയ പ്രവൃത്തിയിൽ പശ്ചാത്തപിക്കുന്ന കഥാപാത്രങ്ങൾ പലരുണ്ട് ഇതിൽ. പ്രായശ്ചിത്തം ബാക്കിവയ്ക്കുന്നവരുണ്ട്, സ്വയം പഴിക്കുന്നവരുണ്ട്, ക്ഷമിക്കുന്നവരുണ്ട്. അതിനപ്പുറം വാശിയോ പകയോ ഓർത്തുവച്ച് സമനിലതെറ്റിക്കാൻ അവരില്ല. സ്വൈര്യംകെടുത്തുന്ന ഓർമ്മകളുമായി ഒരു കുട്ടിയും വളരരുതെന്നും അവ നല്ല ഓർമ്മകളാൽ മറയ്ക്കണം എന്നും കരുതുന്ന ഉതുപ്പാനും നല്ലതെല്ലാം ചോർന്നുപോയ വിജയനുമുണ്ട്. ഇത്തരം വിപരീത ദ്വന്ദങ്ങൾ അനേകമുണ്ട് ഇവിടെ. ചുരുക്കിപ്പറങ്ങാൽ ഒരുപക്ഷെ, ഏതുമനുഷ്യരേയും മറ്റൊരാളാക്കി മാറ്റിയേക്കാവുന്ന ഏകാന്തതയെയാണ് ഇതിലെ കഥാപാത്രങ്ങളോരോരുത്തരും പേടിക്കുന്നത്. ഏറ്റവും സൂക്ഷ്മതയിൽ ഉള്ളിലേക്കുള്ളിലേക്ക് നോക്കിയാൽ ബാക്കിയാകുന്നത് ഏകാന്തത മാത്രമായിരിക്കും എന്ന് അവസാനമായി ഒരിക്കൽകൂടി ഓർമിപ്പിച്ചുകൊണ്ടാണ് ആനിയും സാംസയും നിർദയമായ ആ രാത്രിയിൽ തങ്ങളുടെ കുക്കൂണിലേക്ക് ചുരുളുന്നത്.
തൻറെ ചെറുകഥകളുടെ അതേ കയ്യൊടുക്കത്തോടെ, ഏറ്റവും മനോഹരമായാണ് എസ്. ഹരീഷ് പട്ടുനൂൽപുഴു ചിട്ടപ്പെടുത്തിയിട്ടുള്ളത്. നോവൽ ആഖ്യാനത്തിന്റെ സ്വാതന്ത്ര്യങ്ങൾ ചൂഷണം ചെയ്തുകൊണ്ട് വളരെ എളുപ്പം കഥ പറഞ്ഞു പോകാവുന്ന, വഴിവിട്ട് വിശദീകരിക്കാവുന്ന നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടും അതിസൂക്ഷ്മമായ സംവിധാന ചാരുതയോടെയാണ് നോവലിൻ്റെ ആഖ്യാനം. ചിരിപ്പിക്കാവുന്ന, കരയിപ്പിക്കാവുന്ന, സന്തോഷിപ്പിക്കാവുന്ന, പലപല മുഹൂർത്തങ്ങൾ ഉണ്ടായിട്ടും അർഹിക്കുന്നതിൽ കൂടുതൽ ഒരു വരിപോലും കഥയ്ക്കും കഥാപാത്രങ്ങൾക്കും അനുവദിച്ചുകൊടുക്കാത്ത കണിശതയാണ് പട്ടുനൂൽപ്പുഴുവിൻ്റെ ക്ലാസിക്കൽ ബലം.
*വൈലോപ്പിള്ളിയുടെ കണ്ണീർപാടത്തിലെ വരികൾ
പട്ടുനൂൽപുഴു വാങ്ങുവാനായി ക്ലിക്ക് ചെയ്യൂ…