പ്രത്യാശയുടെ ഒരു ഭാവിയെ അയാൾ സ്വപ്നം കാണുന്നുണ്ട്
പി ജിംഷാറിന്റെ ലൈലാക്കുൽസുവിനെ രാജേഷ് ചിത്തിര വായിക്കുന്നു.
കഥയെഴുത്തിൽ ജിംഷാർ കടന്നുവന്ന വിവിധ കാലങ്ങളെ അടയാളപ്പെടുത്തുന്ന ഒരു സമാഹാരമാണ് ലൈലാക്കുൽസു. വാക്കുകളുടെയും വരികളുടെയും മിതത്വത്തിൽ നിന്നും ദൃശ്യഭാഷയിൽ ഊന്നിയുള്ള എഴുത്തുശൈലിയിലേക്ക് കടന്നുപോയ ഒരു കഥാകാരനെ ഈ സമാഹാരം പരിചയപ്പെടുത്തുന്നു.
പ്രമേയപരമായതും ഭാഷാപരമായും സൃഷ്ടിപരമായും വ്യത്യസ്തതകൾ സംഭവിക്കുമ്പോഴും താൻ എന്തിനാണ് എഴുതുന്നത് എന്നതിനെ കുറിച്ച് കൃത്യവും വ്യക്തവുമായി തനിക്കുള്ള ധാരണയെ ജിംഷാർ കൈവിടുന്നില്ല. അത് അയാളുടെ കഥകളുടെ ആത്മാവിലും പരിചരണത്തിന്റെ സൂക്ഷ്മാംശങ്ങളിലും നിലനിൽക്കുന്നുണ്ട്. സ്വത്വബോധത്തിലും രാഷ്ട്രീയ ബോധ്യങ്ങളിലും ഊന്നി നിൽക്കുമ്പോഴും പ്രത്യാശയുടെ ഒരു ഭാവിയെ അയാൾ സ്വപ്നം കാണുന്നുണ്ട്.
ഈ സമാഹാരത്തിലെ സമീപസ്ഥങ്ങളായ കഥകളുടെ ആഖ്യാനപരമായ ഒരു പ്രത്യേകത അവയിലെ ഭൂത- ഭാവി-കാലങ്ങൾക്ക് ഇടയിൽ വന്നുപോകുന്ന ചലച്ചിത്രഭാഷയാണ്. ചലിക്കുന്ന വർത്തമാന കാലത്തിന്റെ ഫ്രെയിമുകള്‍ ആണ് ആ ഭാഷയിൽ വന്നു പോകുന്നത്. ഒരു കഥയിലും പൂർണ്ണമായ പിന്തുടരാത്ത ഈ ഭാഷ, narrative pattern ഇടയിൽ കടന്നു വരികയും വിട്ടുപോവുകയും ചെയ്യുന്നുണ്ട്.
പത്തു കഥകൾ ആണ് ലൈലാക്കുൽസു എന്ന ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്, അതില്‍ മൂന്നു കഥകൾ മറ്റുള്ളവയില്‍ നിന്നും ഏറെ വ്യത്യസ്തമായ ഒരു കാലത്തെ പ്രതിനിധാനം ചെയ്യുന്നവയാണ്.
പുസ്തകം വാങ്ങാനായി ക്ലിക്ക് ചെയ്യൂ….