പി വി എൽ എഫ് എക്സലൻസ് അവാർഡ് വിനോയ് തോമസിന്
2025 ലെ പി വി എൽ എഫ് എക്സലൻസ് അവാർഡിൽ ഇന്ത്യൻ ഭാഷകളുടെ വിഭാഗത്തിൽ വിനോയ് തോമസിന്റെ ‘മുതൽ’ എന്ന നോവൽ പുരസ്ക്കാരത്തിന് അർഹമായി. ഡി സി ബുക്സ് ആണ് ‘മുതൽ’ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പരിചിതമായ ചരിത്രത്തിലേക്ക് ഫാന്റസികൂടെ ഇഴചേർത്താണ് വിനോയ് തോമസിന്റെ ‘മുതൽ‘ രചിക്കപ്പെട്ടിട്ടുള്ളത്. പാറക്കഷണങ്ങളിലും കക്കത്തൊണ്ടിലും തുടങ്ങി ക്രിപ്റ്റോ ഭാഷയിലുള്ള ഡാറ്റാബേസിലെത്തി നിൽക്കുന്ന പലരൂപിയായ മുതലിന്റെ വിപുലവും വിചിത്രവുമായ ചരിത്രവർത്തമാനങ്ങൾ നോവലിൽ കാണാം.
കണ്ണൂർ ഇരിട്ടി നെല്ലിക്കാംപൊയിൽ സ്വദേശിയായ വിനോയ് തോമസ് വർത്തമാന കേരളാസാഹിത്യത്തിലെ പ്രധാന കഥാകാരനാണ്. ആദ്യ കഥാസമാഹാരമായ രാമച്ചിക്ക് എടക്കാട് സാഹിത്യവേദി പുരസ്കാരവും കരിക്കോട്ടക്കരിക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ്, സഖാവ് വർഗ്ഗീസ് സ്മാരക പുരസ്കാരവും പുറ്റിന് 2021-ലെ കേരളസാഹിത്യ അക്കാദമി അവാർഡും കരസ്ഥമാക്കിയിരുന്നു.