എഴുത്തുകാരന്റെ അനുഭവങ്ങളുടെ ധാരാളിത്തം തന്നെയാണ് മുഖ്യം
പി ജിംഷാറിന്റെ ‘ ലൈലാക്കുൽസുവിനെ‘ അനുചന്ദ്ര വായിച്ചപ്പോൾ,
മമ്മൂട്ടിയെ നായകനാക്കി മെനഞ്ഞെടുത്തൊരു സിനിമക്കഥയുടെ ചെറുകഥ രൂപമാണ് ‘ലൈലക്കുൽസു’. 10 കഥകളുള്ള പുസ്തകത്തിലെ ശ്രദ്ധേയമായൊരു കഥ. ഒറ്റയിരിപ്പിനാണ് ‘ലൈലക്കുൽസുവും’ ബാക്കി ഒമ്പത് കഥയും വായിച്ചു തീർത്തത്. പി ജിംഷാറിന്റെ ഒരു രചനയും ഞാനിത്രയും എളുപ്പത്തിലും വേഗത്തിലും വായിച്ചു തീർത്തിട്ടില്ല. ജിംഷാറിന്റെ മറ്റു എഴുത്തുകളെ താരതമ്യം ചെയ്യുമ്പോൾ അതിലൊന്നുമില്ലാത്ത ഒരു ലാളിത്യം ഇതിൽ കാണാനുമുണ്ട്.
പല കഥകളുടെയും കേന്ദ്രബിന്ദു ‘സിനിമ’യാണ്. സിനിമ ആഗ്രഹിക്കുന്ന നടൻ, സിനിമ പിടിക്കുന്ന ആളുകൾ, സിനിമയിലഭിനയിക്കാനാഗ്രഹിക്കുന്ന വ്യക്തികൾ – എഴുത്തുകാരന്റെ ആത്മാംശം തന്നെയാണ് അതൊക്കെയെന്ന് ജിംഷാറിനെ അടുത്തറിയുന്നവർക്കറിയാം. അതിനാൽ തന്നെ, ‘ഈ സമാഹാരത്തിലെ കഥയും കഥാപാത്രങ്ങളും ഒട്ടും സാങ്കൽപ്പികമല്ല. ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ കഥയ്ക്കും കഥാപാത്രങ്ങൾക്കും സാദൃശ്യം തോന്നുന്നെങ്കിൽ കേവലമത് യാദൃശ്ചികമല്ല. അവ, ഓർമ്മകളിൽ നിന്ന് കുഴിച്ചെടുത്ത സിനിമാക്കഥകളായതിനാലാണ്‘ എന്ന എഴുത്തുകാരന്റെ മുഖവുരയോടെ തന്നെയാണ് കഥകളാരംഭിക്കുന്നത്.
ടെക്നോളജിയുടെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയ കഥകൾക്ക് പുറകിൽ കാലഘട്ടം പോലും വിഷയമല്ലെന്ന് വെളിപ്പെടുത്തുന്ന കഥകളും ഇതിലുണ്ട്. ഏറ്റവും ആദ്യത്തെ കഥയായ ‘അധികാരം നഷ്ടപ്പെട്ട സ്രഷ്ടാവും കഥാപാത്രങ്ങളും’ തൊട്ട് അവസാനത്തെ കഥയായ ‘Slowly’ വരേയ്ക്കും അങ്ങനെയാണ്. ഒന്നിൽ റേഡിയോ വിഷയമാകുമ്പോൾ മറ്റൊന്നിൽ Slowly എന്ന കത്തെഴുത്ത് ആപ്പ് ആണ് വിഷയമാകുന്നത്. യൂനസ് : The 40 year old virgin എന്ന കഥ എനിക്കല്പം വിയെർഡാണ്. ആൺലോകത്തിന്റെ വൈചിത്ര്യങ്ങളെ ആഴത്തിൽ പരിചിതമല്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം അതിൽ പലതും അത്ഭുതമുണ്ടാക്കിയേക്കാം. മനുഷ്യേതര കഥാപാത്രമായ ബാദുഷയെന്ന തെരുവ് നായയുടെ കഥ വർത്തമാന ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. അങ്ങനെ തുടങ്ങി, പഴയകാലം പുതുകാലം കൊറോണകാലം മഞ്ഞുകാലം മഴകാലം എന്നിങ്ങനെ കാലം ഏതുമാവട്ടെ.. എഴുത്തുകാരന്റെ അനുഭവങ്ങളുടെ ധാരാളിത്തം തന്നെയാണ് മുഖ്യം. അത് തന്നെയാണ് പത്ത് എഴുത്തിലുമുള്ളത്. ആ അനുഭവങ്ങളിൽ നിന്നാണ് അയാൾ കാലത്തെ വകഞ്ഞു മാറ്റി അതിരുകളിട്ടതിൽ കഥകൾ സൃഷ്ടിച്ചത്. വായിക്കാൻ സുഖമുള്ള കഥകൾ! !
ഞാൻ ചെറുകഥകൾ വായിക്കുന്നത് നിർത്തിയിട്ട് വർഷം രണ്ടായി. ചെറുകഥകൾ എനിക്കിഷ്ടമല്ലാതായിരിക്കുന്നു. അതിന്റെ ആഖ്യാനത്തോട് സമരസപ്പെടാൻ വയ്യാതെ വന്നിരിക്കുന്നു. നോവലും ആത്മകഥയും പഠനവും ചരിത്രവുമൊക്കെ മാത്രമായി വായന മാറിയിരിക്കുന്നു. എന്നിട്ടും എനിക്ക് ജിംഷാറിന്റെ ലൈലക്കുൽസു വായിക്കാൻ കഴിഞ്ഞു.താല്പര്യത്തോടെ ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. കാരണം മറ്റൊന്നുമല്ല, സിനിമക്കഥയുടെ ചെറുകഥ രൂപമാണ് ഒട്ടുമിക്ക കഥകളുമെന്നത് തന്നെ. സിനിമ കാണുന്നത് പോലെ കഥ വായിച്ചു പോവാമെന്നത് തന്നെ. @p.jimshar – ആശംസകള്