“ബി. ഉണ്ണികൃഷ്ണൻ മികച്ച നടൻ”- കെ എൽ എഫ് വേദിയിൽ തുറന്നടിച്ചു സാന്ദ്ര തോമസ്
താനുമായി ഒരു ചർച്ചയും ചെയ്തിട്ടില്ലെന്ന സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ ഈയിടെ നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് നടിയും ചലച്ചിത്രനിർമ്മാതാവുമായ സാന്ദ്ര തോമസ്. ഒന്നിലധികം സന്ദർഭങ്ങളിൽ ബി.ഉണ്ണികൃഷ്ണൻ തന്നോട്, സാന്ദ്ര ഇനി മലയാള സിനിമ നിർമിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് അവർ തുറന്നുപറഞ്ഞു. കെ എൽ എഫിന്റെ എട്ടാം പതിപ്പിൽ ‘സിനിമയിൽ ലിംഗനീതി ഇനിയുമെത്ര അകലെ? എന്ന വിഷയത്തിൽ തിരക്കഥാകൃത്ത് ദീദി ദാമോദരൻ, മാധ്യമപ്രവർത്തക അനുപമ വെങ്കടേഷ് എന്നിവർ പങ്കെടുത്ത ചർച്ചയിലായിരുന്നു ഈ വെളിപ്പെടുത്തൽ.
ജോലി ചെയ്യാൻ ഒരിടം കിട്ടുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് തന്നെപ്പോലുള്ളവർ പൊരുതുന്നതെന്നും സിനിമാ വ്യവസായത്തിലെ ഐ സി കമ്മിറ്റിയുടെ നിലവിലെ പ്രവർത്തനങ്ങളിൽ താൻ തൃപ്തയല്ലെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.
ഐ സി കമ്മിറ്റിയുടെ അംഗത്വത്തെ കുറിച്ചും അതിന്റെ പ്രവർത്തനത്തെ കുറിച്ചും പ്രേക്ഷക ഉന്നയിച്ച ചോദ്യത്തിന്, തന്റെ സിനിമകളിൽ അത്തരം കമ്മിറ്റികളുടെ പ്രവർത്തനം യാതൊരു പിഴവും ഉണ്ടാകാതെ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രേക്ഷകരിൽ ഒരാളായിരുന്ന സംവിധായിക അഞ്ജലി മേനോൻ വ്യക്തമാക്കി.