DCBOOKS
Malayalam News Literature Website

തപോമയിയുടെ അച്ഛന് 2024 ലെ ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം.

 

 

 

ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച ഇ. സന്തോഷ് കുമാറിന്റെ ‘തപോമയിയുടെ അച്ഛൻ’ എന്ന നോവലാണ് മൂന്നാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌ക്കാരത്തിന് അർഹമായത് . 

സാഹിത്യകാരായ ബെന്യാമിൻ, ഇ. വി. ഫാത്തിമ, രാഹുൽ രാധാകൃഷ്ണൻ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. കെ എൽ എഫ് 2025 വേദിയിൽ വെച്ചാണ് പുരസ്‌ക്കാരദാനം നടന്നത്. ഫെഡറൽ ബാങ്ക് കോഴിക്കോട് റീജിയണൽ ഹെഡ് ജോസ്‌മോൻ പി ഡേവിഡ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ബിന്ദു എം എന്നിവർ പങ്കെടുത്ത ചടങ്ങിൽ എഴുത്തുകാരൻ വി ജെ ജെയിംസ് അധ്യക്ഷത വഹിച്ചു .

കിഴക്കൻ ബംഗാളിൽ നിന്നുമുള്ള അഭയാർത്ഥി കുടുംബപാശ്ചാത്തലത്തിൽ പുരോഗമിക്കുന്ന പുസ്തകം തങ്ങൾക്കുകൂടി വേരുറപ്പിക്കാനുള്ള ഒരു വാഗ്ദത്തഭൂമി സ്വപ്നം കാണുന്ന കുറേ മനുഷ്യരിലേക്കും വിചിത്രമായ അവരുടെ അനുഭവങ്ങളിലേക്കും അതുവഴി ഒരു നിഗൂഢലിപിയിലേക്കും വായനക്കാരെ കൊണ്ടുചെന്നെത്തിക്കുകയാണ്.

ഓരോ വർഷവും മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും മികച്ച ഒരു പുസ്തകത്തിനുള്ള അവാർഡാണ് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരം. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌ക്കാരസമ്മാനം. 

തൃശൂർ ജില്ലയിലെ പട്ടിക്കാട് ഗ്രാമത്തിൽ ജനിച്ച ഇ സന്തോഷ് കുമാർ മലയാള സാഹിത്യത്തിലെ പ്രധാന ഉത്തരാധുനിക ചെറുകഥാകൃത്തും നോവലിസ്റ്റും ആണ്. 2006-ൽ ഡി സി ബുക്ക്സ് തന്നെ പ്രസിദ്ധീകരിച്ച “ചാവുകളി” എന്ന ചെറുകഥാ സമാഹാരത്തിന് അദ്ദേഹം തന്റെ ആദ്യ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിരുന്നു. 

 

2024 ലെ ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാര ചുരുക്കപ്പട്ടികയിൽ ഇടം നേടിയ മറ്റു പുസ്തകങ്ങൾ:

 

ആത്രേയകം – ആർ രാജശ്രീ

ഭീമച്ചൻ– എൻ എസ് മാധവൻ

മരണവംശം – പി വി ഷാജികുമാർ

രക്തവും സാക്ഷികളും – ആനന്ദ്

Leave A Reply