DCBOOKS
Malayalam News Literature Website

“എം ടി നിരന്തരം പുതുക്കിയ എഴുത്തുകാരൻ” – സച്ചിദാനന്ദൻ

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ആദ്യ സെഷനായ  "എം.ടി. എന്ന അമ്പത്തൊന്നക്ഷരം" അക്ഷരം വേദിയിൽ നടന്നു.

 

 

കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ആദ്യ സെഷനായ  “എം.ടി. എന്ന അമ്പത്തൊന്നക്ഷരം” അക്ഷരം വേദിയിൽ നടന്നു. എം.ടി. വാസുദേവൻ നായരുടെ ഓർമ്മകളെയും എഴുത്തിനെയും വിലയിരുത്തികൊണ്ട് നടത്തിയ ചർച്ചയിൽ സച്ചിദാനന്ദൻ, എം എം ബഷീർ, എ പ്രദീപ്കുമാർ, ഡോ. ബീനാ ഫിലിപ്പ് എന്നിവർ പങ്കെടുത്തു. എ കെ അബ്‌ദുൾ ഹക്കീം സെഷൻ മോഡറേറ്റ് ചെയ്തു.

എഴുത്തുകാരൻ എന്ന നിലയിൽ എം.ടിയുടെ പരിണാമങ്ങളെയും അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെയും സാഹിത്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ  വേദിയിൽ ചർച്ച ചെയ്തു. “നാലുകെട്ട്” മുതൽ “രണ്ടാമൂഴം” വരെയുള്ള എം.ടിയുടെ സാഹിത്യ യാത്രയിലെ പരിണാമത്തെ കവിയും നിരൂപകനുമായ കെ. സച്ചിദാനന്ദൻ വിശദീകരിച്ചു. സ്വയം നിരന്തരം പുതുക്കിയ എഴുത്തുകാരനാണ് എം ടി” എന്നും അദ്ദേഹം നിരീക്ഷിച്ചു.

 

എം ടിയുമായുള്ള അടുത്ത സൗഹൃദത്തെക്കുറിച്ചാണ് നിരൂപകനായ എം.എം. ബഷീർ സംസാരിച്ചത്. “രണ്ടാമൂഴം” എന്ന നോവൽ രചിക്കുന്നതിനിടയിൽ എം.ടിയുടെ മനസ്സിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു.

 

എം.ടിയുടെ കഥാപാത്രങ്ങൾക്കുണ്ടായിരുന്ന യാഥാർത്ഥ്യബോധത്തെക്കുറിച്ചാണ് കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് സംസാരിച്ചത്. കഥാപാത്രങ്ങളെ ആകാശത്തുനിന്ന് ഭൂമിയിലേക്ക് കൊണ്ടുവന്ന എഴുത്തുകാരനാണ് അദ്ദേഹമെന്നും എംടിയുടെ കഥകളോട് തനിക്കെന്നും  പ്രണയമായിരുന്നുവെന്നും അവർ  കൂട്ടിച്ചേർത്തു.

എം.ടിയുടെ സാഹിത്യത്തിൽ സമൂഹത്തെ മുന്നോട്ടു നയിക്കുന്ന രാഷ്ട്രീയം ഒളിഞ്ഞിരിക്കുന്നുവെന്ന് മുൻ എം എൽ എ എ. പ്രദീപ് കുമാർ  ചൂണ്ടിക്കാട്ടി.

 

 എം.ടി.യുടെ സാഹിത്യ ജീവിതത്തെ ആദരിക്കുകയും അദ്ദേഹത്തിന്റെ കൃതികളുടെ പ്രസക്തി വിലയിരുത്തുകയും ചെയ്താണ് സെഷൻ അവസാനിച്ചത്.

 

Leave A Reply