ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു
മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍(80) വിടവാങ്ങി. തൃശൂര്‍ അമല ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി പിന്നണി പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്നു തുടങ്ങുന്ന ഗാനമാണ്.
ആറ് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തില്‍ ആയിരത്തിലേറെ ഗാനങ്ങളിലൂടെ അദ്ദേഹത്തിന്റെ സ്വരമാധുര്യം മലയാളിമനസ്സില്‍ കുളിര്‍മഴ പെയ്യിച്ചു. അനുരാഗഗാനം പോലെ, മറന്നിട്ടുമെന്തിനോ, ഹര്‍ഷബാഷ്പം തൂകി, കാട്ടുകുറിഞ്ഞി പൂവും ചൂടി, ഉപാസന, കരിമുകില്‍ കാട്ടിലെ, അറിയാതെ അറിയാതെ, ആലിലത്താലിയും, നീയൊരു പുഴയായ് എന്നീ ഗാനങ്ങള്‍ ശ്രദ്ദേയമാണ്. ചലച്ചിത്ര ഗാനങ്ങള്‍ക്ക് പുറമെ ലളിതഗാനത്തിലും ഭക്തിഗാനത്തിലും അദ്ദേഹത്തിന്റെ സ്വരം തരംഗമായി മാറിയിരുന്നു.
ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരവും അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന പുരസ്‌കാരവും നാലു തവണ തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്. 2021ല്‍ കേരള സര്‍ക്കാരിന്റെ ജെ സി ഡാനിയല്‍ പുരസ്‌കാരവും ലഭിച്ചു.
പി ജയചന്ദ്രന്റെ ആത്മകഥയായ ‘ഏകാന്തപഥികൻ ഞാൻ’ ഡി സി ബുക്സ് പ്രസാധനം ചെയ്തിട്ടുണ്ട്.