യുദ്ധവും പ്രണയവും പലായനവും
വിനോദ് എസിന്റെ ‘വിഴിവന്യ’ എന്ന നോവലിന് നിഷ വിമല ദേവി എഴുതിയ വായനാനുഭവം
ഡി.സി ബുക്ക്സ് സുവർണജൂബിലി നോവൽ രചനാ മത്സരത്തിൽ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ശ്രീ.വിനോദ് എസിന്റെ പ്രഥമ നോവലായ ‘വിഴിവന്യ‘ ആദ്യം അദ്ഭുതപ്പെടുത്തിയത് ഒട്ടും പിടികിട്ടാത്ത ആ പേര് കൊണ്ട് തന്നെയാണ്.
ബോംബിനേക്കാൾ ഭീകരമായ ആയുധമായി ബലാത്സംഗം മാറുന്ന യുദ്ധമുഖത്തെ ജീവിത യാഥാർത്ഥ്യങ്ങൾ .ഒരു പുസ്തക വായനയിൽ പ്രതീക്ഷിക്കപ്പെടുന്നത് അവസാനം എന്ത് ലഭിച്ചു എന്നുള്ളതാണ്. ആ ഒരു ചിന്തയെ വളരെയേറെ തൃപ്തിപ്പെടുത്തുന്ന ഒന്നാണ് വിഴിവന്യ എന്ന നോവൽ.
അപരിചിതമായ ഒട്ടേറെ വിവരങ്ങളും വ്യക്തി ജീവിതങ്ങളും റഷ്യ- യുക്രൈൻ ചരിത്രവും വളരെ സങ്കീർണവും ആകസ്മികമായ തിരിവുകളും വളവുകളും സംഭവിക്കുന്ന മനുഷ്യ ബന്ധങ്ങളും “വിഴിവന്യ” യെ ഒരു വ്യത്യസ്ത ലോകമാക്കി മാറ്റുന്നു. ” Brevity is the soul of wit ” എന്ന famous quote ഉദ്ദേശിക്കുന്നത് പോലെ വളരെ കയ്യടക്കത്തിൽ രചിച്ച ചെറിയ ലളിത സുന്ദരമായ അധ്യായങ്ങളിലൂടെ മനോഹരമായ കഥകൾ, എവിടേയും മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, എവിടെ ചെന്നാലും ആ ദേശത്തെ സ്നേഹിക്കുന്ന മലയാളികളെ അവതരിപ്പിച്ചു കൊണ്ട് മികച്ച വായനാനുഭവം തരുന്ന ഒരു നോവൽ ഏവർക്കും നിർദേശിക്കുന്നു.