DCBOOKS
Malayalam News Literature Website

ക്ലാസ്മുറിയിലെ ഭൂതത്താന്‍

AMMUVINTE SAHASANGAL Book By S. R. LAL

അമ്മുവിന് പരീക്ഷയിൽ നല്ല മാർക്ക് കിട്ടും. പഠിച്ചിട്ടൊന്നുമല്ല. പരീക്ഷാദിവസങ്ങളിൽ വെളുത്ത ചാത്തനെയും കൂട്ടിയാണു വരുന്നത്. അറിയാത്ത ചോദ്യങ്ങൾ വരുമ്പോൾ മന്ത്രംചൊല്ലും. അപ്പോഴേക്കും വെളുത്ത ചാത്തൻ അടുത്തുവരും. തുമ്പിയായി, ഉറുമ്പായി, തലയിലെ പേനായി രൂപംമാറിയാണു വരുന്നത്. അതിനാൽ ആർക്കും തിരിച്ചറിയാനാവില്ല.

ഇന്ന് മാത്സ് പരീക്ഷയാണ്. അവൾ വെളുംചാത്തനെ കൊണ്ടുവരും. ഉറപ്പാണ്. അങ്ങനെയാണേൽ പിടികൂടണം. ഹെഡ്‌മാസ്റ്ററെ കൈയോടെ ഏല്പിക്കണം. അതിനായി, സുമയാണ് മുന്നിട്ടിറങ്ങിയത്. ആകാശും വിശാഖും ജോണും സഹായത്തിനുണ്ട്. അടുത്ത ക്ലാസിലെ കുട്ടികളാണ്. കാര്യം പറഞ്ഞപ്പോൾ അവർ ഒപ്പംകൂടി. സ്‌കൂളിലെ ഏറ്റവും ധൈര്യശാലികളായ കുട്ടികളായിരുന്നു അവർ. എന്നാൽ വെളുംചാത്തനെ കണ്ടുപിടിച്ചിട്ടുതന്നെ കാര്യം.

പരീക്ഷ തുടങ്ങി. അമ്മുവിൻ്റെ നോട്ടം ചിലനേരം മറ്റൊരിടത്തേക്കു മാറുന്നുണ്ട്.

അടുത്തിരിക്കുന്ന ബാഗിലേക്കാണത്. കുളിരൻ പണിതരുമോ എന്നു ഭയമുണ്ട്. അനങ്ങുകയോ കരയുകയോ ചെയ്ത‌ാൽ തീർന്നു. ഇപ്പോത്തന്നെ അവളെപ്പറ്റി ധാരാളം പരാതികളുണ്ട്. പൂച്ചയെയുംകൊണ്ട് സ്‌കൂളിൽ വന്നതറിഞ്ഞാൽ എന്താവും? അമ്മുവിന് നെഞ്ചിടിച്ചു.

“കുളിരാ അനങ്ങല്ലേ, കുളിരാ കരയല്ലേ” അമ്മു മന്ത്രിച്ചു. സുമ, അമ്മുവിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അവൾ ചാത്തനെ വിളിച്ചതാണ്. അവൻ ഇന്ന് ബാഗിനുള്ളിലാണ്. സുമ ഉറപ്പാക്കി.

ചാത്തനെ അടുത്തുവിളിക്കുന്ന മന്ത്രം സുമയ്ക്കും അറിയാം..

“പരീക്ഷ വന്നു ശിരസ്സിലേറി

പഠിച്ചതെല്ലാം മറന്നുപോയി.

അകക്കുരുന്നിൽ കനിവുള്ള സാറേ

എനിക്കിത്തിരി മാർക്ക് തരണേ

വെളുംചാത്താ വാ… അടുത്തിരുന്ന് താ പഠിച്ചതൊക്കെ വാ… കണ്ണിൻമുന്നിൽ വാ…

സ്വാഹ… സ്വാഹ… സ്വാഹ…”

പക്ഷേ, മന്ത്രം അമ്മുവിനുമാത്രമേ ഫലിക്കൂ. വെളുത്ത ചാത്തൻ അവളെമാത്രമേ അനുസരിക്കൂ.

കുളിരന് ശ്വാസംമുട്ടി. എന്നുമാത്രമല്ല വയറിനുമുണ്ട് പ്രശ്ന‌ം. ഇന്നലെ കഴിച്ച മീൻകറി പിടിച്ചിട്ടില്ല. വയറ്റിലാകെ ഇരപ്പും തുമിപ്പും. മൂത്രമൊഴിക്കാനും മുട്ടുന്നുണ്ട്.

പരീക്ഷ കഴിഞ്ഞു. അമ്മു ബെല്ലടിച്ച ഉടനേ പുറത്തേക്കോടി. ഉച്ചകഴിഞ്ഞ് ക്ലാസുണ്ടാവും. പിള്ളാർ ആരും ക്ലാസിൽ ഇല്ല. അമ്മു വന്നിരുന്നെങ്കിൽ എന്ന് കുളിരൻ ആഗ്രഹിച്ചു. എന്നാൽ അവളോട് കാര്യങ്ങൾ പറയാമായിരുന്നു. എന്തെങ്കിലും പരിഹാരം അവൾ കണ്ടേനെ.

ആരോ ക്ലാസിലേക്കു വരുന്നുണ്ട്. കുളിരൻ ബാഗിനുള്ളിലേക്കു തലതാഴ്ത്തി. മൂന്ന് ആൺകുട്ടികളായിരുന്നു അത്. കൂടെ ഒരു പെൺകുട്ടിയും. ഒച്ചവയ്ക്കാതുള്ള വരവാണ്.

അവർ ഇതാ താനിരിക്കുന്നിടത്തേക്കാണ് വരുന്നത്. കുളിരൻ ശ്വാസംപിടിച്ചിരുന്നു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു.

സുമ, അജുവിന്റെ ബാഗ് കാട്ടിക്കൊടുത്തു.

ആകാശ് ബാഗ് തൂക്കിയെടുത്തു.

ജോൺ ബാഗ് തുറക്കാൻ നോക്കി.

അന്നേരം കുളിരൻ ആക്രോശിച്ചു. ആവുന്നത്ര ഉച്ചത്തിലായിരുന്നു അത്. വന്യമ്യഗങ്ങൾ ഉണ്ടാക്കുന്ന അത്രയും ഒച്ച. ബാഗിനുള്ളിൽനിന്നും അവൻ കുതിച്ചുയരാൻ നോക്കി.

ആകാശ് ബാഗ് താഴെയിട്ടു.

പിന്നൊരു നിലവിളിയായിരുന്നു.

നാല് പിള്ളാരുടെ കൂട്ടനിലവിളി.

“ഹമ്മോ… ഞങ്ങളെ ചാത്തൻ പിടിച്ചേ… ഓടിവരണേ…” നാലെണ്ണവും ക്ലാസിനു പുറത്തേക്കോടി. സുമ ഉരുണ്ടടിച്ച് ക്ലാസിൽ വീണു. ആകാശ് സ്‌കൂൾഗേറ്റ് കടന്നിരുന്നു.

നിലവിളിയും ബഹളവുംകേട്ട് കുട്ടികളും അധ്യാപകരും ഓടിവന്നു. മൂന്നുപേർ നിന്ന് വിറയ്ക്കുന്നുണ്ടായിരുന്നു.

“എന്താ സംഭവിച്ചത്?” ഹെഡ്‌മാഷ്‌ ചോദിച്ചു.

വിശാഖും സുമയുംചേർന്ന് കാര്യങ്ങൾ വിശദീകരിച്ചു.

“അമ്മുവിന്റെ ബാഗിൽ ചാത്തനുണ്ട്. പരീക്ഷയെഴുതാൻ അവളെ സഹായിക്കുന്നത് അവനാണ്. ഈ പരിപാടി തുടങ്ങി യിട്ട് കുറെനാളായി. കുട്ടികൾക്കെല്ലാം അതറിയാം. അമ്മൂന് മാർക്ക് കിട്ടുന്നത് അതുകൊണ്ടാണ്. അല്ലാതെ പഠിച്ചിട്ടല്ല.” അന്നേരമാണ് അമ്മു സ്ഥലത്തെത്തിയത്. അവൾ പെൻസിൽ വാങ്ങാൻ അപ്പുവിൻ്റെയടുത്ത് പോയിരുന്നു. ക്ലാസിനുമുന്നിലെ കൂട്ടം കണ്ട് അവൾ അമ്പരന്നു.

“സാറ് വേണേ നോക്ക്. അമ്മൂൻ്റെ ബാഗിൽ ചാത്തനുണ്ട്. ഞങ്ങൾ കണ്ടതാണ്. അതെങ്ങോട്ടും പോയിട്ടില്ല.” വിശാഖ് ഉറപ്പിച്ചു പറഞ്ഞു.

ഹമ്മോ… അമ്മു തലയിൽ കൈവച്ചു. കാര്യങ്ങളാകെ കുഴപ്പത്തിലായി.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.