DCBOOKS
Malayalam News Literature Website

പ്രത്യയശാസ്ത്രപ്രതിസന്ധികളിലെ കാട്ടൂർകടവ്.

KATTOORKADAVU By ASHOKAN CHARUVIL

അശോകന്‍ ചരുവിലിന്റെ ‘കാട്ടൂര്‍കടവ്’ എന്ന നോവലിന് ഇ.കെ.ദിനേശന്‍ എഴുതിയ വായനാനുഭവം

മലയാള നോവൽ ചരിത്രവായനയിൽ ഒ.ചന്തുമേനോന്റെ “ഇന്ദുലേഖ” പ്രഖ്യാപിക്കുന്നത് ആ കാലത്തെ സാമൂഹ്യ ജീവിതത്തെയാണ്‌. പോത്തേരി കുഞ്ഞമ്പുവിന്റെ സ്വരസ്വതീവിജയം എന്ന നോവലിലും ഇത് കാണാം. രണ്ടിലും ഓരേ കാലത്തിന്റെ വ്യത്യസ്ത സാമൂഹിക ജീവിതത്തെ വായിച്ചെടുക്കാൻ കഴിയുന്നുണ്ട്. സാഹിത്യത്തിൽ അതാതു കാലത്തിന്റെ ജീവിതാവിഷ്കാരങ്ങൾ കടന്നു വരിക സ്വഭാവികമാണ്. അത് വായനയെ വളർത്തുന്നതിനൊപ്പം ഭാഷ കൊണ്ട് സാംസ്കാരിക ജീവിതത്തെ നവീകരിക്കുന്നുമുണ്ട്. എഴുത്തിൽ എളുപ്പത്തിലും വേഗതയിലും അത് സാധ്യമാകുന്നത് നോവലിലാണ്. ജീവിതത്തിന്റെ വ്യത്യസ്ത അവസ്ഥാന്തരങ്ങളെ നോവൽ തുറന്നു വെയ്ക്കുമ്പോൾ അത് കാലത്തിന്റെ കണ്ണാടി കൂടിയായി മാറുന്നു. ഇത്തരം നവീകരണ പ്രക്രിയ കട്ടൂർ കടവ് എന്ന നോവലിൽ നടക്കുമ്പോൾ അതിന്റെ ഉൽപ്പന്നമായി തീരുന്നത് അവിടത്തെ മനുഷ്യജീവിതമാണ്. അത്തരം ജീവിതം പൂർണമായി കേന്ദ്രീകരിക്കപ്പെടുന്നത് കാലം, ദേശം അതുവഴി രൂപപ്പെടുന്ന രാഷ്ട്രീയത്തിലൂടെയാണ്. അശോകൻ ചരുവിലിന്റെ കാട്ടൂർ കടവ് എന്ന നോവലിന്റെ സവിശേഷതയായി ഉയർത്തിപ്പിടിക്കാൻ കഴിയുന്നത് അതാണ്. മറ്റൊരു അർത്ഥത്തിൽ നോവലിസ്റ്റ് നടത്തുന്ന ആത്മവിചാരണ കൂടിയാണത്. അത് തന്റെ രാഷ്ട്രീയ ബോധത്തിനപ്പുറം തനിക്കും മുമ്പിലുള്ള മനുഷ്യരുടെ രാഷ്ട്രീയത്തെ തുറന്നു പിടിക്കുന്നു. ആ പ്രക്രിയയിൽ എഴുത്തിലെ രാഷ്ട്രീയവും എഴുത്തുകാരന്റെ രാഷ്ട്രീയവും ഏകമല്ല. അതിന്റെ ബഹുത്വം ഏതെങ്കിലും ഒരു രാഷ്ട്രീയ ബോധത്തിലേക്ക് തന്റെ സർഗ്ഗാത്മക ചിന്തയെ ഒതുക്കി കെട്ടുക എന്നതുമല്ല. ആ സത്യത്തെ പ്രഖ്യാപിക്കുന്നുണ്ട് കാട്ടുർ കടവിലെ നോവലിസ്റ്റ്. അത് അനേകം മനുഷ്യരുടെ ബഹുസ്വരജീവിതത്തിലേക്കുള്ള ഇറങ്ങി നടത്തം കൂടിയാണ്.

നോവൽ വായന ആത്യന്തികമായി രൂപപ്പെടുത്തുന്നത് മനുഷ്യാവസ്ഥയെ നിലനിർത്തുന്ന സാംസ്കാരിക മണ്ഡലത്തെയാണ്. സംസ്കാരത്തിലേക്കുള്ള മനുഷ്യപ്രയാണത്തെ സ്വാധീനിക്കുന്ന വിധത്തിൽ വായനയുടെ വൈവിധ്യങ്ങൾ എക്കാലത്തും മനുഷ്യന്റെ രാഷ്ട്രീയ നിർമ്മിതിക്ക് സഹായകമായി തീർന്നിട്ടുണ്ട്. അവിടെ എന്തുമാത്രം സ്വാധീനമാണ് വായന ചെലുത്തിയത് എന്നതിന് പല രീതിയിലുള്ള ഉത്തരങ്ങളും വ്യാഖ്യാനങ്ങളും നൽകാൻ കഴിയും. എന്നാൽ നോവൽ കാലത്തിലേക്ക് തുറന്നു പിടിച്ച കണ്ണാടി ആകുന്നത് ഉള്ളടക്കത്തിലെ സൂക്ഷമരാഷ്ട്രീയത്തെ തിരിച്ചറിയുമ്പോഴാണ്. അവിടെ ഭാവനയുടെ സൗന്ദര്യം നോവൽ രാഷ്ട്രീയത്തിലെ പ്രധാന ഘടകമായി പരിഗണിക്കേണ്ട ഒന്നല്ല. എന്നാൽ അത്തരം സൗന്ദര്യ സങ്കല്പങ്ങൾ വായനയുടെ ജൈവികതയെ സമ്പന്നമാക്കുന്നുണ്ട്. കാലദേശങ്ങളുമായി എങ്ങനെയാണത് ലയിച്ചുചേരുന്നു എന്നതുകൂടി പ്രധാനമാണ്. ഭാഷയുടെ സൗന്ദര്യബോധത്തെ രൂപപ്പെടുത്തുന്നതിനൊപ്പം അത് സമൂഹത്തിലെ വ്യത്യസ്ത ജീവിതാവസ്ഥകളെ സ്വാധീനിക്കുന്ന രാഷ്ട്രീയത്തെയും അഭിസംബോധന ചെയ്യുന്നുണ്ട്. ആ അർത്ഥത്തിൽ നോവൽ എഴുത്ത് എങ്ങനെയാണ് ഓരോ കാലത്തെയും നിരീക്ഷിക്കുന്നത് എന്നത് വലിയ ചോദ്യമാണ്. കാരണം, അത് കേവലമായ സൗന്ദര്യ ആസ്വാദനമായും മറ്റു ചിലർക്ക് ഓരോ കാലത്തിന്റെയും സൂക്ഷ്മാംശങ്ങളെ അവതരിപ്പിക്കാനുള്ള ഉത്തരവാദിത്തമായും മാറാറുണ്ട്. പക്ഷേ അവിടെ കാലം എന്നത് എഴുതപ്പെടുന്ന കാലത്തേ കേന്ദ്രീകരിച്ചുള്ള കാലവായനയല്ല, മറിച്ച്, ജീവിക്കുന്ന കാലത്തുനിന്നും തന്റെ തന്നെ വിദൂര ഭൂതകാലത്തിലേക്കുള്ള പിൻനടത്തങ്ങൾ കൂടിയാണ്. ഇത് കാലത്തിൽ മാത്രം നിശ്ചയിക്കപ്പെടുന്നില്ല. ദേശ വായനയിലും ശക്തമായി കാണാം. ഇത് രണ്ടും കൃത്യമായി ലയം ചെയ്യപ്പെട്ട നോവലാണ് അശോകൻ ചരുവിലിന്റെ കാട്ടൂർ കടവ്.

കാട്ടൂർകടവ് നോവലിന്റെ ഉള്ളടക്കം ഒരു ദേശത്തിന്റെ ഭൂത വർത്തമാന ജീവിതത്തിന്റെ ആവിഷ്കാരങ്ങൾ ആകുമ്പോൾ തന്നെ അതിൽ എഴുത്തുകാരൻ തന്റെ ദേശസ്വത്വത്തെ ആവിഷ്കരിക്കുന്നത് ഏറെ ശ്രദ്ധയോടെയാണ്. കാരണം, നോവലിൽ തിളച്ചു മറിയുന്ന രാഷ്ട്രീയമുണ്ട്. അത് കലയിൽ പൊതുവേ ആവിഷ്കരിക്കപ്പെടുന്ന നിശബ്ദതയുടെ രാഷ്ട്രീയമല്ല. മറിച്ച്, നിശബ്ദതയിലും നിരന്തരം ജ്വലിച്ചു നിൽക്കുന്ന സാമൂഹിക രാഷ്ട്രീയമാണ്. അവിടെ എഴുത്തുകാരൻ നിഷ്പക്ഷനായ നിരീക്ഷകനായി മാറുന്നില്ല. അയാൾ തന്റെ രാഷ്ട്രീയ ബോധത്തിന്റെ വഴിയിലൂടെയാണ് കാലത്തെയും ദേശത്തെയും നോവലിലേക്ക് കൊണ്ടുവരുന്നത്. ഇത്തരം നോവലുകളെ എഴുത്തുകാരനെ മാറ്റിനിർത്തിക്കൊണ്ട് ഏതെങ്കിലും അർത്ഥത്തിൽ വിലയിരുത്താനോ നിരീക്ഷിക്കാനൊ കഴിയില്ല. കാരണം, നോവലിൽ ഉടനീളം എഴുത്തുകാരൻ തന്റെ സാന്നിധ്യത്തെ പച്ചയായി പ്രഖ്യാപിക്കുന്നുണ്ട്. അതാകട്ടെ അശോകൻ ചരുവിൽ എന്ന വ്യക്തിയുടെ ( എഴുത്തുകാരന്റെ ) രാഷ്ട്രീയ നിലപാടിനെ സ്വയം ചോദ്യം ചെയ്യുകയും ചിലയിടത്ത് തിരുത്തപ്പെടുകയും ചെയ്യുന്നുണ്ട്. ആ അർത്ഥത്തിൽ നോവൽ പൂർണമായും കേരളത്തിലെ ഗ്രാമ ജീവിതത്തെയാണ് തൊട്ടു നിൽക്കുന്നത്. അതെ സമയം അത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും അതിനുള്ളിൽ അമർഷം കൊള്ളുന്ന നീതിബോധത്തെയും തുറന്നു വയ്ക്കുന്നുണ്ട്. ഒരു പ്രത്യയശാസ്ത്രം എന്നതിന് പുറത്ത് മനുഷ്യരുടെ ആദർശാത്മക ജീവിതത്തെയും അത്തരം ജീവിതങ്ങൾ പാർട്ടിക്ക് അകത്ത് നിന്ന് നേരിടുന്ന തിരസ്കരണത്തിന്റെയും അരികുവൽക്കരണത്തിന്റെയും മൂല കാരണങ്ങളെ കൂടി നോവൽ അഭിസംബോധനം ചെയ്യുന്നുണ്ട്. അതാകട്ടെ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു കാലത്തും വർഗ്ഗ രാഷ്ട്രീയ പ്രത്യയശാസ്ത്രബോധത്തിനുള്ളിൽ നിന്നും ജാതി എന്ന വർഗ്ഗത്തെ ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ പ്രതിസന്ധി കൂടിയാണ്. ചലനരഹിതമായ വർഗ്ഗമാണ് ജാതി എന്ന ഡോക്ടർ ലോഹ്യയുടെ കാഴ്ചപ്പാട് ഇവിടെ ഓർക്കാം. ജാതി എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് മനുഷ്യജീവിതത്തിൽ പ്രത്യക്ഷത്തിൽ പ്രകടമാകുന്നത് എന്ന ചോദ്യത്തിലേക്ക് വായനക്കാരെ എത്തിക്കുന്നുണ്ട് കാട്ടൂർ കടവ്. ഈ അവസ്ഥ രൂപപ്പെടുത്തുന്നത് കമ്മ്യൂണിസ്റ്റുകാരനായ എഴുത്തുകാരൻ തന്നെയാണ്. അവിടെ എഴുത്തിലെ രാഷ്ട്രീയമല്ല എഴുത്തുകാരന്റെ രാഷ്ട്രീയം എന്ന വാദം ആരെങ്കിലും ഉയർത്തിയാൽ അതിന്റെ ഉത്തരം നോവൽ നൽകുന്നുണ്ട്. അത്തരം നിരീക്ഷണങ്ങൾ കഥാപാത്രങ്ങളുടെ പ്രസ്താവനകളായി രൂപപ്പെടുന്നതിനേക്കാൾ ഉപരി, ദേശവും കാലവും അതിനെ വ്യക്തതയോടെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നോവലിന്റെ ജൈവ സമ്പത്തായി മാറുന്നത് അത്തരത്തിലുള്ള ദേശകാല വായന യാണ്.

കാട്ടൂർകടവ് നോവലിനെ കുറിച്ചുള്ള ആദ്യത്തെ പഠനത്തിൽ വി വിജയകുമാർ അവതരിപ്പിക്കുന്ന ചില നിരീക്ഷണങ്ങൾ നോവലിന്റെ ആന്തരികസത്തയിൽ അലിഞ്ഞുചേർന്ന രാഷ്ട്രീയ ബോധത്തെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ” അധ:സ്ഥിതരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ചു പറയുമ്പോഴും ദേശത്തിന്റെ വർഗ്ഗ ബന്ധങ്ങളിലും ജാതിവ്യവസ്ഥയിലും ലൈംഗിക സദാചാരത്തിലും മറ്റും ഊന്നുന്ന രചന ശൈലി അനുഭവലോകത്തെ ഭൗതികവൽക്കരിക്കുന്ന ഒരു പ്രവർത്തനമാണ് നടത്തുന്നത്. കാട്ടൂർ കടവിന്റെ പ്രകൃതിയിലേക്കും ജന ജീവിതത്തിലേക്കും മനുഷ്യബന്ധങ്ങളിലേക്കും നോക്കുന്ന നോവലിസ്റ്റ് വിദേശിയായ ഒരു വായനക്കാരന് പോലും തുറക്കാവുന്ന കാട്ടൂർകടവിന്റെ യാഥാർത്ഥ്യത്തെയും ചരിത്രത്തെയും എഴുതുന്നു.” ഇങ്ങനെ ദേശത്തിനുള്ളിലെ ചരിത്രത്തെയും അതിലെ വർഗ്ഗരാഷ്ട്രീയത്തെയും ജാതി മേൽക്കോയ്മയെയും അവതരിപ്പിക്കുക വഴി നോവലിന് ആഗോള പരിസരം സൃഷ്ടിക്കാൻ കഴിയുന്നത് ദേശം പ്രധാനമാകുന്നതുകൊണ്ടാണ്. കാട്ടൂർ കടവിലെ മനുഷ്യർ അവിടുത്തെ മനുഷ്യർ മാത്രമല്ല. കേരളത്തിലെ മൊത്തം മനുഷ്യരായി മാറുമ്പോൾ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രബോധത്തിനുള്ളിൽ കേരളം നേടിയെടുത്തിട്ടുള്ള പുരോഗമന രാഷ്ട്രീയവും അതിനുള്ളിൽ സ്വയം പീഡിതജീവിതം അനുഭവിച്ച മനുഷ്യരെയും നാം കാണുന്നു. അത്തരം പീഡനം അനുഭവിച്ച മറ്റൊരു പാർട്ടിക്കാരനായിരുന്നു എം സുകുമാരന്റെ “ശേഷക്രിയ ” എന്ന നോവലിലെ കുഞ്ഞയ്യപ്പൻ. കാട്ടൂർ കടവിലെ മീനാക്ഷി ജാതി ഏൽപ്പിക്കുന്ന സകലമാന പീഡനങ്ങളെയും അതിജീവിക്കുന്നത് കമ്മ്യൂണിസ്റ്റ് ആശയത്തിന്റെ പിൻബലത്തിലാണ്. അവർ മൂലധനം വായിച്ചോ മാക്സിനെ പഠിച്ചോ എന്ന ചോദ്യം അപ്രസക്തമാവുകയും അതേ സമയം ആ പ്രത്യശാസ്ത്രം അവരെ അടിമുടി മനുഷ്യനാക്കി മാറ്റുന്നുണ്ട്. അവർ ഒരിക്കലും ജീവിതത്തെ മടുക്കാത്ത വിധം പൊരുതി ജീവിക്കുകയാണ്. ഭർത്താവായ ചന്ദ്രശേഖരൻ പാർട്ടിക്കാരനായപ്പോഴും ജാതിമേൽക്കോയ്മയുടെ അടയാളബോധത്തിൽ അഹങ്കരിക്കുമ്പോഴും മീനാക്ഷിയെ സംബന്ധിച്ച് അധികാരത്തെയും അഹങ്കാരത്തെയും മറികടക്കാനുള്ള ശക്തിയായി പാർട്ടി മാറുകയാണ്. എന്നാൽ ശേഷക്രിയയിലെ കഥാപാത്രം അങ്ങനെയായിരുന്നില്ല. കുഞ്ഞയ്യപ്പൻ പാർട്ടിയുടെ മാസിക ഓഫീസിലേക്ക് ജോലി കിട്ടുന്നതിന് മുമ്പ് മൂന്നു ജോലി ഉപേക്ഷിക്കുന്നുണ്ട്. സ്കൂളിലും ഫാക്ടറിയിലും കേന്ദ്ര ഗവൺമെൻറ് ഓഫീസിലും ഒക്കെ അയാൾ തോറ്റു പോകുന്നത് സ്വന്തം തെറ്റ് കൊണ്ട് മാത്രമല്ല. തന്റെ സത്യസന്ധത കൊണ്ടു കൂടിയാണ്. പാർട്ടി ഓഫീസിൽ തന്റെ ജോലി സുരക്ഷിതമാണെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. അവിടെയും അയാൾ തോറ്റു പോകുന്നതിന്റെ അടിസ്ഥാന കാരണം, ജാതിയാണ്. എന്നാൽ കാട്ടൂർ കടവിലെ മീനാക്ഷിയെപ്പോലെ കരുത്തുറ്റ മനുഷ്യനാവാൻ കുഞ്ഞയ്യപ്പന് കഴിയുന്നില്ല. അയാൾ ചേർത്തു പിടിക്കുന്ന ആദർശാത്മക ജീവിതം തന്നെയാണ് അയാളുടെ വ്യക്തിത്വത്തെ രൂപപ്പെടുന്നതിൽ നിർണായ ഘടകമായത്. അതിനു മുമ്പിൽ അയാൾ തോറ്റു പോകുമ്പോൾ കാട്ടൂർ കടവിലെ മീനാക്ഷി ജയിച്ചു വരുന്നതാണ് നാം കാണുന്നത്. ഒരിടത്ത് കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരൻ ആത്മഹത്യ ചെയ്യുന്നു, മറ്റൊരിടത്ത് എല്ലാം ധീരമായി നേരിടുന്നു. രണ്ടിടത്തും കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ രൂപപ്പെട്ടു കഴിഞ്ഞ ജീർണ്ണതയെ കൃത്യമായി ആവിഷ്കരിക്കപ്പെടുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ എഴുത്തുകാർ പാർട്ടിക്കായി നിലനിൽക്കെ അതിനുള്ളിൽ രൂപപ്പെടുന്ന പ്രത്യയശാസ്ത്ര പ്രതിസന്ധികളെയും അതിന്റെ അനുഭവസ്തരായ സാധാരണ മനുഷ്യരെയും തുറന്നു കാണിക്കുന്നതിൽ വിജയിക്കുന്നു. ഇത് വായനക്കാരനു ബോധ്യപ്പെടുന്നുമുണ്ട്.

കാട്ടൂർകടവിലെ സാധാരണ മനുഷ്യർ ജീവിക്കുന്നത് കേരളീയ സമൂഹത്തിന്റെ രാഷ്ട്രീയ വളർച്ചക്ക് ഒപ്പമാണ്. അതുകൊണ്ട് ജാതിയും അതുണ്ടാക്കുന്ന അസമത്വങ്ങളും സാമൂഹ്യജീവിതത്തിന്റെ ഭാഗമായി നോവലിൽ അവിഷ്ക്കരിക്കപ്പെടുന്നു. നോവലിന്റെ രചന കാലം 2018 ആഗസ്റ്റ് 16 എന്നു തുടക്കത്തിലെ പ്രഖ്യാപിക്കുന്നുണ്ട്. മാത്രമല്ല, ഇത് കെ എന്ന എഴുത്തുകാരന്റെ ജീവിതം ചിത്രീകരിക്കുന്ന കഥയല്ല. അദ്ദേഹം ഇവിടെ ഒരു കഥാപാത്രം മാത്രമാണെന്നും പറയുന്നുണ്ട്. പിന്നീട് അങ്ങോട്ട് വരുന്ന വ്യത്യസ്തരായ മനുഷ്യരുടെ ആഭിമുഖ്യങ്ങൾ വഴിയാണ് നോവൽ വികസിക്കുന്നത്. അവിടെ തുടക്കത്തിൽ പ്രഖ്യാപിക്കുന്ന പേരുകൾ പിന്നീട് അങ്ങോട്ട് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചാണ് വളരുന്നത്. സഖാക്കൾ സംഗമേശൻ നായർ, പി കെ ബാലൻ, കുഞ്ഞുമൊയ്തീൻ (നായർ, ഈഴവൻ, മുസ്ലിം) ഇവർ നടന്നു പോകുന്നത് വേലൻതുരുത്തിലേക്കാണ്. അവിടെ പി കെ മീനാക്ഷി ചേച്ചിയുടെ വീട്ടിൽ പാർട്ടിയുടെ തെക്കുപാടം ബ്രാഞ്ച് കമ്മിറ്റി കൂടുന്നുണ്ട്. അങ്ങനെ പാർട്ടി നോവലിന്റെ തുടക്കത്തിൽ രേഖപ്പെടുത്തപ്പെടുകയാണ്. മിനാക്ഷിയാവട്ടെ നോവലിലെ ജാതിയുടെ ഇരയായി മാറുന്നുമുണ്ട്. എന്നാൽ ജാതിയെ കുറിച്ചുള്ള നിലപാട് നോവലിൽ അവതരിപ്പിക്കുന്നതിൽ സൂക്ഷ്മമായ രാഷ്ട്രീയത്തെ വായിച്ചെടുക്കാൻ കഴിയും. അതിലൊന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ഏറ്റവും കൂടുതലുള്ളത് ഈഴവരാണ്. ഈഴവർക്ക് കീഴെയുള്ള ജാതിയിൽപെട്ടവർ എല്ലാതരത്തിലും പുറന്തള്ളപ്പെട്ടവരുമാണ്. ജാതി നോവലിന്റെ തുടക്കത്തിൽ ചർച്ചയിലേക്ക് വരുന്നുണ്ട്. “ജാതി സ്ഥാപിക്കാൻ ശങ്കരൻ ബുദ്ധികൊണ്ട് പറന്നിട്ടുണ്ടെന്‌ ഗുരു പറഞ്ഞതായി പറയുന്നു. എന്നാൽ മനുഷ്യർക്കിടയിലെ ജാതി വ്യത്യാസത്തെയും മേധാവിത്വത്തെയും തർക്കാനാണ് ഗുരു ശ്രമിച്ചത് ” എന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. ഈ ഒരു പ്രഖ്യാപനം പിന്നീട് അങ്ങോട്ട് കമ്മ്യൂണിസ്റ്റ് ജീവിതത്തിൽ എങ്ങനെയാണ് ജാതിയുടെ മേധാവിത്വം നിലനിൽക്കുന്നത് എന്നതിന്റെ പരിശോധനക്ക് പ്രയോജനപ്പെടുന്നുണ്ട്. മാത്രമല്ല, നോവലിൽ മീനാക്ഷിയുടെ മരണത്തെ പ്രഖ്യാപിക്കുന്നത് “ദളിത് കമ്മ്യൂണിസ്റ്റ് സമര നായിക പി കെ മീനാക്ഷി അന്തരിച്ചു ” എന്നാണ്. ഇങ്ങനെ കമ്മ്യൂണിസ്റ്റ് ആയി ജീവിച്ചിട്ടും ജാതിയിൽ നിന്നു മോചനം നേടാൻ കഴിയാത്ത വിധം കാട്ടൂർ കടവിന്റെ ദേശവായനയിൽ ‘പാർട്ടി വനിത’ നേരിടുന്ന അസമത്വം ആഴത്തിലും പരപ്പിലും പരിശോധിക്കപ്പെടേണ്ടതുണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Leave A Reply