DCBOOKS
Malayalam News Literature Website

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: ജനുവരി 7 മുതല്‍ 13 വര

കേരള നിയമസഭ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി 7ന് രാവിലെ നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കര്‍ണാടക സ്പീക്കര്‍ യു. ടി ഖാദര്‍, പ്രശസ്ത സാഹിത്യകാരന്‍ ദേവദത്ത് പട്‌നായിക്ക് എന്നിവര്‍ മുഖ്യാതിഥികളാവും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും. കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ സമഗ്രസംഭാവനയ്ക്ക് നിയമസഭ നല്‍കുന്ന നിയമസഭാ അവാര്‍ഡ് എം. മുകുന്ദന് ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.

ജനുവരി 13ന് നടക്കുന്ന സമാപനചടങ്ങ് നടന്‍ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യൂം. നടന്‍ ഇന്ദ്രന്‍സിനെ ചടങ്ങില്‍ ആദരിക്കും.

250 സ്റ്റാളുകളിലായി 150ലധികം ദേശീയ അന്തര്‍ദേശീയ പ്രസാധകര്‍ പുസ്തകമേളയില്‍ പങ്കെടുക്കുമെന്ന് നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാഷ്ട്രീയം, കല, സാഹിത്യം, സിനിമ മേഖലകളിലെ പ്രമുഖര്‍ പുസ്തകോത്സവത്തില്‍ പങ്കെടുക്കും. പാനല്‍ ചര്‍ച്ചകള്‍, ഡയലോഗ്, ടാക്ക്, മീറ്റ് ദ ഓതര്‍, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകപാത്രനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളില്‍ 70ലധികം പരിപാടികള്‍ നടക്കും. 350 പുസ്തകങ്ങളുടെ പ്രകാശനവും 60 ലധികം പുസ്തക ചര്‍ച്ചകളും നടക്കും. ദിവസവും വൈകിട്ട് ഏഴ് മുതല്‍ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാഷോയും ഒരുക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ രചിച്ച പുസ്തകങ്ങള്‍ പ്രകാശനം ചെയ്യാനായി സ്റ്റുഡന്റ്‌സ് കോര്‍ണര്‍ ഒരുക്കുന്നുണ്ട്. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് ചെറിയ സ്റ്റേജ് പ്രോഗ്രാമുകളും അവതരിപ്പിക്കാം. ഇത്തവണ ഒരു ലക്ഷം വിദ്യാര്‍ത്ഥികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നിയമസഭാ ഹാള്‍, മ്യൂസിയങ്ങള്‍, മൃഗശാല എന്നിവ സന്ദര്‍ശിക്കാനുള്ള പാക്കേജും ഒരുക്കും. കെ. എസ്. ആര്‍. ടി. സിയുടെ ഡബിള്‍ ഡെക്കര്‍ ബസില്‍ സിറ്റി റൈഡും ക്രമീകരിച്ചിട്ടുണ്ട്.

Leave A Reply