DCBOOKS
Malayalam News Literature Website

വിട: വിക്ടർ ലീനസിന്റെ ചെറുകഥ

Books of VICTOR LENOUS

നേതാവിൻ്റെ തിരിച്ചുവരവ് ആഘോഷിക്കുന്ന പ്രകടനങ്ങൾ പ്രധാന വീഥികളിൽ പലതിലും ഗതാഗതം സ്‌തംഭിപ്പിച്ചിരുന്നു. ചെറുതും വലുതുമായ ജാഥകളുടെ ആരവത്തിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിൽ ഏതെങ്കിലും ഇടറോഡിലേക്കു കടന്നുകൂടാൻ ശ്രമിക്കുകയായിരുന്നു ഞാൻ. ഫുട്പാത്തിലെ ഞെരുക്കത്തിലൂടെ മുന്നോട്ടുനീങ്ങുക അസാധ്യംതന്നെയെന്നു തോന്നി.

എം.ജി. റോഡ് മുറിച്ചുകടന്ന് ചിറ്റൂർ റോഡിലേക്കു കടക്കാൻ ഞാൻ തീരുമാനിച്ചു. പക്ഷേ, തത്കാലം അതിനു നിവൃത്തിയില്ലായിരുന്നു. സാമാന്യം വലിയൊരു ജാഥ തെക്കുനിന്നു വന്ന് ഹോസ്‌പിറ്റൽ റോഡിലേക്കു വളയുകയായിരുന്നു. പാർട്ടി ഓഫീസിൻ്റെ വരാന്തകളിലും കോണിപ്പടികളിലും അധികാരം കൈയിലുള്ള പ്പോൾ മാത്രം പത്തിയുയർത്തുന്ന കുട്ടിനേതാക്കന്മാരുടെ തള്ള്. അവർക്ക് അഭിവാദ്യമർപ്പിക്കാനായി അവിടെയെത്തുമ്പോൾ നീക്കത്തിനു വേഗം കുറയുന്ന ജാഥ. ചെകിടടപ്പിക്കുന്ന ജയ് വിളി.

വലിയ വാക്കുകൾ. അവകൊണ്ട് എനിക്കെന്തു കാര്യം? വലിയ കാര്യങ്ങളുമായി എനിക്കെന്തു ബന്ധം?

ഞാനെന്റെ പ്രജ്ഞയെ ശൂന്യമാക്കി. നിരന്തര പരിശീലനത്തിലൂടെ ഞാൻ നേടിയെടുത്തതായിരുന്നു ആ കഴിവ്. എനിക്കു നിയന്ത്രിക്കാനാവാത്ത സംഗതികളെ മനസ്സിൽനിന്നുതന്നെ പുറം തള്ളാനുള്ള കഴിവ്. അനുഭവം അടിച്ചേല്പിച്ച നിസ്സഹായതാബോധം. ആ കഴിവ് എനിക്കനുപേക്ഷണീയമായി.

പത്തു മിനിട്ടിലേറെ കാത്തുനിന്നതിനു ശേഷമേ എനിക്കു റോഡ് മുറിച്ചുകടക്കാനായുള്ളൂ.

അല്പംകൂടി ചെന്നപ്പോൾ വൈ.എം.സി.എ. ജങ്ഷന് ഇപ്പുറത്തു നിർത്തിയിട്ടിരുന്ന ഒരു ബസ്സിൻ്റെ മുന്നിൽ ഒരാൾക്കൂട്ടം കണ്ടു. കുറെ പോലീസുകാരെയും. തടഞ്ഞിട്ട ബസ്സിനുപിന്നിൽ മറ്റു ബസ്സുകളുടെയും മറ്റു വാഹനങ്ങളുടെയും ഒരു നീണ്ട നിരയുണ്ടെന്നത് വ്യക്തമായിരുന്നു.

ബസ്സിനു മുന്നിലെത്തിയപ്പോൾ ഞാൻ ആൾക്കൂട്ടത്തിലൊരാളോടു ചോദിച്ചു: എന്താണ് സംഗതി?

ഒരാക്‌സിഡൻ്റ്. അയാൾ പറഞ്ഞു. മുടിയാൻ. മനുഷ്യനെ ഒരു വഴിക്കും വിടില്ലെന്നേ. അപ്പുറത്തു മറ്റുള്ളവന്മാരുടെ പ്രകടനം. ഇപ്പുറത്ത് ഇതും. ഇനി ഈ തൊലഞ്ഞ ബസ്, ഇവിടന്നു മാറ്റാതെ ബാക്കിയുള്ള വണ്ടികൾക്ക് നീങ്ങാനാക്വോ? അതിനാണെങ്കി ഈ കാക്കിപ്പൊണ്ണന്മാരുടെ തെളിവെടുപ്പോ മഹസ്സറോ ഏതാണ്ടൊക്കെ…

റോഡിൻ്റെ ഓരത്ത് കുറച്ചിട പോലീസുകാർ ആളുകളെ വളഞ്ഞുമാറ്റി നിർത്തിയിരിക്കുകയായിരുന്നു. ആളൊഴിഞ്ഞ ആ ഭാഗത്ത് ഏതാണ്ട് ഒരടി വ്യാസം വരുന്ന ഒരു വൃത്തത്തിനകത്ത് ചോര തളംകെട്ടിയും തെറിച്ചും കിടന്നിരുന്നു. ആ ഭാഗത്തെ വലയം ചെയ്ത് ഒരു ദീർഘചതുരം റോഡിൽ വരഞ്ഞിരുന്നു. രണ്ടു പോലിസുകാർ ടേപ്പും വലിച്ചു നടന്ന് എന്തൊക്കെയോ അളവുകളെടുക്കുന്നുണ്ടായിരുന്നു.

ആളെ തിരിച്ചറിഞ്ഞോ? അടുത്തുനിന്നിരുന്ന ആളോട് ഞാൻ ചോദിച്ചു. ഇല്ല, അയാൾ പറഞ്ഞു: ഒരു പെൺകുട്ടിയാണ്. കറുത്തിട്ടാണെങ്കിലും കാണാൻ നല്ല ചന്തമുള്ള കുട്ടി. വെള്ളസാരിയും വെള്ള ബ്ലൗസുമായിരുന്നു. കഷ്ടം. സംഭവം നടക്കുമ്പോൾ ഞാൻ ദാ അവിടെ…

മുഴുമിക്കാൻ അയാളെ അനുവദിക്കാതെ ഞാൻ ചോദിച്ചു: വോയിൽസാരിയായിരുന്നോ?

അയാളെന്നെ അത്ഭുതഭാവത്തിൽ നോക്കി.

പക്ഷേ, ഞാൻ മറുപടിക്കു കാത്തുനിന്നില്ല. ലിക്വിഡ് നൈട്രജനിലേക്കിട്ടാലെന്നപോലെ എൻ്റെ ഹൃദയം ഒറ്റയടിക്കു മരവിച്ചു. അതു വോയിൽസാരിയായിരുന്നുവെന്ന് എൻ്റെ മനസ്സ് എന്നോടു പറഞ്ഞു.

ഉന്തിത്തള്ളി ഞാൻ തിരക്കിൽനിന്നു പുറത്തുകടന്നു. ആരൊക്കെയോ എന്നെ ശപിക്കുകയോ ചീത്തവിളിക്കുകയോ ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. ഞാനതൊന്നും ശ്രദ്ധിച്ചില്ല.

ഷേണായ്‌സ് തിയേറ്ററിനരികിലൂടെ ഞാൻ നീങ്ങി.

എം.ജി റോഡിലൂടെ മറ്റൊരു പ്രകടനം തെക്കോട്ടു നീങ്ങുന്നുണ്ടായിരുന്നു. അതു കടന്നുപോകാൻ അതിലേറെ സമയമെടുക്കുമായിരുന്നില്ലെങ്കിലും ഞാനതിനെ മുറിച്ചുകടന്നു. ആരൊക്കെയോ എന്നെ ഉന്തുകയും തള്ളുകയും ചെയ്‌തു. ആരോ എൻ്റെ ഷർട്ട് വലിച്ചുകീറി, ധാർഷ്ട്യം നിറഞ്ഞ ആക്രോശങ്ങൾ എനിക്കു ചുറ്റുമുയരുന്നത് ഞാനറിഞ്ഞു. എന്നിട്ടും ഞാൻ ഇടിച്ചുതൊഴിച്ച് മുർന്നാ തന്നെ നീങ്ങി മറുകരയെത്തി.

എൻറെ കൈയിലൊരു കത്തിയുണ്ടായിരുന്നെങ്കിൽ, എനിക്കു സമയമുണ്ടായിരുന്നെങ്കിൽ, ഞാനത് വലിച്ചൂരുമായിരുന്നു.

എൻ്റെ പക്കൽ രണ്ടുമുണ്ടായിരുന്നില്ല.

തെക്കോട്ടു നീങ്ങി മുല്ലശ്ശേരിക്കനാൽ റോഡിലൂടെ-

പിന്നെ ഇടത്തോട്ടു നീങ്ങി കാനൻഷെഡ്ഡ് റോഡിൽ കയറി പടിഞ്ഞാറോട്ട്. പിന്നെയും ഇടത്തോട്ട് തിരിഞ്ഞ് ഞാൻ ജനറൽ ഹോസ്‌പിറ്റലിന്റെ വടക്കുകിഴക്കേ ഗേറ്റിലെത്തി.

എപ്പോഴും തുറന്നുകിടക്കാറുള്ള അത് എന്തുകൊണ്ടോ അടഞ്ഞു കിടക്കുകയായിരുന്നു. വീണ്ടും തെക്കോട്ടുപാഞ്ഞ് ഹോസ്പിറ്റൽ റോഡിലെത്തി നടന്ന് ഞാൻ ആശുപത്രിയുടെ മെയിൻ ഗേറ്റിലെത്തി. അവിടെ കാവൽക്കാരനെന്നെ തടഞ്ഞു.

കിതപ്പും പെരുമ്പറകൊട്ടുന്ന ഹൃദയത്തിൻ്റെ പിടപ്പും അടക്കി ആവുന്നത്ര ശാന്തമായി ഞാൻ ചോദിച്ചു: ഇപ്പോഴൊരു ആക്സിഡൻ്റ് കേസ് കൊണ്ടുവന്നിരുന്നോ? ഒരു പെൺകുട്ടി?

അയാൾ തുറിച്ചുനോക്കിക്കൊണ്ട് ചോദിച്ചു: നിങ്ങളുടെ ആരാ?

ആരെങ്കിലുമാണോ എന്നറിയാനാണ്, ഞാൻ പറഞ്ഞു.ABHINAVAKATHAKAL - VICTOR LENOUS By VICTOR LENOUS

കൂടുതലെന്തെങ്കിലും പറയാൻ നില്ക്കാതെ അയാളെ വകുത്തു മാറ്റി അകത്തേക്കു കടന്ന് ഞാൻ ഓപ്പറേഷൻ തിയേറ്ററിനടു ത്തേക്കു നടന്നു. ആശുപത്രി മുറ്റത്തും വരാന്തകളിലും പതിവു പോലെ ആളുകൾ ചെറു കൂട്ടങ്ങളായി നിന്നിരുന്നു. അവരെ ശ്രദ്ധിക്കാതെ ഞാൻ ആറെമ്മോയുടെ മുറിയിലേക്കു ചെന്നു.

ഏതോ ഫോറം പൂരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്ന അദ്ദേഹം മുഖമുയർത്തി.

സാർ, ഞാൻ പറഞ്ഞു: ഇപ്പോളൊരു ആക്‌സിഡന്റ് കേസ് വന്നിരുന്നില്ലേ? അതെന്തായി?

അദ്ദേഹം പറഞ്ഞു: സോറി ഇവിടെയെത്തുമ്പോഴേക്കും മരിച്ചി രുന്നു.

ഒരു നിമിഷത്തേക്ക് എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. പിന്നെ തീരെ പതിഞ്ഞ ശബ്ദത്തിൽ ഞാൻ ചോദിച്ചു: എനിക്കൊന്ന് കാണാമോ?

അദ്ദേഹമെന്നെ അടിമുടിയൊന്നു നോക്കി. എന്റെ ചീറിപ്പാറിയ മലമുടിയും കീറിയ ഷർട്ടും ശരീരത്തിലങ്ങിങ്ങുണ്ടായിരുന്ന പോറ ലുകളും ശ്രദ്ധിക്കുകയായിരുന്നിരിക്കണം അദ്ദേഹം. കുറച്ചുനേരം കഴിഞ്ഞ് അദ്ദേഹം ചോദിച്ചു: വാട്ട് ഈസ് യുവർ ഇന്റ്റ്റസ്റ്റ്?

ആക്‌സിഡൻ്റിൽ മരിച്ചവരെ, മരിച്ചവർ യുവതികളും സുന്ദരികളുമായിരുന്നാൽ പ്രത്യേകിച്ചും കാണാൻ വെമ്പൽ കാട്ടുന്ന മനോ രോഗികളുണ്ടെന്നെനിക്കറിയാമായിരുന്നു. അത്തരക്കാരിലൊരാളാണോ ഞാനെന്നു തീരുമാനിക്കാൻ ശ്രമിക്കുകയായിരുന്നിരിക്കണം അദ്ദേഹം.  പറയുന്നത് സത്യമാകാതിരിക്കട്ടെ എന്ന് പ്രാർഥിച്ചുകൊണ്ട്. ഞാൻ പറഞ്ഞു: അയാം അഫ്രയ്‌ഡ് ഷീ മൈറ്റ് ബി സംബഡി ഐ നോ… പ്ലീസ് മേ ഐ ഹാവ് എ ലുക്ക്.’

അദ്ദേഹം മേശപ്പുറത്തിരുന്നിരുന്ന ബെല്ലിൽ വിരലമർത്തി.

പെട്ടെന്നുതന്നെ പ്രത്യക്ഷപ്പെട്ട ഓർഡർലിയോട് അദ്ദേഹം പറഞ്ഞു: ഇപ്പോൾ വന്ന ആക്‌സിഡന്റ് കേസില്ലേ, ഇയാളെ ബോഡിയൊന്ന് കാട്ടിക്കൊടുക്ക്.

ഡോക്ടർക്ക് നന്ദി പറഞ്ഞിട്ട് ഞാൻ ഓർഡർലിയുടെ പിന്നാലെ നടന്നു. കാഷ്യൽറ്റി വാർഡിനടുത്ത് ഒരു ചെറിയ മുറി പൂട്ടിയിട്ടി രിക്കുന്നു. അതിനടുത്ത് കുറെയേറെ ആളുകൾ ചുറ്റിപ്പറ്റി നിന്നി രുന്നു. ഓർഡർലി മുറി തുറക്കാൻ തുടങ്ങുന്നതു കണ്ട് അവർ അടുത്തുകൂടി.

ഓർഡർലി അവരെ ഓടിച്ചുവിട്ടു.

എന്നോടൊപ്പം അകത്തുകടന്നിട്ട് അയാൾ വാതിൽ പിന്നിൽ ചേർത്തടച്ചു. അതിനിടെ പുറത്തുനിന്നും വീണ വെളിച്ചത്തിൽ സ്ട്രെച്ചറിൽ കിടക്കുന്ന ശരീരം ഞാൻ കണ്ടു. പക്ഷേ, മുഖം കാണാൻ കഴിഞ്ഞില്ല.

ഓർഡർലി ഒരു സ്വിച്ചമർത്തി, രണ്ടുമൂന്ന് ട്യൂബ്‌ലൈറ്റുകൾ ഒന്നിച്ചു തെളിഞ്ഞു.

മുറിയിൽ നിറഞ്ഞ പ്രകാശത്തിൽ ഞാനവളെ കണ്ടു.

അവളുടെ കാൽഭാഗത്താണ് ഞാൻ നിന്നിരുന്നത്. സ്ട്രെച്ചറിന്റെ അങ്ങേത്തലയ്ക്കൽ എനിക്കൊരിക്കലും മറക്കാനാവാത്ത അവളുടെ മുഖം ഞാൻ കണ്ടു.

നിഴലും വെളിച്ചവും നിറങ്ങളും ഇടകലർന്ന എക്സിബിഷൻ ഗ്രൗണ്ടിലെ പ്രകാശത്തിൽ ഏഴു വർഷംമുമ്പ് ഞാനവളെ ആദ്യമായി കാണുമ്പോൾ അവളെനിക്കു സമ്മാനിച്ച കൊച്ചു പുഞ്ചിരി ഇപ്പോഴും അവളുടെ ചുണ്ടുകളിൽ തങ്ങിനില്ക്കുന്നതായി എനിക്കുതോന്നി. അന്ന് ആ പുഞ്ചിരി ഒരു മറുപടി അർഹിക്കുന്നതായി എനിക്കു തോന്നുകയും ഞാനതു നല്‌കുകയും ചെയ്തു. അതിനുശേഷ മാണ് അവളോടു ചേർന്നു നിന്നുകൊണ്ട് ഞാനവളുടെ പേരു ചോദിച്ചത്. അവൾ പറഞ്ഞു: ലീല.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Leave A Reply