DCBOOKS
Malayalam News Literature Website

ജെയ്ന്‍ ഓസ്റ്റിന്‍; കരുത്തും കഴമ്പും ഹാസ്യവും കലര്‍ന്ന രചനാപാടവം കൊണ്ട് വായനക്കാരെ സ്വാധീനിച്ച എഴുത്തുകാരി

 

BOOK BY JANE AUSTEN

കരുത്തും കഴമ്പും ഹാസ്യവും കലര്‍ന്ന രചനാപാടവം കൊണ്ട് വായനക്കാരെ സ്വാധീനിച്ച എഴുത്തുകാരിയായിരുന്നു ജെയ്ന്‍ ഓസ്റ്റിന്‍. ഉപരിവർഗ്ഗത്തിന്റെ ജീവിതസാഹചര്യങ്ങൾ പശ്ചാത്തലമാക്കിയ ജെയിനിന്റെ കൃതികൾ അവരെ ഇംഗ്ലീഷ് സാഹിത്യത്തിൽ ഏറ്റവും വായിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന എഴുത്തുകാരിൽ ഒരാളാക്കി. രചനയിൽ ഓസ്റ്റിന്‍ പിന്തുടർന്ന “റിയലിസവും” അവരുടെ കൃതികളിലെ മൂർച്ചയേറിയ സാമൂഹ്യ വിമർശനവും, ചരിത്രപ്രാധാന്യമുള്ള എഴുത്തുകാരിയെന്ന നിലയിലുള്ള അവരുടെ സ്ഥാനം സമ്മതിക്കാൻ പണ്ഡിതന്മാരേയും നിരൂപകരേയും പ്രേരിപ്പിച്ചു. 1775 ഡിസംബര്‍ 16-ന് ഇംഗ്ലണ്ടിലെ ഹാമ്പ്ഷയറിലായിരുന്നു ജനനം. എഴുത്തുകാരിയെന്ന നിലയിലുള്ള അവരുടെ വളര്‍ച്ചയില്‍ കുടുംബത്തിന്റെ അചഞ്ചലമായ പിന്തുണയുണ്ടായിരുന്നു.

ജീവിതകാലത്ത് രചനകൾ ഓസ്റ്റെന്‌ വളരെ കുറച്ച് പ്രശസ്തിയും വിരലിലെണ്ണാവുന്ന അനുകൂല നിരൂപണങ്ങളും മാത്രമേ നേടിക്കൊടുത്തുള്ളു. പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതി വരെ അവരുടെ നോവലുകൾ ആസ്വദിച്ചിരുന്നത് സാഹിത്യലോകത്തിലെ അഭിജാതവർഗ്ഗം മാത്രമായിരുന്നു. എന്നാൽ 1869-ൽ അവരുടെ അനന്തരവൻ എഴുതിയ “ജയ്ൻ ഓസ്റ്റെനെ ഓർക്കുമ്പോൾ” എന്ന രചന അവരുടെ ആകർഷകമായ വ്യക്തിത്വത്തിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കുകയും രചനകളുടെ ജനസമ്മതി കൂട്ടുകയും ചെയ്തു. 1940-കളോടെ ഇംഗ്ലീഷ് ഭാഷയിലെ ഒന്നാം കിട എഴുത്തുകാരിൽ ഒരാളായി അക്കാദമിക ലോകം അവരെ അംഗീകരിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ജയ്ൻ ഓസ്റ്റെന്റെ രചനകളുടെ പഠനങ്ങളും അന്വേഷണങ്ങളും കണക്കില്ലാതെ പെരുകി. അവരുടെ കൃതികളുടെ കലാപരവും, പ്രത്യയശാസ്ത്രപരവും, ചരിത്രപരവുമായ വീക്ഷണകോണുകളിൽ നിന്നുള്ള വിലയിരുത്തലുകൾ ആ പഠനങ്ങളുടെ ഭാഗമായി. ഇക്കാലത്ത്, ജയ്‌നിന്റെ ജീവിതത്തോടും കലയോടുമുള്ള ആരാധനയെ ചുറ്റിപ്പറ്റി ഒരു സംസ്കാരം തന്നെ ജനകീയ സംസ്കൃതിയുടെ ഭാഗമായി വികസിക്കുകയും അവരുടെ കൃതികൾക്ക് ഒട്ടേറെ ചലച്ചിത്ര-ടെലിവിഷൻ ആവിഷ്കാരങ്ങൾ പിറക്കുകയും ചെയ്തു.

വിവേകത്തെ പ്രതിനിധാനം ചെയ്യുന്ന എലിനോറിന്റെയും വികാരത്തെ പ്രതിനിധാനം ചെയ്യുന്ന മേരിയാന്റെയും കഥയിലൂടെ പത്തൊന്‍പതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സമൂഹത്തിലെ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന അവരുടെ കൃതിയാണ് ‘വിവേകവും വികാരവും’. വിവാഹമായും സ്വത്തവകാശമായും ബന്ധപ്പെട്ട സംഘര്‍ഷങ്ങളിലുടെ പുരോഗമിക്കുന്ന ജെയ്ന്‍ ഓസ്റ്റിന്റെ ആദ്യം പ്രസിദ്ധീകരിച്ച നോവല്‍.

1817 ജൂലൈ 18ന് 41-ാം വയസ്സില്‍ അവര്‍ അന്തരിച്ചു.

ജെയ്ന്‍ ഓസ്റ്റിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.