DCBOOKS
Malayalam News Literature Website

ഞങ്ങളുടെയെല്ലാം എണ്‍പതുകളുടെ ഓര്‍മ്മയ്ക്ക്

ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍

കേസരി ബാലകൃഷ്ണപിള്ള, പി. ഗോവിന്ദപിള്ള, എം. ഗോവിന്ദന്‍, സച്ചിദാനന്ദന്‍, കെ.ജി.എസ്., ആത്മഹത്യചെയ്യുകയോ രക്തസാക്ഷികളാവുകയോ തീര്‍ത്തും നിഷ്‌ക്രിയരാവുകയോ ചെയ്ത സകലമാനവിപ്ലവകാരികളുംചൊല്ലിയാട്ടത്തിലൂടെ, കളിയരങ്ങുകളിലൂടെ, അന്നത്തെ യുവത്വത്തെ തീപ്പിടിപ്പിച്ച സകലമാന മുതിര്‍ന്ന, കുട്ടിക്കവികളും ഓരോരോ കല്‍കഷണങ്ങളായി എന്റെ മുന്നിലിരിപ്പുണ്ട്. കൂടാതെ ഞങ്ങളുടെ സ്വന്തം സംഭാവനയായ സ്ത്രീ സ്വാതന്ത്ര്യവാദികള്‍, ഫെമിനിസ്റ്റുകള്‍ അഥവാ ഫെമിനിച്ചികള്‍, ഇവരുംകൂടെ 1980-കളുടെ ജിഗ്‌സോപസില്‍ പൂര്‍ത്തീകരണത്തിലെ പീസുകളാണ്: 1970-80 കളിലെ കേരളത്തിലെ സാംസ്‌കാരിക യുവത്വത്തിന്റെ ഓര്‍മ്മകളിലൂടെ, ’80കളുടെ പുസ്തക പ്രസാധനശാലയായ ‘മള്‍ബറി’യുടെ പ്രതിനിധി എഴുതുന്നു.

 

1980-കളിലെ സാംസ്‌കാരിക ചരിത്രം അതിന്റെ സകല ദീനാവസ്ഥകളോടും കൂടെ പുനരാവിഷ്‌കരിക്കുകയാണെങ്കില്‍ അതിനു മുന്നേ 1970 കളുടെ സാംസ്‌കാരിക പരിപ്രേക്ഷ്യംകൂടി ചികഞ്ഞെടുക്കേണ്ടതുണ്ട്. അന്നു കുഞ്ഞുങ്ങളായിരുന്നവരും അന്ന് യൗവനപ്രാപ്തരായിരുന്നവരും ഒരുപോലെ അംഗീകരിച്ച ഒരു തത്ത്വമുണ്ട്. 1975 ജൂണ്‍ 25 അര്‍ദ്ധരാത്രിക്ക് നമുക്ക് മറ്റൊരു ‘സ്വാതന്ത്ര്യദിനം’പകര്‍ന്നു കിട്ടി-A tryst with destiny.

1970-കളുടെ ശിശുക്കളാണല്ലോ 1980-കളിലെ യൗവനം. അവരെന്താണ് ആ ഇരുണ്ട കാലത്തെക്കുറിച്ച് ഓര്‍ത്തെടുക്കുന്നത്? സംക്ഷിപ്തം: മുടിനീട്ടി വളര്‍ത്തി കഞ്ചാവടിച്ച് ഹരേകൃഷ്ണ ഹരേ രാമ പാടി ഗ്രാമങ്ങളിലെ ഊടുവഴികളിലൂടെ പ്പോലും പാഞ്ഞുനടന്നിരുന്ന അസ്തിത്വവാദികളായ ചെറുപ്പക്കാരെ ഒന്നടങ്കം കാണാതായി. കലുങ്കുകളിലിരുന്ന് കോളേജിലേക്കു പോകുന്ന പെണ്‍കുട്ടികളെ കമന്റടിച്ചിരുന്ന വായനോക്കികള്‍ അന്തര്‍ധാനം ചെയ്തു. സമരങ്ങള്‍ അപ്രത്യക്ഷമായി. പിതാക്കന്മാര്‍ നേരത്തിനു വീട്ടിലെത്തിത്തുടങ്ങി. 144 പ്രഖ്യാപിച്ചതിനേക്കാള്‍ ഭീകരമായിരുന്നു ഭയങ്കരമായിരുന്നു അന്നത്തെ അടിച്ചേല്പിക്കപ്പെട്ട അച്ചടക്കം. കൃത്യമായിട്ടോടിയ ട്രെയിനുകള്‍ നമ്മെ സന്തോഷിപ്പിച്ചുകാണും. എന്നാല്‍ ഇരുണ്ട തടവറകള്‍ക്കുള്ളില്‍ അടങ്ങിയ രക്തസാക്ഷികളും തരുണന്മാരും വിപ്ലവകാരികളും ആ ഇരുളില്‍ വിടര്‍ന്നുനിന്ന സ്വാതന്ത്ര്യത്തിന് അസാധാരണമായൊരു ശോണച്ഛായ സമ്മാനിച്ചു. ഒടുവില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു.

ഇന്ദിര ജയിലിലായി.
കേരളം, എന്നാല്‍ പിന്നീടുവന്ന പൊതുതെരഞ്ഞെടുപ്പില്‍ മാറി ചിന്തിച്ചു. ‘ഞങ്ങള്‍ക്ക് ഇരുളില്‍’ വിടര്‍ന്ന ആ വസന്തംതന്നെ മതിയെന്ന് അവര്‍ തീരുമാനിച്ചു. കാരണം ആ ഇരുളിനപ്പുറം തെളിഞ്ഞുനിന്ന ഒരു പതിതപങ്കജത്തെ അവര്‍ കണ്ടെത്തിക്കഴിഞ്ഞിരുന്നു. ജനതാപാര്‍ട്ടി പിന്നെ ഭാരതീയ ജനതാപാര്‍ട്ടിയായി, രണ്ടു സീറ്റില്‍നിന്നും 400-ലേക്ക് പിന്നെ യുഗയുഗങ്ങളിലേക്ക് ഒരു പതിതപങ്കജം ഇരുള്‍യാത്ര ചെയ്യുന്നത് നമുക്ക് കാണാതിരിക്കാ
നാകുമോ.

Back to 1980’s
ക്യാമറ പാന്‍ ചെയ്യുമ്പോള്‍ കാണുന്ന യുവത്വത്തിനു കൃത്യമായ ലക്ഷ്യബോധമുണ്ട്. ഫിലിം സൊസൈറ്റികള്‍ ചിത്രപ്രദര്‍ശനങ്ങള്‍, തെരുവുനാടകങ്ങള്‍, തെരുവുകളിലൂടെ അലയടിച്ചുയര്‍ന്ന് ബലചന്ദ്രന്റെ 18 കവിതകള്‍ പിന്നെ നെരൂദ, ഒക്ടാവിയോ പാസ്. ലോര്‍ക ഹുവാന്‍ റുള്‍ഫോ. കവിയായിരിക്കെത്തന്നെ പോരാളിയും ചിന്തകനുമായിരിക്കുക, സര്‍വ്വോപരി മാനവികതയുള്ളവനായിരിക്കുക. അതു പഠിപ്പിച്ച നെരൂദ അന്നത്തെ നമ്മുടെ ക്രിസ്തുവായിരുന്നു. ആ കവി നമ്മുടെ ദൈവമായിരുന്നു. അന്ന് ഒരു കവിയരങ്ങുണ്ടെങ്കില്‍ ആ പ്രദേശത്തെ യൗവനം ആ സദസ്സില്‍ എത്തിയിരിക്കും. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ലളിതമായ വസ്ത്രധാരണത്തിലൂടെ, സമാനചിന്താഗതിയിലൂടെ, ആശയവ്യക്തതയുള്ള വീക്ഷണങ്ങളുമായി അവര്‍ വന്നു, നിങ്ങള്‍ അരാഷ്ട്രീയ ബുദ്ധിജീവികള്‍ എന്നു വിളിപ്പേരിട്ട ഒരു യുവത്വം ആ അരങ്ങിലേക്ക് കടന്നുവന്നു. അരാഷ്ട്രീയതതന്നെയായിരുന്നു അവരുടെ സുവര്‍ണ്ണ രാഷ്ട്രീയം. പ്രകൃതിയോടും മാനവികതയോടുമുള്ള ഈടുവയ്പുകളായിരുന്നു അവരുടെ മാനിഫെസ്റ്റോ. അവര്‍ മാര്‍ക്സിനൊപ്പം ഗാന്ധിയെയും വായിച്ചു. സലിംഅലി അവരുടെ മറ്റൊരു ദൈവമായിരുന്നു. കാട് അവരുടെ സ്വര്‍ഗ്ഗമായിരുന്നു. ലളിതമായ അര്‍ത്ഥത്തില്‍ അവര്‍ നാടും കാടും ഒരേപോലെ സ്വപ്നവത്കരിച്ചു. സ്വന്തം മണ്ണില്‍ സ്വന്തം കൈകള്‍കൊണ്ട് എന്തെങ്കിലുമൊക്കെ കൃഷി ചെയ്തെടുക്കാനും അതുപയോഗിക്കാനും അവര്‍ മനസ്സിരുത്തി. ആ കുട്ടികളെ നിങ്ങള്‍ കാണുന്നില്ലേ. ഇപ്പോള്‍ നിങ്ങള്‍ക്ക് ഗോത്രസായാഹ്നങ്ങളിലിരുന്ന് മയിലുകളെ വരയ്ക്കുന്ന സ്വാമിനാഥനെ കാണാനാവുന്നില്ലേ?

അതെ 90-കളിലെ യൗവനം, 2000-കളിലെ മധ്യാഹ്നം, അത് അവരാണ്. കോണ്‍ഗ്രസിന്റെ അതിഭീകരമായ പതനത്തിനൊപ്പം അതിശക്തിയായി വീശിയടിച്ച ഭൂരിപക്ഷവര്‍ഗ്ഗീയത എന്നു നാം വിളിക്കാനേ പാടില്ലാത്ത ഈ പുതിയ ഭരണക്രമം- Insiders പറയുന്നതു വിശ്വസിക്കാമെങ്കില്‍ അടുത്ത നിരവധി വര്‍ഷത്തേക്ക് ഇനി അവര്‍ തന്നെ ഭരിക്കും. Pachakuthira Magazine Cover - December 2024 Editionതര്‍ക്കമന്ദിരമെന്ന നിലയില്‍നിന്ന് ബാബറി മസ്ജിദ് പുതിയ അയോദ്ധ്യയായി അംഗീകരിക്കപ്പെട്ടു. ഇനി നാം കാശിയിലേക്കും മധുരയിലേക്കും മാര്‍ച്ച് ചെയ്യും എന്നവര്‍ പറയുന്‌പോള്‍ അസ്വസ്ഥരായി നിദ്രനഷ്ടപ്പെട്ടവരായി മാറുന്ന ഒരു ജനതയുണ്ടോ ഇവിടെ? ഈ രാത്രി ഇതെപ്പോള്‍ അവസാനിക്കും എന്ന് നാം അടിയന്തരാവസ്ഥയില്‍ പറഞ്ഞതോര്‍മ്മയുണ്ടോ?അതേ നാം ഇന്ന് എന്തു പറയും? ഇരുളും പഴകുന്‌പോള്‍ വെളിച്ചമായി തീര്‍ന്നിടും എന്ന് കവി പറഞ്ഞിട്ടുണ്ട്. കവികള്‍ ക്രാന്തദര്‍ശികളാണല്ലോ. ഈ വെളിച്ചം വെളിച്ചമായി എണ്ണാന്‍ നമ്മള്‍ പഠിച്ചുകഴിഞ്ഞുവോ?

ചെറുത്തുനില്പിന്റെ രാഷ്ട്രീയം എന്ന് നാം പറയുമ്പോൾ എന്താണ് ആ രാഷ്ട്രീയം എന്നുകൂടി ഇനി നിര്‍വ്വചിക്കേണ്ടതുണ്ട്. വ്യവസ്ഥാപിതത്വത്തിന് എതിരായ കലഹം എന്ന് പറഞ്ഞുതീരുന്നതിനുമുന്നേ ഗൗരി ലങ്കേഷിന്റെ കൊല; പിന്നെയും പിന്നെയും കൊലചെയ്യപ്പെട്ട സൈദ്ധാന്തികരും ചിന്തകരും-അത് ഓര്‍മ്മ വേണം.

പൂര്‍ണ്ണരൂപം 2024 ഡിസംബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റൽ പതിപ്പിനായി സന്ദർശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്‌

 

Comments are closed.