ഓഷോയുടെ ജീവിതദര്‍ശനങ്ങള്‍ #2
‘ഞാനൊരിക്കലും ഫ്രീസെക്സ് പഠിപ്പിച്ചിട്ടില്ല. ഞാന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് ലൈംഗികതയുടെ ദിവ്യത്വമാണ്. ലൈംഗികതയെ പ്രേമത്തിന്റെ മണ്ഡലത്തില്‍നിന്നും നിയമത്തിന്റെ മണ്ഡലത്തിലേക്ക് തരംതാഴ്ത്തരുത് എന്നാണ് ഞാന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ ഭാര്യയായിപ്പോയതുകൊണ്ടു മാത്രം- നിങ്ങളവളെ കേവലം പ്രേമിക്കുന്നതിനാലല്ല- ഒരു സ്ത്രീയെ നിങ്ങള്‍ സ്നേഹിക്കേണ്ടി വരുന്ന നിമിഷം അത് വ്യഭിചാരമായിത്തീരുന്നു. ഞാന്‍ പ്രേമത്തില്‍ വിശ്വസിക്കുന്നു. രണ്ടു വ്യക്തികള്‍ തമ്മില്‍ അന്യോന്യം സ്നേഹിക്കുന്നുവെങ്കില്‍ ആ സ്നേഹം നിലനില്‍ക്കുന്നിടത്തോളം കാലം അവര്‍ക്ക് ഒരുമിച്ചു ജീവിക്കുവാന്‍ കഴിയും.’
സന്യാസലോകത്ത് വിഹരിച്ച് ഈ ലോകത്തോട് വേറിട്ട ചിന്തകളും തത്വങ്ങളും വെളിപ്പെടുത്തിയ ആത്മീയാചാര്യനായിരുന്നു ഓഷോ. തന്റെ ദര്‍ശനങ്ങളും ആത്മീയവഴികളും വിശദമാക്കി ഓഷോ രചിച്ച ആത്മകഥയ്ക്ക് വായനക്കാര്‍ അനവധിയാണ്. ജീവിതത്തെ കുറിച്ചുള്ള വളരെ ആഴമേറിയ ചിന്തകള്‍ ഓഷോയുടെ വാചകങ്ങളില്‍ തെളിഞ്ഞുകാണാം.
ആത്മകഥയ്ക്കെഴുതിയ മുഖവുരയില്‍ നിന്നും
‘ആദ്യമായി നിങ്ങള്‍ മനസ്സിലാക്കിയിരിക്കേണ്ട കാര്യം, വസ്തുതയും സത്യവും തമ്മിലുള്ള വ്യത്യാസമാണ്. സാധാരണയായി ചരിത്രം വസ്തുതകളെയാണ് പരിഗണിക്കുന്നത്- പദാര്‍ത്ഥലോകത്തില്‍ വാസ്തവമായി സംഭവിക്കുന്നവ, ആ സംഭവങ്ങള്‍. അത് സത്യത്തെക്കുറിച്ച് പരിഗണിക്കുന്നില്ല. കാരണം സത്യം സംഭവിക്കുന്നത് പദാര്ത്ഥലോകത്തിലല്ല. അവബോധത്തിന്റെ ലോകത്തിലാണ് അത് സംഭവിക്കുന്നത്. എന്നാല്‍ അവബോധത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യുവാന്‍ മാത്രം മനുഷ്യനിപ്പോഴും പക്വതയാര്‍ജ്ജിച്ചിട്ടില്ല.
തീര്‍ച്ചയായും അവന് സ്ഥലകാലങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. അവയാണ് വസ്തുതകള്‍.എന്നാല്‍ കാലത്തിനതീതമായും സ്ഥലത്തിനതീതമായും സംഭവിക്കുന്നതെന്താണെന്ന്-മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ മനസ്സിനതീതമായി സംഭവിക്കുന്നതെന്താണെന്ന്, അവബോധത്തില്‍ സംഭവിക്കുന്നതെന്താണെന്ന്, ഉള്ളതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ അവനിപ്പോഴും വളര്‍ച്ച പ്രാപിച്ചിട്ടില്ല, ഉള്ക്കാഴ്ചയുള്ളവനായിത്തീര്ന്നിട്ടില്ല, ഒരിക്കല്‍ നമുക്ക്, തീര്‍ത്തും വ്യത്യസ്തമായ ഒരു വീക്ഷണകോണില്‍ നിന്നുകൊണ്ട് ചരിത്രം മുഴുവന്‍ മാറ്റി എഴുതേണ്ടി വരും. കാരണം ഈ വസ്തുതകളെല്ലാം കേവലം ക്ഷണഭംഗുരമായ സാധാരണ സംഭവങ്ങളാണ്. അവ പദാര്ത്ഥസംബന്ധിയാണെങ്കിലും പ്രസക്തമല്ല. എന്നാല്‍ സത്യങ്ങള്‍ പദാര്ത്ഥസംബന്ധിയല്ലെങ്കിലും പ്രസക്തമാണ്.
ഒരു ഭാവിചരിത്രത്തിന്റെ പുതുവീക്ഷണം, ഗൗതമബുദ്ധന് ബോധോദയം ഉണ്ടായിക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനുള്ളില്‍ എന്തുസംഭവിച്ചു, ബോധോദയത്തിനു ശേഷം അദ്ദേഹം തന്റെ ശരീരത്തില്‍ കഴിഞ്ഞ 42 വര്‍ഷങ്ങളില്‍ എന്തൊക്കെ സംഭവിച്ചുകൊണ്ടിരുന്നു എന്നെല്ലാമുള്ള കാര്യങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യും. മാത്രമല്ല ആ 42 വര്‍ഷങ്ങളില്‍ സംഭവിച്ചുകൊണ്ടിരുന്നതിനൊന്നും ശരീരം മരിച്ചുവീഴുന്നതോടെ വിരാമമുണ്ടാകുന്നില്ല. അതിന് ശരീരത്തെക്കുറിച്ച് പരിഗണനയുണ്ടായിരുന്നില്ല. അത് അബോധത്തിലെ ഒരു പ്രതിഭാസമായിരുന്നു- അവബോധം ഒരു തുടര്‍ച്ചയുമാകുന്നു. അവബോധത്തിന്റെ തീര്‍ത്ഥാടനം അന്തമില്ലാതാകുന്നു. അതിനാല്‍ ശരീരത്തിനകത്തുവെച്ച് അവബോധത്തിനു സംഭവിച്ചത് എന്തായിരുന്നുവോ അത് ശരീരത്തിനു പുറത്തുവെച്ചും സംഭവിച്ചുകൊണ്ടിരിക്കും. അതൊരു ലളിതമായ തിരിച്ചറിവ് ആകുന്നു.
ഈ കഥ ഒരു ആന്തരിക സംഭവങ്ങളുടെ കഥയാകുന്നു…’
Comments are closed.