DCBOOKS
Malayalam News Literature Website

ചുട്ടുപൊളളിക്കുന്ന ജീവിത സാഹചര്യങ്ങളോട് പടപൊരുതി വിജയിച്ചവന്റെ കഥ

പ്രൊഫ: എം. കുഞ്ഞാമന്റെ ‘എതിര്’ എന്ന പുസ്തകത്തിന് ബോബന്‍ വരാപ്പുഴ എഴുതിയ വായനാനുഭവം, കടപ്പാട്: ഫേസ്ബുക്ക് 

“നന്ദി എന്ന പദത്തിനർത്ഥം വിധേയത്വമെന്നാണെങ്കിൽ, നന്ദികേടിന്റെ പര്യായമായിരിക്കാനാണ് എനിക്കിഷ്ടം” : പ്രൊഫ: എം. കുഞ്ഞാമൻ

പാണനായ അയ്യപ്പന്റെയും ചെറോണയുടെയും മകന് ഇക്കാലമത്രയും ജീവിതമെന്നത് ആജീവനാന്ത പോരാട്ടങ്ങളുടെ വിപ്ലവമായിരുന്നു. നിലപാടുകളിലുറച്ചു നിന്ന അഭിമാനവിപ്ലവം. ജാതി- വർണ്ണവിവേചനത്തിന്റെ തീച്ചുളയിൽ ഉരുകി പരുവെട്ട ഉരുക്കായിരുന്നു എം. കുഞ്ഞാമൻമാഷ്. ‘എതിര്’ എന്ന തന്റെ ആത്മകഥയുടെ പേര്, അനുഭവങ്ങളിലൂടെ കണ്ടെത്തിയ ആ ജീവിത സന്ദേശത്തിന്റെ ഏറ്റവും അർത്ഥവത്തായ പദമാണ്. കുഞ്ഞാമൻ എന്നതിന് ചെറിയ മനുഷ്യൻ എന്നാണർത്ഥം. ആ പേരിട്ടത് അന്നത്തെ അവരുടെ ഉടയാളനായ ജന്മിയായിരുന്നു.

ജന്മിയുടെ പറമ്പിൽ ഒരു കുഴി കുത്തി അതിൽ വിളമ്പി നൽകിയ കഞ്ഞിക്കായി ഒരു പട്ടിയുമായി മത്സരിക്കേണ്ടത്ര ഗതികേടിലായിരുന്നു ബാല്യം.
“ജാതി പാണൻ അച്ഛൻ അയ്യപ്പൻ, അമ്മ ചെറോണ. അവർ നിരക്ഷരരായിരുന്നു. എച്ചിലെടുത്തും അത് തിന്നുമാണ് ജീവിതം. അച്ഛൻ കന്നുപൂട്ടാൻ പോകും. കടുത്ത ദാരിദ്ര്യവും അടിച്ചമർത്തപ്പെട്ട ജാതിയും. ഒന്നു മറ്റൊന്നിനെ ഊട്ടിവളർത്തി. മലബാറിൽ പട്ടാമ്പിക്കടുത്ത് വാടാനംകുറിശ്ശിയിലാണ് വീട്. വീടെന്ന് പറഞ്ഞുകൂടാ ചാളയാണ്. ഒരു മണ്ണെണ്ണ വിളക്കുണ്ട്. ഞാൻ പുസ്തകം വായിക്കാൻ തുടങ്ങുമ്പോൾ വിളക്ക് അമ്മ അടുക്കളയിലേക്കു കൊണ്ടുപോകും. അപ്പോൾ എന്നിലേക്ക് ഇരുട്ട് അരിച്ചിറങ്ങാൻ തുടങ്ങും. ലോകം ഒരു ഇരുട്ടായി എന്നെ ചുറ്റിവരിയും. വയറുകാളാൻ തുടങ്ങുമ്പോൾ ജന്മിമാരുടെ വീടുകളിലേക്കുപോകും. അവിടെ കഞ്ഞി പാത്രത്തിൽ തരില്ല. മുറ്റത്തുപോലുമില്ല തൊടിയിൽ മണ്ണുകുഴിച്ച് ഇലയിട്ട് ഒഴിച്ചുതരും. പതിന്നാലു വയസ്സുള്ളപ്പോഴാണ് വീടിനടുത്തുള്ള ഒരു ജന്മിയുടെ വീട്ടിൽ കഞ്ഞിക്കുചെന്നു മണ്ണിൽ കുഴിച്ച് കഞ്ഞിയൊഴിച്ചുതന്നു. അവിടെ ഭയങ്കരനായ ഒരു പട്ടിയുണ്ടായിരുന്നു. എന്നോടൊപ്പം അവനോടും ചെന്ന് കുടിക്കാൻ പറഞ്ഞു വീട്ടുകാർ… കുഴിയുടെ അടുത്തേക്കു കുരച്ചെത്തിയ പട്ടി കഞ്ഞി കുടിക്കാനുള്ള ആർത്തിയിൽ എന്നെ കടിച്ചുമാറ്റി. തിരിഞ്ഞുനോക്കുമ്പോൾ ഒരു മനുഷ്യനും പട്ടിയും തമ്മിലുള്ള ബന്ധമായിരുന്നില്ല അത് രണ്ടു പട്ടികളുമായുള്ള ബന്ധമായിരുന്നു. രണ്ടു പട്ടികൾ കഞ്ഞിക്കുവേണ്ടി മത്സരിക്കുന്നു. പട്ടി കടിച്ച മുറിവിൽനിന്നു ചോര വന്നപ്പോൾ ദേഷ്യമല്ല തോന്നിയത്, എന്റെ അവസ്ഥയിലുണ്ടായിരുന്ന മറ്റൊരു ജീവി എന്ന അനുതാപം മാത്രം. “അന്ന് ആ നായയിൽ നിന്നേറ്റ കടിയുടെയും ക്ഷതങ്ങളുടെയും വടുക്കൾ വായനക്കാരുടെ മനസിലേക്കും ചേക്കേറിയിരിക്കണം.

സ്ലേറ്റും ബുക്കുമില്ലാതെ ഒരു പിന്നാണപ്പാത്രവുമായി സ്ക്കൂളിൽ പോയി തുടങ്ങിയ പഠനകാലം. പഠിക്കാനല്ല..ഭാഗ്യമുണ്ടെങ്കിൽ വല്ലപ്പോഴും കഞ്ഞി കിട്ടും. അതില്ലാത്ത ദിവസങ്ങളിൽ വിശപ്പ് കാളുമ്പോൾ ചേട്ടൻ മാങ്ങ പറിച്ച് പൂളി നൽകും. താഴ്ന്ന ക്ലാസിലെ കുട്ടികൾക്കുള്ള ഉപ്പുമാവിൽ നിന്നൊരു പങ്ക് കടലാസിൽ പൊതിഞ്ഞ് ആരും കാണാതെ നൽകുന്ന പാചകക്കാരി -ലക്ഷമിയേടത്തി.  പിന്നിടൊരിക്കൽ എം.എ.ക്ക് റാങ്ക് കിട്ടിയപ്പോൾ അവർ പറഞ്ഞതും അത് തന്നെ.

“ഞാൻ തന്ന ഉപ്പുമാവ് തിന്നു പഠിച്ചിട്ടാണ് നിനക്ക് റാങ്ക് കിട്ടിയത്”

സത്യം! വിശപ്പിനേക്കാൾ വലിയൊരു സത്യവും പരീക്ഷയുമില്ലെന്നറിഞ്ഞ ജീവിതം. വിദ്യാലത്തിൽ അധ്യാപകരിൽ നിന്നു പോലും നേരിട്ട ജാതി പരിഹാസം. അതിനെ ചോദ്യം ചെയ്തതിന് കരണത്ത് കിട്ടിയ അടി. തുടർന്ന്

“എവിടെടാ പുസ്തകം ”

എന്ന അട്ടഹാസം.

“പുസ്തകമില്ല”

ഓ അപ്പോൾ കഞ്ഞി കുടിക്കാനാണല്ലെ വരുന്നതെന്ന പരിഹാസം. അതോടെ സ്ക്കൂളിൽ നിന്നുള്ള കഞ്ഞി കുടിക്കൽ അവസാനിപ്പിച്ചു. അതേ അധ്യാപകൻ തന്നെ പശ്ചാതാപ വിവശനായി സ്നേഹമോടെ വിളിച്ചിട്ടും ആ തീരുമാനം മാറ്റിയില്ല.കവിൾത്തടം വീർത്തിരിക്കുന്നതിന്റെ കാര്യം തിരക്കിയ അമ്മയുടെ ദൈന്യത.

” നമുക്കൊന്നും ചെയ്യാൻ പറ്റില്ല മോനേ നന്നായി വായിച്ച് പഠിക്ക്”

ആ ബാലൻ വലുതായപ്പോളൊരിക്കൽ, എം.എ. പരീക്ഷയിൽ റാങ്ക് കിട്ടിയിട്ടും ഒരു തൊഴിലിനായി അലഞ്ഞു. ഇതിനിടയിൽ തിരുവനന്തപുരം സി ഡി എസിൽ എം.ഫിലിനായുള്ള ഒരു അഭിമുഖം ഡോ: കെ. എൻ. രാജ്മായ് . അഭിമുഖത്തിനൊടുവിൽ കുഞ്ഞാമൻ, ആ അതികായകന്റെ മുഖത്തു നോക്കി പറഞ്ഞു.

“താങ്കൾ എന്റെ സ്ഥാനത്തായിരുന്നെങ്കിൽ സ്ക്കൂൾ ഫൈനൽ പരീക്ഷ പാസാകില്ലായിരുന്നു. ഞാൻ താങ്കളുടെ സ്ഥാനത്തായിരുന്നെങ്കിൽ നോബൽ ജേതാവായേനെ”.

ഔദ്യോഗിക ജീവിതത്തിലും പക്ഷേ, കുഞ്ഞാമൻ, ദൈന്യത നിറഞ്ഞൊഴുകിയ ആ വിശന്നു കാളലിന്റെ ഭൂതകാലത്തെ മറന്നില്ല. അതിന്റെ പ്രധാന കാരണമായ തന്റെ ജാതിയെന്ന സത്യത്തെയും മറന്നില്ല. വിശപ്പിനും ജീവിതത്തിനുമിടയിലെ നിവർത്തികേടിലെപ്പോഴോ, കയ്യിലിരിക്കുന്ന വിദ്യാഭ്യാസത്തിന്റെ ഉന്നതമായ സർട്ടിഫിക്കറ്റുകൾ പോലും തനിക്ക് പാഴ്ക്കടലാസുകളാണെന്ന് മനസിലാക്കിക്കൊണ്ട് കത്തിച്ചു കളയാൻ വരെ ഒരുങ്ങിയതാണ്. ഒരിറക്ക് ചായക്കും ഒരു കഷ്ണം റൊട്ടിക്കും ഉപകരിക്കാത്തതിനൊടെല്ലാം അങ്ങനെ വിപ്ലവത്തിലേർപ്പെട്ടു. തന്നോടൊപ്പം വളർന്ന ആ വിശപ്പ് സ്മരണ കുഞ്ഞാമനെ കരുത്തനാക്കി. അങ്ങോട്ട് വന്ന് കാണാൻ വിളിച്ചവർ എത്ര ഉന്നതരായാലും , അവർക്കാവശ്യമുണ്ടെങ്കിൽ ഇങ്ങോട്ട് വന്ന് തന്നെ കാണട്ടെ എന്ന നിലപാടെടുത്തു. വിവേകമുള്ളവർ ആ നിലപാടിലെ ആത്മാഭിമാനത്തെ മനസിലാക്കി. വിമർശന സ്വാതന്ത്ര്യമില്ലാത്ത സാഹചര്യം പാരതന്ത്ര്യം തന്നെയാണെന്ന് വിശ്വസിച്ചു. ETHIRU By KUNJAMAN M
വിയോജിപ്പിന്റെ രാഷ്ട്രീയത്തെ ഉൾക്കൊള്ളാത്ത രാഷ്ട്രീയ നേതൃത്വത്തെ, വരേണ്യവർഗ്ഗത്തിന്റെ പതിപ്പായി കരുതി. ജന്മികളും ഫ്യൂഡലിസവും നാടിറങ്ങിപോയെന്ന് പറയുന്നിടത്ത് അവർ മറ്റു പല രീതികളിലും നിലനിൽക്കുന്നു. ഇന്നത്തെ ഇടതുപക്ഷം വലതുപക്ഷമായി മാറി. ഭാരതത്തിൽ, ഇടതുപക്ഷം ഇല്ലാതായി.

വിമർശനങ്ങളോടുള്ള മനോഭാവത്തിൽ സി.പി.എമ്മിനെക്കാൾ ഭേദം കോൺഗ്രസാണെന്ന് കുഞ്ഞാമൻ പറയുന്നു. സഹിഷ്ണുത മറന്ന ഇടതുപക്ഷം, കൃഷിഭൂമി കർഷകനെന്ന ആപ്തവാക്യത്തെ മറന്നു. കൊട്ടിഘോഷിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കുടികിടപ്പവകാശമെന്നത് , വഞ്ചനയായിരുന്നു. മണ്ണിൽ പണിയെടുക്കുന്നവർക്ക് അതിനുള്ള ഭൂമി കിട്ടിയില്ല. ദളിതരെ അന്ധമായ പാർട്ടി അടിമകളാക്കി. വിമർശനത്തിന്റെ കൂരമ്പുകൾക്ക് തൊട്ടാൽ മുറിയുന്ന മൂർച്ചയാണ്. എതിർപ്പിന്റെ കരിങ്കൽ ഭിത്തികെട്ടിക്കൊണ്ട് ജീവിതത്തോടും വ്യവസ്ഥിതിയോടും അദ്ദേഹം നടത്തിയ , ആന്തരികമായൊരു സായുധ വിപ്ലവത്തിന് സമമായ പോരാട്ടങ്ങളുടെ ചരിത്രം, കേരളത്തിന്റെ പൊതുമണ്ഡലം, രാഷ്ട്രീയ ചേരി- നേതാക്കൾ ഭേദമന്യേ, അന്ധമായ വരേണ്യവർഗ്ഗ വിധേയത്വത്തിന് കീഴടങ്ങിക്കഴിയുന്നു എന്ന സന്ദേശമാണ് പങ്ക് വെക്കുന്നത്.

ബാല്യ-കൗമാരങ്ങളിൽ ചുട്ടുപൊളളിക്കുന്ന ജീവിത സാഹചര്യങ്ങളോട് പടപൊരുതി നേടിയെടുത്ത ഒന്നാം തരം വിജയങ്ങൾക്ക് പക്ഷേ, ജീവിതത്തോടൊപ്പം തെളിഞ്ഞു കൊണ്ടിരുന്ന ആ കനലുകളെ അണയ്ക്കുവാൻ കഴിഞ്ഞില്ല. വിദ്യാഭ്യാസത്തിലും കർമ്മപഥത്തിലും
നേടിയെടുത്ത , ഒന്നാം റാങ്ക് വിജയങ്ങൾക്ക് ആ പ്രതിഷേധങ്ങളെ തണുപ്പിക്കാനുമായില്ല. ധിക്കാരിയെന്ന പേരിനെ അന്വർത്ഥമാക്കിയ ആ ജീവിത സമരം കാലത്തിന്റെ യവനികയ്ക്ക് പിന്നിലേക്ക് സ്വയം അരങ്ങ് വിട്ടു പോയി. ആരോടും ചോദിക്കാതെ, ആരുടെയും നിർദേശത്തിന് കാത്തു നിൽക്കാതെ ചരിത്രത്തിലേക്കുള്ള പിൻവാങ്ങൽ. ഒന്നോർത്താൽ , നവോത്ഥാനത്തെ മുൻനിറുത്തിയുള്ള വിപ്ലവങ്ങളൊന്നും ജയിച്ച ചരിത്രമല്ല. ലക്ഷ്യം കൈവരിച്ചെന്ന് തോന്നിപ്പിക്കുന്ന തത്ക്കാലിക വിജയങ്ങൾക്ക് ശേഷം വിഷം പുരട്ടിയ അമ്പുമായി വേട്ടക്കാർ പിന്നെയും കടന്നുവരുന്നതു കാണാം. അത്തരത്തിൽ പരാജയപ്പെട്ടൊരു വിപ്ലവവും വിപ്ലവകാരിയുമായിരുന്നോ എം. കുഞ്ഞാമൻ. കാലം വിലയിരുത്തട്ടെ.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

Leave A Reply