DCBOOKS
Malayalam News Literature Website

ഒരു നാടും അതിന്റെ അനുഭവസമ്പത്തും വായനക്കാരിലേക്ക് നിറയ്ക്കുന്ന നോവല്‍

ഷംസുദ്ദീന്‍ കുട്ടോത്തിന്റെ ‘ഇരീച്ചാൽകാപ്പ്‘  എന്ന നോവലിന് ആല്‍ബിന്‍ രാജ് എഴുതിയ വായനാനുഭവം

ഡി സി ബുക്സ്  സുവർണ്ണ ജൂബിലി നോവൽ മത്സരത്തിൽ പ്രഥമസ്ഥാനം ലഭിച്ച കൃതി- ഷംസുദീൻ കുട്ടോത്തിന്റെ ഇരീച്ചാൽകാപ്പ്.

കഥകളും ഉപകഥകളുമായി മുന്നോട്ട് പോകുന്ന ഈ നോവൽ തുടങ്ങുന്നത്, അലൻ റൂമി എന്ന പത്രപ്രവർത്തകൻ തന്റെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വരുന്നതോടെയാണ്. അറിഞ്ഞോ അറിയാതെയോ അയാൾ ചെയ്തു പോയ ഒരു തെറ്റ് റൂമിയുടെ മനസ്സിന് എക്കാലവും നീറ്റൽ ഉളവാക്കുന്നുണ്ട്. IREECHALKAPPU By SHAMSUDHEEN KUTTOTH അതാണ് സാറാമൻസിലിലെ കൊലപാതകവും അമീറും. ഒരു ഫിക്ഷൻ ആണെങ്കിൽ തന്നെയും വളരെ നിഗൂഡമായ രീതിയിലാണ് കഥ മുന്നോട്ട് പോകുന്നത്. ചിലയിടങ്ങളിൽ ഒരു ത്രില്ലെർ നോവൽ വായിക്കുന്ന പ്രതീതിയും, മറ്റു ചിലപ്പോൾ കഥകളിലൂടെ, കഥകളിലൂടെ വീണ്ടും കഥകളിലൂടെ വായനക്കാരൻ സഞ്ചരിച്ചു പോകുന്ന ഒരു പ്രതീതിയും ഉളവാക്കുന്നു.

ഷംസുദീന്റെ രചന നല്ല ഇരുത്തം വന്നതു തന്നെയാണ്. ഒരുപാട് അനുഭവ സമ്പത്തുക്കളിലൂടെ എഴുത്തുകാരൻ കടന്നു പോയിട്ടുണ്ടെന്ന് ഈ നോവൽ വായനയിൽ അനുഭവപ്പെടും. ഒരു നാടും അതിന്റെ അനുഭവ സമ്പത്തും വായനക്കാരനിൽ നിറയ്ക്കുവാൻ കഴിയുക എന്നത് എഴുത്തുകാരന്റെ വിജയം തന്നെയാണ്. അങ്ങനെ ആവളപാണ്ടിയിലൂടെയും, സുയിപ്പൻ തൊടിയിലൂടെയുമൊക്കെ ആത്മാക്കളെ തൊട്ടറിഞ്ഞൊരു യാത്ര കൂടിയാവുന്നു നോവൽ. ‘മൂക്കുത്തി ‘ എന്ന കഥാപാത്രം തന്നെയാണ് നോവലിലെ ഏറ്റവും ശക്തമായ സ്ത്രീ സാന്നിദ്ധ്യം. ഒരു പക്ഷെ സാറാമൻസിലിലെ കൊലപാതക രഹസ്യം അറിയാവുന്ന ഏക വ്യക്തി ‘മൂക്കുത്തി ‘ യാണെന്ന് നോവൽ പറയാതെ തന്നെ പറയുന്നുണ്ട്.മീൻകാരൻ അയ്മൂട്ടിയുടെ പ്രണയം, ബീഡിപ്പാത്തുമ്മയും സഹായികളായ മായനും, കണ്ണനും. കഥകൾ പറയുന്ന ചായക്കടക്കാരൻ നമ്പീശൻ, തോണിക്കാരൻ ഉക്കാരൻ, വഷളൻമാരായ ഉമ്മറും, സൈത്താൻ മൂസയും, മീസാൻ കല്ലുകളുടെ കൂട്ടുകാരൻ ആന്തൽ വാസു, നാടിന്റെ നാടകക്കാരൻ K. R. മഠത്തിൽ കൂടാതെ പക്രൻ എന്ന ഒരു കഥാപാത്രം. റൂമിയുടെ സുഹൃത്ത് പർവീണ. എല്ലാവരും ഓരോ ജീവിതം പറയുന്നു.

ഇരീച്ചാൽകാപ്പ് ഇനിയും ധാരാളം വായനക്കാരിലേക്ക് എത്തുമെന്നുള്ള നല്ല പ്രതീക്ഷകളോടെ………

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

 

Leave A Reply