DCBOOKS
Malayalam News Literature Website

ജെസിബി സാഹിത്യ പുരസ്‌കാരം ഉപമന്യൂ ചാറ്റർജിക്ക്

‘ലോറെൻസോ സെർച്ചസ് ഫോർ ദി മീനിങ് ഓഫ് ലൈഫ്’ എന്ന കൃതിയാണ് പുരസ്കാരത്തിന് അർഹമായത്

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം 2024- ഉപമന്യൂ ചാറ്റർജിക്ക്. അദ്ദേഹത്തിന്റെ ‘ലോറെൻസോ സെർച്ചസ് ഫോർ ദി മീനിങ് ഓഫ് ലൈഫ്’ എന്ന കൃതിയാണ് ജെ.സി.ബി. സാഹിത്യ പുരസ്കാരത്തിന് അർഹമായത്.

അഞ്ച് പുസ്തകങ്ങളാണ് ചുരുക്കപ്പട്ടികയിലിടം നേടിയത്.  എറണാകുളം സ്വദേശി സന്ധ്യാമേരിയുടെ ‘മരിയ വെറും മരിയ’ എന്ന നോവലിനു ജയശ്രീ കളത്തിൽ തയാറാക്കിയ വിവർത്തനം ‘മരിയ ജസ്‌റ്റ് മരിയ’, മലപ്പുറം സ്വദേശി സഹറു നുസൈബ കണ്ണനാരിയുടെ പ്രഥമ ഇംഗ്ലിഷ് നോവൽ ‘ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്’ എന്നിവയും ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. മൂന്നാമത്തെ തവണയാണു ജയശ്രീ കളത്തിലിന്റെ വിവർത്തനം ജെസിബി പട്ടികയിൽ ഇടംപിടിക്കുന്നത്. ബംഗാളിയിൽ നിന്ന് ഋതുപർണ മുഖർജി വിവർത്തനം ചെയ്‌ത ശാക്യജിത് ഭട്ടാചാര്യയുടെ വൺ ലെഗ്ഗ്ഡ്, മറാത്തിയിൽ നിന്ന് പരോമിത സെൻഗുപ്‌ത വിവർത്തനം ചെയ്ത ശരൺകുമാർ ലിംബാലെയുടെ സനാതൻ, എന്നിവയായിരുന്നു പട്ടികയിലെ മറ്റ് രണ്ട് വിവർത്തന കൃതികൾ. ഉപമന്യു ചാറ്റർജിയുടെ ലോറെൻസോ സെർച്ചസ് ഫോർ ദ് മീനിങ് ഓഫ് ലൈഫ് ആയിരുന്നു പട്ടികയിലെ അവസാന പുസ്‌തകം.

വിവർത്തന കൃതിക്കാണ് പുരസ്കാരമെങ്കിൽ 10 ലക്ഷം രൂപ വിവർത്തകർക്ക് ലഭിക്കും. അന്തിമ പട്ടികയിൽ എത്തിയ നോവലുകൾക്ക് ഓരോ ലക്ഷം രൂപ വീതവും വിവർത്തകർക്ക് അര ലക്ഷം രൂപ വീതവും സമ്മാനമുണ്ട്. കവിയും വിവര്‍ത്തകനുമായ ജെറി പിന്റോ ചെയര്‍മാനായ ജൂറിയിൽ, ചലച്ചിത്രകാരന്‍ ഷൗനക് സെന്‍, വിവര്‍ത്തകനായ ത്രിദിപ് സുഹൃദ്, കലാചരിത്രകാരിയും ക്യുറേറ്ററുമായ ദീപ്തി ശശിധരന്‍, ചിത്രകാരന്‍ അക്വി താമി എന്നിവരാണ് അംഗങ്ങള്‍.

2023 -ലെ ജെസിബി സാഹിത്യ പുരസ്‌കാരം പെരുമാള്‍ മുരുകനായിരുന്നു. ഖാലിദ് ജാവേദിന്റെ ദി പാരഡൈസ് ഓഫ് ഫുഡ് (ഉറുദുവില്‍ നിന്ന് വിവര്‍ത്തനം ചെയ്തത് ബാരന്‍ ഫാറൂഖി) എന്ന കൃതിക്കായിരുന്നു 2022-ലെ പുരസ്കാരം.  2021 ലെ ജെ.സി.ബി സാഹിത്യ പുരസ്‌കാരം എം മുകുന്ദന്റെ ദൽഹിഗാഥകളുടെ ഇംഗ്ലീഷ് പരിഭാഷയായ ‘Delhi: A Soliloquy’ -ആയിരുന്നു. ഫാത്തിമ ഇ.വി, നന്ദകുമാർ കെ എന്നിവർ ചേർന്നാണ് പുസ്തകം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്. അവസാന പട്ടികയിൽ വി ജെ ജയിംസിന്റെ ആന്റി ക്ലോക്കും ഇടം പിടിച്ചിരുന്നു.  എസ്.ഹരീഷിന്റെ പ്രശസ്ത നോവൽ മീശയുടെ ഇംഗ്ലീഷ് വിവർത്തനമായ Moustache-നാണ് 2020-ലെ പുരസ്‌ക്കാരം ലഭിച്ചത്. നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ജയശ്രീ കളത്തിലാണ് നിർവ്വഹിച്ചിരിക്കുന്നത്. 2018-ലെ പ്രഥമ ജെ.സി.ബി സാഹിത്യ പുരസ്‌കാരം മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരൻ ബെന്യാമിന്റെ Jasmine Days എന്ന കൃതിക്കായിരുന്നു. ബെന്യാമിന്റെ മുല്ലപ്പൂനിറമുള്ള പകലുകൾ എന്ന മലയാളനോവൽ ജാസ്മിൻ ഡെയ്‌സ് എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ഷഹനാസ് ഹബീബായിരുന്നു.

ഇന്ത്യയിൽ സാഹിത്യരചനകൾക്ക് ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന ജെ.സി.ബി സാഹിത്യ പുരസ്‌കാരം ജെ.സി.ബി ലിറ്ററേച്ചർ ഫൗണ്ടേഷനാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൂർണ്ണമായും ഇന്ത്യൻ എഴുത്തുകാരെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2018 മുതലാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ഇന്ത്യാക്കാർ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യൻ ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.

Leave A Reply