സി.വി.രാമന്റെ ചരമവാർഷികദിനം
ഭാരതീയ ശാസ്ത്ര പെരുമയുടെ കിരണങ്ങള്‍ ലോകമെമ്പാടും പരത്തിയ മഹാനായ ശാസ്ത്രജ്ഞനായിരുന്നു സര്. സി.വി.രാമന്. വളരെ ചിലവുകുറഞ്ഞ ഉപകരണങ്ങള്‍ കൊണ്ടും മഹത്തായ ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ നടത്താമെന്ന് സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരെ പഠിപ്പിച്ച ഈ ശാസ്ത്രന്വേഷിയാണ് ഏഷ്യയിലേക്ക് ആദ്യമായി ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം കൊണ്ടുവന്നത്.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ തിരുവണൈകാവല്‍ ഗ്രാമത്തില്‍ 1888 നവംബര്‍ ഏഴിന് ചന്ദ്രശേഖരയ്യരുടെയും പാര്‍വ്വതി അമ്മാളിന്റെയും മകനായി ജനിച്ചു. അക്കാദമിക പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ ജനിച്ചത് രാമനില്‍ ബാല്യത്തിലെ ശാസ്ത്രാഭിരുചി വളരാന്‍ സഹായകമായി. ചന്ദ്രശേഖര വെങ്കിട്ട രാമന് എന്നാണ് സി. വി. രാമന്റെ മുഴുവന്‍ പേര്. രാമന് ബാല്യത്തിലെ അസാധാരണ കഴിവുകള്‍ പ്രകടപ്പിച്ചിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു.
പാഠപുസ്തകങ്ങള്‍ക്കപ്പുറത്തുള്ള അറിവിനായി പുറമേ ലഭിക്കുന്ന പുസ്തകങ്ങളുമായി ബാല്യത്തില്‍ തന്നെ കൂട്ടുകൂടി. തുടര്‍ന്ന് ബിരുദ പഠനത്തിനായി മദ്രാസ് സര്‍വ്വകലാശാലയുടെ കീഴിലുള്ള പ്രശസ്ത കലാലയമായ പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്നു. 1904ല്‍ ബി. എ റാങ്കോടുകൂടി വിജയിക്കുമ്പോള്‍ വളരെ കുറഞ്ഞ പ്രായത്തില്‍ ബിരുദധാരിയാകുന്നുവെന്ന ബഹുമതിയും നേടി 1907ല്‍ എം. എയും പ്രസിഡന്‍സി കോളേജില്‍ നിന്നു തന്നെ പ്രശസ്തമായ നിലയില്‍ പാസായി. ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ അന്താരാഷ്ട്രശാസ്ത്ര ജേണലില്‍ പ്രബന്ധം പ്രസിദ്ധപ്പെടുത്തി വിസ്മയം സൃഷ്ടിച്ചു. 1928 ഫെബ്രുവരി 28 നാണ് ‘രാമന് ഇഫക്ട്’ എന്ന ശാസ്ത്രപ്രതിഭാസം ലോകത്തെ അറിയിച്ചു. മാര്‍ച്ച് മാസം പുറത്തിറങ്ങിയ നേച്ചര്‍ മാസികയില്‍ സി.വി.രാമനും ശിഷ്യനായ കെ.എസ്. കൃഷ്ണനും കൂടി എഴുതിയ വിശദമായ ലേഖനവും പുറത്തുവന്നു.
രാമന് പ്രഭാവം കണ്ടുപിടിച്ചതിന്റെ ഓര്‍മ്മയ്ക്കായി എല്ലാവര്‍ഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ഭാരതത്തില്‍ ആചരിക്കുന്നു. 1970 നവംബര്‍ 21-ന് തന്റെ 82-ാം വയസില്‍ സി.വി. രാമന് അന്തരിച്ചു. ഭൗതികശരീരം രാമന് ഇന്‍സ്റ്റിറ്റ്യൂട്ട് വളപ്പിലെ ഉദ്യാനത്തില്‍ തന്നെ സംസ്കരിച്ചു.