DCBOOKS
Malayalam News Literature Website

ഒന്നിനൊന്ന് മികച്ച ഏഴ് ചെറുകഥകള്‍…

എൻ.എസ്. മാധവന്റെ ഭീമച്ചൻ എന്ന ചെറുകഥ സമാഹാരത്തിന് അബ്ദുൽ നജീബ് ടി ചാപ്പനങ്ങാടി എഴുതിയ വായനാനുഭവം

ഓഗസ്റ്റ് 29 ന് കോഴിക്കോട് നഗരത്തിൽ ഡി സി ബുക്സിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഡി സി ബുക്‌സും KLF ഉം ചേർന്ന് കോഴിക്കോട് സാഹിത്യനാഗരിക്ക്‌ അക്ഷരസമർപ്പണവും ഇരുപത്തി ആറാമത് ഡിസി കിഴക്കേമുറി സ്മാരകപ്രഭാഷണവും നടന്നു. അതിൽ പങ്കെടുത്തപ്പോൾ സമ്മാനമായി ലഭിച്ച പുസ്തകങ്ങളിൽ ഒന്ന് ഏറെ ഇഷ്ടപ്പെടുന്ന മുതിർന്ന സാഹിത്യകാരൻ എൻ.എസ്. മാധവന്റെ അന്ന് പ്രകാശനം ചെയ്ത ഏറ്റവും പുതിയ ഭീമച്ചൻ എന്ന ചെറുകഥ സമാഹാരമായിരുന്നു.

ഗൗരവമായി വായനയെ സമീപിച്ചു തുടങ്ങിയ അന്നുമുതലേ ഇഷ്ടപ്പെട്ട് തുടങ്ങിയ വായനയിൽ ലത്തൺബത്തേരിയിലെ ലുത്തിനികൾ, ചൂളൈമേടിലെ ശവങ്ങൾ, ഹിഗ്വിറ്റ,  തിരുത്ത്, മുംബെ തുടങ്ങിയ അദ്ദേഹത്തിന്റെ കഥകൾ വായിച്ചവർക്ക് വായിക്കാതെ മാറ്റിവെച്ച മറ്റനേകം പുസ്തകങ്ങൾ ഉണ്ടെങ്കിലും കയ്യിൽ എത്തിയപ്പോൾ വായിക്കാതിരിക്കാനാകുമോ?.

Text “തിരുത്ത്” എന്ന കഥ ഒരിക്കൽ വായിച്ചവർക്ക് മറക്കാനാവാത്തതാണ്. അത്തരം കഥകൾക്കൊപ്പം ചേർത്തു വയ്ക്കാവുന്ന കഥയാണ് 2020 ൽ എഴുതിയ പാല് പിരിയുന്ന കാലം. അന്ന് വല്ലപ്പോഴും മാത്രം കേട്ടിരുന്ന ഇപ്പോൾ ദിനേന എന്നോണം നടക്കുന്ന ആൾക്കൂട്ട കൊലപാതകത്തിന്റെ മാനസിക വശവും നിസ്സാരക്കാരണവും ഒരു കാരണവും ഇല്ലാത്തതും എത്ര മനോഹരമായാണ് എൻ എസ് മാധവൻ ഈ കഥയിൽ അവതരിപ്പിച്ചിട്ടുള്ളത് ചെന്നൈ ഡൽഹി യാത്രക്കിടയിൽ.അസുഖബാധിതനായി തുടർസികിത്സക്ക് പോകുന്ന സാബു എന്ന മലയാളി സഹയാത്രികയായ ചെറുപ്പക്കാരിയുടെ ലോവർ ബർത്ത് കൈമാറാനുള്ള അപേക്ഷ ആരോഗ്യകരമായ കാരണത്താൽ തനിക്ക് അതിനാവില്ല എന്നും ഈ ലോവർ ബർത്ത് കിട്ടിയില്ല എങ്കിൽ ഞാൻ യാത്ര പോലും മാറ്റിവയ്ക്കു മായിരുന്നു എന്ന് വ്യക്തമാക്കിയിട്ട് പോലും പ്രതികാര ബുദ്ധിയോടെ എത്ര വിദഗ്ധമായാണ് അയാളോട് പ്രതികാരം ചെയ്യുന്നത് എന്നത് ഇന്നത്തെ ഉത്തരേന്ത്യൻ സാഹചര്യങ്ങളെയും നിലവിലുള്ള രാഷ്ട്രീയത്തെക്കുറിച്ചും അറിയുന്നവർക്ക് ഒട്ടും അതിശയോക്തി ഉണ്ടാവില്ല.

എത്ര മനോഹരമായാണ് ഇദ്ദേഹം കഥകൾ മനസ്സിന്റെ ഉൾപ്പിരിവുകളിലൂടെ സൃഷ്ടിക്കുന്നത്. സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ മാഷിന്റെ നസീറിന് എന്ന രണ്ടു വരി കവിതയോടെയാണ് പുസ്തകം ആരംഭിക്കുന്നത്.

മഞ്ഞപ്പതിറ്റടി, കാക്കശ്ശേരി, ബൻജി ജംപിങ്, ആരോഗ്യത്തിലും അനാരോഗ്യത്തിലും, പാല് പിരിയുന്ന കാലം, യയാതി, ഭീമച്ചൻ എന്ന പുസ്തകത്തിന്റെ ടൈറ്റിലിന് എടുത്ത കഥക്കപ്പുറം നോവലേറ്റ് എന്ന് തന്നെ പറയാവുന്ന ഒരു നീണ്ട കഥയും ഉൾപ്പെടെ ഏറെ ചർച്ച ചെയ്യപ്പെട്ട  ഏഴ് കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

ഓരോരോ അക്ഷരങ്ങൾക്കും വിലയിട്ടിരുന്ന പഴയ പോസ്റ്റർ എഴുത്തുകാരനെ ആധുനിക സാങ്കേതികകാലത്ത് പുതിയ രീതിയിലൂടെ അക്ഷരക്കൂട്ടിലേക്ക് പൊതു തലമുറയുടെ സഹായത്തോടെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്ന മഞ്ഞപ്പതിറ്റടി എന്ന കഥയാണ് ഒന്നാമത്. അഞ്ചു വ്യത്യസ്ത രീതിയിൽ ചുമരെഴുത്ത് നടത്തിയിരുന്ന ദേവൻ എന്ന ആർട്ടിസ്റ്റ് കഥയിൽ ഒരിടത്ത് ഇപ്പോൾ ആരും വരയ്ക്കാൻ ശ്രമിക്കാറില്ല സ്റ്റൈൽ സീലുകൾ കിട്ടും അതിനുമേൽ ചായമടിച്ചു മാറ്റിയാൽ ചിത്രമായി എന്ന് പറയുന്നുണ്ട്. ഓരോരോ അക്ഷരങ്ങൾക്ക് പ്രതിഫലം വാങ്ങിയിരുന്ന ദേവൻ നിങ്ങളുടെ മാർകെസിന് പോലും അത്രയും തുക കിട്ടിക്കാണില്ല എന്ന് പുതുതലമുറയിലെ ചെറുപ്പക്കാരോട് പറഞ്ഞ് ചിരിക്കുന്നു.

സിപിഎമ്മിന്റെ മലപ്പുറം പാർട്ടി കോൺഗ്രസും കേരളത്തിലെ ഇന്നത്തെ പാർട്ടിയുടെ ചരിത്രവും “തലൈകൂതൽ” എന്ന തമിഴ് നാട്ടിലെ പഴയകാല ആചാരവും എല്ലാം കൂട്ടി വായിക്കുമ്പോൾ രാഷ്ട്രീയ ജ്ഞാനമുള്ളവർക്ക് പലതും വ്യക്തമായി തെളിഞ്ഞുവരും.

ആധുനികതയും പഴമയും ചരിത്രവും വർത്തമാനവും എല്ലാം ഉൾക്കൊള്ളുന്നതാണ് കാക്കശ്ശേരി സാമൂതിരിമാരുടെ കാലത്ത് പതിവായി വേദശാസ്ത്രാദികളിലേ നൂറ്റേട്ടു വിഷയങ്ങളിൽ നടക്കുന്ന തർക്കങ്ങളിൽ പ്രാദേശിക പണ്ഡിതന്മാരെ പരാജയപ്പെടുത്തി ആന്ധ്രയിൽ നിന്ന് വന്ന ഒരു പണ്ഡിതൻ എല്ലാ പണകിഴികളും സ്വന്തമാക്കാൻ തുടങ്ങിയിപ്പോൾ എല്ലാ വരും ചേർന്ന് കണ്ടെത്തിയ പ്രതിവിധിയും ആന്ധ്ര പണ്ഡിതന്റെ പുച്ഛവും അതിന്റെ മറികടന്ന കാക്കശ്ശേരി ഇല്ലത്തെ കുട്ടിയും എല്ലാം കൗതുകമുണർത്തുന്ന വായനാനുഭവമാണ്.

ബൻജി ജംപിങ്‌ മനോഹരമായ ശക്തമായ സ്ത്രീകഥാപാത്രമുള്ള സ്ത്രീപക്ഷ കഥയാണ് നല്ല വായനാനുഭവവും നൽകുന്നു. അവസാനം എല്ലാ അഹങ്കാരവും ആ ഒരു താക്കോൽ കൈമാറ്റത്തിലൂടെ കഥാകൃത്ത് ഭംഗിയായി അവതരിപ്പിക്കുന്നു.

ശക്തമായ സ്ത്രീകഥാപാത്രത്തോടൊപ്പം അവസാനം എല്ലാത്തിനെയും മറികടന്ന് ഇനി മുതൽ രാത്രി നിനക്ക് വിരുന്നുകാരി ഉണ്ടാവില്ല എന്ന് സ്വയം തീരുമാനിച്ചുറപ്പിച്ച് പറയുന്ന നായികയുള്ള ‘ആരോഗ്യത്തിലും അനാരോഗ്യത്തിലും’ എന്ന കഥയും കുടുംബബന്ധങ്ങളുടെയും മനുഷ്യശരീരത്തിന്റെ ആവശ്യങ്ങളെയും ഭംഗിയായി അവതരിപ്പിക്കുന്നു. എനിക്ക് ഒരു ശരീരവുമുണ്ട് അത് മാസ മാസം ഒലിച്ചൊലിച്ച് ഞാൻ വയസ്സിയാകുന്നു എന്നൊരു പ്രയോഗവും.

യയാതി എന്ന കഥയും ഈ സോഷ്യൽ മീഡിയ കാലത്ത് വളരേ പ്രസക്തി ഉള്ളതാണ്. തമ്മിൽ അറിയാതെയും കാണാതെയും ദൂരസ്ഥലങ്ങളിൽ നിന്ന് പരസ്പരം മനസ്സുകൊണ്ട് അടുക്കുന്ന ചാറ്റും സന്ദേശങ്ങളും ഫോട്ടോസും കൊണ്ട് പരസ്പരം അടുക്കുന്നവർ അതിന്റെ മോശം പര്യാവസാനം പുതുതലമുറ വായിച്ചിരിക്കേണ്ട കഥ.

പുസ്തകത്തിന്റെ ടൈറ്റിലിൽ വ്യക്തമായ സൂചന ഉണ്ടായിട്ടും എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത ഭീമച്ചൻ എന്ന് നീണ്ട കഥയും നമ്മെ വായനയിലൂടെ രസിപ്പിക്കും.കഥയുടെ അവസാനം എല്ലാ പ്രമുഖരും പരാജയപ്പെടുന്നിടത്ത് വിജയിക്കുന്നത് ആരെന്നറിയുമ്പോൾ ഉള്ള ഞെട്ടലും നമ്മെ ആനന്ദിപ്പിക്കും. കഥകൾ എല്ലാം ഒന്നിനൊന്ന് മികച്ചവ തന്നെയാണ്. കാലങ്ങളായുള്ള തന്റെ സ്ഥാനം അദ്ദേഹം ഇപ്പോഴും മലയാള കഥാലോകത്ത് നിലനിർത്തുന്നത് തന്നെ അതിനുള്ള തെളിവാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Leave A Reply