DCBOOKS
Malayalam News Literature Website

ജനാധിപത്യത്തിന്റെ സങ്കടങ്ങള്‍

നവംബർ ലക്കം പച്ചക്കുതിരയില്‍

ഡോ.ടി.കെ. ജാബിര്‍

എങ്ങനെ നോക്കിയാലും വളരെയധികം പ്രതിസന്ധിയിലൂടെയാണ് ജനാധിപത്യം വളര്‍ന്നത്. ജനാധിപത്യം വലിയൊരു സല്‍സ്വഭാവംകൂടിയാണ്. അതായത് മനുഷ്യന് ജനാധിപത്യവിശ്വാസിയാകുവാനും- വാദിയാകുവാനും പ്രയാസമാണ്. കാരണം അതില്‍ സ്വാര്‍ത്ഥതയുടെ സ്ഥാനം കുറവായിരിക്കും. ജനങ്ങള്‍ കൂടുതല്‍ സ്വാര്‍ത്ഥമതികള്‍ ആയാല്‍ ജനാധിപത്യം നഷ്ടപ്പെടും.

ജനാധിപത്യം വളരെ സുന്ദരമായൊരു സങ്കല്പമാണ്. ഇന്നത്തെ ലോകരാഷ്ട്രീയനേതാക്കള്‍ എല്ലാം തങ്ങളുടെ രാഷ്ട്രം ഒരു ജനാധിപത്യമാണെന്ന് അവകാശപ്പെടുന്നു.ജനാധിപത്യമെന്നത് അഭിമാനാര്‍ഹമായ ഒരു പദ്ധതിയാണെന്ന് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. എന്നാല്‍ അതിനെ തകര്‍ക്കുന്ന കര്‍മ്മമണ്ഡലമാണ് അവരില്‍ പലരും തിരഞ്ഞെടുത്തിരിക്കുന്നത് എന്നത് ഒരു വലിയ വിരോധാഭാസമായി കാണാം. “സുരക്ഷ’യെന്ന ഒരൊറ്റ സങ്കേതത്തിലൂടെ ജനാധിപത്യത്തെ വരുതിയില്‍ അടിച്ചമര്‍ത്താം എന്ന് അവര്‍ക്കറിയാം. ജനാധിപത്യത്തിന്റെ ഒരു പ്രധാനപ്പെട്ട ഘടകമാണ് സാമൂഹ്യനീതി (social justice) അല്ലെങ്കില്‍ സമത്വം (equality). അതിനുവേണ്ടി ചിലപ്പോള്‍ ചില സമുദായങ്ങള്‍ക്ക് സംവരണം നല്‍കേണ്ടിവരും. ഇന്ത്യയില്‍ സംവരണത്തെ ആദ്യം മുതല്‍ എതിര്‍ത്തുപോന്നിരുന്ന കക്ഷി- ബിജെപി, ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നു. സംവരണം എടുത്തുമാറ്റുമെന്നുള്ള Pachakuthira Digital Editionഅവരുടെ നയം ഇപ്പോള്‍ പക്ഷേ, തിരുത്തേണ്ടിവന്നിട്ടുണ്ട്. ജാതി സെന്‍സസ് എന്ന ജനാധിപത്യവല്‍ക്കരണ പദ്ധതിയെ അവർ ശക്തമായി എതിര്‍ത്തിരുന്നു, ഇപ്പോള്‍ അതിനും അനുമതി മനസ്സില്ലാമനസ്സോടെയെങ്കിലും നല്‍കിയിരിക്കുന്നു. അത് ജനാധിപത്യത്തിന്റെ വിജയമാണ്.

വരണത്തിന് എതിരേ സദാ നിലകൊണ്ടിരുന്ന പാര്‍ട്ടിയും ബി.ജെ.പിതന്നെയാണ്. കോണ്‍ഗ്രസ് അതിന്റെ മതേതര-സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍ അപൂര്‍വ്വമായി എപ്പോഴൊക്കെ പ്രഖ്യാപിച്ചിട്ടുണ്ടോ, അതില്‍ “മുസ്‌ലിം’ എന്ന് വന്നിട്ടുണ്ടോ, അപ്പോഴെല്ലാം “മുസ്‌ലിം വോട്ട് ബാങ്ക്’, “മുസ്‌ലിം പ്രീണനം’ തുടങ്ങി നിരവധി ദുഷ്പേരുകള്‍കൊണ്ട് ആക്രമിച്ച് അവയെല്ലാം താളം തെറ്റിച്ചുകളഞ്ഞിട്ടുണ്ട്. പക്ഷേ, 2024 പാര്‍ലമെന്റ് ഇലക്‌ഷന്‍ കഴിഞ്ഞപ്പോള്‍ ബിജെപി ആ വാദത്തില്‍ നിശ്ശബ്ദത പാലിച്ചത് അതീവ പ്രാധാന്യമുണ്ട് ജനാധിപത്യത്തില്‍. സംഭവം ഇതാണ്. ആന്ധ്രയിലെ ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡുവിന്റെ മകനും മന്ത്രിയുമായ നാരാ ലോകേഷ് പരസ്യമായി നിലപാട് എടുത്തത് ഇങ്ങനെ. മുസ്‌ലിം സംവരണം ആന്ധ്രയില്‍ തുടരും; “അത് അവരെ പ്രീണിപ്പിച്ച് വോട്ട് നേടി ജയിക്കുവാന്‍ അല്ല. മറിച്ച്, ദാരിദ്ര്യത്തില്‍ ജീവിക്കുന്ന അവരെ അത് മറികടന്ന് സാമൂഹ്യ നീതിയുടെ ഭാഗമാക്കുക’ എന്നുള്ളതിനുവേണ്ടിയാണ്. ടി.ഡി.പി ഇപ്പോള്‍ ബിജെപിയുടെ ഘടക കക്ഷിയാണ്. അവരെ ആശ്രയിക്കേണ്ടത് കേന്ദ്രഭരണ സ്ഥിരതയ്ക്ക് അനിവാര്യമാണ്, അതിനാല്‍ രാഷ്ട്രീയ ദുഷ്പ്രചാരണങ്ങള്‍ കൊണ്ട് ടി.ഡി.പി യെ ആക്രമിക്കാന്‍ കഴിയാതെപോയി. അതിന് വഴങ്ങേണ്ടിവന്നിരിക്കുന്നു. ഇങ്ങനെയാണ് ജനാധിപത്യത്തിന്റെ വിജയം അളന്നു നോക്കാനാവുന്നത്. കേവലം ഒരു പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിക്ക് ഒരു ദേശീയ പാര്‍ട്ടിയുടെ കുടിലരാഷ്ട്രീയ പദ്ധതിയെ തിരുത്തിയെടുക്കുവാന്‍ സാധിച്ചു. ഇതാണ് ബഹുസ്വരതയുടെ വിജയം.

“എന്താണ് ജനാധിപത്യം’ എന്നത് സദാ സംവദിക്കപ്പെടേണ്ട ഒരു ആദര്‍ശമാണ്. നിരന്തരം അതിനെ പുനഃപരിശോധന നടത്തേണ്ടതുണ്ട്. ഒരു വ്യക്തിക്ക്, സ്വാതന്ത്ര്യം, തുല്യത, നീതി, അവകാശങ്ങള്‍, എന്നിവ വിശാലമായി ഉണ്ടായിരിക്കുക എന്നതുപോലെ തന്നെ, അവയെല്ലാം തന്നെപ്പോലെ മറ്റുള്ളവര്‍ക്കെല്ലാം ഉണ്ടെന്ന് സമ്മതിക്കുകയും അതിന് അവസരം നല്‍കുവാനുള്ള മനോഭാവവുമാണ് ജനാധിപത്യം. ഇതാണ് ജനാധിപത്യത്തിന്റെ ആദ്യ നിര്‍വചനം. അതിനു ശേഷമാണ് അത് തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലെ ഭൂരിപക്ഷം കിട്ടുന്നവര്‍ക്കു ഭരണം ലഭിക്കുന്ന വ്യവസ്ഥ (democratic politics ) എന്ന തലത്തിലേക്കു വരുന്നത്.

പൂര്‍ണ്ണരൂപം 2024 നവംബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്‌

Leave A Reply