‘മലയാളി പുരുഷന്മാര് മമ്മൂട്ടിയെപ്പോലെ’: ലിജീഷ് കുമാര്‍
ഷാര്‍ജ: മമ്മൂട്ടി പ്രേമം പറയുന്നത് പോലെ പറയുന്ന, മമ്മൂട്ടി കരയുന്നത് പോലെ കരയുന്ന, മമ്മൂട്ടി നൃത്തം ചെയ്യുന്നത് പോലെ നൃത്തം ചെയ്യുന്ന ഒരാളാണ് മലയാളി പുരുഷനെന്ന് എഴുത്തുകാരന് ലിജീഷ് കുമാര്‍. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയെക്കുറിച്ച് എപ്പോഴും പറയുന്ന പരാതി അദ്ദേഹത്തിന് നൃത്തം ചെയ്യാന്‍ അറിയില്ല എന്നാണ്. അഭിനയത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന മമ്മൂട്ടിക്ക് നൃത്തം വഴങ്ങില്ലെന്ന് താന്‍ വിശ്വസിക്കുന്നില്ല. മലയാളി മധ്യവര്‍ഗ പുരുഷ ജീവിതത്തിന്റെ നൃത്തം എങ്ങനെയെന്ന് പഠിച്ച് അതിനെ സിനിമയില്‍ ആവിഷ്കരിക്കാനാണ് മമ്മൂട്ടി ശ്രമിച്ചത് എന്നാണ് തന്റെ വിലയിരുത്തലെന്നും ലിജീഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ മോഹന്‍ലാല്‍ അങ്ങനെയല്ല.’ഐ ലവ് യു’ എന്നലറിവിളിച്ച് മോഹന്‍ലാല്‍ ഓടുന്ന ഓട്ടം നമുക്ക് ജീവിതത്തില്‍ ഓടാന്‍ കഴിയില്ലെന്നും ലിജീഷ് വ്യക്തമാക്കി. ലാലിനെ പോലെ പ്രേമം പറയാന്‍ കഴിയാത്ത, ലാലിനെ പോലെ നൃത്തം ചെയ്യാന്‍ അറിയാത്ത ജീവിതമുള്ളവര്‍ ലാലിനെ സ്വപ്നം കണ്ടിരുന്നു. മമ്മൂട്ടി നാം ജീവിക്കുന്ന ജീവിതവും മോഹന്‍ലാല്‍ നാം ജീവിക്കാന്‍ ആഗ്രഹിക്കുന്ന ജീവിതവുമാണെന്ന് ലിജീഷ് കുമാര്‍ വിലയിരുത്തുന്നു.
നടി പാര്‍വതി തിരുവോത്ത് കസബ എന്ന സിനിമക്കെതിരെ നടത്തിയ വിമര്‍ശനത്തോട് വിയോജിക്കുന്നുവെന്ന് ലിജീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. കസബ എന്ന സിനിമയിലെ പോലീസ് ഓഫീസര്‍ വഷളനായ ഒരു ഉദ്യോഗസ്ഥനാണ്. ആ കഥാപാത്രത്തെ വഷളത്തരത്തിന്റെ പാരമ്യത്തില്‍ ചെയ്യുക എന്നതാണ് മമ്മൂട്ടിക്ക് ചെയ്യാനുണ്ടായിരുന്നത്. എപ്പോഴും രാഷ്ട്രീയ ശരികളില്‍ മാത്രം ഊന്നി നില്ക്കുന്ന കഥാപാത്രങ്ങളുമായി നമുക്ക് മുന്നോട്ട് പോകാനാവില്ല. പാര്‍വതി ഈ വിമര്‍ശനം ഉന്നയിക്കുന്ന സമയത്ത് തന്നെ പൃഥ്വിരാജ്, പാര്‍വതി എന്നിവര്‍ അഭിനയിച്ച ‘മൈ സ്റ്റോറി’ എന്ന സിനിമ പുറത്ത് വന്നിരുന്നു. ആ സിനിമയില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ജെയ് എന്ന കഥാപാത്രത്തിന്റെ ഒപ്പം ഒരു പെണ്‍കുട്ടിയെ കണ്ടപ്പോള്‍ പാര്‍വതിയുടെ നായികാ കഥാപത്രം ‘ഇതിനെ എത്ര യുറോക്ക് റോഡരികില്‍ നിന്ന് കിട്ടിയതാണെന്ന്’ ചോദിക്കുന്നുണ്ട്. ഇത് രാഷ്ട്രീയമായി ശരിയായ ചോദ്യമല്ല. ഒരു പെണ്‍കുട്ടിയെക്കുറിച്ച് ഇതിലും മോശമായ ഒരു ചോദ്യം ഉന്നയിക്കാനാവില്ല. ആ ചോദ്യം ചോദിക്കുന്ന നായികയാണ് മറ്റൊരു സിനിമയെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നത്. പുരുഷന്മാര് സംസാരിക്കുന്ന ഭാഷ മാത്രമല്ല നവീകരിക്കേണ്ടത്. ഭാഷ നവീകരിക്കപ്പെടുക എന്നതിന് നാം അടിമുടി നവീകരിക്കുക എന്നതാണര്ത്ഥമെന്നും ലിജീഷ് കുമാര്‍ പറഞ്ഞു. നാം നായക പരിവേഷം കല്പ്പിച്ചുകൊടുത്തവര് പീഡിപ്പിച്ച, മുറിവേല്‍പ്പിച്ച ഒരുപാട് പെണ്‍കുട്ടികളുടെ ലോകമാണിതെന്ന് ലിജീഷ് പറഞ്ഞു. പുരുഷന്മാര്ക്ക് വേണ്ടി നിര്‍മിക്കപ്പെട്ട ലോകമാണിതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പുതിയ പുസ്തകത്തിന് ‘കഞ്ചാവ്’ എന്ന പേര് നല്‍കാനിടയായ സാഹചര്യം ലിജീഷ് കുമാര്‍ വിശദീകരിച്ചു. കുട്ടിക്കാലം മുതല്‍ തന്നെ ലഹരിയുടെ പേര് കഞ്ചാവ് എന്നാണ്. ആധുനിക കാലത്ത് നിരവധി പുതുലഹരികള്‍ വന്നെങ്കിലും ലഹരിയുടെ പാരമ്യത്തിന്റെ പേരായി ‘കഞ്ചാവ്’ നിലകൊണ്ടു. ഒരു ചെടി എന്ന നിലയില്‍ കഞ്ചാവ് ദുര്‍ബലമാണ്. എന്നാല്‍ ദുര്‍ബലമായ ഒരു ചെടിയെക്കുറിച്ച് പറയാനല്ല, ചേര്‍ത്തുപിടിക്കാന്‍ സാധിക്കാത്ത അത്ര തടിയുള്ള ഒരു മഹാവൃക്ഷത്തെക്കുറിച്ച് പറയാനാണ് ‘കഞ്ചാവ്’ എന്ന പുസ്തകത്തിലൂടെ ശ്രമിച്ചിട്ടുള്ളതെന്ന് ലിജീഷ് കുമാര്‍ വ്യക്തമാക്കി.
കഴിഞ്ഞ 20 വര്‍ഷമായി അധ്യാപകന് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു. കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് പെണ്‍കുട്ടികള്‍ക്കിടയില്‍ ഉണ്ടായ മാറ്റം അവര്‍ അനുഭവിച്ച ഉപദ്രവങ്ങളെക്കുറിച്ച് ഉച്ചത്തില്‍ പറയാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ്.
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് ബഹിഷ്കരണ ആഹ്വാനങ്ങളാണ് എന്ന് ലിജീഷ് പറഞ്ഞു. എല്ലാത്തിനെയും അംഗീകരിക്കുന്ന ഒരു പൊതു ഇടം രൂപം കൊള്ളുന്നുവെന്നതിന് നാം രാഷ്ട്രീയമായ ശരികളിലേക്ക് എത്തുന്നു എന്ന അര്‍ത്ഥത്തില്‍ വലിയ ആഴമുണ്ട്. എന്നാല്‍ സാഹിത്യം അതില്‍ ഊന്നിയല്ല മുന്നോട്ട് പോകേണ്ടത്. സാഹിത്യത്തിന് എല്ലാ മനുഷ്യരെയും അഭിമുഖീകരിക്കാനുള്ള ശേഷിയുണ്ടാവണം എന്ന് അദ്ദേഹം പറഞ്ഞു.
മലയാളിക്ക് രതി എന്നത് ആദ്യാവസാനം പ്രത്യുത്പാദനത്തിനുള്ള ഒന്നാണെന്ന ബോധത്തെ ഉറപ്പിക്കുന്ന തലച്ചോറാണ് കുട്ടിക്കാലം മുതല്‍ ഉള്ളത്. അതുകൊണ്ടുതന്നെ വിവാഹം, മാതൃത്വം എന്നീ വാര്‍പ്പുമാതൃകകളുടെ പാലത്തിലൂടെയാണ് നമ്മുടെ സഞ്ചാരം. സ്ത്രീകള്‍ ആര്‍ജിക്കുന്ന പുതിയ രാഷ്ട്രീയ ബോധത്തില്‍ വിവാഹം, മാതൃത്വം എന്നിവയെ പുനര്‍നിര്‍വചിക്കേണ്ടതുണ്ടെന്ന് ലിജീഷ് പറയുന്നു.
ലോകം അടിമുടി മാറിയതിന് ശേഷം കുറേക്കൂടി സമൃദ്ധമായി ജീവിച്ചുകളയാം എന്ന് വിചാരിക്കാവുന്ന ആയുസ്സൊന്നും മനുഷ്യനില്ല എന്ന് ലിജീഷ് കണ്ടെത്തുന്നു. തന്റെ ചുറ്റും സമൃദ്ധമായി ജീവിക്കാവുന്ന ഒരു സുന്ദരലോകം സൃഷ്ടിച്ച് അതില്‍ ആനന്ദ ലഹരിയില്‍ ജീവിച്ച് മരിക്കാനാണ് മനുഷ്യര്‍ ശ്രമിക്കേണ്ടതെന്ന് കഞ്ചാവിന്റെ എഴുത്തുകാരന് പറഞ്ഞു. അദ്ധ്യാപികയും എഴുത്തുകാരിയുമായ ഗീതാഞ്ജലി മോഡറേറ്ററായിരുന്നു.