DCBOOKS
Malayalam News Literature Website

‘മെരിലിന്‍ ശേഷിപ്പ്’ സി വി ബാലകൃഷ്ണന്‍ എഴുതിയ കഥ

നവംബർ ലക്കം പച്ചക്കുതിരയിൽ

വര: സലിം റഹ്മാന്‍

നമ്മള്‍ കണ്ടത് മെരിലിനെയാണ്.
എനിക്കുറപ്പുണ്ട്.
പക്ഷേ, മെരിലിന്‍ മരിച്ചിട്ട്
അനേകം വര്‍ഷങ്ങളായി.

One of the best things that ever happened to me is that I am a women. – Marilyn Mouroe പോർച്ചുഗീസ് പാരമ്പര്യം പുലർ ത്തുന്ന ഒരു ഗോവൻ ബാറിലേക്കു ചിത്രകാരനായ ലൂയി മാത്യുവും ഞാനും കയറിച്ചെല്ലുമ്പോൾ വാതിൽ ക്കൽവെച്ച് സ്വർണ്ണത്തലമുടിയുടെ തിളക്കത്തോടെ ഒരുവൾ അതീവഹൃദ്യമായ പരിമളം പരത്തിക്കൊണ്ട് ഞങ്ങളെ കടന്നുപോയി. ഡിസൈനർ വേഷം. പളുപളെ വജ്രാഭരണങ്ങൾ. ദ്രുതഗതിയിലെങ്കിലും താളാത്മകതയോടെ നീങ്ങി വെളിയിൽ കാത്തുനിന്നിരുന്ന ഒരു ആഡംബരവാഹനത്തിൽ കയറി അവൾ പെട്ടെന്നുതന്നെ അപ്രത്യക്ഷയായി. ലൂയിയും ഞാനും ഒരു മാസ്മരികതയറിഞ്ഞുകൊണ്ട് പരസ്പരം നോക്കി. ഞങ്ങൾക്കിടയിൽ നറുമണം തങ്ങിനിന്നു.

ബാർ, പാപ്പ ഹെമിങ്‌വേയുടെ ഒരു കഥയിലേതുപോലെ, വെടിപ്പുറ്റതും പ്രകാശം നിറഞ്ഞതുമായ ഒരു ഇടമായിരുന്നു. ആൾത്തിരക്കില്ല. പനാജിയെ തൊട്ടുതൊട്ട് അടുത്തൂടെ മാണ്ഡോവി നദി ഒഴുകുന്നതുകാണാം. നദിയിൽ പതുക്കെ നീങ്ങുന്ന നൗകകൾ. രജതശോഭയാർന്ന ജലപ്പരപ്പിന്റെ അങ്ങേക്കരയിൽ മരക്കൂട്ടങ്ങളുടെ ഇരുണ്ട പച്ച. മീതേ ഗാഢമല്ലാത്ത നീലിമ.

“നല്ല പരിചയം തോന്നുന്നു. പക്ഷേ, ആരെന്ന് പിടികിട്ടുന്നുമില്ല.” ലൂയി സ്വയമെന്നോണം പറഞ്ഞു.

“ചുമ്മാ തോന്നുന്നതാ. ഗോവ കാണാൻ വിദേശത്തുനിന്നുവന്ന ഏതോ പെണ്ണ്.”

എല്ലാ വിദേശരാഷ്ട്രങ്ങളിൽനിന്നും വിനോദസഞ്ചാരികൾ കൂട്ടമായി വന്നിറങ്ങുന്ന ലക്ഷ്യസ്ഥാനമാണ് ഗോവ. പറുദീസയുടെ ഒരു തുണ്ട്. ഗോവ Pachakuthira Digital Editionവെറും ഒരു സ്ഥലമല്ലെന്നും മനസ്സിന്റെ ഒരവസ്ഥയാണെന്നും വാഴ്ത്ത്.

സ്‌കോച്ച് വിസ്‌കിയുടെ ഒന്നാമത്തെ പെഗ്ഗിനിടയിൽ ലൂയി പെട്ടെന്ന് ഉദീരണം ചെയ്തു. “അതെ, മെരിലിൻ മൺറോതന്നെ.”

ഞാനവനെ മിഴിച്ചുനോക്കി.

“നമ്മൾ കണ്ടത് മെരിലിനെയാണ്. എനിക്കുറപ്പുണ്ട്.”

“പക്ഷേ, മെരിലിൻ മരിച്ചിട്ട് അനേകം വർഷങ്ങളായി.”

“എല്ലാവരും മരിക്കുന്നില്ല.”

ലൂയി തന്റെ വിസ്‌കി ഒറ്റവലിക്ക് തീർത്തു. ഞാൻ ചെയ്തതും അതുതന്നെ. അകമ്പടിയായി വറുത്ത കശുവണ്ടി. അതിന്റെ ചൂടാറിയിരുന്നില്ല. വറചട്ടിയിൽനിന്ന് നേരേ തീൻമേശയിലെത്തിയതാണ്.

“മെരിലിൻ ഉൾപ്പെട്ട ചിത്രങ്ങൾ മിക്കവയും ഞാൻ കണ്ടിട്ടുണ്ട്. ജെന്റിൽമെൻ പ്രിഫർ ബ്ലോൻഡ്‌സ്. നയാഗ്ര. ദ സെവൻ ഇയർ ഇച്ച്.ഹൗ ടു മാരി എ മില്യണയർ. ദ മിസ്ഫിറ്റ്‌സ്.”

ലൂയി അവിടംകൊണ്ട് നിർത്തിയപ്പോൾ എനിക്ക് സന്ദേഹം പ്രകടിപ്പിക്കാതിരിക്കാനായില്ല. ലോകസിനിമ മാറി. പ്രേക്ഷകരുടെ അഭിരുചികൾ അപ്പാടെ മാറി. പുതിയകാലത്തിന്റെ കാഴ്ചശീലങ്ങൾക്ക് നിരക്കുന്നവയാണോ മെരിലിൻ മൺറോയുടെ പഴയ ചിത്രങ്ങൾ. പിന്നീട് എത്രയെത്ര അഭിനേത്രികളുണ്ടായി ഹോളിവുഡ്സിൽ? എത്ര സംവിധായകർ?

“ഉവ്വ്, സമ്മതിക്കുന്നു.’’ ലൂയി ഒരു സിഗററ്റ് കൊളുത്തിക്കൊണ്ട് ശാന്തമായി പറഞ്ഞു.

അടുത്തിടെ പുകവലി ഉപേക്ഷിച്ചതിനാൽ ഞാൻ സിരഗറ്റിനു കൈനീട്ടിയില്ല.

ലൂയി കൗണ്ടറിനരികെ ഒരുവക നിസ്സംഗഭാവത്തിൽ നിലകൊള്ളുന്ന വെയ്റ്റർക്കുനേരേ ആംഗ്യം കാട്ടി. ഡ്രിങ്ക് ആവർത്തിക്കപ്പെട്ടു. ഒപ്പം തവ ഫ്രൈ ചെയ്ത സിൽവർ ഫിഷും ലിപോയും ചെറുമീനുകൾ.

പൂര്‍ണ്ണരൂപം 2024 നവംബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്‌

 സി.വി. ബാലകൃഷ്ണന്റെ  കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

 

Leave A Reply