ലൈംഗികതയും അശ്ലീലവും: കെ. ബാലകൃഷ്ണന്‍
നവംബർ ലക്കം പച്ചക്കുതിരയിൽ
ഒരു നൂറ്റാണ്ടോളം മുമ്പുമുതല്‍ തന്റെ മരണംവരെയുള്ള കാലത്താണ് കേസരി കേരളത്തില്‍ ലൈംഗികവിഷയത്തില്‍ വരുത്തേണ്ട പരിവര്‍ത്തനത്തെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും എഴുതിയത്. എന്നാല്‍ ലൈംഗികത പാപമാണെന്നും സുരതം എന്ന വാക്കുപോലും പരസ്യമായി പറയുന്നത് ലജ്ജാകരമാണെന്നുമെല്ലാമുള്ള കാപട്യവും യാഥാസ്ഥിതികതയും അതുകൊണ്ടുതന്നെ തികഞ്ഞ ലൈംഗിക അസംതൃപ്തിയുടെയും സമ്മര്‍ദ്ദത്തിന്റെയും അതുമായി ബന്ധപ്പെട്ട അതിക്രമങ്ങളുടെയും അത്യാഹിതങ്ങളുടെയും രംഗഭൂമിയായി കേരളം കൂടുതല്‍ക്കൂടുതല്‍ മാറിക്കൊണ്ടിരിക്കുകയാണല്ലോ.
ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെടുന്ന നോവലുകളിലെല്ലാം സെക്‌സിന്റെ അതിപ്രസരമാണല്ലോ’ എന്നത് സുഹൃദ് സംഭാഷണങ്ങളില്‍ ഉയര്‍ന്നുവരുന്ന ഒരു ചോദ്യവും ചര്‍ച്ചയുമാണ്. വിനോയ് തോമസിന്റെ “പുറ്റി’ലും കെ.എന്‍.പ്രശാന്തിന്റെ “പൊന’ത്തിലും പി.വി.ഷാജികുമാറിന്റെ “മരണവംശ’ത്തിലും ആര്‍.രാജശ്രീയുടെ “ആത്രേയക’ത്തിലുമെല്ലാം പച്ചയായ രതിചിത്രണമാണല്ലോ എന്ന കൂട്ടിച്ചേര്‍ക്കലും. പൊനത്തിലും മരണവംശത്തിലും വന്യമായ രതിയുടെ വിവരണങ്ങള്‍ എമ്പാടുമുണ്ട്. ആത്രേയകത്തിലാണെങ്കില്‍ നായകന്റെ ഷണ്ഡത്വത്തോളമെത്തുന്ന തളര്‍ച്ചമാറ്റി ഉത്തേജിപ്പിക്കുന്നതിനുള്ള, വാജീകരിക്കുന്നതിനുള്ള ചികിത്സയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും പിന്നെ ദ്രൗപദിയെ, കൃഷ്ണയെ, പാഞ്ചാലിയെ ശരിക്കുള്ള പാഞ്ചാലിയാക്കുന്നതിനുള്ള ചികിത്സയും അതുമായി ബന്ധപ്പെട്ട രതിസംബന്ധമായ വിവരണവും മുഖ്യ പ്രതിപാദ്യമാണ്. ആത്രേയകത്തിലെ നായകന്റെ ശേഷിക്കുറവ് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തിന്റെ വക്കിലോളമെത്തിക്കുന്നുണ്ട്്. നായകനായ നിരമിത്രന്റെ പുരുഷത്വപരിശോധന രണ്ടു രാജ്യങ്ങളുടെയും നേതൃത്വത്തില്‍ സാഘോഷം നടക്കുന്നു. നിരമിത്രനെ താല്‍ക്കാലികമായെങ്കിലും വാജീകരിച്ച്്് പരീക്ഷയില്‍ ജയിക്കാന്‍ പ്രാപ്തനാക്കുകയും അങ്ങനെ യുദ്ധത്തില്‍നിന്ന് നാടിനെ രക്ഷിക്കുകയും ചെയ്്തത്് ആത്രേയകം എന്ന ഔഷധഗ്രാമത്തിലെ ഇള എന്ന യുവചികിത്സകയാണ്. അവളുടെ ഔഷധക്കൂട്ടുകളും ഔഷധപ്രയോഗവും ദ്രൗപദിയെ ഓരോ സുരതത്തിനുംശേഷം വീണ്ടും കന്യകാസമാനയാക്കുന്നു. രതി രഹസ്യമായി നടക്കുന്ന ഒരേര്‍പ്പാടല്ലേ, അതിങ്ങനെ പരസ്യമായി വിശദീകരിക്കണോ എന്നും ചോദ്യം. ഔചിത്യമാണ് സാഹിത്യത്തിന്റെ അനിവാര്യ ഗുണമെന്നതിനാല്‍ അനവസരത്തില്‍, അനുചിതമായി കഥയില്‍ രതിവിവരണമുണ്ടെങ്കില്‍ ഗര്‍ഹണീയമാണ്. പച്ചയായി രതിയെക്കുറിച്ച് പറയുന്ന മണിപ്രവാളകാലത്തെ വൈശികതന്ത്രവും ചന്ദ്രോത്സവവും അച്ചീചരിതങ്ങളും, പിന്നെ വെണ്‍മണി സാഹിത്യവുമൊക്കെ വിമര്‍ശിക്കപ്പെടുന്നതോ എന്നും ചോദ്യം. ലൈംഗികകാര്യങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളും വിവാദങ്ങളുംകൊണ്ട്് മലീമസമാണ് നമ്മുടെ സംസ്ഥാനമെന്ന് പലപ്പോഴും വിലാപങ്ങള്‍ കേള്‍ക്കാം. പരസ്പരതാത്പര്യത്തോടെയുളള വിവാഹേതരബന്ധം കുറ്റകരമല്ലെന്ന് സുപ്രീം കോടതിതന്നെ പലതവണ ചൂണ്ടിക്കാട്ടിയിട്ടും അത് പാപമാണെന്നും പരിഹാസ്യമാണെന്നും ഒറ്റപ്പെടുത്താനും ഇകഴ്ത്താനും ഉള്ള കാരണമാണെന്നും സമൂഹം കരുതുന്നു. അങ്ങനെയെന്തെങ്കിലും എവിടെയെങ്കിലും നടക്കുന്നുണ്ടോയെന്നറിയാനും നിറംചേര്‍ത്ത് പ്രചരിപ്പിക്കാനും തക്കംപാര്‍ത്തുനില്‍ക്കുന്നവര്‍ ഏറെയാണ്. വിവാഹം കഴിക്കാത്തവര്‍ക്ക് ലൈംഗികബന്ധമുണ്ടായിക്കൂടെന്നും സമൂഹത്തിന് നിര്‍ബന്ധമുണ്ട്. വിവാഹം കഴിക്കാതെയുള്ള സഹവാസം ആലോചിക്കാനേ വയ്യ. വിവാഹവും ലൈംഗികബന്ധവും സന്താനോത്പാദനത്തിന് മാത്രമാണെന്നും അതിനാല്‍ കുടുംബാസൂത്രണം വേണ്ടേവേണ്ടെന്നും കരുതുകയും വാദിക്കുകയും ചെയ്യുന്ന വരുണ്ട്്. ലൈംഗികകാര്യങ്ങളില്‍ അങ്ങേയറ്റം കാപട്യവും യാഥാസ്ഥിതികത്വവുമുള്ള ഒരു സമൂഹമാണ് മലയാളികളുടേത് എന്നും അത് തകര്‍ക്കപ്പെടണമെന്നും സാഹിത്യത്തിന് അക്കാര്യത്തില്‍ ഏറെ ചെയ്യാനുണ്ടെന്നും ഉച്ചൈസ്തരം വാദിച്ചുപോന്നയാളാണ് കേസരി എ.ബാലകൃഷ്ണപിള്ള. ഒമ്പത് പതിറ്റാണ്ടുമുമ്പ് അദ്ദേഹം ചൂണ്ടിക്കാട്ടിയ ആ കാപട്യസാഹചര്യം ഏറക്കുറെ ഇന്നും നിലനില്‍ക്കുന്നതിനാലാണ് സാഹിത്യത്തിലെ രതിവിവരണ ങ്ങള്‍ക്ക് സ്വാഭാവികതയും ഔചിത്യവുമുണ്ടെന്നാലും ആക്ഷേപിക്കപ്പെടുന്നത്.
ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന അരാജകവാദിയാണ് കേസരി ബാലകൃഷ്ണപിള്ള എന്ന് അക്കാലത്ത് ശക്തമായ വിമര്‍ശമുയരുകയുണ്ടായി. നോവലിലും കഥയിലും തന്റെ സിദ്ധാന്തത്തിന്റെ പ്രയോഗത്തിന് കേസരിക്ക് കിട്ടിയ ഉത്തമശിഷ്യനാണ് തകഴി ശിവശങ്കരപ്പിള്ള എന്നു പറയാം. കേസരിസദസ്സിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗവും പില്‍ക്കാലത്തെ ഏറ്റവും വലിയ സാഹിത്യകാരനും തകഴിയായിരുന്നു. സമദര്‍ശി വിട്ടശേഷം ബാലകൃഷണ പിള്ള ആദ്യം നടത്തിയ പത്രമായ “പ്രബോധകനി’ല്‍ കഥകളയച്ചുകൊണ്ടാണ് തകഴിയുടെ തുടക്കം. അയച്ച കഥകളെല്ലാം വിശദമായ ഉപദേശങ്ങളോടെ, അഥവാ ക്ലാസുകളോടെ തിരിച്ചുവന്നുകൊണ്ടിരുന്നുവെന്നും ആ കത്തുകള്‍ തന്റെ യഥാര്‍ഥ സാഹിത്യവിദ്യാഭ്യാസമായി മാറിയെന്നും തകഴി അനുസ്മരിക്കുകയുണ്ടായി. മെട്രിക്കുലേഷന്‍ കഴിഞ്ഞ് തിരുവനന്തപുരത്ത് ലോകോളേജില്‍ പ്ലീഡര്‍ കോഴ്‌സില്‍ ചേര്‍ന്നപ്പോള്‍ മുതല്‍ തകഴി കേസരി സദസ്സില്‍ അംഗമായിരുന്നു. തനിക്ക് കേസരി നല്‍കിയ പ്രധാന ഉപദേശം ഇംഗ്ലിഷ് സാഹിത്യത്തെയല്ല, ഫ്രഞ്ച്, റഷ്യന്‍ സാഹിത്യങ്ങളെയാണ് പിന്തു ടരേണ്ടതെന്നും ആ മാതൃകയില്‍ കഥകള്‍ രചിക്കണമെന്നുമാണെന്ന് തകഴി പില്‍ക്കാലത്ത് അനുസ്മരിക്കുകയുണ്ടായി. താന്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധപ്പെടുത്തിയ മോപ്പസാങ്ങിന്റെ കഥകളും നോവലും മറ്റും മാതൃകയാക്കുന്നതിനായി ബാലകൃഷ്ണപിള്ള തകഴിക്ക് നൽകി. മോപ്പസാങ്ങിന്റെയും മറ്റും കഥകള്‍ വായിച്ച് പഠിച്ച തകഴി ആ മാതൃകയില്‍ കേരളീയാനുഭവങ്ങള്‍ കഥയ്ക്കു വിഷയമാക്കുകയാണ്. അങ്ങനെ കഥകള്‍ “കേസരി’യില്‍ വന്നുതുടങ്ങിയപ്പോഴുണ്ടായ ചില അനുഭവങ്ങള്‍ തകഴി പിന്നീട് എഴുതുകയുണ്ടായി.
പൂര്‍ണ്ണരൂപം 2024 നവംബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്