DCBOOKS
Malayalam News Literature Website

അസ്തിത്വപരമായ ചില ഉത്കണ്ഠകള്‍

നവംബര്‍ ലക്കം പച്ചക്കുതിരയില്‍

ഉത്കണ്ഠ, ദേഷ്യം, നിരാശ, നീരസം എല്ലാം എങ്ങും നിറഞ്ഞുനില്‍ക്കുന്നു. വികാരങ്ങള്‍ രാഷ്ട്രീയത്തെ നയിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്. വെല്ലുവിളി നിറഞ്ഞതാണ് ഇതെല്ലാം. എന്നാല്‍ എല്ലാറ്റിനുമുപരി എന്നെ ഭയപ്പെടുത്തുന്ന ഒരു വികാരം എല്ലാ വികാരങ്ങളുടെയും അഭാവമാണ് : ഈ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ ലിഖിത രൂപം

ജീവിക്കാൻ കൊള്ളാത്ത ഒരു സമയത്താണ് നമ്മളിപ്പോൾ ജീവിക്കുന്നത്. എഴുത്തുകാരായിരിക്കാനും ഒട്ടും യോജിച്ചതല്ല ഈ സമയം. ആഴത്തിൽ ധ്രുവീകരിക്കപ്പെട്ടതും കയ്‌പ്പേറിയ മട്ടിൽ രാഷ്ട്രീയവൽക്കരിക്കപ്പെട്ടതുമായ ഒരു ലോകമാണിത്. അസമത്വങ്ങളും യുദ്ധങ്ങളുമൊക്കെക്കൊണ്ട് ശിഥിലമായിത്തീരുന്ന ഒരു ലോകത്ത്, നമ്മുടെ ഏകഭവനമായ ഭൂമിക്കെതിരെയും അതിൽത്തന്നെയിരുന്ന് നമ്മൾ പരസ്പരവും ചെയ്തുകൂട്ടുന്ന ക്രൂരതകൾക്ക് ഒരു കയ്യും കണക്കുമില്ല. പ്രക്ഷുബ്ധമായ ഈ ലോകത്ത് എഴുത്തുകാരും കവികളുമൊക്കെ ഇനി എന്തു നേടാനാണ് ആഗ്രഹിക്കുന്നത്?
ഗോത്രമനോഭാവവും സംഹാരബുദ്ധിയും അപരവൽക്കരണവുമൊക്കെ ശബ്ദഘോഷത്തോടെ, നിർലജ്ജമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ഇടങ്ങളിൽ കഥയ്ക്കും ഭാവനയ്ക്കുമൊക്കെ എന്തു സ്ഥാനമാണുള്ളത് ?

കാലത്തിലൂടെ നമുക്കൊന്ന് പുറകോട്ട് സഞ്ചരിക്കാം. കുറച്ചു പ്രായമായ ചിലരെങ്കിലും ഓർക്കുന്നുണ്ടാവാം: ചരിത്രത്തിലെ അധികം വിദൂരമല്ലാത്ത ഒരു ഭൂതകാലത്ത് ഇവിടെ ഒരുതരം ശുഭാപ്തിവിശ്വാസം നിറഞ്ഞുനിന്നിരുന്നു. ബെർലിൻ മതിൽ തകർന്നുവീണു. സോവിയറ്റ് യൂണിയൻ പിരിച്ചുവിടപ്പെട്ടു. ‘ലിബറൽ ജനാധിപത്യത്തിന്റെ വിജയ’ത്തെക്കുറിച്ചായി പലരുടെയും സംസാരം. ചരിത്രത്തിന്റെ ഗതി ഇനിമേൽ മുന്നോട്ടു മാത്രമായിരിക്കുമെന്നും അതുതന്നെ രേഖീയമായിരിക്കുമെന്നും നമ്മൾ കണക്കുകൂട്ടി (കഥയെഴുത്തുകാരായ നമ്മെ സംബന്ധിച്ചിടത്തോളം കാലം രേഖീയമായിട്ടല്ല സഞ്ചരിക്കുന്നത്. കാലത്തിന് ചിലപ്പോൾ മുന്നോട്ടും ചിലപ്പോൾ പിന്നോട്ടും ചിലപ്പോൾ കറങ്ങിത്തിരിഞ്ഞുമൊക്കെ കഥകളിൽ വരാൻ കഴിയും). തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും സാങ്കേതിക മേഖലയിൽ നിന്നാണ് മറ്റു ചില ശുഭാ പ്തിവിശ്വാസികൾ കടന്നുവരുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ആവിർഭാവത്തോടെ വിവരങ്ങൾ ഏറ്റവും എളുപ്പത്തിൽ പരന്നൊഴുകുമെന്നും അതിലൂടെ എല്ലാവരും സർവ്വജ്ഞാനികളായ പൗരരായി മാറിത്തീരുമെന്നും ലോകമെമ്പാടും ജനാധിപത്യം പുലരുമെന്നും അവർ നമ്മെ ബോധ്യപ്പെടുത്തി.

എന്നാൽ നാം ഒരു കാര്യം തിരിച്ച റിയേണ്ടതുണ്ട്: വിവരങ്ങളും അറിവുകളും ഒന്നല്ല; എല്ലാ അറിവുകളും സ്വാംശീകരിക്കപ്പെട്ട ജ്ഞാനമായിത്തീരുന്നില്ല. വേണ്ടതിലധികം വിവരങ്ങൾ ലഭ്യമായ ഒരു ലോകത്ത് നമ്മുടെ ജീവിതം മുന്നോട്ടു തന്നെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. പക്ഷേ കുറഞ്ഞ അറിവുകളും അതിലും കുറഞ്ഞ ജ്ഞാനവുമാണ് നമുക്കുള്ളത്.

അനുദിനമെന്നോണം വിവരത്തിന്റെ ചെറുതരികൾ മഴപോലെ നമ്മുടെ മേൽ പതിക്കുന്നുണ്ട്. നമുക്ക് കിട്ടുന്ന ആ വിവരങ്ങൾ എന്താണെന്ന് പരിശോധിക്കുകപോലും ചെയ്യാതെ, വെറും ശീലത്തിന്റെ പുറത്ത് ഡിജിറ്റൽ ഉപകരണങ്ങളിലൂടെ മുകളിലേക്കും താഴേക്കും നമ്മൾ സ്ക്രോൾ ചെയ്തു കൊണ്ടിരിക്കുന്നു. നാം കാണുന്നവയെ സൂക്ഷ്മമായി പരിശോധിക്കാനോ ആഴത്തിൽ ചിന്തിക്കാനോ അനുഭവിച്ചറിയാനോ സ്വാംശീകരിക്കാനോ ഒന്നും നമുക്ക് നേരമില്ല. അറിവിനെക്കുറിച്ചുള്ള മിഥ്യാധാരണകളാണ് ഈ ഹൈപ്പർ ഇൻഫർമേഷൻ നമുക്ക് പകർന്നുനൽകുന്നത്. ‘അറിയില്ല’ എന്ന് പറയാൻതന്നെ നാം മറന്നു പോയിരിക്കുന്നു. അത്തരം വാക്കുകൾ ഇപ്പോൾ നമ്മൾ ഉപയോഗിക്കാറേയില്ല. എന്തെങ്കിലും ഒരു വിഷയം നമുക്ക് അറിയില്ലെങ്കിൽ വെറുതെ ഒന്ന് ഗൂഗിൾ ചെയ്താൽ അതുമായി ബന്ധപ്പെട്ട കുറേ വിവരങ്ങൾ നമുക്ക് എളുപ്പത്തിൽ ലഭിക്കുമായിരിക്കും. പക്ഷേ അതൊന്നും അറിവിന്റെ ഗണത്തിൽ പെടുന്നതല്ലെന്നു മാത്രം.

ശരിയായ അറിവ് ഗ്രഹിക്കുന്നതിന് നാം കുറച്ചധികം സമയമെടുക്കേണ്ടതുണ്ട്. ആശയങ്ങളും സാഹിത്യവും അറിവുമൊക്കെ തുറന്ന് ചർച്ച ചെയ്യാൻ കഴിയുന്ന സാംസ്കാരിക ഇടങ്ങളും സാഹിത്യോത്സവങ്ങളും നമുക്ക് ആവശ്യമാണ്. വിവൃതവും സത്യസന്ധവുമായ ബൗദ്ധികവിനിമയവും നമുക്ക് വേണം. സമഗ്രവും ചിന്തനീയവുമായ പത്രപ്രവർത്തനമാണ് നമുക്ക് വേണ്ട മറ്റൊരു കാര്യം. സങ്കീർണ്ണമായ വിഷയങ്ങൾ ആഴത്തിൽ പഠിക്കാൻ പുസ്തകങ്ങളും നമുക്കാവശ്യമാണ്.

പൂര്‍ണ്ണരൂപം 2024 നവംബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബര്‍  ലക്കം ലഭ്യമാണ്‌

Leave A Reply