DCBOOKS
Malayalam News Literature Website

അല്ലോഹലനെ തേടിത്തേടി പോകുന്നവർ ശാശ്വതമായ സത്യത്തിലേക്കാണ് നടന്നടുക്കാനിരിക്കുന്നത്!

അംബികാസുതന്‍ മാങ്ങാടിന്റെ ‘അല്ലോ ഹലന്‍’ എന്ന നോവലിനെക്കുറിച്ച് മനോഹരന്‍ വെങ്ങര പങ്കുവെച്ച കുറിപ്പ്

മിത്തുകൾ എന്നും പുഷ്പിച്ചു നില്ക്കുന്നത് ചരിത്രത്തിന്റെ വേരുകൾ കൊണ്ടാണ്. കൊടുംചതിയാൽ കൊല്ലപ്പെട്ട കീഴാള വിഭാഗക്കാരാണ് സർവ്വാഭരണഭൂഷിതരായി നൂറ്റാണ്ടുകളായി ചടുലതാളങ്ങളുടെ പശ്‌ചാത്തലത്തിൽ കനലാടികളായി ഉറഞ്ഞാടി വിശ്വാസികളെ അനുഗ്രഹിച്ചു പോന്നത്. ഒരർത്ഥത്തിൽ മൺമറഞ്ഞ ആത്മാക്കളുടെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണത്. അത്തരത്തിൽ തോറ്റംപാട്ടുകളിൽ നിറയുന്നത് കീഴാള ജനതയുടെ നിലവിളികൾ തന്നെയാണ്. വാചാലുകളിലും ഉരിയാട്ടങ്ങളിലുമെല്ലാം ചെണ്ടക്കൂറ്റുകൾക്കൊപ്പം ഗതകാലത്തിന്റെ അവരുടെ തേങ്ങലുകളായി അന്തരീക്ഷം ഏറ്റുവാങ്ങുന്നുണ്ട്. ഉത്തര കേരളത്തിന്റെ രാജഭരണ വാഴ്ചകളുടെ പടലപ്പിണക്കങ്ങൾക്കും, പടവെട്ടലുകൾക്കും മധ്യേ ബലിയാടുകളായതും കീഴാളവിഭാഗം തന്നെയാണ്.

അവരുടെ രക്ഷകരിൽ പൗരാണിക ചരിത്ര സന്ധികളിലെ അഗ്നി നക്ഷത്രങ്ങളിൽ ഒന്നാണ് അല്ലോഹലൻ എന്ന് തെയ്യം ഉരിയാടുന്ന സ്വരൂപാചാരത്തിൽനിന്നും കണ്ടെടുത്ത തുളുനാടിന്റെ ഗവേഷകരിൽ അഗ്രസ്ഥാനീയനാണ് എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട്.
അവിശ്വസനീയമായൊരു സംഭവത്തിലേക്കാണ് താൻ ദൃക്സാക്ഷിയാകാൻ പോകുന്നതെന്ന് അല്ലോഹലന് നിശ്ചയമില്ലായിരുന്നു.
വഴിമധ്യേ കാണാനിടയായ മഞ്ഞ സർപ്പമാണ് അതിനു കാരണഭൂതൻ. അവിടെ വച്ചാണ് ചീംബുളു എന്ന അടിയാത്തിയേയും, വിഹ്വലതയോടെ കുറ്റിക്കാട്ടിൽ നഗ്നയായി മറഞ്ഞിരുന്ന ബാലിക വിര്ന്തിയേയും കണ്ടുമുട്ടുന്നത്.

ആയുധങ്ങളേന്തിയ മൂന്ന് നായർ പടയാളികളിൽ നിന്നും വിര്ന്തിയുടെ മാനം രക്ഷിക്കാൻ കാരത്തണ്ട് പ്രതിരോധ ആയുധമാക്കിയ ചീംബുളുവിന് ഭാവിയിലേക്കുള്ള പ്രതിരോധ ആയുധമായി മേലാളനായ അല്ലോഹലൻ സമ്മാനിച്ചത് സ്വന്തം വാളായിരുന്നു.! കൂലോത്തെ സഭയിലേയ്ക്കു Textതന്നെയാണ്, പിന്നാലെ ചീംബുളുവിനൊപ്പം വിര്ന്തിക്കും ക്ഷണം ലഭിച്ചത്!!!

ആയുധധാരികളായ കരുത്തരായ മൂന്നു മ്ലേച്ഛന്മാരായ ആണുങ്ങളെ കാരത്തണ്ടുക്കൊണ്ടു പൊരുതിത്തോല്പിച്ച അവൾക്കുള്ള ആദരമായിരുന്നു സ്വന്തം പടവാളെന്ന സമ്മാനവും, കൂലോത്തെ സഭേലേക്കുള്ള ക്ഷണവും. നെഞ്ചിൽത്തൊട്ട് ചീംബുളു പറഞ്ഞു: “ഇഴിന്തോളാണ് ഞാൻ ഒടയോറേ… മുമ്പില് നിക്കാൻ പാങ്ങില്ലാത്ത താണ ചാതിക്കാരിയാന്ന്..” “ഈ മരങ്ങളെല്ലാം പല ചാതികളായിട്ടും മുട്ടിമുട്ടിയല്ലേ നിൽക്കുന്നത്?
മനുഷ്യർക്കും അങ്ങനൊരു കാലം വരും ചീംബുളു..”

തന്റെ പേര് അല്ലോഹലനിൽ നിന്നും ഉച്ചരിച്ചു കേട്ടതിൽ പിന്നെ ബോധത്തിൽ നിന്നും ഉണരുമ്പോൾ മരങ്ങൾക്കിടയിലൂടെ മിന്നൽ പോലെ മറയുന്ന രക്ഷകനെയാണ് ചീംബുളു കാണുന്നത്.

അവൾ കൈയിലിരുന്ന് വിറകൊള്ളുന്ന രാജമുദ്രയുള്ള വാളിലേക്ക് നോക്കി. വിര്ന്തി പരിഭ്രമത്തോടെ ചോദ്യം ആവർത്തിച്ചു:

‘ആരാ എളേമേ?’ ‘അല്ലോഹലൻ.

അതിയാലിനെയും, അള്ളടം മുക്കാതത്തെയും കാത്തരുളുന്ന അല്ലോഹലൻ തമ്പിരാൻ…’

ഒന്നാം അധ്യായം തീരുന്നിടത്ത് അത്യാകാംക്ഷയിൽ തല പെരുക്കുന്നത് സ്വാഭാവികം. വായന ലഹരിയായി നെഞ്ചേറ്റുന്നവർ പൈദാഹങ്ങൾ മറന്ന് തുടർഅധ്യായങ്ങളിലേക്ക് മുങ്ങാംകുഴിയിട്ടില്ലെങ്കിലേ അദ്ഭുതമുള്ളൂ. അല്ലോഹലൻ നോവൽ വായിച്ചില്ലെങ്കിൽ ഗർഭസ്ഥ കാലം പിന്നിട്ടുന്ന ഈ വർഷത്തെ ഏറ്റവും മികച്ച വായനാനുഭവമാകും നിങ്ങൾക്ക് നഷ്ടമാവുക. ഇത്തവണത്തെ ഓണപ്പുസ്തകമായി അല്ലോഹലൻ അല്ലാതെ മറ്റൊന്നും തിരഞ്ഞെടുക്കാനാവാത്തതും അതുകൊണ്ടാണ്.

മതിമറക്കുമ്പോഴാണ് വായന ഏറ്റവും വലിയ സാന്ത്വന സ്പർശമാവുന്നത്. ‘ആയുസ്സിന്റെ പുസ്തകം’ പോലൊരു ലഹരികൂടി അല്ലാഹലൻ വച്ചു നീട്ടുന്നുണ്ട്. ഡി സി ബുക്സ് ആണ് അല്ലാഹലന്റെ പ്രസാധകർ.

സി.ബാലൻ മാസ്റ്റർ എഡിറ്റു ചെയ്ത തുളുനാടൻ പെരുമ എന്ന ഗ്രന്ഥത്തിന്റെ അനുബന്ധമായി ചേർത്തിട്ടുള്ള സ്വരൂപാചാരത്തിൽ നിന്നാണ് നോവലിന്റെ വിത്ത് കണ്ടെത്തി ‘വിളവെടുപ്പിന്’ പ്രാപ്തമാക്കിയതെന്ന് നേരത്തെ നടത്തിയ സംവാദത്തിൽ അംബികാസുതന്‍ മാങ്ങാട് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു.

നോവലിന്റെ വായനയിലേയ്ക്കുള്ള പരകായപ്രവേശനത്തിനും വഴിവച്ചത് അത്തരമൊരു പശ്ചാത്തലമാണ്. അല്ലാഹലനെ കാത്തിരിക്കുന്നത് തീർച്ചയായും മറ്റൊരു ബഹുമതിയാണെന്നുറപ്പ്. അതിനാൽ അല്ലോഹലനെ അറിയാനുള്ള തിടുക്കം ഏതൊരു നാടൻ കലാപ്രേമികളും, ചരിത്രാന്വേഷകരുമായ വായനക്കാരും ഉറപ്പാക്കേണ്ടിയിരിക്കുന്നു…

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.