ജി അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’; വായനക്കാര്‍ വായനാനുഭവങ്ങള്‍ പങ്കുവെക്കുന്നു
ഇന്ത്യയിലെതന്നെ ആദ്യ ഗ്രാഫിക് നറേറ്റീവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജി. അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും‘ എന്ന കാർട്ടൂൺ പരമ്പരയെക്കുറിച്ച് ചർച്ച ചെയ്യാൻ വായനാനുഭവങ്ങള്‍ പങ്കുവെക്കാൻ വായനക്കാർ ഒത്തുകൂടുന്നു. നവംബര്‍ 10 ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെയാണ് ചര്‍ച്ച. എഴുത്തുകാരുള്‍പ്പെടെയുള്ള പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
ആനുകാലികത്തിൽ 1961 ജനുവരി 22ന് ആരംഭിച്ച് 1973 ഡിസംബർ 2ന് അവസാനിച്ച 633 പുറങ്ങളിൽ പൂർണ്ണതയിലെത്തിയ ചെറിയമനുഷ്യരും വലിയ ലോകവും 13 വർഷങ്ങൾകൊണ്ടാണ് വായനക്കാർ വായിച്ചുതീർത്തത്. പിന്നീട് രണ്ടു തവണ അത് സമാഹരിക്കപ്പെട്ടെങ്കിലും 402 പുറങ്ങൾ മാത്രമുള്ള അപൂർണ്ണസമാഹാരങ്ങളായിരുന്നു അവ. ഇപ്പോൾ ആദ്യമായി ചെറിയ മനുഷ്യരും വലിയ ലോകവും പൂർണ്ണരൂപത്തിൽ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 633 പുറങ്ങളിലായി വികസിക്കുന്ന രാമുവിന്റെ ജീവിതകഥ ആനുകാലികത്തിൽ പ്രസിദ്ധീകരിച്ചതിനുശേഷം രണ്ടു തവണ പുസ്‌തകരൂപത്തിലായെങ്കിലും ആ രണ്ടു പുസ്‌തകങ്ങളിലും ഇതിലെ മൂന്നിൽ രണ്ടു ഭാഗങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ പൂർണ്ണരൂപത്തിലാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അമ്പതിലേറെ വർഷങ്ങൾക്കു മുമ്പ് പ്രസിദ്ധീകരിച്ചതായതിനാൽ ചിത്രങ്ങൾക്കും എഴുത്തിനും സംഭവിച്ചിട്ടുള്ള പരിക്കുകളെല്ലാം പുതിയകാലത്തിന്റെ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തീർത്തുകൊണ്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവ പുനർനിർമ്മിച്ചത് പ്രശസ്ത ഡിസൈനർമാരായ ആർട്ടിസ്റ്റ് ഭട്ടതിരിയും രാമു അരവിന്ദനുമാണ്.
ചെറിയ മനുഷ്യരും വലിയ ലോകവും പൂർണ്ണരൂപത്തിലുള്ളതിനു പുറമേ അരവിന്ദൻ വരച്ച അമ്പതോളം മറ്റു കാർട്ടൂണുകളും ഇതിൽ സമാഹരിച്ചിട്ടുണ്ട്. കൂടാതെ പ്രശസ്‌ത കാർട്ടൂണിസ്റ്റായ ഇ പി ഉണ്ണിയുടെയും ഗോകുലിന്റെയും പഠനങ്ങളും അരവിന്ദനുമായി ചന്ദ്രദാസൻ നടത്തിയ ദീർഘമായ അഭിമുഖവും.
“ചെറിയ മനുഷ്യരും വലിയ ലോകവും” കേവലം ഒരു കാർട്ടൂൺ പരമ്പര മാത്രമല്ല, എം.വി. ദേവൻ അഭിപ്രായപ്പെട്ടതുപോലെ, ഒരു കാലഘട്ടത്തിലെ കേരളീയ ജീവിതത്തിന്റെ അപഗ്രഥനവും ശോധനയും നിർവഹിക്കുന്നതാണ് ഈ കൃതി. മൂല്യശോഷണവും നൈതിക വികൽപ്പങ്ങളം ജ്വരജൽപനം നടത്തുന്ന നമ്മുടെ നാടിന്റെ സത്യവും ശിവമയവുമായ ചിത്രം ഇവിടെ ഉരുത്തിരിയുന്നു എന്നതാണ് ഇതിന്റെ സവിശേഷത.
ചെറിയ മനുഷ്യരുടെയും വലിയ ലോകത്തിന്റെയും ആസ്വാദനം വരകളോടുകൂടി അഭേദ്യമായി ബന്‌ധപ്പെട്ടതാണ്. അരവിന്ദനിലെ വൈവിധ്യമാർന്ന സർഗഭാവനകളെ ഒന്നൊന്നായി ഈ ചിത്രപരമ്പര കാട്ടിത്തരുന്നു. വരകളോടൊപ്പം വാക്കുകളേയും അദ്ദേഹം സമർത്ഥമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ആശയങ്ങളുടെ തനിമയിലും ഗഹനതയിലും സമ്പന്നമാണവ.
‘ചെറിയ മനുഷ്യരും വലിയ ലോകവും‘ ഓണ്‍ലൈന്‍ ബുക്കിങ്ങിന് ക്ലിക്ക് ചെയ്യൂ
Comments are closed.