സ്വാതന്ത്ര്യമെന്ന് അലറിവിളിച്ചു കൂവുമ്പോഴും അടിമപ്പെട്ടു കൊണ്ടിരിക്കുക…!
ആനി എര്ണോയുടെ ‘ഒരു പെണ്കുട്ടിയുടെ ഓര്മ്മ’ എന്ന പുസ്തകത്തിന് ഹരിത ആര്. എഴുതിയ വായനാനുഭവം, കടപ്പാട് ഫേസ്ബൂക്ക്
” ജീവിതം വിചിത്രവും അതീവസത്യസന്ധവുമായിരിക്കെ, ആനി എർണോ ഇവിടെ ജീവിതമെഴുതുന്നു… ”
– സംഗീതശ്രീനിവാസൻ
കാല്പനികമായ ഭാവനകളുടെ അപ്പുറത്ത് ഓർമ്മകൾ അഥവാ അനുഭവങ്ങൾ സൃഷ്ടിക്കുന്ന നെരിപ്പോടുകൾ ഉണ്ട്. അതിലെ പൊള്ളുന്ന കനലുകൾ പകർന്നു നൽകുന്ന വിധത്തിലാണ്, ആനി എർണോ, ” ഒരു പെൺകുട്ടിയുടെ ഓർമ്മ ” ചിത്രീകരിച്ചിരിക്കുന്നത്. 1958 ലെ വേനൽക്കാലത്തെ പതിനെട്ടു വയസ്സുകാരിയുടെ തീവ്രതൃഷ്ണകളെ, തുറന്നെഴുതുന്നതിലൂടെ അവർ ഒരു ജന്മത്തിന്റെ സമാധാനം തിരഞ്ഞെടുത്തതായിരിക്കാമെന്ന് വായനയിൽ ഉടനീളം ഓർക്കുകയായിരുന്നു.
യുദ്ധമോ, ഭീകരതയോ, അതിജീവനമോ ഒന്നുമില്ലാതെ എന്നാൽ ഇതെല്ലാം ഉള്ള പ്രണയത്തിന്റെ അഭിനിവേശത്തെയാണ് അവർ ഈ ഓർമ്മകുറിപ്പിലൂടെ പങ്കുവെയ്ക്കുന്നത്.
” എനിക്കു മുൻപിൽ സമയം ചുരുങ്ങുകയാണ്.. അനിവാര്യമായും, ഒരവസാനപുസ്തകം ഉണ്ടാവുക തന്നെ ചെയ്യും. ഒരവസാന കാമുകനോ അവസാന വസന്തമോ ഉള്ളതുപോലെ. എന്നാൽ കണ്ടെത്താൻ അടയാളങ്ങൾ ഉണ്ടാവണമെന്നില്ല.. ”
എത്ര തന്നെ കാലത്തിന്റെ ഇരുണ്ട ഭൂതകാലത്തിനെ താണ്ടി ഭാവിയുടെ വർത്തമാനത്തിന്റെ വസന്തത്തെ ആസ്വദിക്കുകയാണെന്ന് ഒരു സമൂഹത്തെ വിശ്വസിപ്പിച്ചാൽ കൂടിയും , ഭൂതകാലഓർമ്മകളുടെ ഇരുട്ട് നമ്മെ പൊതിയുന്നുണ്ടാവില്ലേ? ആ ഇരുട്ടിനെ ഇല്ലായ്മ ചെയ്യുവാൻ കഴിയുന്നില്ലയെങ്കിൽ കൂടി, അതിനെ മറക്കുവാനുള്ള ശ്രമം തന്നെയാണ് എഴുതിയെഴുതി അവസാനിപ്പിക്കുകയെന്ന അവസാന ഉദ്യമം..!
” പെട്ടെന്ന് മനസ്സിൽ വരുന്നത് ഇതാണ്. അവളാകെ മോഹവും ഗർവ്വവുമാണ്. കൂടാതെ പ്രണയത്തിൽ വീഴാനായി കാത്തിരിക്കുകയാണവൾ.. ”
ഇവിടുത്തെ അവൾ, എഴുത്തുകാരിയാണ്. ഞാൻ എന്നുള്ളതിന് പകരം അവൾ എന്ന് അവർ എഴുതുന്നു. മറ്റാരോ ആയിരുന്നവൾ എന്നുള്ളത് പോലെ.
” നിർവചനീയമായ ഒരു സ്വത്വം അവൾക്കുണ്ടായിരുന്നില്ല. മറിച്ച്, ഒരു പുസ്തകത്തിൽനിന്ന് മറ്റൊന്നിലേക്ക് മാറുന്ന ” സ്വത്വങ്ങളാ ” യിരുന്നു അവളുടേത്.. ”
പരിഭാഷകയുടെ ഭാഷയോടുള്ള അതീവതീവ്രമായ താല്പര്യത്തിനുമപ്പുറം പുസ്തകത്തിനുള്ളിൽ കുരുക്കിയിടുവാൻ പാകത്തിന് ഒരു വരി ഞാൻ തിരഞ്ഞുകൊണ്ടിരുന്നു. അടയാളപ്പെടുത്തുവാനുള്ള പാരവശ്യത്തോടെ തിരഞ്ഞത് കണ്ടെത്തിയത് ഈ വാചകങ്ങളിൽ ആയിരുന്നു.
അവളുടെ സ്വത്വം എന്റേത് കൂടിയാകയാൽ ഞാൻ അവളിലേക്ക് എളുപ്പത്തിൽ പരകായപ്രവേശം ചെയ്തു..!
” പ്രണയത്തിനുവേണ്ടി മാത്രം പ്രണയത്തിലകപ്പെടാനായി അവൾ കൊതിച്ചു. ”
അതായിരിക്കണം അവളുടെ മറവിയ്ക്ക് വിധേയമാകേണ്ടിയിരുന്ന ആഗ്രഹം.. അവിടെ നിന്നും കന്യകാത്വം നഷ്ടപ്പെടുവാൻ കൊതിച്ച അതേസമയം ഭയമുണ്ടായ പെൺകുട്ടി ആദ്യം ഒരുവനാൽ അവന്റെ മുറിയിലേക്ക് പ്രവേശിക്കപ്പെടുന്നു. അവൾക്കത് നഷ്ടപ്പെടണമെന്ന് ഉണ്ടായിരുന്നു. എന്നാൽ അവനത് കഴിഞ്ഞില്ല.
” എന്റേത് കുറേ വലുതാണ് ”
ഒരുപക്ഷേ അതൊരു അപമാനബോധത്തിന്റെ പ്രതികരണം ആയിരുന്നിരിക്കാം. അവൾ വീണ്ടും വീണ്ടും ഭാരിച്ച കന്യകാത്വവും പേറി ജീവിച്ചു. കിടക്കളിലേക്ക്, ലിംഗങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും അവരെല്ലാം പരാജിതരാകുകയും ചെയ്തു. അവൾ ആഗ്രഹിച്ചത്, മിസ്റ്റർ എച്ച് നെ ആയിരുന്നു. അവളെ നിസ്സാരമായി അവൻ തള്ളിക്കളഞ്ഞിട്ടും അവൾ അവന്റെ പ്രണയിനി ആകുവാനും, അവന് തന്നെ സമർപ്പിക്കുവാനും വിഡ്ഢിയായ അടിമയുടെ ആഗ്രഹത്തോടെ കാത്തിരുന്നു.
അസ്വസ്ഥതയിൽ അകപ്പെടുന്ന ആത്മാവിന്റെ സൗഖ്യമാണ് പുരുഷന്റെ പ്രേമമെന്നും സ്പർശമെന്നും തിരസ്കരിക്കപ്പെട്ടശേഷവും അവൾ കരുതുന്നു. പ്രായത്തിന്റെ വിരോധാഭാസം..! അതോ.. ആഗ്രഹത്തിന്റെയോ…?
വായിച്ചു തീരവേ..
58 ലെ വേനലിലെ ആ പെൺകുട്ടി എന്റെ കണ്ണുകളിൽ ദുഃഖാർത്തയായി നിറയുകയും.. പിന്നീട് അവൾ പരിണമിച്ച ഉയർന്നു വന്ന പ്രണയത്തിന്റെ തൃഷ്ണകളെക്കുറിച്ച് ബോധവതിയാക്കുകയും ചെയ്തു…!!
അടിമപ്പെടുക..
വികാരങ്ങൾക്ക്..
പ്രേമത്തിന്..
അടിമപ്പെടുക..
സ്വാതന്ത്ര്യമെന്ന്.. അലറിവിളിച്ചു കൂവുമ്പോഴും അടിമപ്പെട്ടു കൊണ്ടിരിക്കുക.. എങ്കിലും അത് മുന്നേറ്റത്തിന്റെ വിപ്ലവം ആയിരുന്നുവെന്ന് സമാശ്വസിക്കാം…
Comments are closed.