DCBOOKS
Malayalam News Literature Website

‘മറക്കാമോ’ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പുതിയ കവിതാ സമാഹാരം

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘മറക്കാമോ’ എന്ന കവിതാസമാഹാരത്തെക്കുറിച്ച് കരുണാകരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ്‌

“കവിതകളുടെ കവി” എന്നാണ് ബാലചന്ദ്രന്റെ കവിതകൾ വായിക്കുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളത്. രൂപത്തെ (form) കവിതതന്നെയാക്കി മാറ്റുന്ന ആൾ, അങ്ങനെയുള്ള കവികൾ അധികമില്ല. ഉണ്ടാവാറില്ല.

Textബാലചന്ദ്രന്റെ കവിത വായിക്കുമ്പോൾ “മുമ്പേ വീട് വിട്ടതിനാൽ” എന്നെക്കൂടി സ്വീകരിച്ച കവി എന്ന വിചാരമാണ് എനിക്ക് : കൗമാരത്തിന്റെ അന്ത്യദിനങ്ങളെ സങ്കടങ്ങളുടെ മഹാകാഴ്ചയാക്കിയ ആർക്കും ഈ കവിതകളിൽ അങ്ങനെയൊരു സ്വീകാര്യതയുണ്ട്. തന്റെ പ്രമേയങ്ങളെ ഇത്രയും നിരാധാരമാക്കുന്ന ഒരെഴുത്തുകാരൻ ഇന്ന് വേറെ ഇല്ല. (ഒ. വി. വിജയനുണ്ടായിരുന്നു. പക്ഷേ തന്നെ സ്വസ്ഥമാക്കാൻ വിജയന് ഭാഷയുടെ മാജിക്കുണ്ട്, അത് പയറ്റി നോക്കും, മുറിവേറ്റാലും.) ബാലചന്ദ്രൻ അങ്ങനെയല്ല. തീവ്രങ്ങളാണ് ആ അഭിമുഖീകരണങ്ങൾ. ഏതെങ്കിലും ഒരു മൂർച്ചയിലേയ്‌ക്ക് (Sharpness) ഉടലിനെ അപകടകരമായി, പച്ചയ്‌ക്ക് ചേർത്തുവെച്ച ഒരു തെരുവ് നർത്തകനെ ആ കവിതകൾ ഓർമ്മിപ്പിക്കുന്നു. (കവിത ചൊല്ലുന്ന ബാലചന്ദ്രനാകട്ടെ അനാഥമായ ഒരു കോവിലിന്റെ ഏകാന്ത മുഴുക്കം ഓർമ്മിപ്പിക്കുന്നു.)

“മറക്കാമോ” ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പുതിയ കവിതാ സമാഹാരമാണ്, ബാലചന്ദ്രൻ വിവർത്തനം ചെയ്ത പല ഭാഷയിൽ നിന്നുള്ള കവിതകളുമുണ്ട്. കവിതാ ബാലകൃഷ്ണൻ  പുസ്തകത്തിനുവേണ്ടി വരച്ച ചിത്രങ്ങളുമുണ്ട്. അവയും ആ ഭാഷയിലേക്ക് നോട്ടമിട്ടിരിക്കുന്നു.

എല്ലാ കവികളും കവിതയിൽ ‘അർത്ഥം’ തേടുന്ന ഒരു ഭാഷ അതിന്റ മോശം കാലത്താണ്. അനശ്വരനാവാൻ യുവകവിപോലും തപം ചെയ്യുന്ന ഭാഷ കവിതയെയും മോശമാക്കുന്നു. അതുകൊണ്ടാകും ബാലചന്ദ്രന്റെ കവിതകൾ പ്രസിദ്ധീകരിച്ചു വരുമ്പോൾ അവയിലേയ്‌ക്ക് രണ്ടാമത് ഒന്നുകൂടി ഞാൻ വന്നു നോക്കുന്നു. ഇയാളെ വായിക്കുമ്പോൾ നിങ്ങളും കവിയാണ് എന്നാണ് ഞാൻ.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

കരുണാകരന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Leave A Reply