പോളിയോ വാക്‌സിന്‍ എന്തിന് നല്‍കണം? ഡോ സൗമ്യ സരിന്‍ എഴുതുന്നു
ഒക്ടോബര്‍ 24- ലോക പോളിയോ ദിനം
ഡോ.സൗമ്യ സരിന്‍ തയ്യാറാക്കിയ ‘ഡോക്ടറേ ഞങ്ങളുടെ കുട്ടി OK ആണോ?’ എന്ന പുസ്തകത്തിൽ നിന്നും ഒരു ഭാഗം വായിക്കാം
പ്രതിരോധകുത്തിവയ്‌പുകൾ ഓരോന്നും എന്തിന്?
എല്ലാ പ്രതിരോധകുത്തിവയ്‌പുകളും നൽകുന്നവരാണ് നമ്മൾ ഭൂരിഭാഗം പേരും. എന്നാൽ പല സന്ദർഭങ്ങളിലും കാണാറുള്ളത് അഭ്യസ്തവിദ്യരായ അച്ഛനമ്മമാർക്കുപോലും ഈ കൊടുക്കുന്ന ഓരോ കുത്തിവയ്‌പും എന്തിനാണെന്നുള്ള ശരിയായ ബോധ്യമില്ലെന്നുള്ളതാണ്. ഇനി അവയെ വിശദമാക്കാം. ഇതിൽതന്നെ ഗവൺമെന്റ് ആശുപത്രികളിൽ സൗജന്യമായി കിട്ടുന്ന കുത്തി വയ്‌പുകളും പ്രൈവറ്റ് ആശുപത്രികളിൽ പോയി പൈസ കൊടുത്തെടുക്കുന്ന സ്പെഷ്യൽ കുത്തിവയ്‌പുകളുമുണ്ട്. ഗവൺമെന്റ് ആശുപത്രികളിൽ കിട്ടുന്ന സൗജന്യകുത്തിവയ്‌പുകളെക്കുറിച്ച് വിശദമാക്കാം.
ബി.സി.ജി.
കുട്ടികളിൽ കണ്ടുവരുന്ന ചിലതരം ക്ഷയരോഗത്തിനെതിരേ സംരക്ഷണം നൽകുന്ന വാക്‌സിനാണ് ബി.സി.ജി. ഉദാഹരണത്തിന് ടി.ബി. അണുക്കൾ ഉണ്ടാക്കുന്ന മെനിഞ്ജൈറ്റിസ്, ശ്വാസകോശത്തെ മുഴുവൻ ബാധിക്കുന്ന ടി.ബി., എല്ലിനെ ബാധിക്കുന്ന ക്ഷയം എന്നിവയാണ് ഇവയിൽ പ്രധാനമായവ. എന്നാൽ ശ്വാസകോശങ്ങളെ ബാധിക്കുന്ന ഏറ്റവും സർവസാധാരണമായി കണ്ടുവരുന്ന ക്ഷയരോഗത്തിനു ബി.സി.ജി നൂറു ശതമാനം സംരക്ഷണം നൽകുന്നില്ല. ചികിത്സിക്കാൻ വളരെയധികം ശ്രമകരമായ മുകളിൽ പറഞ്ഞതരം ക്ഷയരോഗങ്ങളെയാണ് ഈ കുത്തിവയ്പ്‌പ് തടയുന്നത്. ഇത്തരം ക്ഷയരോഗങ്ങളും നമ്മുടെ ഇടയിൽ അപൂർവമല്ല. അതിനാൽ ഈ കുത്തിവയ്‌പ് വളരെ പ്രാധാന്യമർഹിക്കുന്നു. ജനിച്ച് ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തു പോകുന്നതിനു മുമ്പുതന്നെ കുഞ്ഞിന് ഈ കുത്തിവയ്പ്‌പ് കൊടുക്കാറുണ്ട്. ഒരു ഡോസ് മാത്രമേ കൊടുക്കേണ്ടതുള്ളൂ. ഇടതുകൈയിന്റെ മുകൾഭാഗത്തായി തൊലിക്കടിയിലായി ആണ് ഈ ഇൻജക്‌ഷൻ നല്‌കുന്നത്. ഒരു മാസം കഴിയുമ്പോഴേക്കും കുമിളയായി പഴുത്തുപൊട്ടി രണ്ടു മാസം കഴിയുമ്പോഴേക്കും ഒരു കലയായി മാറിയിട്ടുണ്ടാകും. ഇതാണ് ശരിയായ ബി.സി.ജി കുത്തിവയ്പ്‌പിന്റെ രീതി. ഇപ്പറഞ്ഞ രീതിയിൽ കല/പാട് വന്നില്ലെങ്കിൽ ആ കുത്തിവയ്‌പ് ഫലവത്തായതായി കണക്കാക്കാൻ സാധിക്കില്ല. ഒരുവയസ്സിൽ കുറവാണു പ്രായമെങ്കിൽ ഈ കുത്തിവയ്‌പ് ഒന്നുകൂടി എടുക്കേണ്ടതാണ്.
ഒ. പി. വി (പോളിയോ വാക്‌സിൻ)
വായിൽ തുള്ളിമരുന്നായി നൽകുന്ന പോളിയോ വാക്‌സിൻ എല്ലാവർക്കും സുപരിചിതമാണ്. കുഞ്ഞുങ്ങൾ ജനിച്ചാൽ ഉടനെയും അതിനുശേഷം ട്രിപ്പിൾ വാക്‌സിന്റെ കൂടെയും ശേഷം ഓരോ തവണയും പൾസ് പോളിയോ ദിനങ്ങളിലും ഇതു നൽകേണ്ടതുണ്ട്. ഷെഡ്യൂൾ : ജനിക്കുമ്പോൾ, ആറ് ആഴ്‌ച, പത്ത് ആഴ്ച്, പതിന്നാല് ആഴ്‌ച, ബൂസ്റ്റർ ഡോസ് 16-24 മാസങ്ങൾ.
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ
പൾസ് പോളിയോ എല്ലാ കുട്ടികൾക്കും കൊടുക്കേണ്ടത് അനിവാര്യമാണ്. പലരുടെയും സംശയം ആണിത്. കാർഡിൽ കാണുന്ന എല്ലാ കുത്തിവയ്പെടുത്ത കുട്ടികൾക്കും പൾസ് പോളിയോ കൊടുക്കണമോ എന്നത്. ഒരു സംശയവും വേണ്ട, കൊടുക്കണം. പൾസ് പോളിയോ കൊടുക്കുന്നതുവഴി നാം ആ കുട്ടിയെമാത്രമല്ല ആ പരിസരത്തുള്ള കുട്ടികളെ മൊത്തമാണ് സംരക്ഷിക്കുന്നത്. പൾസ് പോളിയോ കൊടുക്കുന്നത് കൊല്ലത്തിൽ സാധാരണയായി രണ്ടു ഘട്ടമായാണ്. ഈ സമയങ്ങളിലാണ് ഏറ്റവും കൂടുതലായി പോളിയോ വൈറസുകൾ പടർന്നുപിടിക്കുന്നത്. ഇത് ജനുവരി-ഫെബ്രുവരിയിലും അതുപോലെ ഒക്ടോബർ- നവംബർ മാസങ്ങളിലുമാണ്. ഒരുമിച്ച് എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകുക വഴി നാം ചെയ്യുന്നത് അവരുടെ ശരീരത്തിലേക്കു കുറഞ്ഞ അളവിൽ ‘വാക്‌സിൻ വൈറസിനെ’ കടത്തിവിടുകയാണ്. ഈ വാക്‌സിൻ വൈറസിന് പോളിയോ രോഗമുണ്ടാക്കാനുള്ള കഴിവില്ല. എന്നാൽ ഈ വൈറസ് കുട്ടികളുടെ മലംവഴി പുറമേക്ക് വിസർജിക്കപ്പെടുന്നു. ഇത് പരിസരത്തിൽ തുള്ളിമരുന്ന് കൊടുക്കാത്ത കുട്ടികളിലേക്കും വ്യാപിക്കുന്നു. അങ്ങനെ ഒരു പ്രദേശത്തെ കുട്ടികളിലെല്ലാം വാക്‌സിൻ വൈറസ് പടരുന്നു. ഈ വൈറസിന് പോളിയോരോഗമുണ്ടാക്കുന്ന ‘വൈൽഡ് പോളിയോ വൈറസ്’ നെ ചെറുത്തുനിൽക്കാനും അവ കുട്ടികളുടെ ശരീരത്തിൽ കടക്കുന്നത് തടയാനുമുള്ള കഴിവുണ്ട്. തൽഫലമായി ഈ കുട്ടികൾക്ക് (എടുത്തവർക്കും എടുക്കാത്തവർക്കും) പോളിയോ രോഗത്തിൽനിന്ന് സംരക്ഷണവും ലഭിക്കുന്നു. അതിനാൽ പൾസ് പോളിയോ നാം നിർബന്ധമായും കൊടുക്കേണ്ടതാണ്.
ഐ. പി. വി (IPV)
പോളിയോരോഗത്തിനെതിരായി നൽകുന്ന മറ്റൊരു കുത്തിവയ്പാണ് IPV. നമ്മുടെ രാജ്യം പോളിയോ നിർമാർജനം ചെയ്ത രാജ്യമായതുകൊണ്ടുതന്നെ ഭാവിയിൽ OPV യിൽനിന്ന് പൂർണമായും IPVയിലേക്ക് മാറും. എന്നാൽ ഇപ്പോഴും അയൽരാജ്യങ്ങളിൽ പോളിയോരോഗം ഉള്ളത് കൊണ്ടു നമ്മൾ തുള്ളിമരുന്നായും ഇൻജക്‌ഷനായും പോളിയോയ്ക്ക് എതിരേയുള്ള പ്രതിരോധം എടുക്കേണ്ടത് അത്യാവശ്യമാണ്.
Comments are closed.