DCBOOKS
Malayalam News Literature Website

ആ കൂട്ടിലേക്കാണ് അവൾ ടിക്കറ്റെടുത്തത്…

വിനോദ് നായരുടെ ‘മിണ്ടാട്ടം’ എന്ന പുസ്തകത്തിൽ നിന്നും ഒരു അദ്ധ്യായം വായിക്കാം

കൂട്ടില്‍നിന്ന് ഒരാള്‍!

വൈറ്റില ജങ്ഷനിൽ ഞാൻ ഇറങ്ങി.

കൂട്ടുകാരിയെയും കൂട്ടി ബസ് ചേർത്തലയ്ക്കു പോയി.

ഓർമകളിൽ ഇന്നും സുഗന്ധം ബാക്കിനിർത്തുന്ന ഒരു സൗഹ്യദം കൊഴിഞ്ഞുവീഴുകയായിരുന്നു.

കൂട്ടുപിരിയുകയാണെന്ന് ഞാൻ അവളോടോ, അവൾ എന്നോടോ വാക്കുകളാൽ പറഞ്ഞതേയില്ല. പക്ഷേ, ഒരുമിച്ച് യാത്ര ചെയ്‌ത ഓരോ നിമിഷവും അക്കാര്യം ഞങ്ങളെ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു.

ഇതൊരു അനൗപചാരിക വിടവാങ്ങലാണ്, ഇനി ഇത്തരം നല്ല നിമിഷങ്ങളുണ്ടാവില്ല!

വാക്കുകൾകൊണ്ടും അതിലേറെ സമയം മൗനമായും സംസാരിച്ച് ഞങ്ങൾ കൊച്ചി നഗരത്തിന്റെ ഞരമ്പുകളിലൂടെ സാവധാനം നടന്നു.

ലോകത്തെ ഏറ്റവും തിരക്കു കുറഞ്ഞവരെപ്പോലെയായിരുന്നു നടപ്പ്.

വൈകുന്നേരത്തിന്റെ വിയർപ്പുമണമുള്ള കൊച്ചി നഗരം ഞങ്ങളെ തട്ടിയും മുട്ടിയും കണ്ണും മൂക്കുമില്ലാതെ അങ്ങോട്ടു മിങ്ങോട്ടും പായുന്നുണ്ടായിരുന്നു.

നടന്നു നടന്നു നടന്നു നടന്നു നടന്നു നടന്ന് ഞങ്ങൾ ഇന്ത്യൻ കോഫി ഹൗസിലെത്തി.

ചരിത്രാതീത കാലം മുതൽ സാഹിത്യവും സങ്കടവും പ്രണയവും വിരഹവും ചായകുടിക്കാനെത്തുന്ന ഇടമാണവിടം.

വെയ്‌റ്റർ ഞങ്ങളെ ഉൾമുറിയിലേക്ക് സ്വാഗതം ചെയ്തു.

ഉള്ളിസാമ്പാറിന്റെ മണമുള്ള വെള്ളത്തൊപ്പിക്കാരാ, നന്ദി, മനസ്സിൽ സങ്കടമുള്ള ഞങ്ങൾക്ക് ഈ തണുത്ത മുറി തന്നതിന്!

മസാലദോശയുടെയും ചപ്പാത്തിയുടെയും വടയുടെയും വിയർപ്പുമണമുള്ള മുറിയിൽ പരസ്‌പരം മുഖം നോക്കി ഇരുന്നു.

Textമസാലദോശയ്ക്ക് പതിവിലും രുചിയും നീളവുമുണ്ടായിരുന്നു. എന്റെ മുന്നിൽ വച്ച ദോശ അവൾ എടുത്തു- ‘ഇതിനു കൂടുതൽ രുചിയുണ്ടോ എന്നു നോക്കട്ടെ! എന്റെ പ്ലേറ്റ് നീ എടുത്തോ!’

ബിൽ ആരു കൊടുക്കുമെന്ന സംശയമേയുണ്ടായിരുന്നില്ല. ഞാൻ പഴ്സെസ്സെടുത്തു. ഭംഗിയുള്ള ഹാൻഡ് ബാഗിൽനിന്ന് അവൾ പണം കൊടുത്തു.

സമയം അഞ്ചു നാല്പത്.

”ഞാൻ പൊയ്ക്കോട്ടെ. ഇനി നിന്നാൽ വൈകും. അമ്മ പേടിക്കും.”  അവൾ പറഞ്ഞു.

‘ഞാനും വരാം.’

എന്റെ മറുപടി കേട്ട് അവൾ ഒരു നിമിഷം കൺഫ്യൂഷനിലായി.

‘എങ്ങോട്ട്?’

‘വൈറ്റിലവരെ. അവിടെ ഞാനിറങ്ങിക്കോളാം.’

‘എന്തിന്?’

‘നിനക്കു പോകേണ്ടത് കാക്കനാട്ടേക്കല്ലേ?’

‘അതെ. പക്ഷേ, വെറുതെ വരാം! നിന്റൊപ്പം യാത്ര ചെയ്യാൻ ഇനി പറ്റിയില്ലെങ്കിലോ?’

‘നിനക്കെന്താ വട്ടായോ?’

ബസ്സു വന്നു. ഞങ്ങൾ കയറി.

ചുവപ്പുനിറമായിരുന്നു ആ ബസ്സിന്. പൊതുവാഹനങ്ങൾക്ക് ചുവപ്പു നിറമടിക്കാൻ അനുവാദം നൽകിയത് ഏതു ബോറൻ ആണ്? കണ്ണിനു കുളിർമ തോന്നുന്ന പച്ചനിറമോ, ആശ്വാസത്തിന്റെ വെളുപ്പോ ആണു നല്ലത്. മനസ്സു വേദനിക്കുന്ന ഒരാൾ ചുവന്ന ബസ്സിൽ കയറിയാൽ എങ്ങനെ സമാധാനം കിട്ടും?

ഞാൻ ടിക്കറ്റെടുത്തു – ഒരു വൈറ്റില, ഒരു ചേർത്തല.

അവളും രണ്ടു ടിക്കറ്റെടുത്തിട്ടുണ്ടാവും. ഒരാളുടെ പണം നഷ്ടം.

എന്തു നഷ്ടം! തീരുന്നത് അമൂല്യമായൊരു സൗഹൃദമാണ്. അതിനുമുന്നിൽ 24.50 പൈസയുടെ രണ്ടു ടിക്കറ്റുകൾക്കു ചപ്പു കടലാസിന്റെ വില!

ബസ്സിൽനിന്ന് ഇറങ്ങുമ്പോൾ തിരിഞ്ഞു നോക്കിയെങ്കിലും അവളെ കാണാൻ കഴിഞ്ഞില്ല. അത്ര തിരക്ക്. അതിൽത്തന്നെ പോകേണ്ട കാര്യമില്ലാത്ത ഒരുപാടു പേർ ആ ബസ്സിൽ കയറിയിട്ടുണ്ടെന്ന് എനിക്കു തോന്നി. അത്ര അലസമായും അച്ചടക്കമില്ലാതെയുമാണ് പലരുടെയും നിൽപ്പും പെരുമാറ്റവും.

ബസ്സിനുനേരെ നോക്കി കൈ വീശി-ബൈ!

അവളുടെ ഓരോ കത്തുകളും അവസാനിച്ചിരുന്നത് ആ വാചകത്തിലായിരുന്നു-ബൈ.

ഭംഗിയുള്ള പെൺകുട്ടികൾ നിരനിരയായി സ്കൂ‌ളിൽനിന്നു വരുന്നതുപോലെയാണ് അവളുടെ കൈയക്ഷരം. സൗഹൃദത്തിന്റെ മഷിമണമുള്ള എത്രയോ കത്തുകൾ!

ഒരു കത്ത് ഒരിക്കൽ അച്ഛൻ പൊട്ടിച്ചു.

വായിച്ചുനോക്കിയില്ല എന്ന വ്യാജേന തിരിച്ചു തരുമ്പോൾ കള്ളഗൗരവത്തിൽ അച്ഛൻ പറഞ്ഞു. ‘നമ്മുടെ ലളിതേടെ കത്താണെന്നു വിചാരിച്ചാണ് പൊട്ടിച്ചത്. വേറാരുടേതോ ആണ്. നിനക്കുള്ളതാ’.

ലളിത മൂത്ത പെങ്ങളാണ്. ഈ എഴുത്തും ചേച്ചിയുടെ കൈയക്ഷരവും തമ്മിൽ ഒരു ബന്ധവുമില്ല.

അച്ഛന്റെ ന്യായം മണ്ടന്മാർ വിശ്വസിച്ചേക്കാം. കീറിയ പാടു കണ്ടാലറിയാമല്ലോ കത്തുതുറക്കാൻ അച്ഛനും അമ്മയും കാണിച്ച വെപ്രാളം!

വിവരം അറിഞ്ഞപ്പോൾ അവൾ ചിരിച്ചു: ‘മോന്റെ കാമുകിയുടേതാണെന്നു പേടിച്ചുകാണും, പാവം അച്ഛൻ!”

ജീവിതത്തിലെ ചെറിയ കാര്യങ്ങൾപോലും എഴുതുമ്പോൾ വലിയ സംഭവങ്ങളായി മാറുന്ന മാജിക് ആ കത്തുകളിൽ കണ്ടു. ജീവിതം പറയാനും കേൾക്കാനുമുള്ളതാണെന്ന് പഠിച്ചത് ഞങ്ങളുടെ സൗഹൃദത്തിൽനിന്നാണ്. ഒരാൾക്ക് മറ്റൊരാളിൽ എത്ര സ്വാതന്ത്ര്യമാകാം എന്നത് അനുഭവിച്ചറിയാൻ രസമുള്ള കാര്യമാണ്.

ഇത്തരം സൗഹൃദങ്ങൾക്ക് മാമ്പൂക്കാലത്തിന്റെ നീളമേയുള്ളൂ. മൂന്നാമതൊരാൾ വരുന്നതോടെ സൗഹൃദങ്ങളുടെ ഫോക്കസ് മാറുന്നു.

അങ്ങനെയാണ് ഞങ്ങൾ തിരിച്ചറിഞ്ഞത്: പഴയ കൂട്ടിന്റെ കാലം പോയി. ഇനി അവൾക്കു പുതിയ കൂട്ട്.

ആ കുട്ടിലേക്കാണ് അവൾ ടിക്കറ്റെടുത്തത്.

പുതിയ ജീവിതബന്ധത്തിലേക്കുള്ള യാത്ര.

ആ യാത്രയിൽ പഴയ സൗഹ്യദങ്ങൾക്കു നിറം കെടും.

സൗഹൃദങ്ങളുടെ മരണം രണ്ടു രീതിയിലാണ്. ഹാർട്ട് അറ്റാക്ക് മരണംപോലെ ഒറ്റ നിമിഷംകൊണ്ട്… ഠ്‌ഠേന്നൊരു പൊട്ടല്‍!…

രണ്ടാമത്തേത് സാവധാനമാണ്. വാർധക്യത്തിൽ മെല്ലെ മെല്ലെ വരുന്ന മരണംപോലെ കത്തുകളും സംസാരവും കുറഞ്ഞു കുറഞ്ഞു വരും.

പിന്നെപ്പോഴെങ്കിലും കാണുമ്പോൾ ചുണ്ടു വക്രിച്ചുള്ള ഒരു പുഞ്ചിരികൊണ്ട് പഴയ സൗഹൃദത്തിന്റെ ജഡത്തിനു പരസ്പ‌രം പുഷ്പചക്രം!

ഹാർട്ട് അറ്റാക്കായിരുന്നു ഞങ്ങളുടെ വഴി. പരസ്‌പരം അറിഞ്ഞുകൊണ്ടുള്ള സൗഹൃദം പിരിയൽ!

ചേർത്തലയിലേക്കുള്ള ബസ് ഇപ്പോൾ കൊച്ചി നഗരത്തിന്റെ അതിർത്തി വിട്ടുകാണും.

കാക്കനാട്ടേക്കുള്ള ബസ്സു വരാൻ കാത്തുനിൽക്കുമ്പോൾ മനസ്സിൽ ഒരു സംശയം ബാക്കി.

തന്റെ ജീവിതത്തിലേക്കു സ്ഥിരമായി കടന്നുവരുന്ന ആ ചെറുപ്പക്കാരനോടു തീർന്നുപോയ ഈ സൗഹൃദത്തെപ്പറ്റി അവൾ എന്തു പറയും?

അക്കാര്യം ചോദിക്കാൻ മറന്നുപോയി.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.