എ ടി എമ്മിൽനിന്ന് ലക്ഷങ്ങൾ തട്ടിച്ച സംഘം എറണാകുളത്ത് പോലീസ് വലയിൽ!
ബാങ്കിങ് രംഗത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും തട്ടിപ്പുകളും പ്രശസ്ത കുറ്റാന്വേഷകനായ ഷെര്‍ലക് ഹോംസിന്റെ ശൈലിയില്‍ അന്വേഷിക്കുന്ന ഏകെ എന്ന വിജിലന്‍സ് ഉദ്യോഗസ്ഥന്റെ കഥയാണ് അമിത് കുമാര്‍ എഴുതിയ മിസ്റ്ററി@മാമംഗലം.
നോവലില്‍ നിന്നും ഒരു ഭാഗം വായിക്കാം
എ ടി എമ്മിൽനിന്ന് ലക്ഷങ്ങൾ തട്ടിച്ച സംഘം എറണാകുളത്ത് പോലീസ് വലയിൽ. ‘ജോലിയെല്ലാം ഒതുക്കി, റീട്ടെയിൽ ബാങ്കിങ്ങിന്റെ ഓൺലൈൻ ടെസ്റ്റ് ചെയ്യാൻ തുടങ്ങുമ്പോൾ മൊബൈലിലേക്ക് വന്ന വാർത്തയുടെ ലിങ്കാണ്. വലിയ പണിയാണല്ലോ വരാൻ പോവുന്നത് എന്നോർത്ത് എനിക്ക് ആശങ്കയായി. ഞങ്ങളുടെ ഏതെങ്കിലും എ ടി എം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കുറച്ചുനാളത്തേക്ക് പിന്നെ കുശാലാണ്. സിസ്റ്റം ഓഡിറ്റ്, നെറ്റ്‌വർക്ക് ഓഡിറ്റ്, സ്പെഷൽ ഓഡിറ്റ്, ആ ഓഡിറ്റ്, ഈ ഓഡിറ്റ് എന്നുവേണ്ട ഏതാണ്ട് എല്ലാ ഡിപ്പാർട്ട്മെന്റുകളുടെയും ഉറക്കം പോവും. ഇതിനെല്ലാം പുറമെയാണ് ബാങ്കിനു വരാൻ പോവുന്ന റെപ്യൂട്ടേഷൻ റിസ്ക്‌ക്. ബാങ്കിന്റെ എ ടി എം സുരക്ഷിതമല്ല എന്നല്ലേ ഇടപാടുകാർ കരുതുക.
ഞങ്ങളുടെ എ ടി എം ഒന്നുപോലും ലിസ്റ്റിൽ ഉണ്ടാവരുതേ എന്ന പ്രാർഥനയോടെയാണ് ഞാൻ ലിങ്ക് തുറന്നത്.
പക്ഷേ, കഷ്ടമെന്നു പറയട്ടേ, മുപ്പതുലക്ഷത്തോളം രൂപയാണു തട്ടിച്ചതെന്നതും അറസ്റ്റു ചെയ്യപ്പെട്ടവരുടെ പേര്, വയസ്സ് എന്നിവയുമൊക്കെ വിശദമായി കൊടുത്തിരുന്നുവെങ്കിലും എ ടി എമ്മിന്റെ കാര്യം വന്നപ്പോൾ ഒരു പ്രമുഖബാങ്ക് എന്ന സ്ഥിരം പ്രയോഗത്തിൽ വാർത്ത ഒതുങ്ങിപ്പോയി. ബാങ്കേതാണെന്ന് അറിയണമെങ്കിൽ പത്രമോഫീസിലോ പോലീസ് സ്റ്റേഷനിലോ വിളിച്ചു ചോദിക്കണം. അല്ലെങ്കിൽ നാളെ എഫ് ഐ ആർ ഡൗൺലോഡ് ചെയ്‌തു നോക്കണം.
ഏതെങ്കിലും പത്രമോഫീസിൽ വിളിച്ചാലോ എന്നു ചിന്തിക്കാൻ തുടങ്ങിയപ്പോഴാണ് ഇന്റർകോം ശബ്ദിച്ചത്.
‘ടോ, താനിങ്ങ് വന്നേ,’ ഏകെയാണ്.
അപ്പോൾ പണികിട്ടി എന്നർഥം! ടെസ്റ്റൊക്കെ പാസായി നേരത്തേ വീട്ടിൽ പോയി സിനിമയോ മറ്റോ കാണാമെന്ന പദ്ധതിയൊക്കെ താറുമാറായി എന്നുതന്നെ തോന്നുന്നു.
ഞാൻ വേഗംതന്നെ ഏകെയുടെ കാബിനിലേക്കു നടന്നു. കൈകൾ രണ്ടും തലക്കുപിറകിലേക്കു കോർത്തുപിടിച്ച് ചെയറിൽ മലർന്നിരിക്കുകയായിരുന്നു ഏകെ.
‘എടോ, എ ടി എമ്മീന്ന് എത്ര രൂപവരെ ഒറ്റയടിക്ക് എട്ക്കാൻപറ്റും?’ എന്നെക്കണ്ടതും കൈകൾ മുൻപിലേക്കെടുത്ത്, നിവർന്ന് ഏകെ ചോദിച്ചു.
‘നമ്മൾ സെറ്റ് ചെയ്യുന്നതുപോലെയായിരിക്കും ഏകെ. പൊതുവെ പതിനായിരം ആണ് സെറ്റാക്കാറ്.’
‘ഓക്കേ,’ തുടർന്നൊന്നും പറയാൻ നിൽക്കാതെ ഏകെ ഒരു നിമിഷം നിശബ്ദനായി.
പതിനായിരം രൂപ വച്ച് തട്ടിച്ചാൽ മുപ്പതുലക്ഷമാവാൻ എത്ര തവണ എ ടി എം ഉപയോഗിക്കണമെന്ന് കണക്കുകൂട്ടുകയായിരുന്നിരിക്കണം ഏകെ.
‘അപ്പഴേ,’ ചിന്തിക്കുന്നതു നിറുത്തി ഏകെ ചോദിച്ചു. ‘എത്രേണ് നമ്മടെ ഹൗസിങ് ലോൺ ഇന്ററസ്റ്റ്?’
ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യം! എ ടി എം കവർച്ചയുമായി ഇതിനെന്തു ബന്ധമെന്ന് ഞാൻ അദ്ഭുതപ്പെട്ടു.
‘അത്… സാലറീഡ് ആണെങ്കിൽ എട്ട്-എട്ടര മുതൽ തുടങ്ങും. സിബിലും ഇൻകവുമൊക്കെ കൊള്ളാമെങ്കിൽ എട്ടിനു താഴെയും കിട്ടും.’
ഏകെ തലകുലുക്കി. ‘എങ്കിൽ,’ എന്തോ ഓർത്തുകൊണ്ട് ഏകെ അടുത്ത ചോദ്യം ചോദിച്ചു. ‘മ്മ്‌ടെ ക്രെഡിറ്റ് കാർഡ് കിട്ടാൻ മിനിമം എത്ര സിബില് വേണം?’
‘സെവൻ തർട്ടി. പക്ഷേ, നല്ല കസ്റ്റമറാണെങ്കിൽ സെവൻ ട്വന്റി വരെ പോകാൻ ഡീവിയേഷൻ കിട്ടാറുണ്ട്.’ കൂട്ടുകാർ പലരും സ്ഥിരം ചോദിക്കുന്ന ചോദ്യമായിരുന്നതിനാൽ എനിക്ക് ഒട്ടും ചിന്തിക്കേണ്ടി വന്നില്ല.
കൊള്ളാമല്ലോ എന്ന് ഏകെ തലകുലുക്കി.
എന്താ ഏകെ ഇങ്ങനെ ചോദിക്കാൻ?
‘ പക്ഷേ, എന്റെ ചോദ്യം അവഗണിച്ച് ഏകെ അടുത്ത ചോദ്യത്തിലേക്കു കടന്നു. ‘എത്രേണ് ഇപ്പ ഗോൾഡ് ലോണിന്റെ പെർ ഗ്രാം റേറ്റ്?
‘മാക്സിമം നാലായിരത്തി അറുന്നൂറ് കിട്ടും.’
‘കാർ ലോൺ കിട്ടാൻ ഐടി റിട്ടേൺ വേണാ? എത്ര ദിവസം കൊണ്ട് കിട്ടും?’
കാർ ലോണിന് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് മാത്രം മതി. ഒറ്റ ദിവസം കൊണ്ട് കിട്ടും. ഏകെ ഒന്ന് സ്റ്റോപ്പ് ചെയ്യ്,’ അടുത്ത ചോദ്യം ചോദി ക്കാൻ തുടങ്ങുകയായിരുന്ന ഏകെയോട് ഇടയിൽ കയറി ഞാൻ പറഞ്ഞു.
‘എന്താ ഇങ്ങനെയൊക്കെ ചോദിക്കാൻ? അതുപറഞ്ഞിട്ടു മതി ബാക്കി.’
‘അത്… ഒന്നുവില്ലെടോ,’ ഏകെ ഒരു നാണം കുണുങ്ങലോടെ പറഞ്ഞു. ‘ഞാനീ റീട്ടെയ്ൽ പ്രൊഡക്ട് ടെസ്റ്റ് ഒന്നെഴ്‌തി നോക്കി താണ്. രണ്ട് തവണ എഴ്‌തീട്ടും പാസ് മാർക്കുപോലും കിട്ടീല്ല. സിംപിള് കാര്യങ്ങളാണ് ചോദിച്ചേക്കണത്. പക്ഷേ, ഒറ്റ ഉത്തരോം എനിക്കറിഞ്ഞൂടാ. വലിയ ഏ ജി എമ്മാണെന്നൊക്കെ പറഞ്ഞിട്ട് ഇത്ര സിംപിള് കാര്യങ്ങളൊന്നും അറിഞ്ഞൂടാന്ന് പറഞ്ഞാ നാണക്കേടല്ലേ! തനിക്കുംകൂടി അറിയില്ലെങ്കി ഒരു കമ്പനിയാകുവായിരുന്നല്ലാ എന്ന് കര്‌തി ചോദിച്ചതാണ്. പക്ഷേ, തനിക്കെല്ലാം അറിയാം. താൻ പൊളിയാടോ!’
‘എവിടെപ്പോയാലും നാട്ടുകാര് ചോദിക്കുന്നതുകൊണ്ടാണ് സത്യം പറഞ്ഞാൽ എനിക്കിതെല്ലാം അറിയാവുന്നത്,’ ഞാൻ ചിരിച്ചു.
‘അപ്പ നാട്ടുകാര് തന്നോടും ചോദിക്കാറൊണ്ടല്ലേ,’ ഏകെ കയ്യടിച്ചു ചിരിച്ചു. ‘ഒരു കല്യാണത്തിന്, അല്ലേൽ വീടുതാമസത്തിന് ചെല്ലാനിപ്പ പേടിയാണ്. ബാങ്കിലാണെന്നറിഞ്ഞാ ആൾക്കാർക്ക് നൂറ് സംശയങ്ങളാണ്. മൊബൈൽ ബാങ്കിങ് വർക്കാകണില്ലെന്ന് പറഞ്ഞ് ചെലര് വരും. ടാക്‌സ് പിടിക്കാതിരിക്കാനൊള്ള ടെക്നിക്കാണ് ചെലർക്ക് അറിയണ്ടത്. നമ്മള് ബാങ്കില് വേറെ സെക്‌ഷനാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കൂല്ല. ഒര് ആറ് വർഷം മുമ്പ് വരെ ഇത്തരം എന്ത് കാര്യോം നല്ല മണിമണിപോലെ അറിയാവ യിര്ന്ന ആളാണ് ഞാനെന്ന് ഓർക്കുമ്പഴാണ് ശരിക്കും സങ്കടം.’ ‘പിന്നെന്ത് പറ്റിയതാ?’
‘ഇവ്ടെ വന്നേപ്പിന്നെ എൻക്വയറി ഒര് ലഹരി ആയപ്പ ബേസിക് ബാങ്കിങ്ങില് അപ്ഡേറ്റ് ചെയ്യണത് അറിയാതെയങ്ങ് നിന്നുപോയി. ഇനിയിപ്പ എല്ലാം പഴയപോലാക്കണം. ഇപ്പഴാണെങ്കി കാര്യായിട്ട് തലവേദനക്കേസുകളും ഇല്ലല്ലാ.’
അപ്പോൾ, എ ടി എം തട്ടിപ്പിനെക്കുറിച്ച് ഏകെ അറിഞ്ഞിട്ടില്ല.
‘എറണാകുളത്ത് ഒരു എ ടി എം തട്ടിപ്പ് നടന്നിട്ടുണ്ട് കേട്ടോ,’ ഞാൻ പറഞ്ഞുതുടങ്ങിയതാണ്. അപ്പോഴേക്കും ഏകെയുടെ ഇന്റ്റർകോം ശബ്ദിച്ചു.
എന്നോടു നിർത്താൻ ആംഗ്യം കാട്ടി ഏകെ ഫോണെടുത്തു.
‘സർ, ഏകെ മറുതലയ്ക്കൽനിന്നു പറയുന്നതിന് ചെവിയോർത്തു. ജി എമ്മാണെന്നു തോന്നുന്നു. ആറര കഴിഞ്ഞിരിക്കുന്നു. വാട്സ് ആപ്പോ മറ്റോ അയക്കാതെ ഈ സമയം നേരിട്ടു വിളിക്കണമെന്നു ണ്ടെങ്കിൽ എറണാകുളത്തെ എ ടി എം തന്നെയായിരിക്കണം വിഷയം. ഇതിനിടെ ഏകെ പറഞ്ഞു, ‘ഉവ്വ് സർ, മാമംഗലം… അറിയാം…പോകാം… ഇല്ല… എഫ് ഐ ആർ പുറത്തുപോയാൽ ഇഷ്യു ആണ്.’
എന്നിങ്ങനെയുള്ള വർത്തമാനശകലങ്ങളിൽനിന്ന് സംഭവം എറണാകുളത്തെ എ ടി എം തട്ടിപ്പുതന്നെ എന്നെനിക്കു മനസ്സിലായി. കാര്യമായ തലവേദനക്കേസുകൾ ഇല്ല എന്നു പറഞ്ഞ ഏകെ, ഫോണിൽ സംസാരിച്ചുകൊണ്ടുതന്നെ എന്നെ നോക്കി വളരെ ആവേശത്തോടെ പുഞ്ചിരിച്ചു.
എനിക്ക് അദ്ഭുതമായി. എ ടി എം തട്ടിപ്പു കേസിൽ എന്തന്വേഷണമാണ് ബാങ്കിന് നടത്താനുള്ളത്? തട്ടിപ്പു നടത്തിയവർ മിക്കവരും അന്യസംസ്ഥാനത്തുനിന്നുള്ളവരായിരിക്കും. അവരെ അന്വേഷിച്ചു കണ്ടുപിടിക്കുകയെന്നത് പോലീസിനു മാത്രമേ സാധിക്കൂ. ബാങ്കിനു പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഇതെല്ലാമറിയാമായിരുന്നിട്ടും ഏകെ എന്തിനാണ് ആവേശം കൊള്ളുന്നത്?
പക്ഷേ, ഏകെ നല്ല ആവേശത്തിലായിരുന്നു. ‘ശരി സർ, ഡൺ സർ,’ എന്നു പറഞ്ഞ് ഫോൺ വെയ്ക്കുന്നതിനൊപ്പം എന്നോട് ഇരിക്കാനായി ആംഗ്യം കാട്ടി.
‘എടോ,’ ബാഗു തുറന്ന് ബിസ്‌കറ്റ് പാക്കറ്റ് പുറത്തെടുത്തു കൊണ്ട് ഏകെ പറഞ്ഞു. ‘നാളെ എറണാകുളം വരെ പോണം. രസകരമായ ഒരു കേസുണ്ട്.’
“എനിക്കറിയാം, എ ടി എം തട്ടിപ്പല്ലേ,’ ഏകെ നീട്ടിയ പാക്കറ്റിൽ നിന്ന് രണ്ടു ബിസ്ക്‌കറ്റ് എടുത്തുകൊണ്ട്. ഞാൻ പറഞ്ഞു.
‘എ ടി എമ്മാ? അതേത് കേസ്?’
എനിക്കാകെ ആശയക്കുഴപ്പമായി. അപ്പോൾ എ ടി എം തട്ടിപ്പിനെക്കുറിച്ച് ഏകെയോ ജി എമ്മോ അറിഞ്ഞിട്ടില്ലേ?
‘അതല്ല ഏകെ, എ ടി എം തട്ടിപ്പു നടത്തിയ ചിലരെ എറണാകു ളത്ത് പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്ന് കുറച്ചുനേരം മുമ്പ് ഒരു വാർത്ത വന്നിരുന്നു. അതല്ലേ ഇത്?’
“അയ്യേ ഇതതല്ല. എ ടി എം വാർത്ത ഞാനും കണ്ടതാണ്. അപ്പത്തന്നെ ആൽബർട്ടിനെ വിളിച്ച് ചോദിക്കുകേം ചെയ്ത്. ഭാഗ്യത്തിന് നമ്മടെ എ ടി എം ഒന്നുപോലും അവന്മാർക്ക് തൊടാൻ പറ്റീട്ടില്ല. അതുകൊണ്ട് ബാങ്കിനും തനിക്കും പണീമായില്ല.’ ഏകെ ചിരിച്ചു.