DCBOOKS
Malayalam News Literature Website

വി എസ്; ജനകീയപ്രക്ഷോഭങ്ങളുടെ അമരക്കാരന്‍: പിണറായി വിജയന്‍

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘വര വരി വിഎസ്‘ എന്ന പുസ്തകത്തിൽ നിന്നും

കേരളത്തിലെ തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് സഖാവ് വി. എസ്. അച്യുതാനന്ദന്‍. അടിസ്ഥാന ജനവിഭാഗങ്ങളെ സംഘടിപ്പിച്ചുകൊണ്ട് VARA VARI VS By SUDHIRNATHപ്രസ്ഥാനത്തിലേക്ക് കടന്നുവന്ന സഖാവ് ത്യാഗോജ്ജ്വലമായ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ആ സമരപോരാട്ടങ്ങളുടെ ഭാഗമായിത്തന്നെ എണ്ണമറ്റ ത്യാഗങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമരചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന അധ്യായമായ പുന്നപ്ര-വയലാര്‍ സമരത്തിലും സഖാവിന്റെ പങ്ക് ഏറെ വലുതാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിപ്ലവകരമായി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സി.പി.ഐ.(എം) രൂപീകരണത്തിലും സജീവമായ പങ്കാളിത്തം വഹിക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളില്‍നിന്നുകൊണ്ട് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും അവരുടെ ആവലാതികള്‍ പരിഹരിക്കുന്നതിനും ശ്രദ്ധേയമായ തരത്തില്‍തന്നെ ഇടപെടുകയുണ്ടായി. ജനജീവിതത്തില്‍ സജീവമായി ഇടപെടുന്നതുകൊണ്ടുതന്നെ വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമായി വി.എസ്. മാറിക്കഴിഞ്ഞിട്ടുണ്ട്. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി നില്‍ക്കുന്ന വ്യക്തിത്വങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് വാര്‍ത്തകള്‍ രൂപപ്പെടുക സ്വാഭാവികമാണ്. അത്തരം ഇടപെടലുകള്‍ പലപ്പോഴും ആക്ഷേപഹാസ്യങ്ങളുടെ രൂപത്തില്‍ ചിത്രീകരിക്കപ്പെടുന്ന രീതിയും ഉണ്ടാകാറുണ്ട്. മാധ്യമങ്ങളില്‍ ഉണ്ടാകുന്ന കാര്‍ട്ടൂണുകളില്‍ അതുകൊണ്ടു തന്നെ വി. എസ്. സജീവസാന്നിധ്യമായി നിലനില്‍ക്കുന്നുണ്ട്. ഇവയെല്ലാം സമാഹരിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നത് ഒരു ചരിത്രകാലഘട്ടത്തിലെ സഖാവിന്റെ ഇടപെടലുകള്‍ അക്കാലത്ത് രേഖപ്പെടുത്തിയത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിന് സഹായകമാകും. അതിന് ഉതകുന്നവിധം ഈ സംരംഭം മാറട്ടെ എന്ന് ആശംസിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.