കണ്ണകി: കാലത്തിന്റെ കാവ്യനീതി
സാഹിത്യത്തിലും ചരിത്രത്തിലും വാമൊഴി വഴക്കങ്ങളിലും ഒരുപോലെ സ്വീകരിക്കപ്പെട്ട ഒന്നാണ്, രാജനീതി മറന്നുപോയ പാണ്ഡ്യ മന്നന്റെ അധികാര ഗർവ്വിന് മുന്നിൽ ചോദ്യമുയർത്തി തന്റെ കോപജ്വാലയിൽ മധുരാനഗരിയെ ചുട്ടെരിച്ച കണ്ണകിയുടെ കഥ. കണ്ണകിയുടെ പ്രതികാരത്തിന്റെയും അതിലേക്ക് നയിച്ച അവളുടെ കാൽചിലമ്പിന്റെയും കഥ വ്യത്യസ്ത സമൂഹങ്ങൾ പലരീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും സ്വന്തം ഭാര്യയുടെ ചിലമ്പ് വിൽക്കാൻ പോയ നിരപാധിയായ ഒരു പുരുഷനെ രാജ്യം ഭരിക്കുന്ന മഹാരാജാവ് മോഷണക്കുറ്റം ആരോപിച്ച ക്രൂരമായി വധിച്ചു എന്നത് എല്ലാ ആവിഷ്കാരങ്ങളിലും സമാനമായി കാണുന്നുണ്ട്. സാഹിത്യകൃതികളിൽ പ്രത്യേകിച്ച് കണ്ണകിയുടെ കഥ ആദ്യന്തം പറയുന്ന ഇളങ്കോ അടികളുടെ ചിലപ്പതികാരത്തിൽ തെറ്റിദ്ധരിക്കപ്പെട്ട രാജാവ് അറിയാതെ ചെയ്തുപോകുന്ന പിഴവായിട്ടാണ് ഇതിനെ ചിത്രീകരിച്ചിരിക്കുന്നത് .മാത്രമല്ല, തനിക്ക് പറ്റിപ്പോയ തെറ്റ് ബോധ്യപ്പെട്ട രാജാവ് ഹൃദയം തകർന്നു മരിക്കുകയാണ് ചെയ്യുന്നത്.എന്നാൽ നാടോടി വാങ്മയങ്ങളിലും തോറ്റം പാട്ടിലും ഗോത്രവർഗ്ഗക്കാരായ മന്നാൻ മാരുടെ പാട്ടിലും അങ്ങനെയല്ല പറയുന്നത്.പ്രതികാരദുർഗ്ഗയായി മാറിയ കണ്ണകി മധുരാനഗരി ചുട്ടെരിച്ച ശേഷം ഭർത്താവിന്റെ ചിത കത്തിച്ച് അഗ്നിത്തേരേറി സ്വർഗത്തിലേക്ക് പോയി എന്ന ആശയത്തിൽ നിന്നും പില്ക്കാലത്ത് കണ്ണകി ദേവിയായും കാളിയുടെ അവതാരമായും ആദരിക്കപ്പെടുന്ന സാഹചര്യമുണ്ടായി. കാളിയുടെ അവതാരമായ കണ്ണകി ഭൂമിയിൽ മനുഷ്യസ്ത്രീയായി പിറന്നു എന്ന നിലയിലുള്ള പാട്ടുകളും പ്രസിദ്ധമാണ്.
കേരളത്തിൽ കണ്ണകിക്ക് വേണ്ടി നിർമിക്കപ്പെട്ട ക്ഷേത്രങ്ങളുടെ രേഖകളും സാഹിത്യകൃതികളും വാമൊഴി വഴക്കങ്ങളും നാട്ടുമനുഷ്യരുടെ വിശ്വാസങ്ങളും ഇടകലർന്ന് കിടക്കുന്ന കണ്ണകിയുടെ കഥയുടെ നേര് അന്വേഷിച്ചിറങ്ങിയ തോറ്റം പാട്ട് കലാകാരനും ചരിത്രകുതുകിയുമായ ഒരു എഴുത്തുകാരന്റെ സത്യാന്വേഷണമാണ് കണ്ണകി എന്ന നോവൽ. മുകിലൻ , മറവായനം തുടങ്ങിയ നോവലുകളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ദീപുവിന്റെ മൂന്നാമത്തെ നോവലാണ് കണ്ണകി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഈ നോവൽ 2024 മാർച്ച് മാസത്തിലാണ് പ്രകാശിതമായത്.
ചരിത്രത്തിലെയും വിശ്വാസങ്ങളിലെയും പൊരുത്തക്കെടുകളെ ചോദ്യം ചെയ്തുകൊണ്ട് അത്തരം വിടവുകൾ പരിഹരിക്കാനായി നാട്ടുകൂട്ടായ്മ നൂറ്റാണ്ടുകളിലൂടെ പകർന്നു നൽകിയ അറിവുകൾക്കിടയിൽ അവയുടെ ഉത്തരം കണ്ടെത്താൻ ശ്രമിച്ച ദീപുവിന്റെ ഈ നോവൽ , സമൂഹത്തിനും അധികാരി വർഗ്ഗത്തിനും കാവ്യലോകത്തിനും നേരെ കണ്ണകിയുടെ ഊരിപ്പിടിച്ച ചിലമ്പ് പോലെ ഒരു ഓർമ്മപ്പെടുത്തലാണ്. കാലങ്ങളായി പാടിവരുന്ന തോറ്റം പാട്ടിലെ കണ്ണകിയമ്മയുടെയും താൻ വായിച്ചറിഞ്ഞ അനേകം സാഹിത്യകൃതികളുടെയും പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ നോവലിലെ കഥാപാത്രങ്ങൾ ഓരോന്നും സവിശേഷമായ വ്യക്തിത്വമുള്ളവരാണ്. അവരുടെ പേരുകൾ വ്യത്യസ്ത കൂട്ടായ്മകളിൽ പ്രചാരമുള്ളവയാണ്. കണ്ണകിയെയും അവരുടെ ഭർത്താവ് തമ്പിരുദ്ര പാലകന്റെയും സഹായിയായ നോവലിൽ കാണുന്ന വളവൻ എന്ന കഥാപാത്രം നോവലിസ്റ്റിന്റെ സൃഷ്ടിയാണ്. നിഗൂഢമായ പല സന്ദർഭങ്ങളെയും ഇണക്കുന്ന കണ്ണിയായി വളവൻ എന്ന കഥാപാത്രം ഈ നോവലിന്റെ സുപ്രധാനഘടകമായി നിലകൊള്ളുന്നു.
സമ്പന്നതയിൽ ആറാടിയ മധുരാനഗരിയെ ചുട്ടെരിച്ച കണ്ണകി ദേവിഭാവത്തിലേക്ക് മാറുന്നത് പാണ്ഡ്യ – ചേര രാജ്യങ്ങളുടെ അതിർത്തിയായ – മംഗളാദേവിക്ഷേത്രം നിലനില്ക്കുന്ന – ചെങ്കിക്കുന്നിൽ വെച്ചാണ്. കണ്ണകി ക്കായി അവിടെ ക്ഷേത്രം പണിയിച്ച ചേരൻമാർ പിൽക്കാലത്ത് കണ്ണകിയെ തങ്ങളുടെ കുലദേവതയായി ആരാധിക്കാൻ തുടങ്ങി.കണ്ണകി ക്ഷേത്ര നിർമ്മാണത്തിനായി ഗംഗാതടം വരെ പോയ ചേരൻ ചെങ്കുട്ടുവന്റെ സൈന്യത്തെ കടന്നുപോയ പ്രദേശങ്ങളിലെ രാജാക്കന്മാർ ആദരവോടെയാണ് സ്വീകരിച്ചത്. കണ്ണകിയുടെ അനുഗ്രഹംപോലെ ഉയർച്ച ലഭിച്ച ചേരരാജ്യവും അവരുടെ മുചിറി തുറമുഖവും പിൽക്കാലത്ത് ചരിത്രത്തിന്റെ ഇരുണ്ട അടരുകളിലേക്ക് ആണ്ടുപോവുകയും ചെയ്തു. പാണ്ഡ്യ മന്നൻ മറന്നുപോയ രാ ജ്യനീതി ഓർമിപ്പിക്കാനായി രാജ സിംഹാസനത്തിന്റെ നേരെ വിരൽചൂണ്ടിയ കണ്ണകി അധികാ രിവർഗ്ഗത്തിന്റെ ആരാധനാ മൂർത്തിയായി മാറുകയും ,അതിനായി രാജാധികാരങ്ങൾ തിരഞ്ഞെടുത്ത മാർഗ്ഗങ്ങളിൽ രാജനീതീ ചോർന്നു പോവുകയും ചെയ്തപ്പോഴാണ് വഞ്ചി രാജ്യത്തിനും നാശം തുടങ്ങിയത് എന്ന നോവൽഭാഷ്യം നിരവധി സംശയങ്ങൾക്കുള്ള മറുപടിയാണ്.
കണ്ണകി സങ്കൽപ്പത്തിലുള്ള കൊടുങ്ങല്ലൂർ ക്ഷേത്രവും, അലറി വിളിച്ചു കൊണ്ട് സ്വന്തം ശരീരത്തിൽ മുറിവേൽപ്പിച്ച് ചോരയൊലിപ്പിച്ച് ഭയ കരുണ രൗദ്ര ഭാവങ്ങളോടെ ചെമ്പട്ടണിഞ്ഞു നിൽക്കുന്ന കോമരങ്ങളും അവരുടെ ചുറ്റിനും നിന്ന് തന്നാരം തെറി പാട്ടുകൾ പാടി വ്യവസ്ഥിതിയെ ചോദ്യം ചെയ്ത് മുന്നേറുന്ന സംഘങ്ങളും എന്തിനെയെല്ലാം പ്രതീകവൽക്കരിക്കുന്നുവെന്ന ചോദ്യങ്ങളും ഉത്തരങ്ങളും നോവലിലെ വരികൾക്കിടയിൽ സ്പഷ്ടമാണ്.
ഭൂതം – ഭാവി – വർത്തമാനങ്ങളിൽ ഒരുപോലെ വഴക്കത്തോടെ കയ്യൊതുക്കം വന്ന രചനാശൈലിയാണ് ദീപു ഈ നോവലിൽ സ്വീകരിച്ചിരിക്കുന്നത്. പുരാവൃത്തത്തിന്റെയും ചരിത്രത്തിന്റെയും വിദൂരരനാളുകളിലെ സംഭവ പരമ്പരകളെ പല വിധത്തിലുള്ള രേഖകളുടെയും സഹായത്തോടെ പുനഃസൃഷ്ടിക്കാൻ ശ്രമിച്ചതിന്റെ ദൃഷ്ടാന്തമാണ് ഓരൊ അധ്യായത്തിന്റെയും മുന്നിലായി നോവലിസ്റ് നൽകിയിട്ടുള്ള ആമുഖ രേഖകൾ. സി വി യുടെ ആഖ്യായികളിൽ കാണുന്ന ആമുഖ പദ്യങ്ങളെ ഓർമ്മപ്പെടുത്തുന്ന ഇവ ഓരോ അധ്യായത്തിലും സൂചിപ്പിക്കുന്ന സംഭവങ്ങളുടെ ചരിത്ര രേഖകളോ, സാഹിത്യ രേഖകളോ ആണ്. കണ്ണകിയുടെ കഥയ്ക്ക് ഏക കേന്ദ്രിത സ്വഭാവമല്ല ഉള്ളതെന്നും അതിനു പാഠഭേദങ്ങൾ അനവധിയുണ്ടെന്ന ഓർമപ്പെടുത്തലായും ഈ ആമുഖ രേഖകൾ മാറുന്നു.
ചരിത്രത്തിലേക്കും ഭൂതകാല ത്തിലേക്കും ഉള്ള സൂചനകളിലെ സൂക്ഷ്മത ഭാവികാലത്തേക്കുറിച്ചുള്ള വിവരണമായും മാറുന്ന അപൂർവത ഈ നോവലിന്റെ സവിഷേതയാണ്. മുസിരിസ് തുറമുഖ നഗരത്തെ ചരിത്രമാക്കി മാറ്റിയ ഭൂമികുലുക്കവും മലവെള്ളപ്പാച്ചിലും വർണ്ണിക്കുന്ന സന്ദർഭങ്ങളിൽ നോവലിസ്റ്റ് ഉപയോഗിക്കുന്ന ഭാഷയും വിവരണങ്ങളും , നോവൽ പ്രകാശിതമായതിന് മാസങ്ങൾക്ക് ശേഷം ഉണ്ടായ വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ദൃക്സാക്ഷി വിവരണം പോലെയായത് തികച്ചും ആകസ്മികമാണ്. ഒരു ഗ്രാമം തന്നെ നിശ്ശേഷം തുടച്ചു മാറ്റപ്പെട്ടതിന്റെ ദൃശ്യങ്ങൾ, ചൂർണീയാറിന്റെ തീർത്തുകൂടെയുണ്ടായിരുന്ന പെരും പാതയുടെ അവശിഷ്ടങ്ങൾ നോക്കി മുചിരി പത്തനത്തെ കാണാൻ എത്തിയ വല്ലവൻ കോതയും മണിമേഖലയും സംഘവും കാണുന്ന കാഴ്ചകൾ നോവലിസ്റ്റിന്റെ ഉൾക്കാഴ്ചയുടെ ദൃഷ്ടാന്തമാണ്.പുഴയിലൂടെ ഒഴുകി കടലിലെത്തിയ മൃത ശരീരങ്ങളുടെ വർണ്ണനയും, ആരോ എടുത്തെറിഞ്ഞത് പോലെ മലവെള്ളം തള്ളിക്കൊണ്ടുവന്ന വമ്പൻ പാറകളും, ചെളി ക്കുമ്പാരത്തിന് മുകളിൽ ഉയർത്തിയ നിലയിൽ കാണപ്പെട്ട നിസ്സഹായരായ മനുഷ്യരുടെ കൈകളും എല്ലാം വയനാട് ദുരന്തത്തിനു ശേഷം മലയാളിക്ക് പരിചിതമായ ദുരന്തക്കാഴ്ചകളാണ്. ഈ സംഭവങ്ങളെ ഭാവനയിലൂടെ കാണാൻ കഴിഞ്ഞ നോവലിസ്റ്റ് ഒരുപക്ഷേ എഴുതുന്ന സമയത്തൊന്നും തന്റെ വരികൾ പില്ക്കാലത്ത് സത്യമായി മാറുന്ന ഒരു ദൃശ്യത്തിന്റെ വിവരണമായിരിക്കുമെന്ന് കരുതിയിരിക്കില്ല.
ഇങ്ങിനെ പ്രമേയം കൊണ്ടും ആഖ്യാനത്തിന്റെ സവിശേഷത കൊണ്ടും മലയാള നോവൽ സാഹിത്യ ചരിത്രത്തിലെ വേറിട്ട വായനാനുഭവം സമ്മാനിക്കുന്ന ഒന്നാണ് ദീപുവിന്റെ കണ്ണകി.
Comments are closed.