“ചെറിയ മനുഷ്യരും വലിയ ലോകവും” കേവലം ഒരു കാർട്ടൂൺ പരമ്പര മാത്രമല്ല: കരുണൻ ഉള്ളിയേരി
1988 ജനുവരിയിൽ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച കരുണൻ ഉള്ളിയേരി എഴുതിയ ലേഖനത്തിൽ നിന്നും
വർഷങ്ങൾക്കു മുമ്പാണ്. ഭാവങ്ങൾ ഒളിച്ചുവെച്ച ഉണ്ടക്കണ്ണുകളും മുമ്പോട്ടുന്തിയ കീഴ്ത്താടിയുമുള്ള ഒരു കഥാപാത്രം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എല്ലാ ആഴ്ചയും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു: “ചെറിയ മനുഷ്യരും വലിയ ലോകവും” എന്ന അരവിന്ദൻറെ കാർട്ടൂൺ പരമ്പരയിലെ മുഖ്യകഥാപാത്രമായ രാമു. വീട്ടിലും നാട്ടിലുമൊക്കെ രാമു അന്നൊരു ചർച്ചാവിഷയമായിരുന്നു എന്നതിലുപരി രാമുവിന്റെ പ്രാധാന്യം അന്നൊന്നും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. അക്കാലത്ത് പ്രൈമറി സ്‌കൂൾ വിദ്യാർഥിയായിരുന്ന എന്നെപ്പോലുള്ളവർക്ക് രാമുവും കൂട്ടുകാരും ഒരു കൗതുകം മാത്രമായിരുന്നു. വളരെക്കഴിഞ്ഞ് അടുത്ത കാലത്താണ് വലിയ ലോകത്തിലെ ചെറിയ മനുഷ്യരെ കുറച്ചുകൂടി അടുത്തു നിന്ന് നോക്കിക്കാണാൻ കഴിഞ്ഞത്.
‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ രവിയെപ്പോലെ, ‘കാല’ത്തിലെ സേതുവിനെപ്പോലെ, ‘മയ്യഴിപ്പുഴയുടെ തീരങ്ങ’ളിലെ ദാസനെപ്പോലെ പുതിയ തലമുറയ്ക്ക് പരിചിതനല്ല രാമു. അതിന് പല കാരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ടാവും. എങ്കിലും, ഒരു കാര്യം ഉറപ്പിച്ചുപറയാൻ കഴിയും. സാഹിത്യവും കലയുമായി ബന്‌ധമുള്ളവർ, രാമുവിനെക്കൂടി പരിച്ചയപ്പെട്ടേ തീരൂ. “ചെറിയ മനുഷ്യരും വലിയ ലോകവും” കേവലം ഒരു കാർട്ടൂൺ പരമ്പര മാത്രമല്ലെന്ന് നാമിനിയും അറിയേണ്ടിയിരിക്കുന്നു. എം.വി. ദേവൻ അഭിപ്രായപ്പെട്ടതുപോലെ, ഒരു കാലഘട്ടത്തിലെ കേരളീയ ജീവിതത്തിന്റെ അപഗ്രഥനവും ശോധനയും നിർവഹിക്കുന്നതാണ് ഈ കൃതി. മൂല്യശോഷണവും നൈതിക വികൽപ്പങ്ങളം ജ്വരജൽപനം നടത്തുന്ന നമ്മുടെ നാടിന്റെ സത്യവും ശിവമയവുമായ ചിത്രം ഇവിടെ ഉരുത്തിരിയുന്നു എന്നതാണ് ഇതിന്റെ സവിശേഷത.
ചെറിയ മനുഷ്യരുടെയും വലിയ ലോകത്തിന്റെയും ആസ്വാദനം വരകളോടുകൂടി അഭേദ്യമായി ബന്‌ധപ്പെട്ടതാണ്. അരവിന്ദനിലെ വൈവിധ്യമാർന്ന സർഗഭാവനകളെ ഒന്നൊന്നായി ഈ ചിത്രപരമ്പര കാട്ടിത്തരുന്നു. വരകളോടൊപ്പം വാക്കുകളേയും അദ്ദേഹം സമർത്ഥമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ആശയങ്ങളുടെ തനിമയിലും ഗഹനതയിലും സമ്പന്നമാണവ.
രാമുവിനു ചുറ്റുമാണ് ഇവിടെ ലോകവും മനുഷ്യരും കറങ്ങുന്നത്. അഭ്യസ്തവിദ്യനായ തൊഴിൽ രഹിതനാണ് രാമു, അച്ഛനും അമ്മയും പെങ്ങൾ രാധയും ചേർന്ന ചെറിയ കുടുംബം. സാമ്പത്തികമായി സുസ്ഥിതിയിലല്ല ആ കുടുംബം. ഏക പെങ്ങൾ കല്യാണപ്രായം കഴിഞ്ഞുനിൽക്കുന്നു. അതിഥികൾക്ക് ഇരിക്കാൻ നല്ല രണ്ടു കസേര പോലുമില്ലാത്ത അവസ്ഥയാണ് വിട്ടിൽ. മാന്യമായി പുറത്തിറങ്ങി നടക്കാൻ നല്ല ഒരു ഷർട്ട് പോലും രാമുവിനില്ല. എങ്കിലും, പഴയ പ്രതാപത്തിന്റെ പേരിൽ ഇല്ലായ്മയും വല്ലായ്മയും പുറത്തുകാണിക്കാതെ കഴിയുകയാണവർ. കുടുംബത്തിന്റെ കഷ്ടപ്പാടിൽ, പ്രത്യേകിച്ചും രാധയുടെ കാര്യത്തിൽ, അസ്വസ്ഥനാണ് രാമു. എങ്ങിനെയെങ്കിലും ഒരു തൊഴിൽ കിട്ടാൻ വേണ്ടി രാമു പരിശ്രമിക്കുന്നു. എഴുത്തുപരീക്ഷകളും ഇൻറർവ്യൂകൾക്കുമായി രാമു അലഞ്ഞുതിരിയുന്നു. ജോലിക്കുവേണ്ടിയുള്ള ശ്രമങ്ങൾ നിരന്തരമായി പരാജയപ്പെടുമ്പോൾ രാമുവിന് ധൈര്യം പകർന്നുകൊടുക്കുന്നത് സ്‌ഥലത്തെ ബുദ്ധിജീവിയും സാംസ്കാരിക പ്രവർത്തകനുമായ ‘ഗുരുജി’യാണ്. അക്ഷരാർത്ഥത്തിൽ രാമുവിന്റെ ഗുരുതന്നെയായിരുന്നു ഗുരുജി. തത്ത്വചിന്തയുടെ ശാന്തഗാംഭീര്യമുള്ള ഉദ്ധരണികൾ തേടി ഗുരുജിക്ക് അലയേണ്ടി വരാറില്ല. ഒരിക്കലും കരഞ്ഞിട്ടില്ലാത്ത യുവാവ് പ്രാകൃതനാണ് എന്ന് ജോർജ് സന്തായന പറഞ്ഞ കാര്യം ഗുരുജി ഇടയ്ക്കിടെ രാമുവിനെ ഓർമപ്പെടുത്തുന്നു. മുനുഷ്യജീവിതത്തിൻറെ നിസ്സാരതയിലേയ്ക്ക് വിരൽ ചൂ ണ്ടി ഗുരുജി എം.എൻ. റോയിയെ ഇങ്ങിനെ ഉദ്ധരിക്കുന്നു: മനുഷ്യൻ എത്ര നിസ്സാരനാണ്. കുട്ടികളേ! എ സ്പെക്ക് ഓഫ് കാർബൺ ക്രോളിംഗ് ഓൺ എ കോസ്‌മിക് ഡസ്‌റ്റ്. ഏതിലും ദാർശിനക വീക്ഷണം വെച്ചുപുലർത്തുന്ന ധിഷണാശാലിയായ ഗുരുജിയുടെ കൂട്ടുകെട്ട് അശാന്തമായ രാമുവിന്റെ മനസ്സിന് ഒരു അഭയകേന്ദ്രമായി മാറുന്നു. അസ്വസ്ഥമായ മാനസികാവസ്ഥയിലും മികച്ച സാമൂഹ്യ ബോധവും പ്രവർത്തനവും കാഴ്ച്ചവയ്ക്കാൻ രാമുവിന് കഴിയുന്നത് ഗുരുജിയുടെ സാന്നിദ്ധ്യം ഒന്നുകൊണ്ടുമാത്രമാണ്. കാമുവും, കാഫ്കയും, ഷെനെയും, കസാൻസാക്കിസും, അങ്ങിനെ, എണ്ണപ്പെട്ടവരുടെ വൻനിരകളുമായി രാമു പരിചയപ്പെടാനിടവരുന്നതും ഗുരുജി മുഖേനയാണ്. രാമുവും ഗുരുജിയും ചേർന്നുള്ള വായനശാലാ പ്രവർത്തനം പുസ്‌തകങ്ങളുടെ മഹാപ്രപഞ്ചത്തിലേയ്ക്ക് രാമുവിനെ ഉയർത്തിക്കൊണ്ടുപോകുന്നു.
ധിഷണാപരമായി എത്ര ഉയർന്നാലും, മാനുഷികമോ വൈകാരികമോ ആയ ചില ദൗർബല്യങ്ങൾക്ക് ആരും വിധേയരാവാം എന്ന് സൂചിപ്പിക്കുന്ന ഒന്നുരണ്ടു സംഭവങ്ങൾ, ഗുരുജിയുമായി ബന്‌ധപ്പെടുത്തി അരവിന്ദൻ സൂചിപ്പിക്കുന്നുണ്ട്. ഒരിക്കൽ ഐഹിക സുഖങ്ങൾക്കുവെണ്ടിയുള്ള മനുഷ്യന്റെ പരക്കം പാച്ചിലിനെപ്പറ്റി ഗുരുജി രാമുവിനോടു സംസാരിക്കുകയായിരുന്നു. അപ്പോഴാണ്, തൊട്ടടുത്ത ഹോട്ടലിന് മുന്നിൽ പ്രദർശിപ്പിച്ച ബോർഡിൽ ”ടുഡേ സ്പെഷ്യൽ ചിക്കൻ ബിരിയാണി”. കയ്യിൽ കാശില്ലാതെ നടക്കുന്ന ഗുരുജി ഉടനെ രാമുവിനോട് പറയുന്നു ”ഇവനെ ഓരോ പ്ലേറ്റ് അടിച്ചിട്ടാവാം ബാക്കി സംസാരം”.
ഹോട്ടലിൽ ചിക്കൻ ബിരിയാണി കഴിച്ചുകൊണ്ടിരിക്കുന്ന ഗുരുജിയെ കാണുമ്പോൾ നാം ഊറിച്ചിരിച്ചുപോകും. അതുപോലെതന്നെയാണ്, അവിവാഹിതനായ ഗുരുജി ഒരിക്കൽ ആശുപത്രിയിൽ കിടക്കാനിടയായ സന്ദർഭത്തിലും ഉണ്ടായത്. ഏതോ അജ്ഞാതമായ കാരണംകൊണ്ട് വിവാഹിതനാവാതെ കഴിയുന്ന ഗുരുജി, ആശുപത്രിയിലെ സുന്ദരിയായ സിസ്റ്റർ എൽസിക്കുമുമ്പിൽ സുന്ദരനായിത്തന്നെ പ്രത്യക്ഷപ്പെടാൻ ആഗ്രഹിക്കുന്നു. മുനഷ്യന്റെ നിസ്സാരതയെപ്പറ്റി രാമുവിനോട് സംസാരിക്കുകയായിരുന്നു ഗുരുജി. അപ്പോഴാണ് എൽസി വാർഡിൽ കടന്നുവരുന്നത്. ഉടനെ ഗുരുജി രാമുവിനോട് പറയുന്നു. “ഓ-സിസ്റ്റർ എൽസി വരുന്നു. നീ ആ ജുബ്ബ എടുക്കു. ക്വിക്ക്. അൽപ ഡീസൻറായിട്ടിരിക്കട്ടെ.!! ഇവിടെ അരവിന്ദനിലെ നർമഭാവങ്ങൾകൂടി ഇതൾ വിരിയുന്നുണ്ട്.
ജോലി തേടുന്ന രാമുവിന് ആദ്യമായി ലഭിക്കുന്ന ജോലി മാഷുടേതാണ്. അതും രാധ ടീച്ചറുടെ ലീവ് വേക്കൻസി. എന്നിട്ടും ലോകം പിടിച്ചടക്കിയ പ്രതീതിയായിരുന്നു രാമുവിന്. ആദ്യ ശമ്പളം കൊണ്ട് അച്ഛന് ഒരു പുളിയിലക്കരയൻ മുണ്ടും പെങ്ങൾ രാധയക്ക് ഒരു ബ്ലൂ നൈലോൺ സാരിയും വാങ്ങണമെന്ന് മോഹിച്ച രാമുവിന് ടീച്ചറുടെ ലീവ് വേക്കൻസി പീരിയഡ് കഴിഞ്ഞിട്ടും ശമ്പളം കിട്ടുന്നില്ല. അവസാനം ഡിഇഒ ആഫീസിൽ അപ്രൂവൽ ശരിയായിക്കിട്ടാൻ കൈക്കൂലി ഞാടുക്കേണ്ടിവരുന്നു. ആദർശശാലിയായ പാവം രാമുവിന്!
തുടരും
ജി അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എങ്ങനെയൊക്കെ പ്രീബുക്ക് ചെയ്യാം
- ഒറ്റത്തവണ 1599 രൂപ ഒന്നിച്ച് അടയ്ക്കാം
- തവണവ്യവസ്ഥയില്‍ (1000+599) 30 ദിവസത്തിനുള്ളില്‍ രണ്ട് ഗഡുക്കളായി അടയ്ക്കാം
ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000, 9946 109449, വാട്സാപ്പ്- 9946 109449
ഓണ്‍ലൈനില്‍: കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ഏജന്‍സികളിലൂടെയും ബുക്ക് ചെയ്യാവുന്നതാണ്.
Comments are closed.