DCBOOKS
Malayalam News Literature Website

നിലവിളികളുടെ മിന്നല്‍പ്പിണരുകള്‍: പി.കെ. സുരേന്ദ്രന്‍

സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍

ഓരോ പ്രൊജക്ഷനിലും വ്യത്യസ്ത സ്ത്രീകള്‍ ആഘാതത്തിന്റെയും സഹിഷ്ണുതയുടെയും സ്മരണകള്‍ വിവരിക്കുന്നു. മറ്റു ചിലപ്പോള്‍ ആളുകളിലൂടെയും ചിത്രങ്ങളിലൂടെയും മറ്റ് സമയങ്ങളില്‍ നിശ്ശബ്ദസാക്ഷിയായി നില്‍ക്കുന്ന വസ്തുക്കളിലൂടെയും പ്രകൃതിയിലൂടെയും വിവരണങ്ങള്‍ നീളുന്നു: അമര്‍ കന്‍വറിലൂടെ കലയുടെ ബദല്‍യാത്ര

1960-കളില്‍ വീഡിയോ ടെ ക്നോളജിയുടെ വരവോടെയാണ് വീഡിയോ ആര്‍ട്ട്, വീഡിയോ ഇന്‍സ്റ്റലേഷൻ എന്നീ കലാമേഖലകൾ സജീവമായത്. തുടക്കത്തില്‍ വീഡിയോ ഇന്‍സ്റ്റലേഷൻ ഗാലറികളിൽ പ്രദര്‍ശിപ്പിച്ചുവന്നു. പിന്നീട് പൊതു ഇടങ്ങളിലും പ്രദര്‍ശിപ്പിപ്പിച്ചുതുടങ്ങി. ഗാലറികളിലെ പ്രദര്‍ശനം കാണികളെ സ്വാധീനിക്കുന്നതിനായി ഗാലറിയുടെ ഇടത്തെ ഉപയോഗപ്പെടുത്തുന്നു. വീഡിയോ ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റുകൾ ഉപയോഗിക്കുന്ന പ്രധാന തന്ത്രങ്ങളിലൊന്ന് ആഖ്യാന ഘടനയിലെ ഒരു പ്രധാന ഘടകമായി ഇടം ഉൾപ്പെടുത്തുക എന്നതാണ്. ഈ രീതിയിൽ, ആഖ്യാനം ഇടത്തില്‍ വ്യാപിച്ച് കാണികളിൽ ദൃശ്യങ്ങളിലും ഇടത്തിലും ആമഗ്നരാവുന്ന അനുഭവം സൃഷ്ടിക്കുന്നു.

ഒരു മൾട്ടി-ചാനൽ വീഡിയോ ഇൻസ്റ്റലേഷനിൽ ഒരു സൃഷ്ടി ഒരു സ്ഥലത്ത്, ഉദാഹരണമായി ഒരു ഗാലറിയില്‍ രണ്ടോ അതിലധികമോ മോണിറ്ററുകളിൽ, അല്ലെങ്കില്‍, സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ചിലപ്പോള്‍ അഭിമുഖമായിട്ടായിരിക്കാം, മറ്റുചിലപ്പോള്‍ വേദിയുടെ പല ഭാഗങ്ങളിലായിട്ടായിരിക്കാം പ്രദര്‍ശിപ്പിക്കുക. അതായത്, ഒരു വേദിയില്‍ ഒരു ഇൻസ്റ്റലേഷൻ പ്രേക്ഷകർക്ക് ഒന്നിലധികം ചാനലുകളിൽ ഒരേസമയം കാണാനും അനുഭവിക്കാനും കഴിയുന്നു. ഇത് സിനിമാതിയേറ്ററിലെ ദ്വിമാന സ്‌ക്രീനിൽ സിനിമ കാണുന്ന അനുഭവത്തിൽനിന്ന് വളരെ വ്യത്യസ്തമാണ്.

ഇൻസ്റ്റലേഷൻ ആർട്ട് കാഴ്ചക്കാരന്റെ നേരിട്ടുള്ള അനുഭവത്തിന് പുതിയ ഊന്നൽ നൽകുന്നു. ഇവിടെ മാർസെൽ ഡുഷാമ്പിന്റെ ‘കാഴ്ച്ചക്കാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്’ എന്ന ആ പഴയ അഭിപ്രായം പുതുക്കേണ്ടിയിരിക്കുന്നു. കാഴ്ചക്കാര്‍ക്കു നൽകുന്ന പുതിയ ഊന്നലും കലയുമായുള്ള അവരുടെ ഇടപെടലും–കലയിൽ പ്രവേശിക്കാനുള്ള, ആമാഗ്നരാവാനുള്ള സാധ്യത, ഗാലറിയുടെ ഇടത്തിൽ മുഴുവന്‍ ഇടപഴകാനുള്ള സാധ്യത–സ്വതന്ത്രമായ അസ്തിത്വമുള്ള കലാസൃഷ്ടികളുടെ മാതൃകയെ വെല്ലുവിളിക്കുന്നു.

ഫോട്ടോഗ്രാഫിയുടെയും സിനിമയുടെയും കാര്യത്തിലെന്നപോലെ, വീഡിയോയും കമ്പ്യൂട്ടറും അടങ്ങുന്ന നവസാങ്കേതിക മാധ്യമങ്ങളുടെ നിർണായക വിജയങ്ങൾ കലയിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുകയും ആവിഷ്‌കാരത്തിനായി നവീനസാധ്യതകൾ സൃഷ്ടിക്കുകയും ചെയ്തു Pachakuthira Digital Editionഎന്നുമാത്രമല്ല, ചിത്രകല, ശില്പകല തുടങ്ങിയ പരമ്പരാഗത മാധ്യമങ്ങളിലും നിർണായകസ്വാധീനം ചെലുത്തി. നവമാധ്യമങ്ങൾ കലയുടെ വൃക്ഷത്തിലെ ഒരു പുതിയ ശാഖമാത്രമല്ല, യഥാർത്ഥത്തിൽ കലയുടെ വൃക്ഷത്തെത്തന്നെ രൂപാന്തരപ്പെടുത്തി.

ഒരു സ്‌ക്രീനിന് പകരം ഒന്നിലധികം പ്രൊജക്‌ഷനുകൾ ഉപയോഗിക്കുന്നതിലൂടെയും ഒരു വീക്ഷണകോണിൽനിന്ന് മാത്രമല്ല ഒരേ സമയം നിരവധി വീക്ഷണകോണുകളിൽനിന്ന് ഒരു കഥ പറയുന്നതിലൂടെയും സിനിമയുടെ ആഖ്യാനഭാവനയ്ക്കുമേൽ വീഡിയോ വിജയിക്കുന്നു. പുതിയ വലിയ ഡിജിറ്റൽ ക്യാമറകളുടെയും ഗ്രാഫിക്സ് പ്രോഗ്രാമുകളുടെയും ലഭ്യതയോടെ, ഫോട്ടോഗ്രാഫിക്ക് കണ്ടെത്താൻ കഴിയാതിരുന്ന വെർച്വൽലോകങ്ങൾ കണ്ടുപിടിക്കുന്നു. ഒരു ഫോട്ടോ അല്ലെങ്കിൽ ഒരു വീഡിയോടേപ്പ് അടങ്ങിയതാവാം ഒരു ശില്പം. ഒരു ഫോട്ടോഗ്രാഫിൽ പകർത്തിയ ഒരു സംഭവം ഒരു ശില്പമാകാം. ഒരു വസ്തുവിന്റെയും ഒരു വീഡിയോയിലോ ഫോട്ടോയിലോ പകർത്തിയ വ്യക്തിയുടെയും പെരുമാറ്റം ഒരു ശില്പമാകാം. ഭാഷ ഒരു ശില്പമാകാം. എൽഇഡി സ്ക്രീനുകളിലെ ഭാഷ ഒരു പെയിന്റിങ്ങും പുസ്തകവും ശില്പവുമാകാം. വീഡിയോ, കമ്പ്യൂട്ടർ ഇൻസ്റ്റലേഷനുകൾ സാഹിത്യത്തിന്റെയോ വാസ്തുവിദ്യയുടെയോ ശില്പത്തിന്റെയോ ഭാഗമാകാം.

മാധ്യമങ്ങളുടെ ഈ മിശ്രണം ഓരോ മാധ്യമത്തിലും കലയിലും അസാധാരണമാംവിധം വലിയ നവീകരണങ്ങൾക്കു കാരണമായി. അതുകൊണ്ടുതന്നെ ചിത്രകലയ്ക്ക് ജീവൻവെച്ചത് അതിന്റെ ഗുണത്താലല്ല, മറിച്ച് മറ്റു മാധ്യമങ്ങളെ പരാമർശിച്ചാണ്. ഫോട്ടോഗ്രാഫിയിൽ നിന്ന് ചലനചിത്രങ്ങൾ (സിനിമ) ഉണ്ടായതുപോലെ, ഒരു കല മറ്റൊന്നില്‍നിന്ന് ജന്മംകൊണ്ടതാണെങ്കില്‍, അവയെല്ലാം ഡിജിറ്റൽ സാങ്കേതിക കണ്ടുപിടിത്തങ്ങളിൽ ഒന്നിക്കുന്നു. തൽഫലമായി, നിലവിലെ അവസ്ഥയിൽ ഒരു മാധ്യമവും പ്രബലമല്ല; പകരം, വ്യത്യസ്ത മാധ്യമങ്ങളെല്ലാം പരസ്പരം സ്വാധീനിക്കുകയും നിർണ്ണയിക്കുകയും ചെയ്യുന്നു.

പുതിയ കാലത്ത് സാങ്കേതികവിദ്യ മാധ്യമങ്ങളെ എത്തിച്ച അവസ്ഥയെ പഠിതാക്കൾ പോസ്റ്റ്-മീഡിയം (Post-medium) എന്ന് വിശേഷിപ്പിക്കുന്നു. ഇവിടെ മാധ്യമത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങള്‍ തകരുന്നു. കല, വാസ്തുവിദ്യ, ദൃശ്യമാധ്യമങ്ങൾ എന്നീ മേഖലകളിലെ സൈദ്ധാന്തികർ ഡിജിറ്റൽ ലോകത്തെ ‘മാധ്യമം അല്ലാത്ത’ ഒരു ലോകമായി വിശേഷിപ്പിക്കുകയും ഒരു കാലത്ത് കലകളുടെ വർഗ്ഗീകരണത്തിൽ നിർണ്ണായകമായ ഒരു സൃഷ്ടിയുടെ ‘മാധ്യമ സവിശേഷത’ സമീപകാല സാങ്കേതികവും സാംസ്കാരികവുമായ സംഭവവികാസങ്ങളാൽ അർത്ഥശൂന്യമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഒരു മാധ്യമത്തിൽനിന്ന് മറ്റൊന്നിലേക്കു വിവരങ്ങളും സാങ്കേതികവിദ്യകളും കൈമാറ്റം ചെയ്യുന്നതിനെ ഭൗതിക വിവേചനങ്ങൾ തടയാത്ത സർഗ്ഗാത്മക പ്രവർത്തനത്തിന്റെ ഒരു ഇടത്തെ പോസ്റ്റ്-മീഡിയം അവസ്ഥ വിവരിക്കുന്നു. പോസ്റ്റ്-മീഡിയം അവസ്ഥയെക്കുറിച്ച് കലാ സൈദ്ധന്തികയായ റോസലിൻഡ് ക്രൗസ് (Rosalind Krauss) വിപുലമായി എഴുതിയിട്ടുണ്ട്. പോസ്റ്റ്-മീഡിയയെ നിർവചിക്കുന്നതിനായി, മാധ്യമത്തിന്റെ കാലഹരണപ്പെട്ട അവസ്ഥയുടെ പുനർനിർമ്മാണത്തെക്കുറിച്ച് അവർ പഠിക്കുന്നു.

പൂര്‍ണ്ണരൂപം 2024 സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍ ലക്കം ലഭ്യമാണ്‌

Comments are closed.