DCBOOKS
Malayalam News Literature Website

‘സഭ എന്നെ ടാര്‍ജറ്റ് ചെയ്യുന്നു’: ഫ്രാന്‍സിസ് നൊറോണ

ഏറ്റവും പുതിയ നോവല്‍ ‘മുടിയറകളു’ടെ കവര്‍ച്ചിത്രത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങളോട് എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണ പ്രതികരിക്കുന്നു

‘മുടിയറകള്‍’ എന്ന നോവലിലേക്കുള്ള ആദ്യ ചുവട്?

‘മുടിയറകള്‍’ എന്ന നോവലിലേക്കുള്ള ആദ്യ ചുവടുവെപ്പ് എന്ന് പറയുന്നത് ‘കക്കുകളി’  ( ‘തൊട്ടപ്പന്‍ ‘ എന്ന ആദ്യസമാഹാരത്തില്‍ ഉള്‍പ്പെട്ട കഥയാണ് , കക്കുകളി. ഡി സി ബുക്‌സാണ് ഈ സമാഹാരം പ്രസിദ്ധപ്പെടുത്തിയത്)എന്ന കഥയാണ്. ആ ഭൂമികയുമായി ബന്ധപ്പെട്ട് വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ എനിക്ക് ആ കഥയില്‍ പറയാന്‍ കഴിഞ്ഞിരുന്നുള്ളൂ. കക്കുകളിയില്‍ ചര്‍ച്ചചെയ്യുന്ന കാര്യങ്ങളുടെ വിശദമായ ആവിഷ്‌കാരമാണ് മുടിയറകളില്‍ ഉള്ളത്. ‘മേക്കിങ് ഓഫ് എ സെയ്ന്റ്’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് നോവല്‍ രചിച്ചിട്ടുള്ളത്.  ഞാറേക്കടവ് എന്ന ദേശത്തെക്കുറിച്ചും അതിന്റെ ഭൂമികയെക്കുറിച്ചുമെല്ലാം മുടിയറകള്‍ ചര്‍ച്ചചെയ്യുന്നുണ്ട്. കന്യാസ്ത്രീകളും പുരോഹിതന്‍മാരും തമ്മിലുള്ള ജെന്‍ഡര്‍ വേര്‍തിരിവും ആണധികാരത്തിന്റെ കീഴില്‍ കന്യാസ്ത്രീ മഠങ്ങള്‍ ഒതുക്കപ്പെടുന്നതിന്റെ അന്തര്‍ധാരയും നോവലിലൂടെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. മറ്റൊരു പ്രധാനവിഷയമായി വരുന്നത് എന്തു മാര്‍ഗത്തിലും പണമുണ്ടാക്കുക എന്ന സഭയുടെ പ്രവണതയാണ്. സഭയുടെ വഴിവിട്ട ധനസമ്പാദനത്തിനെപ്പറ്റിയും സേവനപാതയില്‍ നിന്നുള്ള വ്യതിചലനവുമെല്ലാം നോവലില്‍ വിഷയമായി വരുന്നു. എന്നിരുന്നാലും ഈ നോവല്‍ പ്രധാനമായും ഞാറേക്കടവ് എന്ന ഗ്രാമത്തെപ്പറ്റിയും അവിടുത്തെ മനുഷ്യരെപ്പറ്റിയും അവരുടെ സ്വഭാവ സവിശേഷതകളെപ്പറ്റിയെല്ലാം പറഞ്ഞുപോകുന്ന വളരെ രസകരമായ വായനാനുഭവം നല്‍കുന്ന നോവലാണ്. 

ക്രൈസ്തവ സഭയില്‍ നിന്ന് ഒത്തിരി വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും  നേരിട്ടിട്ടുണ്ടല്ലോ? ക്രൈസ്തവ സഭയെ രചനകളിലൂടെ മോശമായി ചിത്രീകരിക്കുന്നു എന്ന വിമര്‍ശനവും ധാരാളം. വിവാദങ്ങളെപ്പറ്റി എന്താണ് പറയാനുള്ളത്?

മുടിയറകളുടെ കവര്‍ച്ചിത്രം വലിയവിവാദമായി. സഭയുടെ ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഞാന്‍ ക്രിസ്തുമതത്തെ നിന്ദിച്ചുവെന്ന തരത്തിൽ പ്രചാരം നടത്തി. ഞാന്‍ ക്രിസ്തുവിനെയോ ദൈവത്തെയോ ബൈബിളിനെയോ നിന്ദിക്കുന്നില്ല. മൂല്യച്ഛുതി വന്ന ഒരു സമ്പ്രദായത്തെയാണ് Textഎതിര്‍ക്കുന്നത്. സിസ്‌ററം ഒന്നുകൂടി നന്നാവാനും അതിന് നവീകരണത്തിന്റെ സാധ്യതയുണ്ടെന്നുമുള്ള ആശയം മുന്നോട്ടുവച്ചാണ് ഈ നോവല്‍ എഴുതിയിരിക്കുന്നത്. എന്റെ വ്യക്തിപരമായ ജീവിതത്തില്‍ മതം പ്രസക്തമായി എനിക്ക് തോന്നിയിട്ടില്ല.  35ാം വയസ്സില്‍ മതത്തില്‍ നിന്ന് പിന്‍വാങ്ങിയ ആളാണ് ഞാന്‍. എഴുത്തിനും സാഹിത്യത്തിനും മതം  പ്രസക്തമായി  എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.  പിന്നെ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള രചനകള്‍ എഴുതുന്നതെന്നാല്‍ എന്റെ ആദ്യരചനയായ ‘അശരണരുടെ സുവിശേഷങ്ങള്‍’ എഴുതുമ്പോള്‍ എന്റെ ചുറ്റുപാടില്‍ നിന്ന് എഴുതുന്നതായിരിന്നു എളുപ്പം. എന്റെ ചുറ്റുപാടുകളെപ്പറ്റി പറയുമ്പോള്‍ ഞാന്‍ ആലപ്പുഴയിലാണ് ജീവിക്കുന്നത്. കത്തോലിക്ക മതവും കമ്മ്യൂണിസവും ആഴത്തില്‍ വേരൂന്നി നില്‍ക്കുന്ന മണ്ണാണ്. അവിടുത്തെ ജീവിതം പറയുമ്പോള്‍ അതില്‍ പള്ളിയും സെമിനാരിയും മഠവും തീരദേശ ഗ്രാമങ്ങളുമെല്ലാം വരും. അത്തരമൊരു ഭൂമികയില്‍ നിന്ന് കൊണ്ടാണ്  ‘അശരണരുടെ സുവിശേഷങ്ങള്‍’ എഴുതി തുടങ്ങിയത്. ഒരു സ്ത്രീ ഒരു സിസ്‌ററത്തിന്റെ ഉള്ളില്‍ നില്ക്കുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന അസ്വാതന്ത്രത്തെ പറയാനാണ് ‘കക്കുകളി’ എഴുതുന്നത്. പുരുഷാധിപത്യത്തിന്റെ കീഴിലായാലും സിസ്‌ററത്തിന്റെ കീഴിലായാലും ഒരു സ്ത്രീ അനുഭവിക്കുന്ന അടിമത്തത്തില്‍ നിന്ന് അവള്‍ മോചിതയാവണം. അത്തരം ഒരു കഥയെഴുതാനായാണ് എനിക്ക് ഏറ്റവും സുപരിചിതമായ കന്യാസ്ത്രീമഠം തിരഞ്ഞെടുത്തത്. 

‘കക്കുകളി’യെന്ന പുസ്തകത്തിനും ഇതുപോലെ ഒരുപാട് വിമര്‍ശനങ്ങളും വിവാദങ്ങളും ഉണ്ടായല്ലോ. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

‘കക്കുകളി’ സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റി പറയുന്ന കഥയാണ്. അതിനെക്കുറിച്ച് പൊതുജനത്തിനോ സഭയ്‌ക്കോ എതിരഭിപ്രായങ്ങളില്ല. സഭ കെസിബിസി അവാര്‍ഡ് നല്‍കിയപ്പോഴും അതിന്റെ പുരസ്‌കാരപത്രികയില്‍  ‘കക്കുകളി’യിലെ വാചകം അങ്ങനെ തന്നെ അവര്‍ എഴുതിയിരുന്നു. എന്നാല്‍ ഇത് നാടകമായി തുറന്ന വേദിയില്‍ അവതരിക്കപ്പെട്ടപ്പോള്‍ ഉണ്ടായ പ്രേക്ഷകപ്രതികരണമാണ് സഭയ്ക്കുള്ളില്‍ അസ്വാരസ്യം ഉണ്ടാക്കിയത്. നെറോണയല്ല കക്കുകളിയെന്ന നാടകം എഴുതിയതെന്ന് സഭയ്ക്ക് നന്നായറിയാം. എന്നാല്‍ കക്കുകളിയെന്ന നാടകത്തിന്റെ മുഴുവന്‍ പാപഭാരവും എന്നില്‍ അടിച്ചേല്‍പ്പിച്ച് ഞാന്‍ കന്യാസ്ത്രീകളെ ആക്ഷേപിച്ചു എന്നാരോപിച്ചു. എന്തൊരു വിരോധാഭാസമാണത്.

‘മുടിയറകൾ’ ക്കെതിരെയും സമാനമായ രീതിയിലുള്ള വിമർശനങ്ങളും വിവാദങ്ങളും ഉണ്ടാകുന്നുണ്ടല്ലോ. സഭയുടെ മാധ്യമങ്ങളിലൂടെയെല്ലാം ഒരുപാട് വിമർശനങ്ങൾ ഉയരുന്നുണ്ട്. അതിനെക്കുറിച്ച് എന്താണ് പറയാൻ ഉള്ളത്?

മുടിയറകളുടെ കവര്‍പേജ്‌ കണ്ടിട്ടാണ്‌ ഫ്രാന്‍സിസ്‌ നൊറോണ ക്രിസ്‌തുവിനെ നിന്ദിച്ചു എന്ന്‌ പറയുന്നത്‌. കത്തോലിക്ക സഭയ്‌ക്ക്റിയാം ഒരു പുസ്‌തകമെന്താണ്‌ അതിന്റെ കവര്‍ എന്താണെന്ന്‌. നോവല്‍ പ്രസാധകന്‌ അയച്ചാല്‍ പ്രസാധകനാണ്‌ അതിന്റെ കവര്‍ തയ്യാറാക്കുന്നത്‌. പുസ്‌തകം കയ്യില്‍ കിട്ടുമ്പോഴാണ്‌ പലപ്പോഴും കവര്‍ കാണാറുള്ളത്‌.  ആ കവര്‍ എന്റെ നോവലിന്റെ കണ്ടന്റിന്റെ സിംപോളിക്‌ റെപ്രസന്റേഷനായി എനിക്ക്‌ തോന്നി. ആ കവറിനെതിരെ ഇങ്ങനെയൊരു വിഷയമേ എന്റെ മനസ്സിലേക്ക്‌ കടന്ന്‌ വന്നിട്ടില്ല. കവറിന്റെ ആവിഷ്‌കാരപരമായ കാര്യങ്ങളില്‍ ഞാന്‍ ഇടപെടില്ല. അത്‌ അനാവശ്യമായ കുറ്റാരോപണമാണ്‌. സഭയുടെ ഓണ്‍ലൈന്‍ ചാനലുകളിലെല്ലാം ഫ്രാന്‍സിസ്‌ നൊറോണ ക്രിസ്‌തുവിനെ നിന്ദിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. പുസ്‌തകങ്ങള്‍ വായിക്കാത്ത സാഹിത്യവുമായി ബന്ധമില്ലാത്തവരുടെ മുന്നിലേക്കാണ്‌ ഈ തലവാചകം എത്തുന്നത്‌. എങ്ങനെ ഞാന്‍ പൊതുസമൂഹത്തിലേക്കിറങ്ങും. എങ്ങനെ ഞാന്‍ എന്റെ തീരദേശ ഗ്രാമത്തെ അഭിമുഖീകരിക്കും. എന്തിനാണ്‌ ഇങ്ങനെ ബാലിശമായി ആരോപണങ്ങള്‍ എന്റെ മേല്‍ ചുമത്തുന്നത്‌. സഭയ്‌ക്ക്‌ പ്രതികരിക്കേണ്ട സ്ഥലങ്ങള്‍ പലതുമുണ്ടായിരിന്നു. സഭ എന്നെ ടാര്‍ജറ്റ്‌ ചെയ്യുകയാണ്‌. ഞാന്‍ ചെയ്യാത്ത തെറ്റുകള്‍ എന്റെ മേല്‍ കെട്ടിവയ്‌ക്കുകയാണ്‌. എനിക്ക്‌ തോന്നുന്നത്‌ അവര്‍ പബ്ലിസിറ്റിക്ക്‌ വേണ്ടിയാണ്‌ ചെയ്യുന്നതെന്നാണ്‌. ആരുടെ പബ്ലിസിറ്റിക്ക്‌ വേണ്ടിയാണ്‌ അവര്‍ ഇത്‌ ചെയ്യുന്നത്‌.

കക്കുകളി താങ്കളുടെ ഏറെ ജനപ്രീതിയേറിയ പുസ്തകമാണ്. നാടകങ്ങളിലൂടെ തന്നെയാണ് കൂടുതലും ഈ പുസ്തകത്തിന് ജനപ്രീതിയേറിയത്. എന്നാൽ ഈ ജനപ്രീതിയും ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ വിവാദങ്ങൾ ഇത്തരത്തിലുള്ള എഴുത്തുകളിൽ നിന്നും പിന്തിരിപ്പിക്കാറുണ്ടോ?

കക്കുകളി എന്ന നാടകം എഴുതിയത്‌ പുന്നപ്പ്ര സ്വദേശികളാണ്‌. സംവിധാനം ചെയ്‌തത്‌ ജോബ്‌ മഠത്തില്‍ എന്ന വ്യക്തിയാണെന്ന്‌ സഭയ്‌ക്ക്‌ നന്നായിട്ടറിയാം. എനിക്ക്‌ ആ നാടകവുമായി ഒരു ബന്ധവുമില്ലെന്നും അവര്‍ക്ക്‌ അറിയാം. ഒരു അമ്വേച്ചര്‍ നാടകസംഘം എന്റെ കഥയെടുത്ത്‌ നാടകംText ചെയ്‌തോട്ടെ എന്ന്‌ ചോദിച്ചാല്‍ എല്ലാ എഴുത്തുകാരും ചെയ്‌തോ എന്നേ പറയൂ. ആരും പ്രതിഫലം പോലും വാങ്ങില്ല. നാടകം എന്നത്‌ ജനകീയമായ ഒരു കലാരൂപമാണ്‌. സിനിമയുടെ കടന്നുവരവോടെ അന്യം നിന്നുപോയ ഒരു കലാരൂപമാണ്‌. അതിനെ പ്രമോട്ട്‌ ചെയ്യുക എന്നത്‌ ഏതൊരു എഴുത്തുകാരന്റെയും ധാര്‍മ്മികമായ ഉത്തരവാദിത്തം കൂടിയാണ്‌. പക്ഷെ ആ നാടകത്തില്‍ നിന്നുണ്ടാകുന്ന ഭവിഷ്യത്തിന്റെ റെസ്‌പോണ്‍സിബിലിറ്റി എഴുത്തുകാരന്‌ ഏറ്റെടുക്കാന്‍ പറ്റില്ല. അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം അതിന്റെ സംവിധായകനാണ്‌. കക്കുകളി എന്ന നാടകവുമായി ഒരു ബന്ധവുമില്ലാത്ത എന്നെ ആ വിവാദത്തിലേക്ക്‌ വലിച്ചിഴയ്‌ക്കുകയും കന്യാസ്‌ത്രീകളെ ഞാന്‍ അപമാനിച്ചു എന്നതായിരിന്നു സഭ എന്നില്‍ ആരോപിച്ച ആദ്യത്തെ ആരോപണം. മുടിയറകളുടെ കവര്‍ വിവാദമായപ്പോള്‍ ഫ്രാന്‍സിസ്‌ നൊറോണ ക്രിസ്‌തുവിനെ നിന്ദിച്ചു എന്നായി. നിങ്ങള്‍ വായിക്കൂ. പത്തു നാന്നൂറു പേജ്‌ വളരെ സുന്ദരമായി വായിച്ചുപോകാന്‍ പറ്റും. വളരെ അനായാസമായി വായിച്ചുപോകാന്‍ പറ്റുന്ന വളരെ അര്‍ത്ഥവത്തായ നോവലാണെന്നാണ്‌ അത്‌ വായിച്ചവര്‍ തരുന്ന ഫീഡ്‌ബാക്ക്‌. നോവല്‍ വായിച്ചിട്ട്‌ ഒരു വൈദികന്‍ സ്വകാര്യമായി പറഞ്ഞത്‌ പതിന്നാലു വര്‍ഷം സെമിനാരിയില്‍ പഠിച്ച ഞങ്ങള്‍ക്ക്‌ കുമ്പസാരത്തിന്റെ മറ്റൊരു തലം നീ പറഞ്ഞു തന്നെന്നാണ് . കുമ്പസാരക്കൂട്ടില്‍ ഇരിക്കുന്ന വൈദികന്‍ അമ്മയെപ്പോലെ കേൾക്കണമെന്നാണ്‌ ഞാന്‍ പുസ്‌തകത്തില്‍ പറയുന്നത്‌. അതുകേട്ട്‌ റീതിങ്ക്‌ ചെയ്‌തു എന്ന്‌ പറഞ്ഞ വൈദികനുണ്ട്‌. ഇത്തരത്തില്‍ നവീകരണം ഉണ്ടാകുന്നു എന്ന്‌ കേള്‍ക്കുമ്പോള്‍ സന്തോഷമാണ്‌. ഒരു സിസ്‌റ്റത്തിന്‌ അപചയം ഉണ്ടായി എന്ന്‌ പറയുന്നത്‌ ഒരു സമൂഹത്തിന്റെ ഉത്തരവാദിത്വം കൂടിയാണ്‌. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക്‌ സുപരിചിതമായ ഇടത്തില്‍ മൂല്യച്ഛുതിയും അപചയവും ഉണ്ടാകുമ്പോള്‍ അതിനെ നവീകരിക്കേണ്ട ബാധ്യത എനിക്കുണ്ടെന്ന്‌ തോന്നുന്നു.

ക്രൈസ്‌തവ സഭയാണ്‌ താങ്കളുടെ കൃതികളിലെ പ്രധാന പശ്ചാത്തലം. സഭയ്‌ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങളെ പൊതുസമൂഹത്തിന്‌ മുന്നില്‍ തുറന്ന്‌ കാണിക്കുന്ന തരത്തിലാണ്‌ താങ്കളുടെ രചന. എന്തുകൊണ്ടാണ് എപ്പോഴും സഭ തന്നെ വിഷയമായി തിരഞ്ഞെടുക്കുന്നത്?

ഞാന്‍ സഭയെപ്പറ്റി മാത്രമല്ല എഴുതിയിട്ടുള്ളത്‌. എന്റെ എഴുത്തിടത്തെപ്പറ്റി ഞാന്‍ എഴുതിയിട്ടുണ്ട്‌. എന്റെ പ്രസാധകരെക്കുറിച്ച്‌ ഞാന്‍ എഴുതിയിട്ടുണ്ട്‌. എന്നിട്ട്‌ അവരൊക്കെ എന്നെ തള്ളിക്കളയുകയാണോ ചെയ്‌തത്‌. ഞാന്‍ മാസ്‌റ്റര്‍ പീസ്‌ എന്ന നോവല്‍ എഴുതിയതിനുശേഷം എന്റെ പുസ്‌തകങ്ങള്‍ ഡി സി ബുക്‌സിലൂടെ വരുന്നു, എന്റെ കഥകള്‍ മാതൃഭൂമി, മലയാള മനോരമ, സമകാലിക മലയാളം, മാധ്യമം, തുടങ്ങിയ എല്ലാ മുഖ്യധാരാമാസികകളിലൂടെയും വരുന്നുണ്ട്‌. ഞാന്‍ മാസ്‌റ്റര്‍ പീസ്‌ എന്ന നോവല്‍ എഴുതിയിട്ട്‌ സാഹിത്യലോകമോ എഴുത്തുകാരോ ആരും എന്നെ Textതിരസ്‌കരിച്ചില്ല. മാസ്‌റ്റര്‍പീസ്‌ എന്ന നോവലില്‍ ഒരു കണ്ണാടിയുണ്ട്‌. ആ കണ്ണാടിയില്‍ കാണുന്നത്‌ എന്നെതന്നെയാണ്‌. അതിലെ കുറവുകളും കുറ്റങ്ങളും എന്റെയാണ്‌. മുടിയറകള്‍ എഴുതുമ്പോള്‍ അതില്‍ വ്യത്യാസമുണ്ട്‌. ഞാന്‍ ഉപേക്ഷിച്ച, എനിക്ക്‌ ജീവിതത്തില്‍ അപ്രധാനമായി തോന്നിയ ഒന്നാണ്‌ മതം. എനിക്ക്‌ സംസാരിക്കാന്‍ കൂടി താല്‍പര്യമില്ലാത്ത വിഷയമാണത്‌. ഞാന്‍ അതില്‍ നിന്ന്‌ വിട്ടുപോന്നെങ്കിലും അതില്‍ നിന്ന്‌ വിട്ടുപോരാന്‍ പറ്റാത്ത ഒരു സമൂഹം അതിന്റെ ഉള്ളിലുണ്ട്‌. അവരുടെ വേദനയും ചൂഷണവും കണ്ടില്ലെന്ന്‌ നടിക്കാന്‍ എനിക്ക്‌ പറ്റില്ല.

എനിക്കതിനെപ്പറ്റി എഴുതിയേ പറ്റൂ. കാരണം അത്രയും വലിയൊരു സമൂഹമാണ്‌ അതിനോട്‌ ചേര്‍ന്നുനില്‍ക്കുന്നത്‌. പണത്തിനു വേണ്ടി ആ സാധുക്കളെ ചൂഷണം ചെയ്യുകയാണ്‌. ഞാന്‍ പറയുമ്പോള്‍ വിവാദത്തിന്‌ വേണ്ടിയാണെന്ന്‌ പറയും. കത്തോലിക്ക സഭയില്‍ ഏറ്റവും ശ്രേഷ്‌ഠമായ ഒന്നാണ്‌ വിശുദ്ധ കുര്‍ബാന. മരണത്തിന്റെ തലേന്ന്‌ ഒരാള്‍ അനുഭവിക്കുന്ന തീവ്രമായ വേദന കൂടെയുള്ളവരെ വിളിച്ചിരുത്തി ഒരു നേരത്തെ ആഹാരം കൊടുത്തിട്ട്‌ പറയുന്ന ഒരു സിംപോളിക്‌ റെപ്രസെന്റെഷന്‍ ആണ്‌. ഇത്‌ എന്റെ ശരീരം, ഇത്‌ എന്റെ രക്തം എന്ന്‌ ഒരു ഗുരു തന്റെ അനുയായികളെ വിളിച്ചിട്ട്‌ പറയുന്ന ഒരു കാര്യത്തിന്റെ ഓര്‍മ്മ ആചരിക്കാന്‍ വേണ്ടി നടത്തുന്നതാണ്‌ കുര്‍ബാന. അതിനെയും ഇവര്‍ വില്‍ക്കുകയാണ്‌. അര്‍ത്തുങ്കല്‍ പള്ളിയില്‍ ചെന്ന്‌ നോക്കിയാല്‍ കാണാം പാട്ട്‌ കുര്‍ബാന 400 രൂപ, സാധാ കുര്‍ബാന 200 രൂപ എന്ന ബോർഡ്.  ഈ കുര്‍ബാന വില്‍ക്കുന്നതെന്തിനാണ്‌. ഇങ്ങനെ എന്തിനെയും വിറ്റ് കൊണ്ടിരിക്കുകയാണ്. അര്‍ത്തുങ്കല്‍ പള്ളിയിലെ ലിസ്റ്റിന്റെ താഴെ എഴുതിയിട്ടുണ്ട്‌ സമര്‍പ്പണപ്രാര്‍ത്ഥന 10 രൂപ എന്ന്‌. പുരോഹിതൻ വന്ന്‌ തലയില്‍ കൈ വെച്ച്‌ നന്നായി വരട്ടെ എന്ന്‌ പറയുന്നതിന്‌ 10 രൂപ കൊടുക്കണം. എന്തൊരു പരിതാപകരം ആണിതൊക്കെ. ഇതെല്ലാം എങ്ങനെയാണ്‌ കണ്ടില്ലെന്ന്‌ നടിക്കുന്നത്‌. ഇത്‌ മാത്രമാണോ, സഭയിലെ കന്യാസ്‌ത്രീകളുടെയും പുരോഹിതരുടെയും കാര്യം എടുത്ത്‌ നോക്കൂ. കന്യാസ്‌ത്രീകള്‍ എങ്ങനെയാണ്‌ ജീവിക്കുന്നത്‌ എന്ന്‌ പൊതുസമൂഹം ചിന്തിക്കുന്നുണ്ടോ. പൊതുസമൂഹത്തിന്റെ തെറ്റായ ധാരണ അവര്‍ പുരോഹിതന്‍മാരെയും കന്യാസ്‌ത്രീകളെയും ഒരേ പ്ലാറ്റ്‌ഫോമിലാണ്‌ കാണുന്നത്‌. കാരണം രണ്ടുകൂട്ടരും തിരുവസ്‌ത്രം ധരിക്കുന്നുണ്ട്‌. പക്ഷേ, കന്യാസ്‌ത്രീ മഠങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ അവിടുത്തെ കന്യാസ്‌ത്രീകള്‍ ജോലി ചെയ്‌തിട്ടാണ്‌. കന്യാസ്‌ത്രീ മഠങ്ങള്‍ക്ക്‌ വിശ്വാസസമൂഹത്തിന്റെ പങ്ക്‌ എന്ന്‌ പറഞ്ഞ്‌ ആരും ഒന്നും കൊടുക്കാറില്ല. എന്നാല്‍ ഒരു വൈദികന്‌ 14 വര്‍ഷത്തെ സെമിനാരിജീവിതം കഴിഞ്ഞ്‌ ഇടവകയിലേക്ക്‌ വരുമ്പോള്‍ അന്ന്‌ തൊട്ടുള്ള എല്ലാ കാര്യങ്ങളും നോക്കുന്നത്‌ വിശ്വാസി സമൂഹമാണ്‌.  ഇതിന്റെ വിഭിന്നമായ ഒരു മുഖമാണ്‌ കന്യാസ്‌തീകളുടെ കാര്യത്തില്‍. ഒരു കന്യാസ്‌ത്രീ ജോലി ചെയ്‌ത്‌ കിട്ടുന്ന വേതനം പോലും കന്യാസ്‌ത്രീ മഠത്തിനുള്ളതാണ്‌. അത്‌ കിട്ടിയാലെ ആ മഠം നടന്ന്‌പോകൂ. പക്ഷെ ഒരു വൈദികന്‌ കിട്ടുന്ന പ്രതിഫലം അദ്ദേഹത്തിന്‌ വീട്ടില്‍ കൊണ്ട്‌പോകാം. സഭയ്‌ക്ക്‌ എന്തെങ്കിലും കൊടുത്താല്‍ വാങ്ങാമെന്നല്ലാതെ അവിടെ ചട്ടങ്ങള്‍ ഒന്നുമില്ല. രണ്ടുകൂട്ടരും ദീര്‍ഘമായ കാലയളവെടുത്ത്‌ പഠനം പൂര്‍ത്തിയാക്കുന്നവരാണ്‌. എന്നാല്‍ കന്യാസ്‌ത്രീകള്‍ക്ക്‌ അള്‍ത്താരയില്‍ കയറാന്‍ അവകാശമില്ല. ജന്‍ഡര്‍ ഇക്വാലിറ്റിയെക്കുറിച്ച്‌ ചര്‍ച്ചകള്‍ നടത്തുമ്പോഴും അത്‌ ആഘോഷിക്കുമ്പോഴുമെല്ലാം അവിടെ മാതൃകയാകേണ്ട സിസ്‌റ്റം തന്നെ സ്‌ത്രീയെ മാറ്റിനിര്‍ത്തുകയാണ്‌. ഇതിനെപ്പറ്റി ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ക്രിസ്‌തു ശിഷ്യന്മാരായി തിരഞ്ഞെടുത്തത്‌ 12 പുരുഷന്‍മാരെയാണ്‌, അതുകൊണ്ട്‌ സ്‌ത്രീകളെ തിരഞ്ഞെടുക്കാന്‍ കഴിയില്ല എന്ന ബാലിശമായ ഉത്തരമാണ്‌ തരുന്നത്‌. ക്രിസ്‌തുവിന്റെ ജീവിതം നോക്കിയാല്‍ അവസാനം വരെ ഉണ്ടായിരുന്നത്‌ സ്‌ത്രീകളാണ്‌. ശിഷ്യന്മാരൊക്കെ മരണസമയത്ത്‌ ഒളിച്ചോടിയവരാണ്‌. കാലം സ്‌ത്രീയെയും പുരുഷനെയും ഒറ്റ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തി ഒരേ അധികാരവും ഒരേ അവകാശവും കൊടുക്കേണ്ട കാലഘട്ടത്തില്‍ ഏറ്റവും മാതൃകാപരമായിട്ട്‌ നില്‍ക്കേണ്ട ഒരു സിസ്റ്റത്തില്‍ പുരോഹിതരും കന്യാസ്‌ത്രീകളും തമ്മിലുള്ള വേര്‍തിരിവിന്റെ പശ്ചാത്തലം ചര്‍ച്ചചെയ്യുന്ന നോവലാണ്‌ മുടിയറകള്‍. പൗരോഹിത്യ ആണധികാരം എത്രമേലാണ്‌ കന്യാസ്‌ത്രീ മഠത്തിന്‌ മേലുള്ളത്‌ എന്നത്‌ വ്യക്തമായി ചര്‍ച്ചചെയ്യുന്ന നോവലാണ്‌ മുടിയറകള്‍. ഫിക്ഷണല്‍ റൈറ്റിങ്ങിന്റെ അനന്തമായ സാധ്യതകള്‍ ഉപയോഗിച്ചാണ്‌ ഈ പ്രമാദമായ വിഷയത്തെ നോവലില്‍ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. നോവല്‍ തുടക്കം മുതല്‍ ഒടുക്കം വരെ വായിക്കുമ്പോള്‍ അതില്‍ ദൈവനിന്ദയോ ബൈബിള്‍ നിന്ദയോ ഒന്നും കാണാന്‍ കഴിയില്ല. ഒരുപാട്‌ വൈദികര്‍ എന്നെ വിളിച്ച്‌ ഇതില്‍ ഈശ്വരനിന്ദയൊന്നും കണ്ടില്ല. പക്ഷേ ഞങ്ങളെ തന്നെ നവീകരിക്കാന്‍ ഇത്‌ ഒരുപാട്‌ സഹായിച്ചു എന്നാണ്‌ പറഞ്ഞത്‌. പക്ഷേ സഭ കൈകാര്യം ചെയ്യുന്ന മീഡിയയില്‍ നിന്നാണ്‌ കൂടുതല്‍ വിമര്‍ശനം വരുന്നത്‌. സഭ കുറച്ചുകൂടി അവരുടെ ഭാഷ ശ്രദ്ധിച്ചാല്‍ നന്നായിരുന്നു. അവരുടെ പ്രതികരണത്തില്‍ കുറച്ച്‌കൂടി അന്തസ്സ്‌ കാണിക്കണമെന്ന്‌ ഒരു റിക്വസ്റ്റ്‌ കൂടി ഉണ്ട്‌.

നോവല്‍ പുറത്തിയതിനു ശേഷം കിട്ടിയ പ്രധാന പ്രതികരണങ്ങള്‍ എന്തൊക്കെയാണ്‌?

വളരെ ലളിതമായി വായിക്കാവുന്ന ഒരു നോവലാണിതെന്നാണ്‌ എന്റെ വിശ്വാസം. അതിനെ ശരിവെക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ വളരെ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ എനിക്ക്‌ ലഭിക്കുന്നുണ്ട്‌. മലയാളത്തിലെ പ്രശസ്‌ത നോവലിസ്‌റ്റും ചെറുകഥാകൃത്തുമായ എസ്‌ ഹരീഷ്‌ പുസ്‌തകം പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ വായനക്കാരിലൊരാളായിരുന്നു. ഗംഭീര നോവലാണ്‌, ഇത്‌ തീര്‍ച്ചയായും വായിക്കപ്പെടും എന്നദ്ദേഹം പറഞ്ഞു. നാലര വര്‍ഷം എടുത്ത അദ്ധ്വാനത്തിന്‌ കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലം വായനക്കാര്‍ അതിനോട്‌ പ്രതികരിക്കുമ്പോഴാണ്‌. എസ്‌ ഹരീഷ്‌ മികച്ച ഒരു എഴുത്തുകാരനെന്നതിനപ്പുറം മികച്ച വായനക്കാരനാണ്‌. അദ്ദേഹത്തില്‍ നിന്ന്‌ ആദ്യം പ്രതികരണം കിട്ടിയപ്പോള്‍ ഒരുപാട്‌ സന്തോഷം തോന്നി. വാട്‌സാപ്പിലും വായിച്ചവരുടെ മെസ്സേജുകള്‍ വരുന്നുണ്ട്‌.

ഫ്രാന്‍സിസ് നൊറോണയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

അഭിമുഖത്തിന്റെ വീഡിയോ രൂപം കാണാം

 

Leave A Reply