DCBOOKS
Malayalam News Literature Website

ആനന്ദിന്റെ ‘അഭയാർഥി’ കളും സാറാ ജോസഫിന്റെ ‘ബുധിനി’ യും കഥയല്ല, ജീവിതംതന്നെയാണ്!

ഇന്ത്യ എന്ന ആശയത്തിന്റെ അതിജീവനകഥ ലളിതസുന്ദരമായ ഭാഷയിൽ അവതരിപ്പിക്കുന്ന പുസ്‌തകമാണ് സുധാ മേനോൻ രചിച്ച ‘ഇന്ത്യ എന്ന ആശയം’.  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡി സി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.

അനേകം ഞൊറികളും ചുളിവുകളും ഉള്ള ഒരു ദോത്തിയെപ്പോലെ മനോഹരമാണ് ‘ഇന്ത്യ എന്ന ആശയം’.  ആ ദോത്തിയുടെ മടക്കുകളിലും ഞൊറികളിലും ചുളിവുകളിലും തെളിഞ്ഞുനിൽക്കുന്ന വൈവിധ്യങ്ങളാണ് ഒരു ദേശരാഷ്ട്രമെന്ന നിലയിൽ നമ്മുടെ കരുത്തും സൗന്ദര്യവും. ആ ഞൊറികളിലും മടക്കുകളിലും നിരവധി കലാപങ്ങളും സമരങ്ങളും വിപ്ലവങ്ങളും ഉണ്ട്. അനേകം മനുഷ്യരുടെ വിയർപ്പും ചോരയും ആത്മബലിയും ഉണ്ട്. ഈ പുസ്‌തകത്തിലെ കുറിപ്പുകൾ അപൂർവസുന്ദരമായ ആ ദോത്തിയിലെ- ഇന്ത്യ എന്ന ആശയ ‘ത്തിലെ ഏതാനും ചില മടക്കുകളിലേക്കും ഞൊറികളിലേക്കും ഉള്ള ഗൃഹാതുരമായ തിരിഞ്ഞുനോട്ടമാണ്. ഇന്ത്യയുടെ ഏകതയ്ക്കും വിഭജനത്തിനും ഒരുപോലെ സാക്ഷിയായ റെയിൽവേയുടെ വിസ്‌മയകഥയും റെയിൽപാതകൾ തകർത്ത സന്താളുകളുടെ വിപ്ലവ കഥയും ഇതിലുണ്ട്. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ആദ്യപ്രസംഗങ്ങളും ഭരണഘടനയുടെ അമ്മമാരും അലഹബാദിലെ ഒറ്റനക്ഷത്രമായ ഒരു വീടും പട്ടേൽ- നെഹ്‌റു-നേതാജി തർക്കങ്ങളും ഒക്കെ ഈ പുസ്‌തകം പരിചയപ്പെടുത്തുന്നു. ചരിത്രം ഒരു ചെറുകഥപോലെ നിങ്ങൾക്ക് ഇതിൽ വായിക്കാം.

പുസ്തകത്തില്‍ നിന്നും ഒരു ഭാഗം

യോധ്യാക്കേസിന്റെ വിധി വന്ന ദിവസമായിരുന്നു ഞാൻ രാംചരൺ എന്ന സന്താൾ യുവാവിനെ ആദ്യമായി കണ്ടത്. ഝാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ വെച്ച്.  2019 നവംബർ ഒമ്പതാം തീയതി.

വളരെ പഴകിയ, ഇടുങ്ങിയ ഹോട്ടൽ റിസപ്ഷനിലെ ടെലിവിഷനിൽ കേസിന്റെ വിധി കേൾക്കാൻ കുറച്ചുപേർ കൂടിനിൽക്കുന്നുണ്ടായിരുന്നു. പ്രാദേശിക ചാനലിൽ, ഹിന്ദുസന്ന്യാസിമാരുടെ ആർപ്പുവിളികൾ ഇടവേളയില്ലാതെ കാണിച്ചുകൊണ്ടിരിക്കെ, തെരുവുകളിൽ ജനം ആഘോഷാരാവങ്ങൾ മുഴക്കവെ ഹോട്ടൽ ലോബിയിലെ കാണികളുടെ മുഖം അഭിമാനംകൊണ്ട് വിടരുകയായിരുന്നു. അപ്പോഴാണ് തൊട്ടുമുന്നിൽ ഇരുന്ന രാംചരൺ എന്നെ പതുക്കെ തൊട്ടത്. ഞാൻ ടി.വിയിൽനിന്നും മുഖം തിരിച്ച് അയാളെ നോക്കി. അയാളുടെ അതേ പേരുള്ള ദൈവത്തിന്റെ നാമം ജനാവലി ആർത്തുവിളിക്കുമ്പോൾ, ഒരിക്കൽപോലും സ്ക്രീനിലേക്ക് നോക്കാതെ രാംചരൺ പറഞ്ഞുകൊണ്ടിരുന്നു:

“മാഡം, എപ്പോഴാണ് ഞങ്ങൾക്ക് ഭൂമി കിട്ടുന്നത്? നിങ്ങൾക്ക് ഞങ്ങളെ റാഞ്ചി വരെ കൊണ്ടുപോകാൻ പറ്റുമോ? ആരും ഒരുറപ്പും തരുന്നില്ല. വണ്ടിക്കൂലിക്കുപോലും പൈസ ഇല്ലാത്തതു കൊണ്ടാണ് ചോദിക്കുന്നത്.”

ഉത്തരം കൊടുക്കാനാവാത്ത നിസ്സഹായതയിൽ, വാക്കുകൾ എന്റെ ചുണ്ടിൽ കുരുങ്ങി വീർപ്പുമുട്ടി. ടി.വിയിലേക്കു ഒന്നുകൂടി നോക്കാൻ എനിക്ക് ധൈര്യമുണ്ടായില്ല. ഞാൻ മുഖം തിരിച്ചു. രാംചരൺ വീണ്ടും എന്നെ തോണ്ടി.

“എന്റെ ഭൂമി എനിക്ക് നഷ്ടപ്പെടുമോ? എന്റെ കുഞ്ഞുങ്ങൾക്ക് കഴിക്കാൻ ഭക്ഷണമില്ല, മാഡം.”

“എല്ലാം ഉടൻ ശരിയാകും, റാം. നമുക്ക് ശ്രമിക്കാം. ഭക്ഷണം കഴിക്കൂ.” ഞാൻ വെറുതെ പറഞ്ഞു.

ഝാർഖണ്ഡിലെ സന്താൾ പർഗാനയുടെ ഭാഗമായ സാഹിബ് ഗഞ്ച്, കൊളോണിയൽ ഓർമകൾ നിറഞ്ഞുനില്ക്കുന്ന ഒരു ചെറിയ പട്ടണമാണ്. ഒരു Textവശത്തു ഗംഗാനദിയും മറുവശത്ത് രാജ്മഹൽ പർവതവും അതിരിട്ടുനിൽക്കുന്ന, വിശാലമായ കൃഷിയിടങ്ങളും മാന്തോപ്പുകളും നിറഞ്ഞ മനോഹരമായ സ്ഥലം.  വാരണസി മുതൽ ഹാൽദിയ വരെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ ജലപാതാപദ്ധതിയുടെ മൂന്നു മൾട്ടി മോഡൽ ടെർമിനലുകളിൽ ഒരെണ്ണം സാഹിബ്‌ഗഞ്ചിലാണ്. 4200 കോടി രൂപ ചെലവ് വരുന്ന ഈ മഹാപദ്ധതി പൂർത്തിയാകുന്നതോടെ ഗംഗയിലൂടെയുള്ള ചരക്കുഗതാഗതം വർദ്ധിക്കുമെന്നും ലോജിസ്റ്റിക്സ് ചെലവ് ഗണ്യമായി കുറയുമെന്നുമാണ് സർക്കാരിന്റെ പ്രതീക്ഷ.

ഈ സ്വ‌പ്നപദ്ധതിക്കുവേണ്ടി 180 ഏക്കർ സ്ഥലമാണ് സാഹിബ്ഗഞ്ചിൽനിന്ന് മാത്രം ഏറ്റെടുത്തത്. 485 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. ഗംഗയുടെ തീരത്തെ ഫലഭൂയിഷ്ഠമായ ഭൂമി. സമ്പന്നരായ ഭൂവുടമകൾ അല്ല, ആരും. മറിച്ച് അന്നന്നത്തെ അന്നത്തിനുവേണ്ടി കൃഷി ചെയ്യുന്ന സാധുക്കളായ സന്താൾ കർഷകർ. പകരം, ഭൂമിയും പണവും ജോലിയും വികസനവും ആയിരുന്നു വാഗ്ദാനം. പക്ഷേ, എല്ലാ വാഗ്ദാനങ്ങളും ജലരേഖകളായി. നഷ്ടപരിഹാരം പലർക്കും കിട്ടിയെങ്കിലും ആർക്കും ഭൂമിയോ ജോലിയോ കിട്ടി യില്ല. കൃഷി അല്ലാതെ വേറൊരു പണിയും അറിയില്ലാത്ത സന്താളുകൾ ഭൂമി നഷ്ടപ്പെട്ടതോടെ അഭയാർത്ഥികളായി. റോഡരികിൽ, പുല്ലുകൊണ്ട് കൂര കെട്ടി, അവർ കൺസ്ട്രക്‌ഷൻ കരാർ ഏറ്റെടുത്ത എൽ ആന്റ്റ് ടിയിലെ സിമന്റെ ചുമട്ടുകാരായി. ദിവസം ഇരുനൂറ്റിഅമ്പതു രൂപ കൂലിയിൽ. ഇനിയും കുറെ പേർക്ക് നഷ്ടപരിഹാരം കിട്ടിയിട്ടില്ല. അതിലൊരാൾ ആണ് രാംചരൺ.

ഒരേക്കർ സ്ഥലമാണ് രാംചരൺ വിട്ടുകൊടുത്തത്. അതും നദിയോട് ചേർന്ന്, നിറയെ മാങ്ങ കിട്ടുന്ന മനോഹരമായ മാന്തോപ്പ്. ആറു ലക്ഷം രൂപ മതിപ്പുവില വരുന്ന ആ സ്ഥലം പോയതോടെ കുടുംബം വരുമാനമില്ലാതെ കുഴഞ്ഞു. രണ്ടു വർഷമായി പല ഓഫീസുകൾ കയറി ഇറങ്ങിയിട്ടും ഇതുവരെ നയാപൈസ കിട്ടിയിട്ടില്ല. ഓരോ കാരണങ്ങൾ പറഞ്ഞു നിരസിച്ചുകൊണ്ടേയിരുന്നു. രാംചരൺ, ഇതേ പ്രോജക്ടിൽ സെക്യൂരിറ്റി ആയിരുന്നു. മൂന്നു മാസമായി ജോലി ഇല്ല. അതിനു തൊട്ടുമുൻപുള്ള രണ്ടു മാസത്തെ കൂലിയും കിട്ടിയിട്ടില്ല. ചുരുക്കത്തിൽ, അരി വാങ്ങാൻപോലും പണമില്ലാതെ പഞ്ചായത്തിലും പ്രോജക്ട് ഓഫീസിലും കയറിയിറ ങ്ങുന്നു ആ പാവം മനുഷ്യൻ. വികസനം അഭയാർത്ഥി ആക്കുന്ന സാധു മനുഷ്യരിൽ ഒരാൾ. വയലുകളിൽനിന്നും വീടുകളിൽനിന്നും പുറന്തള്ളപ്പെട്ട ഈ പുറമ്പോക്ക് മനുഷ്യരെ അമ്പലവും പള്ളിയും അലട്ടാറില്ല. എന്നിട്ടും തെരഞ്ഞെടുപ്പ് കാലത്തു രാഷ്ട്രീയക്കാർക്ക് ഈ വിഷയം ആളിക്കത്തിക്കാൻ കഴിയുന്നുണ്ടല്ലോ എന്ന് വെറുതെ ഓർത്തു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ധാതുസമ്പത്തുള്ള സംസ്ഥാനമാണ് ഝാർഖണ്ഡ്. പക്ഷേ, ആയിരക്കണക്കിന് മനുഷ്യർ കടുത്ത പട്ടിണിയിൽനിന്ന് രക്ഷപ്പെടാൻ തൊഴിൽ തേടി കേരളമടക്കമുള്ള അന്യസംസ്ഥാനങ്ങളിലേക്ക് എത്തുന്നത് ഇവിടുന്നാണ്. സ്വന്തം മണ്ണിൽ ആദിവാസികളെ ദരിദ്രരും അഭയാർത്ഥികളുമാക്കി മാറ്റുന്ന ഖനനവും ജലപാതകളും ഒരു ചെറിയ ശതമാനം മനുഷ്യരെ മാത്രം സമ്പന്നരാക്കുമ്പോൾ, ഗംഗയിൽനിന്നും അധികദൂരെയല്ലാത്ത ഈ ഗ്രാമങ്ങളിൽ ജീവിക്കുന്ന സന്താളുകൾക്ക് കുടിവെള്ളത്തിന് വേണ്ടി കിലോമീറ്ററുകൾ നടക്കേണ്ടിവരുന്നു എന്നതാണ് വൈരുദ്ധ്യം.

നിറഞ്ഞൊഴുകുന്ന ഗംഗയിൽനിന്നും അധികദൂരെയല്ല ഈ ഗ്രാമങ്ങളൊന്നും. വൈദ്യുതിയോ കക്കൂസോ ഇല്ലാത്ത ചെറിയ മൺവീടുകൾ. സ്‌കൂളിൽ പോകാത്ത കുഞ്ഞുങ്ങൾ. അവരുടെ ഭൂമിയാണ് അദാനിയുടെ ഗൊഡ്ഡ പവർ പ്ലാന്റിനുവേണ്ടി വീണ്ടും ഏറ്റെടുക്കുന്നത്. രണ്ടായിരം ഏക്കർ. ജീവിക്കാൻ വേണ്ടി മാത്രം കൃഷി ചെയ്യുന്ന, വയലിൽ പണിയെടുത്തു ജീവിക്കുന്ന ഏറ്റവും ദരിദ്രരായ ആദിവാസികളെയാണ് ബലമായി കൂടിയൊഴിപ്പിക്കുന്നത് എന്നോർക്കണം. ഗ്രാമസഭകളുടെ പ്രമേയം തള്ളിക്കൊണ്ടായിരുന്നു. അവരുടെ ഭൂമി പിടിച്ചെടുത്ത് അദാനിക്കു കൊടുത്തത്. ഈ പ്ലാന്റ്റിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യതി ബംഗ്ലാദേശിന് വില്ക്കാൻ ആണ് അദാനിയുടെ ഉദ്ദേശ്യം. അദാനിയുടെ പ്ലാന്റിലേക്ക്, ആവശ്യത്തിനു ജലം ഗംഗയിൽനിന്നും ലഭിക്കുമ്പോഴാണ് കുടിവെള്ളം പോലും കിട്ടാതെ ആദിവാസികൾ ബുദ്ധിമുട്ടുന്നത്. സ്ഥലം എം. എൽ.എ. ഉദ്ഘാടനം ചെയ്‌തു തിരികെ പോയ വാട്ടർടാങ്കിൽ ഒരിക്കലും വെള്ളം വന്നില്ല. ഒരു പൈപ്പ് കണക്‌ഷൻ, ഏതാനും ലക്ഷങ്ങളുടെ നഷ്ടപരിഹാരം… ഇതൊന്നും ഓർമയിൽ ഇല്ലാത്ത ജനപ്രതിനിധികൾതന്നെയാണ് ദിവസങ്ങൾക്കുള്ളിൽ അദാനിക്ക് കാര്യം സാധിച്ചു കൊടുക്കുന്നത്. ആനന്ദിന്റെ അഭയാർഥികളും സാറാ ജോസഫിന്റെ ബുധിനിയും കഥയല്ല, ജീവിതംതന്നെയാണ് എന്നറിയാൻ ഗംഗാസമതലത്തിലൂടെ ഒരു തവണയെങ്കിലും യാത്ര ചെയ്‌താൽ മതി.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Leave A Reply